പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അഹമ്മദാബാദിലെ കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു വീഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു


സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള ഉദാത്തമായ ഉദ്ദേശ്യങ്ങളോടും വിശുദ്ധിയോടും കൂടി ശ്രമങ്ങൾ നടത്തുമ്പോൾ, ദിവ്യ പിന്തുണ ലഭിക്കും - സമൂഹം തന്നെ ഒരു ദിവ്യശക്തിയായി മാറുന്നു: പ്രധാനമന്ത്രി

പുതിയ ദേശീയ വിദ്യാഭ്യാസ നയം നൈപുണ്യ വികസനത്തിന് ഏറ്റവും ശക്തമായ ഊന്നൽ നൽകുന്നു: പ്രധാനമന്ത്രി

രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യ വികസനം റെക്കോർഡ് വേഗതയിൽ പുരോഗമിക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യയുടെ അധ്വാനത്തെയും കഴിവിനെയും ഇന്ന് ലോകം വളരെയധികം ബഹുമാനിക്കുകയും അതിന്റെ മൂല്യം അംഗീകരിക്കുകയും ചെയ്യുന്നു, തൽഫലമായി, വിവിധ രാജ്യങ്ങളിൽ നിരവധി അവസരങ്ങൾ ഉയർന്നുവരുന്നു: പ്രധാനമന്ത്രി

ഇന്ത്യ സ്വയംപര്യാപ്തമാകണം; സമൂഹം സ്വദേശി ഉൽപ്പന്നങ്ങൾ ബോധ്യത്തോടെ സ്വീകരിക്കണം: പ്രധാനമന്ത്രി

സ്വദേശി പ്രസ്ഥാനം ഒരു നൂറ്റാണ്ട് പഴക്കമുള്ള ആശയമല്ല , മറിച്ച് ഭാവിയെ ശക്തിപ്പെടുത്തുന്ന ഒരു പ്രചാരണമാണ്, അതിന്റെ നേതൃത്വം സമൂഹത്തിൽ നിന്ന് - പ്രത്യേകിച്ച് യുവാക്കളിൽ നിന്ന് - വരണം: പ്രധാനമന്ത്രി

