വാണിജ്യ വ്യവസായ മന്ത്രാലയം
'ഭാരത് ബിൽഡ്കോൺ 2026' കർട്ടൻ റെയ്‌സർ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.
Posted On:
29 AUG 2025 1:00PM by PIB Thiruvananthpuram
'ഭാരത് ബിൽഡ്കോൺ 2026' കർട്ടൻ റെയ്‌സർ, ഇന്ത്യയിലുടനീളമുള്ള വ്യവസായ പ്രമുഖരുടെ സാന്നിധ്യത്തിൽ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു.
ചില രാജ്യങ്ങൾ സ്വീകരിക്കുന്ന ഏകപക്ഷീയ നടപടികൾ മൂലമുള്ള അനാവശ്യ സമ്മർദ്ദങ്ങളോ തിക്തഫലങ്ങളോ വ്യവസായമേഖലയ്ക്ക് നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ശ്രീ ഗോയൽ പറഞ്ഞു. ബദൽ വിപണികൾ ആവശ്യമുള്ള മേഖലകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം വ്യവസായ പ്രതിനിധികളോട് അഭ്യർത്ഥിച്ചു. പുതിയ അവസരങ്ങൾ തുറക്കുന്നതിനായി വാണിജ്യ മന്ത്രാലയം ലോകമെമ്പാടുമുള്ള വാണിജ്യ പങ്കാളികളുമായി ബന്ധപ്പെട്ടു വരുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി.
ആഗോള വിപണികൾ അന്വേഷിക്കുന്നതിനൊപ്പം, ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കുന്നതും മുൻഗണനയായി തുടരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപഭോഗം വർദ്ധിപ്പിക്കുകയും ആഭ്യന്തര ഉത്പാദനത്തിന് ശക്തമായ ഉത്തേജനം പകരുകയും ചെയ്യുന്ന നടപടികൾ വരാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശിക്കുന്നതിലായാലും ആഭ്യന്തര അവസരങ്ങൾ ശക്തിപ്പെടുത്തുന്നതിലായാലും, ഒരു മേഖലയും പിന്തള്ളപ്പെടാതിരിക്കും വിധം വ്യാവസായിക മേഖലയ്ക്ക് പിന്തുണ നൽകുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഉന്നത നിലവാരമുള്ള ഉത്പന്നങ്ങളുടെ വിശ്വസനീയ വിതരണക്കാരായി ഇന്ത്യ ഉയർന്നുവരുന്നുവെന്ന് ഉറപ്പാക്കാൻ ഗുണനിലവാര നിയന്ത്രണ ഉത്തരവുകളിൽ (QCOs) പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം നിരന്തരം മെച്ചപ്പെടുന്നതായി ആവർത്തിച്ച ശ്രീ ഗോയൽ, ഇന്ത്യൻ വ്യവസായ മേഖലയുടെ വർദ്ധിച്ചുവരുന്ന മത്സരശേഷിയും പ്രതിരോധശേഷിയും പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഈ വർഷത്തെ കയറ്റുമതി കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ വ്യക്തമാക്കി.
"സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ്" ഉത്പാദനത്തിനായി 2014 മുതൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിവരുന്ന സ്ഥായിയായ ആഹ്വാനം ഉദ്ധരിക്കവേ, ഇന്ത്യൻ ഉത്പന്നങ്ങൾ "ദാം കം, ദം സ്യാദ" - വിലയോ തുച്ഛം ഗുണമോ മെച്ചം- ആയിരിക്കണം എന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഓർമ്മിപ്പിച്ചു. രാഷ്ട്ര വികസനത്തിന്റെ ആധാരം അടിസ്ഥാന സൗകര്യങ്ങൾ ആണെന്നും ശ്രീ ഗോയൽ എടുത്തുപറഞ്ഞു.
ഇന്ത്യയുടെ യഥാർത്ഥ ശേഷി ചില വിദഗ്ധരും മാധ്യമങ്ങളും ശരിയായി മനസ്സിലാക്കുന്നില്ലെന്ന് ശ്രീ ഗോയൽ പറഞ്ഞു. ചില വിശകലന വിദഗ്ധർ രാജ്യത്തിന്റെ സാധ്യതകളെ കുറച്ചുകാണുമ്പോൾ, ഇന്ത്യൻ വ്യവസായ മേഖലയുടെ പ്രതിരോധശേഷി, സ്റ്റാർട്ടപ്പുകളുടെ ശക്തി, ജനങ്ങളുടെ ആത്മവിശ്വാസം എന്നിവ വ്യത്യസ്തമായ കഥയാണ് പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ്-19, ആണവ ഉപരോധങ്ങൾ തുടങ്ങിയ വെല്ലുവിളികളെ വിജയകരമായി മറികടന്ന രാജ്യമാണ് ഇന്ത്യ. ഇന്ന് ആഗോള വ്യാപാരത്തിൽ രാജ്യത്തിൻറെ പങ്ക് വികസിപ്പിക്കാൻ സർവ്വസജ്ജമായും അതീവ ശക്തിയോടെയും ഇന്ത്യ നിലകൊള്ളുന്നു.
