വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ലൈവ് ഈവന്റ് ആൻഡ് കൺസേർട് ഇക്കോണമി സംബന്ധിച്ച ചർച്ചകൾക്ക് കേന്ദ്ര ഗവണ്മെന്റ് തുടക്കംകുറിച്ചു.

ന്യൂ ഡൽഹിയിൽ ചേർന്ന സംയുക്ത പ്രവർത്തകസമിതിയുടെ പ്രഥമ യോഗത്തിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അധ്യക്ഷത വഹിച്ചു.

Posted On: 29 AUG 2025 4:15PM by PIB Thiruvananthpuram

തത്സമയ പരിപാടികളുടെ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സംയുക്ത പ്രവർത്തക സമിതിയുടെ (ജെ ഡബ്ല്യു ജി) ആദ്യ യോഗം സെപ്റ്റംബർ 26 ന് ന്യൂഡൽഹിയിലെ ദേശീയ മീഡിയ കേന്ദ്രത്തിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവിന്റെ അധ്യക്ഷതയിൽ ചേർന്നു.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ സമീപകാല പ്രസംഗങ്ങളിൽ ഇന്ത്യയുടെ തത്സമയ വിനോദ മേഖലയുടെ ഇപ്പോഴും പരിപൂർണമായി പ്രയോജനപ്പെടുത്തപ്പെടാത്ത വിശാലമായ സാധ്യതകളെ എടുത്തുകാട്ടിയിരുന്നു . തൊഴിലവസരങ്ങൾ, നിക്ഷേപം, വിനോദസഞ്ചാരം തുടങ്ങി ഇന്ത്യയുടെ സാംസ്കാരികവും ആഗോളവുമായ സ്വാധീനം വളർത്തുന്ന പ്രധാന പ്രേരകശക്തിയായി തത്സമയ വിനോദ മേഖലയുടെ പങ്കിനെ അദ്ദേഹം ഊന്നിപ്പറഞ്ഞു.. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ നിർദ്ദേശപ്രകാരം 2025 ജൂലൈയിൽ രൂപീകരിച്ച സംയുക്ത പ്രവർത്തക സമിതി (JWG), കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളെയും വ്യവസായ സംഘടനകളെയും സംഗീതാവകാശ സ്ഥാപനങ്ങളെയും പ്രമുഖ ഇവന്റ് സ്ഥാപനങ്ങളെയും ഒരുമിച്ചു കൊണ്ടുവന്ന് ഇന്ത്യയുടെ വളർന്നുവരുന്ന ലൈവ് ഈവന്റ് കൺസേർട് സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുകയാണ്.

 

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം , സാംസ്കാരികം, യുവജനകാര്യവും കായികവും , നൈപുണ്യ വികസനവും സംരംഭകത്വവും , ധനകാര്യം, വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹനം എന്നീ വകുപ്പുകളിലെയും , സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെയും പ്രധാന പ്രതിനിധികൾ സംയുക്ത പ്രവർത്തക സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുത്തു. കൂടാതെ മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

ഇ ഇ എം എ , എഫ് ഐ സി സി ഐ , സി ഐ ഐ , ഐ എൽ ഇ എ തുടങ്ങിയ വ്യവസായ അസോസിയേഷനുകളും BookMyShow, Wizcraft, Saregama, District by Zomato, Touchwood Entertainment Ltd തുടങ്ങിയ എല്ലാ പ്രധാന പങ്കാളികളും സംയുക്ത പ്രവർത്തക സമിതിയുടെ യോഗത്തിൽ പങ്കെടുത്തു. ഐ പി ആർ എസ് , പി പി എൽ , ആർ എം പി എൽ , ഐ എം ഐ ട്രസ്റ്റ് എന്നിവയുൾപ്പെടെയുള്ള അവകാശ സമൂഹങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

പ്രധാന തീരുമാനങ്ങൾ

ഏകജാലക പ്ലാറ്റ്‌ഫോം: ബിസിനസ്സ് എളുപ്പമാക്കുന്നതിനായി ഇന്ത്യ സിനി ഹബ് പോർട്ടലിലേക്ക് തത്സമയ ഇവന്റ് ക്ലിയറൻസുകൾ സംയോജിപ്പിക്കുക.

