പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ ഹൻസൽപൂരിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രീൻ മൊബിലിറ്റി സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു


സുസുക്കിയുടെ ആദ്യത്തെ 'മെയ്ഡ്-ഇൻ-ഇന്ത്യ' ഗണത്തിൽപ്പെട്ട ആഗോളവും തന്ത്രപരവുമായ ബാറ്ററി ഇലക്ട്രിക് വാഹനം -- “ഇ വിറ്റാര” പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു

മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് ആശയത്തിൽ ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങൾ ഇന്ന് മുതൽ 100 ​​രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും, ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡ് നിർമ്മാണവും ഇന്ന് ആരംഭിക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് ജനാധിപത്യത്തിന്റെ ശക്തിയും ജനസംഖ്യാശാസ്‌ത്രത്തിന്റെ നേട്ടവും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വലിയൊരു കൂട്ടവുമുണ്ട്, ഇത് രാജ്യത്ത് എല്ലാ പങ്കാളികൾക്കും ഒരു വിജയ സാഹചര്യം ഒരുക്കുന്നു: പ്രധാനമന്ത്രി

മേക്ക് ഇൻ ഇന്ത്യ എന്ന പേരിലുള്ള ഇലക്ട്രിക് വാഹനങ്ങളാകും വരുംകാലങ്ങളിൽ ലോകം ഡ്രൈവ് ചെയ്യുക!: പ്രധാനമന്ത്രി

മേക്ക് ഇൻ ഇന്ത്യ സംരംഭം ആഗോള, ആഭ്യന്തര നിർമ്മാതാക്കൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു: പ്രധാനമന്ത്രി

വരും വർഷങ്ങളിൽ, ശ്രദ്ധ, ഭാവി വ്യവസായങ്ങളിൽ കേന്ദ്രീകരിക്കും: പ്രധാനമന്ത്രി

സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യ കുതിച്ചുയരുന്നു, രാജ്യത്ത് ഈ മേഖലയിൽ പുതിയ 6 പ്ലാന്റുകൾ

Posted On: 26 AUG 2025 1:23PM by PIB Thiruvananthpuram


ഹരിത ഊർജ്ജ മേഖലയിൽ ആത്മനിർഭർ ആകുന്നതിനുള്ള വലിയ ചുവടുവയ്പ്പുകൾ നടത്തികൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഹൻസൽപൂരിൽ ഹരിത മൊബിലിറ്റി സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു. ഗണേശോത്സവത്തിന്റെ ഉത്സവ ആവേശത്തിനിടയിൽ, ഇന്ത്യയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' യാത്രയിൽ ഒരു പുതിയ അധ്യായം കൂട്ടിച്ചേർക്കപ്പെടുകയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. "മെയ്ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്" എന്ന പങ്കിട്ട ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന കുതിച്ചുചാട്ടമാണിത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് മുതൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. രാജ്യത്ത് ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡ് നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന് ഇന്ന് ഒരു പുതിയ മാനം കൈവരുമെന്ന്  ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും, ജപ്പാനും, സുസുക്കി മോട്ടോർ കോർപ്പറേഷനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.

