തൊഴില്‍, ഉദ്യോഗ മന്ത്രാലയം
സ്ത്രീ ശക്തിയിലൂടെ വികസിത ഭാരതം: ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനം സ്ത്രീകളിലൂടെ
Posted On:
25 AUG 2025 3:44PM by PIB Thiruvananthpuram
2047 ഓടെ വികസിത ഭാരതം എന്ന ദര്‍ശനം കൈവരിക്കുന്നതിനുള്ള പ്രധാന സ്തംഭങ്ങളിലൊന്ന് രാജ്യത്ത് 70 ശതമാനം സ്ത്രീ തൊഴില്‍ ശക്തി പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ്. ദേശീയ പുരോഗതിയുടെ പ്രധാന ചാലകശക്തിയാണ് സ്ത്രീ ശാക്തീകരണം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒരു പരിവര്‍ത്തനാത്മക മാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നു. സ്ത്രീകള്‍ ഇപ്പോള്‍ പരമ്പരാഗത ചുമതലകളില്‍ മാത്രമായി ഒതുങ്ങുന്നില്ല. തടസ്സങ്ങള്‍ തകര്‍ത്ത് രാജ്യത്തിന്റെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിലും അവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഗ്രാമീണ സംരംഭകര്‍ മുതല്‍ കോര്‍പ്പറേറ്റ് നേതാക്കള്‍ വരെയുള്ള സ്ത്രീകള്‍ 'വികസിത ഭാരത'ത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നു.
സ്ത്രീ തൊഴില്‍ ശക്തി പങ്കാളിത്തത്തിലെ ഗണ്യമായ വര്‍ദ്ധനവ്
രാജ്യത്തെ സ്ത്രീ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പി എല്‍ എഫ് എസ് (PLFS)ന്റെ കണക്കനുസരിച്ച് സ്ത്രീകളുടെ തൊഴില്‍ നിരക്ക് (WPR) 2017-18 ലെ 22 ശതമാനത്തില്‍ നിന്ന് 2023-24 ല്‍ 40.3 ശതമാനമായി ഉയര്‍ന്നു. അതേസമയം, തൊഴിലില്ലായ്മ നിരക്ക് (UR) 2017-18 ലെ 5.6 ശതമാനത്തില്‍ നിന്ന് 2023-24 ല്‍ 3.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് സ്ത്രീകള്‍ക്കായുള്ള തൊഴിലവസരങ്ങളിലെ വലിയ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. ഗ്രാമീണ ഇന്ത്യയില്‍ ഈ മാറ്റം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. അവിടെ സ്ത്രീകളുടെ തൊഴില്‍ 96 ശതമാനം വര്‍ദ്ധിച്ചു. അതേസമയം നഗര മേഖലകളില്‍ ഇതേ കാലയളവില്‍ തൊഴിലില്‍ 43 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
2013ല്‍ 42 ശതമാനമായിരുന്ന വനിതാ ബിരുദധാരികളുടെ തൊഴില്‍ക്ഷമത 2024ല്‍ 47.53 ശതമാനമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിരുദാനന്തര ബിരുദവും അതിനു മുകളിലും വിദ്യാഭ്യാസമുള്ള സ്ത്രീകളുടെ തൊഴില്‍ നിരക്ക് (WPR) 2017-18 ല്‍ 34.5 ശതമാനം ആയിരുന്നത് 2023-24 ല്‍ 40 ശതമാനമായി ഉയര്‍ന്നു.
ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2025 അനുസരിച്ച്, ഇന്ത്യന്‍ ബിരുദധാരികളില്‍ ഏകദേശം 55 ശതമാനം പേര്‍ 2025 ല്‍ ആഗോളതലത്തില്‍ തൊഴില്‍ നേടാന്‍ പ്രാപ്തരാകുമെന്ന് പ്രതീക്ഷിക്കുന്നു, 2024 ല്‍ ഇത് 51.2 ശതമാനമായിരുന്നു.
കൂടാതെ,ഔദ്യോഗിക മേഖലയിലെ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം ഇ പി എഫ് ഒ( EPFO) പേയ്‌റോള്‍ ഡാറ്റ കൂടുതല്‍ എടുത്തുകാണിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 1.56 കോടി സ്ത്രീകള്‍ ഔദ്യോഗിക തൊഴില്‍ മേഖലയില്‍ പ്രവേശിച്ചു. അതേസമയം, 2025 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 16.69 കോടിയിലധികം വനിതാ അസംഘടിത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഇ-ശ്രം(e-Shram)പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം ലഭ്യമാക്കുന്നു.
