രാജ്യരക്ഷാ മന്ത്രാലയം
പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) വികസിപ്പിച്ച സംയോജിത വ്യോമപ്രതിരോധ സംവിധാനത്തിന്റെ (Integrated Air Defence Weapon System-IADWS) ആദ്യ പരീക്ഷണം വിജയം
Posted On:
24 AUG 2025 10:19AM by PIB Thiruvananthpuram
പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) വികസിപ്പിച്ച സംയോജിത വ്യോമപ്രതിരോധ സംവിധാനത്തിന്റെ (Integrated Air Defence Weapon System-IADWS) ആദ്യ പരീക്ഷണം ഒഡീഷ തീരത്ത് 2025 ഓഗസ്റ്റ് 23 ന് 12.30 മണിയോടെ വിജയകരമായി പൂർത്തിയാക്കി. തദ്ദേശീയ ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈലുകളും (QRSAM), അഡ്വാൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS) മിസൈലുകളും ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ അധിഷ്ഠിത ഡയറക്ടഡ് എനര്‍ജി വെപ്പണും (DEW ) ഉൾപ്പെടുന്ന ബഹുമുഖ വ്യോമ പ്രതിരോധ സംവിധാനമാണ് IADWS.
പ്രതിരോധ ഗവേഷണ വികസന ലബോറട്ടറി വികസിപ്പിച്ചെടുത്ത ഒരു കേന്ദ്രീകൃത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററാണ് എല്ലാ ആയുധങ്ങളെയും സമന്വയിപ്പിച്ചു കൊണ്ട് പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നത്. VSHORADS ഉം DEW ഉം യഥാക്രമം റിസേർച്ച് സെന്റർ ഇമാറാത്ത്, സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് എന്നിവയാണ് വികസിപ്പിച്ചെടുത്തത്.
പരീക്ഷണത്തിനിടെ രണ്ട് അതിവേഗ ഫിക്‌സഡ്-വിങ് ആളില്ലാ വിമാനങ്ങളും ഒരു മള്‍ട്ടി-കോപ്റ്റര്‍ ഡ്രോണും ഉള്‍പ്പെടെ മൂന്ന് വ്യത്യസ്ത ലക്ഷ്യങ്ങളെ QRSAM, VSHORADS, ഹൈ എനർജി ലേസർ ആയുധ സംവിധാനം എന്നിവ വ്യത്യസ്ത ശ്രേണികളിലും ഉയരങ്ങളിലും വച്ച് ഒരേസമയം തകര്‍ത്തു. മിസൈല്‍ സംവിധാനങ്ങള്‍, ഡ്രോണ്‍ കണ്ടെത്താനും നശിപ്പിക്കാനുമുള്ള സംവിധാനം, ആയുധ സംവിധാനത്തിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, റഡാറുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ആയുധങ്ങളും ഘടകങ്ങളും പരീക്ഷണ വേളയിൽ കുറ്റമറ്റ രീതിയില്‍ പ്രവർത്തിച്ചു.ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ച ഉപകരണങ്ങള്‍ ശേഖരിച്ച ഫ്ളൈറ്റ് ഡാറ്റ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. DRDO യിലെ മുതിർന്ന ശാസ്ത്രജ്ഞരും സായുധ സേനാ പ്രതിനിധികളും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.
വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച DRDO, ഇന്ത്യന്‍ സായുധ സേന, വ്യവസായ രംഗം എന്നിവയെ രാജ്യ രക്ഷാ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. അതുല്യമായ പരീക്ഷണം നമ്മുടെ രാജ്യത്തിന്റെ ബഹുമുഖ വ്യോമ പ്രതിരോധ ശേഷിക്ക് അടിവരയിടുന്നു. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ശത്രുക്കളുടെ വ്യോമാക്രമണങ്ങളില്‍ നിന്ന് ഇത് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണ വിജയത്തിൽ ഉൾപ്പെട്ട എല്ലാ സംഘാംഗങ്ങളെയും പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും DRDO ചെയർമാനുമായ ഡോ. സമീർ വി കാമത്ത് അഭിനന്ദിച്ചു.
(Release ID: 2160490)