Posted On: 24 AUG 2025 10:20PM by PIB Thiruvananthpuram

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രസംഗിച്ചു. പെൺമക്കളുടെ സേവനത്തിനും വിദ്യാഭ്യാസത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ഹോസ്റ്റലിന്റെ ഉദ്ഘാടനത്തെ എടുത്തുകാണിച്ചുകൊണ്ട്, സർദാർധാമിന്റെ പേര് അതിന്റെ പ്രവർത്തനങ്ങൾ പോലെ തന്നെ പവിത്രമാണെന്ന്  പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾ അഭിലാഷങ്ങളും സ്വപ്നങ്ങളും വഹിക്കുമെന്നും അവ സാക്ഷാത്കരിക്കുന്നതിന് നിരവധി അവസരങ്ങൾ അവർക്ക് ലഭ്യമാകുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പെൺമക്കൾ സ്വാശ്രയരും കഴിവുള്ളവരുമായിക്കഴിഞ്ഞാൽ, അവർ സ്വാഭാവികമായും രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും അവരുടെ കുടുംബങ്ങളും ശാക്തീകരിക്കപ്പെടുമെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇവിടത്തെ അന്തേവാസികളായ  എല്ലാ പെൺമക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, പ്രധാനമന്ത്രി ശോഭനമായ ഭാവി  നേർന്നു.
ഗേൾസ് ഹോസ്റ്റൽ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്താൻ അവസരം ലഭിച്ചതിന് നന്ദി പ്രകടിപ്പിച്ച ശ്രീ മോദി, സമൂഹത്തിന്റെ സമർപ്പിത പരിശ്രമത്തിലൂടെ, മികച്ച ക്രമീകരണങ്ങളുള്ള ഒരു മഹത്തായ സൗകര്യം ഇപ്പോൾ 3,000 പെൺമക്കൾക്ക് ലഭ്യമാണെന്ന് എടുത്തുപറഞ്ഞു. വഡോദരയിലും 2,000 വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ നിർമ്മാണം പുരോഗമിക്കുകയാണെന്നും അത് പൂർത്തീകരണത്തോടടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂറത്ത്, രാജ്കോട്ട്, മെഹ്സാന എന്നിവിടങ്ങളിലും വിദ്യാഭ്യാസം, പഠനം, പരിശീലനം എന്നിവയ്ക്കായി സമാനമായ കേന്ദ്രങ്ങൾ വികസിച്ചുവരുന്നുണ്ടെന്നും  പ്രധാനമന്ത്രി പറഞ്ഞു. ഈ സംരംഭങ്ങളിൽ ഉൾപ്പെട്ട,ഇതിനായി സംഭാവന നൽകിയ എല്ലാവർക്കും  അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു, സമൂഹത്തിന്റെ ശക്തിയിലൂടെയാണ് രാഷ്ട്രം പുരോഗമിക്കുന്നതെന്ന് പ്രസ്താവിച്ചുകൊണ്ട് സർദാർ വല്ലഭായ് പട്ടേലിന്   അദ്ദേഹം  ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന തന്റെ കാലത്തെ അനുസ്മരിച്ചുകൊണ്ട്, ഇന്ത്യയുടെ പുരോഗതിക്ക് ഗുജറാത്തിന്റെ വികസനം അനിവാര്യമാണെന്ന് താൻ എപ്പോഴും വിശ്വസിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ഗുജറാത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ ദേശീയ വികസനത്തിന് സംഭാവന നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.25-30 വർഷങ്ങൾക്ക് മുമ്പ് ഗുജറാത്ത് വിവിധ സൂചകങ്ങളെ അഭിമുഖീകരിച്ചപ്പോൾ സാമൂഹിക വെല്ലുവിളികളെ മറികടക്കാൻ അതിന്റെ ശക്തി വിനിയോഗിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും  അദ്ദേഹം ഓർത്തെടുത്തു . മുഖ്യമന്ത്രിയായപ്പോൾ, പെൺകുട്ടികൾ വിദ്യാഭ്യാസത്തിൽ ഗണ്യമായി പിന്നിലാണെന്നും പല കുടുംബങ്ങളും അവരുടെ പെൺമക്കളെ സ്കൂളിലേക്ക് അയയ്ക്കുന്നില്ലെന്നും, സ്കൂളിൽ ചേർന്നവർ പലപ്പോഴും നേരത്തെ പഠനം ഉപേക്ഷിച്ചുവെന്നും മറ്റുമുള്ള കാര്യങ്ങൾ  ശ്രീ മോദി പങ്കുവെച്ചു.  25 വർഷം മുമ്പത്തെ ഈ സാഹചര്യം മാറ്റിയ പൊതുജന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. ജൂൺ മധ്യത്തിൽ ഗ്രാമങ്ങളും  വീടുകളും  സന്ദർശിച്ചും , 40-42°C വരെയുള്ള  ചുട്ടുപൊള്ളുന്ന താപനിലയെ അവഗണിച്ചും  പെൺകുട്ടികളെ സ്കൂളിലേക്ക് നേരിട്ട് കൊണ്ടുപോകാനായി നടത്തിയ "കന്യ ശിക്ഷ രഥയാത്ര"യെക്കുറിച്ച്  പ്രധാനമന്ത്രി സദസ്സിനെ ഓർമ്മിപ്പിച്ചു. യാത്ര മൂലം സ്കൂൾ പ്രവേശനത്തിന്റെ തോതിലുണ്ടായ വർദ്ധനവ്  അദ്ദേഹം ഊന്നിപ്പറഞ്ഞു, ഈ ശ്രമങ്ങൾ നൽകിയ ഗണ്യമായ നേട്ടങ്ങളിൽ അഭിമാനം പ്രകടിച്ച  പ്രധാനമന്ത്രി ഇത് മൂലമുണ്ടായ അനന്തര ഫലങ്ങളെയും എടുത്തുകാട്ടി. സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതും , ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതും , സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതും  , അധ്യാപകരെ നിയമിച്ചതും അദ്ദേഹം ഓർമ്മിച്ചെടുത്തു .ഇതിൽ  സമൂഹം സജീവമായി പങ്കെടുക്കുകയും അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആ സമയത്ത് സ്കൂളിൽ ചേർന്ന നിരവധി കുട്ടികൾ ഇപ്പോൾ ഡോക്ടർമാരും എഞ്ചിനീയർമാരുമായി മാറിയിട്ടുണ്ടെന്നും, കൊഴിഞ്ഞുപോക്ക് നിരക്ക് കുറഞ്ഞുവെന്നും, ഗുജറാത്തിൽ ഉടനീളം പഠനത്തിനായുള്ള ത്വര  വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറ്റൊരു പ്രധാന ആശങ്കയെ പരാമർശിച്ചുകൊണ്ട്, ശ്രീ മോദി പെൺഭ്രൂണഹത്യയെ അപലപിച്ചു, അതിനെ ഒരു ഗുരുതരമായ കളങ്കമായി വിശേഷിപ്പിച്ചു. ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക ഉത്കണ്ഠയും അതിനെതിരെ ഒരു പ്രസ്ഥാനം ആരംഭിക്കാൻ തനിക്ക് ലഭിച്ച പിന്തുണയും അദ്ദേഹം ഓർത്തെടുത്തു.  ലിംഗസമത്വത്തിന്റെ വികാരം ശക്തിപ്പെടുത്താൻ സഹായിച്ച, സൂറത്തിൽ നിന്ന് ഉമിയ മാത വരെ നടത്തിയ യാത്രയെക്കുറിച്ചും അദ്ദേഹം വാചാലനായി . ഉമിയ മാത, ഖോഡിയാർ മാത, കാളി മാത, അംബാ മാത, അല്ലെങ്കിൽ ബഹുചർ മാത എന്നിങ്ങനെ സ്ത്രീശക്തിയെ ആരാധിക്കുന്ന ഒരു നാടായ ഗുജറാത്ത് പെൺഭ്രൂണഹത്യയുടെ കളങ്കം വഹിക്കരുതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ വികാരം ഉണർന്ന് വ്യാപകമായ പിന്തുണ ലഭിച്ചുകഴിഞ്ഞതോടെ , ഗുജറാത്തിൽ   ആൺ-പെൺ കുട്ടികളുടെ അനുപാതത്തിലെ വിടവ് വിജയകരമായി കുറയാൻ തുടങ്ങിയതും   അദ്ദേഹം പ്രസ്താവിച്ചു.

"സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള ഉദാത്തമായ ഉദ്ദേശ്യങ്ങളോടും വിശുദ്ധിയോടും കൂടി ശ്രമങ്ങൾ നടത്തുമ്പോൾ, ദൈവിക പിന്തുണ ലഭിക്കുകയും  - സമൂഹം തന്നെ ഒരു ദൈവിക ശക്തിയായി മാറുകയും  ചെയ്യും ", ശ്രീ മോദി പറഞ്ഞു, അത്തരം ശ്രമങ്ങൾ ഫലം നൽകുന്നുവെന്നും ഇന്ന് സമൂഹത്തിൽ ഒരു പുതിയ ഉണർവ് ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പെൺമക്കളെ പഠിപ്പിക്കാനും, അവരുടെ അന്തസ്സ് വർദ്ധിപ്പിക്കാനും, ഗംഭീര ഹോസ്റ്റലുകളുടെ നിർമ്മാണം ഉൾപ്പെടെ അവർക്കായി സൗകര്യങ്ങൾ സൃഷ്ടിക്കാനും ആളുകൾ ഇപ്പോൾ മുൻകൈയെടുത്ത് മുന്നോട്ട് വരുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗുജറാത്തിൽ വിതച്ച വിത്തുകൾ ഇപ്പോൾ ഒരു രാജ്യവ്യാപക പ്രസ്ഥാനമായി വളർന്നിരിക്കുന്നു - "ബേട്ടി-ബേട്ടിയോം, ബേട്ടി പഠാവോ" - ഇത് ഒരു പൊതു പ്രചാരണമായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി രാജ്യമെമ്പാടും ചരിത്രപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിനെ പരാമർശിച്ചുകൊണ്ട്, പെൺമക്കളുടെ ശബ്ദങ്ങളും കഴിവുകളും കേൾക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളിലെ "ലഖ്പതി ദീദികളുടെ"(ലക്ഷാധിപതി സഹോദരിമാരുടെ) ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു, 3 കോടി ലക്ഷ്യത്തിൽ 2 കോടി ഇതിനകം നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ഡ്രോൺ ദീദി" പോലുള്ള സംരംഭങ്ങൾ ഗ്രാമങ്ങളിലെ സ്ത്രീകളോടുള്ള സാമൂഹിക കാഴ്ചപ്പാടുകളെ പരിവർത്തനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ബാങ്ക് സഖി", "ബീമ സഖി" തുടങ്ങിയ പദ്ധതികളെക്കുറിച്ചും ശ്രീ മോദി പരാമർശിച്ചു, ഈ പരിപാടികൾ ഇന്ത്യയുടെ മാതൃശക്തിയുടെ പരിശ്രമത്തിലൂടെ ഗ്രാമീണ സാമ്പത്തിക വളർച്ചയെ സജീവമായി നയിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പ്രത്യേകം  എടുത്തുപറഞ്ഞു .