വനിതാ വികസനത്തില്‍ നിന്ന് വനിതാ നേതൃത്വ വികസനത്തിലേക്ക് രാജ്യം മാറുന്നു
കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വനിതാ സംരംഭകരുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നു. ദേശീയ തലത്തിലെ 15 മന്ത്രാലയങ്ങളിലായി 70 കേന്ദ്ര പദ്ധതികളും 400 ലധികം സംസ്ഥാനതല പദ്ധതികളും സ്ത്രീ സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിഎല്‍എഫ്എസ് ഡാറ്റ പ്രകാരം സ്ത്രീകളുടെ സ്വയം തൊഴില്‍ നിരക്ക് 30 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 2017-18 ലെ 51.9 ശതമാനത്തില്‍ നിന്ന് 2023-24 ല്‍ 67.4 ശതമാനമായാണ് വര്‍ദ്ധനവ്. ഇതിലൂടെ സ്ത്രീകള്‍ യഥാര്‍ത്ഥത്തില്‍ ആത്മനിര്‍ഭരരായി മാറുന്നു.
കഴിഞ്ഞ ഒരു ദശകത്തിനിടെ ജെന്‍ഡര്‍ ബജറ്റുകള്‍ 429 ശതമാനം വര്‍ദ്ധിച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തിലെ (RE) 0.85 ലക്ഷം കോടി രൂപയില്‍ നിന്ന് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 4.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. തൊഴില്‍, തൊഴില്‍ക്ഷമത, സംരംഭകത്വം, ക്ഷേമം എന്നിവയില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് വനിതാ വികസനത്തില്‍ നിന്ന് വനിതകള്‍ നയിക്കുന്ന വികസനത്തിലേക്കുള്ള മാതൃകാപരമായ മാറ്റത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോലുള്ള പദ്ധതികള്‍ സമ്പന്നമായ ഒരു ആവാസവ്യവസ്ഥ വളര്‍ത്തിയെടുത്തിട്ടുണ്ട്. ഡി പി ഐ ഐ ടി(DPIIT)യില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളില്‍ ഏകദേശം 50 ശതമാനത്തിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ട്. അതായത് 1. 54 ലക്ഷത്തിലധികം വരുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ 74,410 എണ്ണം ഇതില്‍പ്പെടുന്നു. ഇന്ന് ഏകദേശം രണ്ട് കോടി സ്ത്രീകള്‍ ലഖ്പതി ദീദിയായി മാറിയിരിക്കുന്നു.
നമോ ഡ്രോണ്‍ ദീദി, ദീന്‍ദയാല്‍ അന്ത്യോദയ യോജന-എന്‍ ആര്‍ എല്‍ എം(NRLM)തുടങ്ങിയ മുന്‍നിര പരിപാടികളും ഈ പരിവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സുസ്ഥിര പുരോഗതി കൈവരിക്കുന്നതിനാവശ്യമായ വിഭവങ്ങളും അവസരങ്ങളും നല്കി ഈ സംരംഭങ്ങളിലൂടെ അവരെ സജ്ജരാക്കുന്നു.
സ്ത്രീകളുടെ സ്വയംതൊഴില്‍ വളര്‍ച്ചയുടെ മറ്റൊരു പ്രധാന ഘടകമാണ് പ്രധാനമന്ത്രി മുദ്ര യോജന. ഇത് സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മൊത്തം മുദ്ര വായ്പകളുടെ 68 ശതമാനം
സ്ത്രീകള്‍ക്കാണ് ലഭിക്കുന്നത് (14.72 ലക്ഷം കോടി രൂപയുടെ 35.38 കോടിയിലധികം വായ്പകള്‍). അതുപോലെ പ്രധാനമന്ത്രി സ്വനിധിയുടെ കീഴില്‍ തെരുവ് കച്ചവടക്കാരെ ശാക്തീകരിക്കുന്നു. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏകദേശം 44 ശതമാനവും സ്ത്രീകളാണ്. ഈ സംരംഭങ്ങള്‍ ഇന്ത്യയിലുടനീളമുള്ള സ്ത്രീകള്‍ക്കിടയില്‍ സാമ്പത്തിക സ്വാശ്രയത്വത്തിന്റെ പുതിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
കൂടാതെ, സ്ത്രീകള്‍ നയിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(MSMEs) സാമ്പത്തിക വികാസത്തിന്റെ പ്രധാന ചാലകശക്തികളായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് 2021 മുതല്‍ 2023 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ സ്ത്രീകള്‍ക്ക് 89 ലക്ഷത്തിലധികം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ വിഹിതം 2010-11 ല്‍ 17.4 ശതമാനമായിരുന്നത് 2023-24 ല്‍ 26.2 ശതമാനമായി ഉയര്‍ന്നു. കൂടാതെ സ്ത്രീകള്‍ നയിക്കുന്ന എം എസ് എം ഇ കളുടെ എണ്ണവും ഇരട്ടിയായി, 2010-11 ലെ ഒരു കോടിയില്‍ നിന്ന് 2023-24 ല്‍ 1. 92 കോടിയായി വളര്‍ന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നു.
*****
(Release ID: 2160716)