സംഗീത ലൈസൻസിംഗും ബൗദ്ധികസ്വത്തവകാശങ്ങളും: അവകാശ സ്ഥാപനങ്ങളുമായി സഹകരിച്ച് 2025 ഒക്ടോബറിനുള്ളിൽ ഒരു കേന്ദ്രകൃത ഡിജിറ്റൽ മ്യൂസിക് ലൈസൻസിംഗ് രജിസ്ട്രി ആരംഭിക്കുക .

അടിസ്ഥാന സൗകര്യ വികസനം: തത്സമയ പരിപാടികൾക്കായി സ്റ്റേഡിയങ്ങളുടെയും പൊതു ഇടങ്ങളുടെയും ഒന്നിലധികം ഉപയോഗങ്ങൾ അനുവദിക്കുന്നതിനും സംസ്ഥാനങ്ങളിൽ പുതിയ ഗ്രീൻ ഫീൽഡ് വേദി വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു മാതൃകാ നയം രൂപീകരിക്കുക.

നൈപുണ്യ വികസനം: ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടിൽ (NSQF) തത്സമയ വിനോദ കഴിവുകൾ ഉൾപ്പെടുത്തൽ.

സാമ്പത്തിക പ്രോത്സാഹനങ്ങൾ: ജിഎസ്ടി റിബേറ്റുകൾ, ബ്ലെൻഡഡ് ഫിനാൻസ് മോഡലുകൾ, സബ്സിഡികൾ, തത്സമയ വിനോദ മേഖലയ്ക്കുള്ള എംഎസ്എംഇ അംഗീകാരം എന്നിവയുടെ പരിഗണന.

 

2030 ആകുമ്പോഴേക്കും 15 മുതൽ 20 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഇന്ത്യയുടെ ആഗോള സാംസ്കാരിക സ്വാധീനം ശക്തിപ്പെടുത്താനും സാധ്യതയുള്ള, ലോകത്തെ മികച്ച 5 ലൈവ് എന്റർടൈൻമെന്റ് കേന്ദ്രങ്ങളിൽ ഒന്നായി ഇന്ത്യയെമാറ്റുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാല സെക്രട്ടറി അടിവരയിട്ടു പറഞ്ഞു. അടിസ്ഥാന സൗകര്യ സൃഷ്ടി, തൊഴിൽ, ടൂറിസം, സാംസ്കാരിക സോഫ്റ്റ് പവർ എന്നിവയുടെ പ്രേരകമായി കൺസേർട്ട് സമ്പദ്‌വ്യവസ്ഥയെ പ്രയോജനപ്പെടുത്തുന്നതിന് സംയുക്ത പ്രവർത്തക സമിതി ദൗത്യപരമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

പശ്ചാത്തലം

2024 ൽ 20,861 കോടി രൂപ മൂല്യമുള്ളതും പ്രതിവർഷം 15 ശതമാനം വളർച്ച കൈവരിക്കുന്നതുമായ ഇന്ത്യയുടെ ലൈവ് എന്റർടൈൻമെന്റ് വിപണി മാധ്യമ, വിനോദ വ്യവസായത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗങ്ങളിൽ ഒന്നായി മാറി . ടയർ -1, ടയർ -2 നഗരങ്ങളിലുടനീളം വർദ്ധിച്ചുവരുന്ന ആവശ്യം , കുതിച്ചുയരുന്ന സംഗീത ടൂറിസം, പ്രീമിയം പ്രേക്ഷക അനുഭവങ്ങൾ എന്നിവയാൽ, ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയുടെ നിർണായക സ്തംഭമായി ഈ മേഖല ഉയർന്നുവരുകയാണ് .

 

വേവ്സ് 2025 ഉച്ചകോടിയിൽ അവതരിപ്പിച്ച "ഇന്ത്യാസ് ലൈവ് ഇവന്റ്സ് എക്കണോമി: എ സ്ട്രാറ്റജിക് ഗ്രോത്ത് ഇംപറേറ്റീവ്" എന്ന ധവളപത്രത്തെ അടിസ്ഥാനമാക്കി, ഉപഗ്രൂപ്പുകളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും ഏകീകൃത നയ ശുപാർശകൾ അവതരിപ്പിക്കുന്നതിനുമായി സംയുക്ത പ്രവർത്തക സമിതി ഇടയ്ക്കിടെ യോഗം ചേരും. (https://mib.gov.in/sites/default/files/2025-06/india-s-live-events-economy-whitepaper-final-compressed_0.pdf )

**************


(Release ID: 2162013) Visitor Counter : 16