സമൂഹത്തിന് ക്രിയാത്മകമായി സംഭാവന നൽകുന്ന വ്യക്തികളെ വളർത്തിയെടുക്കുകയും അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്നത്തെ വേഗമേറിയ സാഹചര്യത്തിൽ, ഈ ലക്ഷ്യം കൂടുതൽ പ്രസക്തമായിട്ടുണ്ടെന്ന് പറഞ്ഞു. നൈപുണ്യത്തിലും കഴിവുകളിലും മത്സര മനോഭാവം വളർത്തിയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു, സമൂഹത്തിന്റെ യഥാർത്ഥ ശക്തി അതിന്റെ നൈപുണ്യ അടിത്തറയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നൈപുണ്യമുള്ള മനുഷ്യശക്തിക്കായുള്ള ആഗോള ആവശ്യം എടുത്തുകാട്ടിയ ശ്രീ മോദി , മുൻ ഗവൺമെന്റുകൾ പതിറ്റാണ്ടുകളായി നടപ്പിലാക്കിയ കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തെ വിമർശിച്ചു. കാലഹരണപ്പെട്ട രീതികളിൽ നിന്ന് മാറി വിദ്യാഭ്യാസ മേഖലയെ പരിവർത്തനം ചെയ്തുകൊണ്ട് തന്റെ ഗവൺമെന്റ്  കാര്യമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

പുതിയ ദേശീയ വിദ്യാഭ്യാസ നയം നൈപുണ്യ വികസനത്തിന് ശക്തമായ ഊന്നൽ നൽകുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, സ്‌കിൽ ഇന്ത്യ മിഷന്റെ കീഴിൽ, വിവിധ മേഖലകളിലായി ദശലക്ഷക്കണക്കിന് യുവാക്കളെ വൈദഗ്ധ്യമുള്ള മനുഷ്യശക്തിയായി തയ്യാറാക്കാൻ ഗവൺമെന്റ് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രായമാകുന്ന ജനസംഖ്യയുടെ ഒരു പ്രധാന വെല്ലുവിളി ലോകം നേരിടുന്നുവെന്നും യുവ പ്രതിഭകളെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി - ഇന്ത്യയ്ക്ക് നയിക്കാൻ കഴിവുള്ള ഒരു മേഖലയാണിത്. യുവാക്കൾ നൈപുണ്യമുള്ളവരാകുമ്പോൾ, അത് വലിയ തൊഴിലവസരങ്ങൾ തുറക്കുകയും ആത്മവിശ്വാസം വളർത്തുകയും സ്വാശ്രയത്വം വളർത്തുകയും ചെയ്യുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. യുവാക്കൾക്ക് പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഗവൺമെന്റ് ശക്തമായ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. 