ഇന്ത്യയുടെ വിജയഗാഥയുടെ വിത്തുകൾ വിതയ്ക്കപ്പെട്ടത്  12-13 വർഷങ്ങൾക്ക് മുമ്പാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, 2012 ൽ, മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ഹൻസൽപൂരിൽ മാരുതി സുസുക്കിക്ക് ഭൂമി അനുവദിച്ചതായി ശ്രീ മോദി പറഞ്ഞു. ആ സമയത്തും, ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ എന്നിവയായിരുന്നു ദർശനമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആ ആദ്യകാല ശ്രമങ്ങൾ ഇപ്പോൾ രാജ്യത്തിന്റെ നിലവിലെ പ്രതിജ്ഞകൾ നിറവേറ്റുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്തരിച്ച ശ്രീ. ഒസാമു സുസുക്കിയെ ഹൃദയംഗമമായി അനുസ്മരിച്ചുകൊണ്ട്, അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിക്കുന്നതിൽ  ഇന്ത്യാ ഗവൺമെന്റിന് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാരുതി സുസുക്കി ഇന്ത്യയ്ക്കായി ശ്രീ. ഒസാമു സുസുക്കി വിഭാവനം ചെയ്ത ദർശനത്തിന്റെ വിശാലമായ വികാസത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ശക്തിയും ജനസംഖ്യാശാസ്ത്രത്തിന്റെ നേട്ടവുമുണ്ട്; വൈദഗ്ധ്യമുള്ള ഒരു വലിയ തൊഴിൽ ശക്തിയും ഇന്ത്യയിലുണ്ട്, ഇത് ഓരോ പങ്കാളിക്കും ഒരുപോലെ വിജയകരമായ സാഹചര്യം സൃഷ്ടിക്കുന്നു", ശ്രീ മോദി ഊന്നിപ്പറഞ്ഞു. സുസുക്കി ജപ്പാൻ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വാഹനങ്ങൾ ജപ്പാനിലേക്ക് തിരികെ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യ-ജപ്പാൻ ബന്ധങ്ങളുടെ ശക്തിയെ മാത്രമല്ല, അന്താരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാരുതി സുസുക്കി പോലുള്ള കമ്പനികൾ മെയ്ക്ക് ഇൻ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. തുടർച്ചയായി നാല് വർഷമായി മാരുതി സുസുക്കി ഇന്ത്യയിലെ ഏറ്റവും വലിയ കാർ കയറ്റുമതിക്കാരാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ന് മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതിയും അതേ അളവിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങളിൽ ഓടുന്ന 'ഇവി'കളിൽ അഭിമാനത്തോടെ 'മെയ്ക്ക് ഇൻ ഇന്ത്യ' ലേബൽ വഹിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

വൈദ്യുത വാഹന മേഖലയിലെ ഏറ്റവും നിർണായക ഘടകം ബാറ്ററിയാണെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ഇന്ത്യയ്ക്ക് ആവശ്യമായ ബാറ്ററികൾ പൂർണ്ണമായും ഇറക്കുമതി ചെയ്തിരുന്നതായി ചൂണ്ടിക്കാട്ടി. വൈദ്യുത വാഹന നിർമ്മാണം ശക്തിപ്പെടുത്തുന്നതിന്, ഇന്ത്യ ആഭ്യന്തര ബാറ്ററി ഉത്പാദനം ആരംഭിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2017 ൽ ഈ ദർശനത്തോടെയാണ് ടിഡിഎസ്ജി ബാറ്ററി പ്ലാന്റിന് അടിത്തറ പാകിയതെന്ന് ശ്രീ മോദി ഓർമ്മിപ്പിച്ചു. ടിഡിഎസ്ജിയുടെ പുതിയ സംരംഭത്തിന് കീഴിൽ, മൂന്ന് ജാപ്പനീസ് കമ്പനികൾ സംയുക്തമായി ഇന്ത്യയിൽ ആദ്യമായി ബാറ്ററി സെല്ലുകൾ നിർമ്മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബാറ്ററി സെൽ ഇലക്ട്രോഡുകളും ഇന്ത്യയ്ക്കുള്ളിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രാദേശികവൽക്കരണം ഇന്ത്യയുടെ സ്വാശ്രയത്വത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇത് ഹൈബ്രിഡ് ഇലക്ട്രിക് വാഹന മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ചരിത്രപരമായ തുടക്കത്തിന് അദ്ദേഹം എല്ലാ  ആശംസകളും നേർന്നു.

ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ഇലക്ട്രിക് വാഹനങ്ങളെ ഒരു ബദൽ മാർഗമായി മാത്രമേ കണ്ടിരുന്നുള്ളൂ എന്ന് പരാമർശിച്ച പ്രധാനമന്ത്രി, ഒന്നിലധികം വെല്ലുവിളികൾക്ക് ഇലക്ട്രിക് വാഹനങ്ങൾ വ്യക്തമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുമെന്ന തന്റെ വിശ്വാസത്തെ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ വർഷം സിംഗപ്പൂർ സന്ദർശന വേളയിൽ പഴയ വാഹനങ്ങളെയും ആംബുലൻസുകളെയും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ താൻ നിർദ്ദേശിച്ചിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്ത് വെറും ആറ് മാസത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു പ്രോട്ടോടൈപ്പ് വികസിപ്പിച്ചതിന് ശ്രീ മോദി മാരുതി സുസുക്കിയെ അഭിനന്ദിച്ചു. ഹൈബ്രിഡ് ആംബുലൻസിന്റെ പ്രോട്ടോടൈപ്പ് താൻ വ്യക്തിപരമായി അവലോകനം ചെയ്തതായും ഈ ഹൈബ്രിഡ് ആംബുലൻസുകൾ PM E-DRIVE പദ്ധതിയുമായി തികച്ചും യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 11,000 കോടി രൂപയുടെ PM E-DRIVE പദ്ധതിയിൽ, ഇ-ആംബുലൻസുകൾക്കായി ഒരു പ്രത്യേക ബജറ്റ് അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മലിനീകരണം കുറയ്ക്കാൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ സഹായിക്കുമെന്നും പഴയ വാഹനങ്ങൾ രൂപാന്തരപ്പെടുത്തുന്നതിന് പ്രായോഗികമായ ഒരു ഓപ്ഷൻ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യയുടെ ഭാവിയെ പ്രതിനിധീകരിക്കുന്നത് ശുദ്ധമായ ഊർജ്ജവും ശുദ്ധമായ ചലനാത്മകതയും ആണെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട്, അത്തരം ശ്രമങ്ങളിലൂടെ ഇന്ത്യ ശുദ്ധമായ ഊർജ്ജത്തിനും ശുദ്ധമായ ചലനാത്മകതയ്ക്കുമുള്ള വിശ്വസനീയ കേന്ദ്രമായി അതിവേഗം വളർന്നുവരുന്നതായി ശ്രീ മോദി  ഊന്നിപ്പറഞ്ഞു.

ലോകം മുഴുവൻ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നേരിടുന്ന സമയത്ത്, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ നയപരമായ തീരുമാനങ്ങൾ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടുവെന്ന്  പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014 ൽ, രാജ്യത്തെ സേവിക്കാനുള്ള അവസരം ലഭിച്ചതിനെത്തുടർന്ന്, ഈ പരിവർത്തനത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ഓർമ്മിപ്പിച്ചുകൊണ്ട്, മെയ്ക്ക് ഇൻ ഇന്ത്യ കാമ്പെയ്‌നിന് തുടക്കമിട്ടതും ആഗോള, ആഭ്യന്തര നിർമ്മാതാക്കൾക്ക് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യ അതിന്റെ നിർമ്മാണ മേഖലയെ കാര്യക്ഷമവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ ദർശനത്തെ പിന്തുണയ്ക്കുന്നതിനായി വ്യാവസായിക ഇടനാഴികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തുടനീളം പ്ലഗ്-ആൻഡ്-പ്ലേ(ഉടനടി പ്രവർത്തനക്ഷമമാകുന്നത്)അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് കീഴിൽ നിരവധി മേഖലകളിലെ നിർമ്മാതാക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാന പരിഷ്കാരങ്ങളിലൂടെ നിക്ഷേപകർ നേരിടുന്ന ദീർഘകാല വെല്ലുവിളികൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഈ പരിഷ്കാരങ്ങൾ നിക്ഷേപകർക്ക് ഇന്ത്യൻ ഉൽപ്പാദനത്തിൽ നിക്ഷേപിക്കുന്നത് എളുപ്പമാക്കിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഈ ശ്രമങ്ങളുടെ പ്രകടമായ ഫലങ്ങൾ എടുത്തുകാട്ടികൊണ്ട്, ഈ ദശകത്തിൽ മാത്രം ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉൽപ്പാദനം ഏകദേശം 500 ശതമാനം വർദ്ധിച്ചു എന്ന് അദ്ദേഹം  ചൂണ്ടിക്കാട്ടി. മൊബൈൽ ഫോൺ ഉൽപ്പാദനം 2014 നെ അപേക്ഷിച്ച് 2,700 ശതമാനം വരെ വർദ്ധിച്ചുവെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ ദശകത്തിൽ പ്രതിരോധ ഉൽപ്പാദനവും 200 ശതമാനത്തിലധികം വളർച്ച കൈവരിച്ചിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു. ഈ വിജയം ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളെയും പ്രചോദിപ്പിക്കുന്നുണ്ടെന്നും പരിഷ്കാരങ്ങളും നിക്ഷേപവും സംബന്ധിച്ച് സംസ്ഥാനങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം ഉയർന്നുവന്നിട്ടുണ്ടെന്നും ഇത് മുഴുവൻ രാജ്യത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിനായി വികസന അനുകൂല നയങ്ങളും പരിഷ്കാരങ്ങളും, മെച്ചപ്പെടുത്തിയ ബിസിനസ്സ് ചെയ്യൽ സൗകര്യങ്ങളോടെ കൊണ്ടുവരാൻ ശ്രീ മോദി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

