ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഡൽഹി നിയമസഭയിൽ രണ്ട് ദിവസത്തെ അഖിലേന്ത്യാ സ്പീക്കേഴ്സ് കോൺഫറൻസ് ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു

Posted On: 24 AUG 2025 5:46PM by PIB Thiruvananthpuram
സ്വാതന്ത്ര്യസമര സേനാനിയായ വിഠൽഭായ് പട്ടേൽ കേന്ദ്ര നിയമ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായ അധ്യക്ഷനായി ചുമതലയേറ്റതിന്റെ 100-ാം വാർഷിക സ്മരണയ്ക്കായി ഡൽഹി നിയമസഭയിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ അഖിലേന്ത്യാ സ്പീക്കർമാരുടെ സമ്മേളനം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭാ സ്പീക്കർമാരും ഡെപ്യൂട്ടി സ്പീക്കർമാരും, നിയമനിർമ്മാണ സമിതികളിലെ ചെയർപേഴ്‌സൺമാരും വൈസ് ചെയർപേഴ്‌സൺമാരും സമ്മേളനത്തിൽ സംബന്ധിച്ചു.

രാജ്യത്തിന്റെ നിയമനിർമ്മാണ ചരിത്രത്തിന്റെ തുടക്കം കുറിച്ച ദിവസമാണിതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.  ഈ ദിനത്തിലാണ് മഹാനായ സ്വാതന്ത്ര്യ സമര സേനാനി വിഠൽഭായ് പട്ടേൽ കേന്ദ്ര നിയമനിർമ്മാണ സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്, ഇതോടെ ഇന്ത്യക്കാരുടെ നേതൃത്വത്തിലുള്ള നിയമനിർമ്മാണ ചരിത്രത്തിന് തുടക്കമായി. ഈ സഭയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ നിരവധി പ്രഗത്ഭരും മുതിർന്നവരുമായ നേതാക്കൾ നിയമസഭാംഗങ്ങളെന്ന നിലയിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. മഹാമാന മദൻ മോഹൻ മാളവ്യ 20 വർഷത്തോളം ഈ സഭയിലെ അംഗമായിരുന്നു. മഹാത്മാഗാന്ധിയുടെ ഗുരുവായ ഗോപാൽ കൃഷ്ണ ഗോഖലെ, ലാലാ ലജ്പത് റായ്, ദേശ്ബന്ധു ചിത്തരഞ്ജൻ ദാസ് തുടങ്ങിയ പ്രമുഖർ തങ്ങളുടെ ശക്തമായ പ്രസംഗങ്ങളിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹവും അഭിലാഷങ്ങളും പ്രകടിപ്പിച്ചുവെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ നിയമനിർമ്മാണ പാരമ്പര്യങ്ങൾക്ക് വിത്തൽഭായ് പട്ടേൽ അടിത്തറയിട്ടു, അത് ഇന്നത്തെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ഇന്ത്യൻ മൂല്യങ്ങളെ അടിസ്ഥാനമാക്കി രാജ്യത്തെ ജനാധിപത്യപരമായി നയിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ആരെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ, അത് ധീരനായ വിത്തൽഭായ് പട്ടേലാണെന്നതിൽ സംശയമില്ല. നിയമനിർമ്മാണപരമായ പ്രവർത്തനങ്ങളിലും, സ്പീക്കറുടെ ഉത്തരവാദിത്തങ്ങളിലും അദ്ദേഹം നിരവധി പാരമ്പര്യങ്ങൾ സ്ഥാപിച്ചു, അത് ഇന്നും പ്രകാശമാനമായ ഒരു ദീപസ്തംഭം പോലെ നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു. വിത്തൽഭായ് പട്ടേൽ പല പ്രതിസന്ധി ഘട്ടങ്ങളെയും അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും, എല്ലാ പരീക്ഷണങ്ങളിലും അദ്ദേഹം വിജയിച്ചുവെന്ന് ശ്രീ ഷാ അഭിപ്രായപ്പെട്ടു. നിയമസഭാ സ്പീക്കറുടെ അന്തസ്സ് കുറയ്ക്കാനോ, രാജ്യത്തിന്റെ ശബ്ദം അടിച്ചമർത്താനോ, ബ്രിട്ടീഷുകാരുടെ പ്രബലമായ മനോഭാവം നിയമസസഭാ നടപടിക്രമങ്ങളെ സ്വാധീനിക്കാനോ അദ്ദേഹം അനുവദിച്ചില്ല.