ഓസ്‌ട്രേലിയയിലെ രൂക്ഷമായ ഭവന ക്ഷാമത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച മന്ത്രി ഏകദേശം 1 ദശലക്ഷം വീടുകൾ അവിടെ ആവശ്യമുണ്ടെന്ന് അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള സാമ്പത്തിക സഹകരണം, സാങ്കേതിക വൈദഗ്ദ്ധ്യം, തൊഴിൽ ശക്തി എന്നിവയുടെ പിന്തുണയ്ക്കായി ഓസ്‌ട്രേലിയ കാത്തിരിക്കുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ട്, ഈ അവസരം പ്രയോജനപ്പെടുത്താൻ അദ്ദേഹം ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങളോടും തൊഴിലാളികളോടുംവിദഗ്ധരോടും ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയൻ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പരിശീലനവും സർട്ടിഫിക്കേഷൻ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു. "ഈ അവസരം നഷ്ടപ്പെടുത്തിയാൽ, സ്വയം ഖേദിക്കേണ്ടി വരും" അദ്ദേഹം അഭിപ്രായപ്പെട്ടു, ഇന്ത്യയുടെ നിർമ്മാണ, സാമ്പത്തിക മേഖലകളെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ സാധ്യതകളുള്ള മേഖലയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയ, യുഎഇ, സ്വിറ്റ്‌സർലൻഡ്, നോർവേ, ലിച്ചെൻസ്റ്റൈൻ, ഐസ്‌ലാൻഡ്, യുകെ എന്നിവയുൾപ്പെടെയുള്ള വികസിത രാജ്യങ്ങളുമായി ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകളുടെ (FTA) ശൃംഖല വികസിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചും യൂറോപ്യൻ യൂണിയനുമായും മറ്റും ചർച്ചകൾ പുരോഗമിക്കുന്നത് സംബന്ധിച്ചും ശ്രീ ഗോയൽ എടുത്തുപറഞ്ഞു. നിർമ്മാണം, ഉരുക്ക്, അനുബന്ധ മേഖലകൾ തുടങ്ങിയ ഇന്ത്യൻ വ്യവസായങ്ങൾക്ക് ആഗോള അവസരങ്ങൾ തുറക്കാൻ ഈ കരാറുകൾ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2026 പതിപ്പ് തലസ്ഥാനത്ത് മാത്രമായി പരിമിതപ്പെടുത്താതെ, മേഖലയുടെ സാധ്യതകളെക്കുറിച്ചുള്ള അവബോധം വിപുലീകരിക്കുന്നതിനായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. അനുബന്ധ മേഖലകളിൽ നിന്നെല്ലാം വിപുലമായ പങ്കാളിത്തം ഉറപ്പാക്കാനും, മുൻ പങ്കാളികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനം സൃഷ്ടിക്കാനും, പരിപാടിയെ ഒരു യഥാർത്ഥ ആഗോള വേദിയാക്കുന്നതിന് അന്താരാഷ്ട്ര പങ്കാളികളെ കൂടുതലായി ഉൾപ്പെടുത്താനും അദ്ദേഹം സംഘാടകരോട് അഭ്യർത്ഥിച്ചു.
ഉരുക്കിന്റെയും ഇരുമ്പയിരിന്റെയും വിപുലമായ കയറ്റുമതി സാധ്യതകൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയ്ക്ക് പ്രതിവർഷം 15 ദശലക്ഷം ടൺ ഉരുക്ക് കയറ്റുമതി ചെയ്യാൻ ശേഷിയുണ്ടെന്നും ഉന്നത നിലവാരവും മത്സരാധിഷ്ഠിത വിലയുമുള്ള ഉത്പന്നങ്ങളിലൂടെ കയറ്റുമതി മേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
2026 ഏപ്രിൽ 29 മുതൽ മെയ് 2 വരെ ന്യൂഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഭാരത് ബിൽഡ്കോൺ, കെട്ടിട നിർമ്മാണ സാമഗ്രി വ്യവസായത്തിനായുള്ള ഇന്ത്യയുടെ മുൻനിര അന്താരാഷ്ട്ര വേദിയായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ കെട്ടിട നിർമ്മാണ വിപണി 1 ട്രില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ളതും കോടിക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നതാകയാൽ, സിമൻറ്, സെറാമിക്സ്, ടൈലുകൾ, സാനിറ്ററിവെയർ, പെയിന്റുകൾ, ഹാർഡ്‌വെയർ, ഇലക്ട്രിക്കലുകൾ തുടങ്ങി 37 അനുബന്ധ മേഖലകളിലെ ഇന്ത്യയുടെ ശേഷി പ്രദർശിപ്പിക്കാനുള്ള ഏകജാലക വേദിയായി ഇത് മാറും.
അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും, കയറ്റുമതി വർദ്ധിപ്പിക്കുന്നതിലും, നിക്ഷേപം ആകർഷിക്കുന്നതിലും, ഇന്ത്യയെ ഒരു വിശ്വസനീയ ആഗോള വിതരണക്കാരനായി ആഗോളതലത്തിൽ സ്ഥാപിക്കുന്നതിലും പ്രദർശനം നിർണ്ണായക പങ്ക് വഹിക്കും.
തിരശ്ശീല ഉയരുമ്പോൾ, ഭാരത് ബിൽഡ്കോൺ 2026 കേവലം പ്രദർശനം എന്നതിലുപരിയായി, നിർമ്മാണ മേഖലയിൽ ഇന്ത്യയുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലും രാജ്യത്തെ വളർച്ചാ ദർശനത്തിലേക്ക് നയിക്കുന്നതിലും തന്ത്രപരമായ നാഴികക്കല്ലായാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന കാര്യം കൂടുതൽ വ്യക്തമാവുകയാണ്.
ഭാരത് ബിൽഡ്കോൺ 2026 ഒരു പ്രദർശനം എന്ന നിലയിൽ മാത്രമല്ല, നിർമ്മാണ മേഖലയിൽ ഇന്ത്യയുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലും രാജ്യത്തെ വളർച്ചാ ദർശനത്തിലേക്ക് നയിക്കുന്നതിലും തന്ത്രപരമായ നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
***
(Release ID: 2161840)
Visitor Counter : 25