"ഇന്ത്യ ഇവിടം കൊണ്ട് നിർത്തില്ല;  മികച്ച പ്രകടനം കാഴ്ചവച്ച മേഖലകളിൽ, കൂടുതൽ മികവ് കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ  ലക്ഷ്യം", ഈ പുരോഗതി കൈവരിക്കുന്നതിനായി കേന്ദ്ര ഗവൺമെൻ്റ് മിഷൻ മാനുഫാക്ചറിംഗിന് മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ത്യയുടെ ശ്രദ്ധ ഇപ്പോൾ ഭാവി വ്യവസായങ്ങളിലേക്കാണ് മാറുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തുടനീളം ആറ് പ്ലാന്റുകൾ സ്ഥാപിക്കാൻ പോകുന്നതോടെ സെമികണ്ടക്ടർ മേഖല എങ്ങനെ മുന്നേറുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ത്യയിൽ സെമികണ്ടക്ടർ നിർമ്മാണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധതയും സ്ഥിരീകരിച്ചു.

അപൂർവ-ഭൗമ മൂലകങ്ങൾ കൊണ്ടുള്ള  മാഗ്നറ്റുകളുടെ കുറവ് മൂലം വാഹന വ്യവസായം നേരിടുന്ന വെല്ലുവിളികളിൽ ഇന്ത്യാ ഗവൺമെന്റ് ശ്രദ്ധാലുവാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. ഈ മേഖലയിലെ ദേശീയ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി, നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന്റെ തുടക്കം അദ്ദേഹം പരാമർശിച്ചു. ഈ ദൗത്യത്തിന് കീഴിൽ, നിർണായക ധാതുക്കൾ തിരിച്ചറിയുന്നതിനായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി 1,200-ലധികം പര്യവേക്ഷണ കാമ്പെയ്‌നുകൾ നടത്തും.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം നയതന്ത്ര ബന്ധങ്ങൾക്കപ്പുറത്തേക്ക് പോകുന്നുവെന്നും അത് സംസ്കാരത്തിലും പരസ്പര വിശ്വാസത്തിലും വേരൂന്നിയതാണെന്നും ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി അടുത്ത ആഴ്ച ജപ്പാൻ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും പരസ്പര വികസനത്തിൽ സ്വന്തം പുരോഗതി കാണുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാരുതി സുസുക്കിയുമായി ആരംഭിച്ച യാത്ര ഇപ്പോൾ ഒരു ബുള്ളറ്റ് ട്രെയിനിന്റെ വേഗതയിലെത്തിയെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ത്യ-ജപ്പാൻ പങ്കാളിത്തത്തിന്റെ വ്യാവസായിക സാധ്യതകൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാന സംരംഭം ഗുജറാത്തിൽ ആരംഭിച്ചതായി എടുത്തുപറഞ്ഞു. ഭൂതകാലത്തെ അനുസ്മരിച്ചുകൊണ്ട്, 20 വർഷം മുമ്പ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ആരംഭിച്ചപ്പോൾ ജപ്പാൻ ഒരു പ്രധാന പങ്കാളിയായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ജനങ്ങൾ തങ്ങളുടെ ജാപ്പനീസ് പതിപ്പിനെ   സ്നേഹിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ  വ്യവസായവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ജാപ്പനീസ് ഭാഷയിൽ അച്ചടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പങ്കുവെച്ചു. ജാപ്പനീസ് അതിഥികൾക്ക് സുഖസൗകര്യങ്ങൾ ഉറപ്പാക്കാൻ ജാപ്പനീസ് പാചകരീതിക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോൾഫിനോടുള്ള ജാപ്പനീസ് താൽപ്പര്യത്തെ അദ്ദേഹം അംഗീകരിച്ചു, അവരുടെ താൽപ്പര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ് 7–8 പുതിയ ഗോൾഫ് കോർട്ടുകൾ  വികസിപ്പിച്ചെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കോളേജുകളും സർവകലാശാലകളും ഇപ്പോൾ ജാപ്പനീസ് ഭാഷാ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