11 വർഷം മുമ്പ് ഇന്ത്യയിൽ വിരലിലെണ്ണാവുന്ന സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇന്ന് ഈ എണ്ണം 200,000 ത്തിലേക്ക് അടുക്കുന്നു എന്ന കാര്യം ഓർമ്മിപ്പിച്ചുകൊണ്ട്, ടയർ 2, ടയർ 3 നഗരങ്ങളിൽ പോലും ഇപ്പോൾ സ്റ്റാർട്ടപ്പുകൾ ഉയർന്നുവരുന്നുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഗ്യാരണ്ടികളില്ലാതെ യുവാക്കൾക്ക് ബാങ്ക് വായ്പകൾ ലഭിക്കാൻ പ്രാപ്തമാക്കിയ മുദ്ര യോജനയുടെ തുടക്കം അദ്ദേഹം എടുത്തുപറഞ്ഞു. തൽഫലമായി, സ്വയം തൊഴിലിനായി യുവാക്കൾക്ക് 33 ലക്ഷം കോടി രൂപ വിതരണം ചെയ്തു. ലക്ഷക്കണക്കിന് യുവാക്കളെ സ്വയം പര്യാപ്തരാക്കാനും മറ്റുള്ളവർക്ക് തൊഴിൽ നൽകാനും ഈ സംരംഭം പ്രാപ്തരാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. സ്വാതന്ത്ര്യദിന പ്രസംഗത്തെ പരാമർശിച്ചുകൊണ്ട്, പ്രധാനമന്ത്രി വികസിത് ഭാരത് റോജ്ഗർ യോജന - ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി - പ്രഖ്യാപനത്തെയും ഉടനടി നടപ്പിലാക്കുന്നതിനെയും കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഈ സംരംഭത്തിന് കീഴിൽ, സ്വകാര്യ മേഖലയിൽ ഒരാളെ നിയമിച്ചാൽ, അവരുടെ പ്രാരംഭ ശമ്പളത്തിന് ഗവൺമെന്റ് 15,000 രൂപ നൽകുന്നു.
"രാജ്യത്തുടനീളം അടിസ്ഥാന സൗകര്യ വികസനം റെക്കോർഡ് വേഗതയിൽ പുരോഗമിക്കുന്നു", പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയ്ക്ക് കീഴിൽ വലിയ തോതിൽ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് സജീവമായി നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഡ്രോൺ, പ്രതിരോധ വ്യവസായങ്ങളിൽ ഇന്ത്യ തുടർച്ചയായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവൺമെന്റിന്റെ പ്രധാന ശ്രദ്ധ ദൗത്യാധിഷ്ഠിത ഉൽപ്പാദനത്തിലാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ സംരംഭങ്ങളെല്ലാം ഗുജറാത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

"ഇന്ന് ലോകം ഇന്ത്യയുടെ അധ്വാനത്തെയും കഴിവിനെയും വളരെയധികം ബഹുമാനിക്കുകയും അതിന്റെ മൂല്യം അംഗീകരിക്കുകയും ചെയ്യുന്നു. തൽഫലമായി, വിവിധ രാജ്യങ്ങളിൽ നിരവധി അവസരങ്ങൾ ഉയർന്നുവരുന്നു", ശ്രീ മോദി പറഞ്ഞു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ ഇന്ത്യൻ യുവാക്കൾ ശ്രദ്ധേയമായ ഒരു മുദ്ര പതിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു - ലോകത്തെ അവരുടെ കഴിവുകളും നേട്ടങ്ങളും കൊണ്ട് അത്ഭുതപ്പെടുത്തുന്നു.

ചെങ്കോട്ടയിൽ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗത്തിൽ എടുത്തുകാണിച്ചതുപോലെ, സ്വാശ്രയത്വത്തിലും തദ്ദേശീയ ഉൽപ്പാദനത്തിലും ശക്തമായ ഊന്നൽ ആവർത്തിച്ചുകൊണ്ട്, ഇന്ത്യ സ്വയംപര്യാപ്തമാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു, സ്വദേശി ഉൽപ്പന്നങ്ങൾ ബോധ്യത്തോടെ സ്വീകരിക്കാൻ സമൂഹത്തോട് ആഹ്വാനം ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ജനങ്ങളുടെ സംഭാവനകളെ പ്രശംസിച്ചു, മുൻകാലങ്ങളിൽ ചുമതലകൾ ഏൽപ്പിച്ചുകൊണ്ട് താൻ അർഹത നേടിയിട്ടുണ്ടാകാമെങ്കിലും, ആ ചുമതലകൾ നിറവേറ്റുകയും ഫലങ്ങൾ നൽകുകയും ചെയ്തത് അവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള തന്റെ പൊതുജീവിതത്തിൽ, പ്രതീക്ഷകൾ നിറവേറ്റപ്പെടാത്ത ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും, പുതിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാനുള്ള തന്റെ ആഗ്രഹത്തിന് ഈ വിശ്വാസം ഇന്ധനം പകരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 