വിഠൽഭായ് പട്ടേൽ സ്പീക്കറായി ചുമതലയേറ്റതിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച്, നമ്മുടെ നിയമസഭകളിൽ സ്പീക്കർ പദവിയുടെ  അന്തസ്സ് വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കാൻ നമുക്കെല്ലാവർക്കും ലഭിക്കുന്ന ഒരു അസുലഭ അവസരമാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ശബ്ദത്തിനായി ഒരു നിഷ്പക്ഷവേദി സ്ഥാപിക്കണമെന്നും, ഭരണ-പ്രതിപക്ഷ കക്ഷികൾക്കിടയിൽ ന്യായമായ സംവാദങ്ങൾ ഉറപ്പാക്കണമെന്നും, നിയമസഭ, ലോക്‌സഭ, രാജ്യസഭ എന്നിവയുടെ നിയമങ്ങൾക്കനുസൃതമായി സഭയുടെ നടപടികൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യാനന്തരം, ഒരു തുള്ളി രക്തം പോലും ചിന്താതെ ഇന്ത്യയിൽ നിരവധി അധികാര മാറ്റങ്ങൾ സമാധാനപരമായി നടന്നിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ഇതിന്റെ പ്രധാന കാരണം നമ്മുടെ നിയമനിർമ്മാണ പ്രക്രിയയെ നാം സൂക്ഷ്മമായി സംരക്ഷിച്ചതാണ്. നമ്മുടെ വ്യവസ്ഥയിൽ നാം സമയോചിതമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റിന്റെയും നിയമസഭകളുടെയും ഇടനാഴികളിൽ അർത്ഥവത്തായ ചർച്ചകൾ നടക്കുന്നില്ലെങ്കിൽ, അവ ജീവനില്ലാത്ത കെട്ടിടങ്ങളായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. അവിടെ വികാരങ്ങളും ആശയങ്ങളും പ്രകടിപ്പിക്കുക എന്നത് സ്പീക്കറുടെ നേതൃത്വത്തിൽ സഭയിലെ എല്ലാ അംഗങ്ങളുടെയും കടമയാണ്. അപ്പോൾ മാത്രമാണ് അത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു സജീവ സ്ഥാപനമായി മാറുന്നത്. പ്രതിഷേധങ്ങൾ സംയമനത്തോടെ ആയിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതീകാത്മക പ്രതിഷേധങ്ങൾക്ക് അതിൻ്റേതായ സ്ഥാനമുണ്ട്, പക്ഷേ പ്രതിഷേധത്തിന്റെ പേരിൽ ദിവസങ്ങളോളം, മുഴുവൻ സെഷനുകളിലും സഭ തടസ്സപ്പെടുത്തുന്ന പുതിയ രീതിയെക്കുറിച്ച് പൊതുജനങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ആത്മപരിശോധന നടത്തണം. സഭയിൽ ചർച്ചകൾ നടക്കുന്നില്ലെങ്കിൽ, രാജ്യ വികസനത്തിനുള്ള അതിന്റെ സംഭാവന ഗണ്യമായി പരിമിതമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ നിയമനിർമ്മാണങ്ങളും ജനങ്ങളുടെ വിശ്വാസത്തിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നും ആ ദിശയിൽ പുരോഗമിക്കുന്നുണ്ടെന്നും നാം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സഭ ജനാധിപത്യത്തിന്റെ ചാലകശക്തിയാണ്, അവിടെ ആരോഗ്യകരമായ പാരമ്പര്യങ്ങൾ സ്ഥാപിക്കപ്പെടുമ്പോൾ, ദേശീയ നയങ്ങൾ രൂപീകരിക്കപ്പെടുമ്പോൾ, രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കായി നിയമങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ, രാജ്യത്തിന്റെ ദിശാബോധം സ്വാഭാവികമായും വ്യക്തമാകും എന്ന് അദ്ദേഹം പ്രസ്താവിച്ചു.
 
*****

(Release ID: 2160489) Visitor Counter : 14