"ഇന്ത്യയിലേയും ജപ്പാനിലേയും  ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ തുടർച്ചയായ ശ്രമങ്ങൾ സഹായിക്കുന്നു. നൈപുണ്യ വികസനത്തിലും മനുഷ്യവിഭവശേഷിയിലും ഇരു രാജ്യങ്ങൾക്കും ഇപ്പോൾ പരസ്പരം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും", പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മാരുതി സുസുക്കി പോലുള്ള കമ്പനികൾ ഇത്തരം സംരംഭങ്ങളിൽ സജീവമായി പങ്കെടുക്കാനും യുവജന വിനിമയ പരിപാടികൾ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

വരും വർഷങ്ങളിൽ എല്ലാ പ്രധാന മേഖലകളിലും മുന്നേറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്നത്തെ ശ്രമങ്ങൾ 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യയുടെ അടിത്തറ ഉയർത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ജപ്പാൻ ഒരു വിശ്വസ്ത പങ്കാളിയായി തുടരുമെന്ന വിശ്വാസം ഉറപ്പിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, ഇന്ത്യയിലെ ജപ്പാൻ അംബാസഡർ ശ്രീ ഒനോ കെയ്‌ച്ചി, സുസുക്കി മോട്ടോർ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ മറ്റ് വിശിഷ്ട വ്യക്തികൾക്കൊപ്പം പങ്കെടുത്തു.

പശ്ചാത്തലം

അഹമ്മദാബാദിലെ ഹൻസൽപൂരിലുള്ള സുസുക്കി മോട്ടോർ പ്ലാന്റിൽ പ്രധാനമന്ത്രി രണ്ട് ചരിത്ര സംരംഭങ്ങൾ  ഉദ്ഘാടനം ചെയ്തു. ഈ നാഴികക്കല്ലായ സംരംഭങ്ങൾ ഒരുമിച്ച് ചേർന്ന് , ഇന്ത്യയെ  പരിസ്ഥിതി സൗഹൃദ ചലനാത്മകതയുടെ ആഗോള കേന്ദ്രമായി ഉയർത്തുന്നതിനെ അടിവരയിടുന്നു, അതോടൊപ്പം  പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നിവയോടുള്ള പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. 

മെയ്ക്ക് ഇൻ ഇന്ത്യയുടെ വിജയത്തിന്റെ ഒരു പ്രധാന ഉദാഹരണമായി, സുസുക്കിയുടെ ആദ്യത്തെ ആഗോളവും  തന്ത്രപരവുമായ ബാറ്ററി ഇലക്ട്രിക് വാഹനമായ(BEV)“ഇ വിറ്റാര” (“e VITARA”)  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. യൂറോപ്പ്, ജപ്പാൻ തുടങ്ങിയ വികസിത വിപണികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിർമ്മിച്ച BEV-കൾ കയറ്റുമതി ചെയ്യും. ഈ പ്രവർത്തനത്തോടെ , ഇന്ത്യ സുസുക്കിയുടെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ആഗോള നിർമ്മാണ കേന്ദ്രമായി പ്രവർത്തിക്കും.

ഗുജറാത്തിലെ ടിഡിഎസ് ലിഥിയം-അയൺ ബാറ്ററി പ്ലാന്റിൽ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ചുകൊണ്ട് ഇന്ത്യയുടെ ബാറ്ററി ഉത്പാദന മേഖലയുടെ  അടുത്ത ഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തോഷിബ, ഡെൻസോ, സുസുക്കി എന്നിവയുടെ സംയുക്ത സംരംഭമായ ഈ പ്ലാന്റ് ആഭ്യന്തര ഉൽപ്പാദനവും ശുദ്ധമായ ഊർജ്ജ നവീകരണവും വർദ്ധിപ്പിക്കും. ബാറ്ററി മൂല്യത്തിന്റെ എൺപത് ശതമാനത്തിലധികവും ഇപ്പോൾ ഇന്ത്യയ്ക്കുള്ളിൽ നിർമ്മിക്കപ്പെടുമെന്ന് ഈ വികസനം ഉറപ്പാക്കുന്നു.

-SK-

(Release ID: 2160939)