ഇന്നത്തെ അസ്ഥിരമായ ആഗോള അന്തരീക്ഷത്തിൽ, ഇന്ത്യയ്ക്ക് മുന്നോട്ടുള്ള ഏറ്റവും നല്ല പാത സ്വാശ്രയത്വത്തിലേക്ക് മാറുക എന്നതാണ് എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. സ്വാശ്രയത്വം എന്നാൽ തദ്ദേശീയ വസ്തുക്കൾക്ക് മുൻഗണന നൽകുകയും മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തോടുള്ള ആവേശം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. "സ്വദേശി പ്രസ്ഥാനം നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ശേഷിപ്പ് അല്ല, മറിച്ച് ഭാവിയെ ശക്തിപ്പെടുത്തുന്ന ഒരു പ്രചാരണമാണ്, അതിന്റെ നേതൃത്വം സമൂഹത്തിൽ നിന്ന് - പ്രത്യേകിച്ച് യുവാക്കളിൽ നിന്ന് വരണം", പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വിദേശ വസ്തുക്കൾ ഒന്നും വീടുകളിൽ പ്രവേശിക്കരുതെന്ന് അദ്ദേഹം കുടുംബങ്ങളോട് ആഹ്വാനം ചെയ്തു. മെയ്ഡ് ഇൻ ഇന്ത്യയ്ക്കുള്ള തന്റെ അഭ്യർത്ഥന കേട്ടതിനുശേഷം ആളുകൾ വിദേശത്ത് വിവാഹങ്ങൾ റദ്ദാക്കുകയും ഇന്ത്യയിൽ ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തതിന്റെ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. അത്തരം പ്രതിഫലനങ്ങൾ സ്വാഭാവികമായും ദേശസ്നേഹ വികാരങ്ങളെ ഉണർത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

"മെയ്ക്ക് ഇൻ ഇന്ത്യയിലും ആത്മനിർഭർ ഭാരതിലും വിജയം എല്ലാവരുടേതുമാണ്, അത് ഒരു കൂട്ടായ ശക്തിയാണ്. അത് ഭാവി തലമുറയുടെ അടിത്തറയാണ്", ശ്രീ മോദി പറഞ്ഞു. ആളുകൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങിയാൽ, വിപണി മത്സരം, മികച്ച പാക്കേജിംഗ്, താങ്ങാനാവുന്ന വില എന്നിവ കാരണം ഗുണനിലവാരം സ്വാഭാവികമായി മെച്ചപ്പെടുമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യൻ കറൻസി രാജ്യത്തിന് പുറത്തേക്ക് ഒഴുകാൻ അനുവദിക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

താൻ ഏൽപ്പിച്ച ചെറിയ ജോലി അവബോധത്തിലൂടെ സമൂഹം നിറവേറ്റുമെന്നും അത് രാജ്യത്തിന് പുതിയ ശക്തി നൽകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ സമൂഹം കൃഷിയുമായി ചേർന്നതു മാത്രമല്ല, സംരംഭകത്വവും കൂടി ചേർന്നതാണെന്ന് അദ്ദേഹം വ്യാപാരികളോട് പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും സ്വദേശി ഇനങ്ങൾ മാത്രം വിൽക്കാൻ സ്വയം പ്രതിജ്ഞാബദ്ധരാവുകയും ചെയ്യുന്ന തരത്തിൽ "ഇവിടെ വിൽപ്പന സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം" എന്ന ബോർഡുകൾ വ്യാപാരികൾ പ്രദർശിപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതും ദേശസ്‌നേഹത്തിന്റെ ഒരു പ്രവൃത്തിയാണെന്ന് ശ്രീ മോദി സ്ഥിരീകരിച്ചു - ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല, സ്വദേശി ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നത് ദേശീയ സേവനത്തിന്റെ ഒരു രൂപവുമാണ്. ഈ വികാരം ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് പ്രധാനമന്ത്രി അവരുടെ വാഗ്ദാനവും സംഭാവനയും അഭ്യർത്ഥിച്ചു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ജനങ്ങൾക്കൊപ്പം നിൽക്കാൻ അവസരം ലഭിച്ചതിന് പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെടുത്തി, എല്ലാവർക്കും ആശംസകൾ നേർന്നു, പെൺമക്കൾക്ക് ഹൃദയംഗമമായ അനുഗ്രഹങ്ങൾ അർപ്പിച്ചു.

കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 

***

NK


(Release ID: 2160494)