ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

2025 ജൂലൈയിൽ ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ (NCH) 2.72 കോടി രൂപയുടെ റീഫണ്ട് സാധ്യമാക്കി

Posted On: 22 AUG 2025 12:28PM by PIB Thiruvananthpuram
2025 ജൂലൈയിൽ ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ (NCH) 27 മേഖലകളിലായി ലഭിച്ച 7,256 ഉപഭോക്തൃ പരാതികൾ പരിഹരിച്ചുകൊണ്ട് മൊത്തം 2.72 കോടി രൂപയുടെ റീഫണ്ടുകൾ വിജയകരമായി സാധ്യമാക്കി.

റീഫണ്ടുമായി ബന്ധപ്പെട്ട പരാതികളിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ഇ-കൊമേഴ്‌സ് മേഖലയിലാണ്.ഈ മേഖലയിലെ 3,594 കേസുകളിലൂടെ 1.34 കോടി രൂപയുടെ റീഫണ്ട് സാധ്യമാക്കി. 31 ലക്ഷം രൂപയുടെ റീഫണ്ട് ലഭ്യമാക്കിയ ട്രാവൽ ആൻഡ് ടൂറിസം മേഖലയാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഹെൽപ്പ്‌ലൈനിൻ്റെ  സാങ്കേതിക പരിവർത്തനം അതിൻ്റെ വ്യാപ്തിയും കാര്യക്ഷമതയും ഗണ്യമായി വർദ്ധിപ്പിച്ചു.2015 ഡിസംബറിൽ 12,553 ആയിരുന്ന ഫോൺ വഴിയുള്ള പരാതി രജിസ്ട്രേഷനുകളുടെ എണ്ണം 2024 ഡിസംബറിൽ 1,55,138 ആയി പത്തിരട്ടിയിലധികം വർദ്ധിച്ചു. അതുപോലെ ശരാശരി പ്രതിമാസ പരാതി രജിസ്ട്രേഷനുകൾ 2017 ൽ 37,062 ആയിരുന്നത് 2024 ൽ 1,11,951 ആയി ഉയർന്നു.ഡിജിറ്റൽ ചാനലുകളിലേക്കുള്ള ഉപഭോക്തൃ സ്വീകാര്യതയും വർദ്ധിച്ചിട്ടുണ്ട്. 2023 മാർച്ചിൽ 3 ശതമാനം ആയിരുന്ന വാട്ട്‌സ്ആപ്പ് വഴിയുള്ള പരാതി രജിസ്ട്രേഷൻ 2025 മാർച്ചോടെ 20 ശതമാനമായി ഉയർന്നു.

ഉപഭോക്താക്കളേയും സർക്കാർ ഏജൻസികളേയും സ്വകാര്യമേഖലയിലെ കമ്പനികളേയും നിയന്ത്രണ സ്ഥാപനങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഏകീകൃത പ്ലാറ്റ്‌ഫോമായി NCH പ്രവർത്തിക്കുന്നു. 2017-ൽ 263 ആയിരുന്ന സഹകരണ പങ്കാളികളുടെ എണ്ണം  2025-ൽ 1,131 കമ്പനികളായി വർദ്ധിച്ച് പരാതി പരിഹാര സംവിധാനങ്ങളെ  കൂടുതൽ ശക്തിപ്പെടുത്തി.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യായമായ വ്യാപാര രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കർത്തവ്യത്തിൻ്റെ ഭാഗമായി NCH വഴി ലഭിക്കുന്ന പരാതികളുടെ ഡാറ്റ ഉപഭോക്തൃകാര്യ വകുപ്പ് നിരീക്ഷിക്കുന്നു.പരാതികൾ കൂടുതൽ ഉയർന്നിട്ടുള്ളതും,ഇതുവരെ പങ്കാളിത്ത പരിപാടിയുടെ ഭാഗമല്ലാത്തതുമായ സ്ഥാപനങ്ങളെ വകുപ്പ് തിരിച്ചറിയുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യുന്നു.പരാതി പരിഹാരത്തിൽ മുൻകൈയെടുത്തുള്ള സമീപനം പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങളുമായി NCH സഹകരിക്കുകയും സ്വമേധയാ അവരെ സഹകരണ പങ്കാളികളായി ചേർക്കുകയും ചെയ്യുന്നു.പങ്കാളികളായ ശേഷം NCH ഈ സ്ഥാപനങ്ങളുമായി തത്സമയ പരാതി ഡാറ്റ പങ്കുവയ്ക്കുന്നു.ഇതിലൂടെ സൗജന്യവും നീതിപൂർണ്ണവും വേഗത്തിലുമുള്ളതുമായ പരിഹാരം സഹകരണ ഇടപെടലിലൂടെ സാധ്യമാക്കുന്നു.


കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനായി ലഭിക്കുന്ന പരാതികളെ NCH വ്യവസ്ഥാപിതമായി സഹകരണ പങ്കാളികൾക്ക് കൈമാറുന്നു. ഇതിലൂടെ കമ്പനികൾ സമയബന്ധിതമായ പരിഹാരത്തിന് മുൻഗണന നല്കുമെന്ന് പ്രതീക്ഷിക്കുന്നു.ഈ സഹകരണ മാതൃക സുതാര്യത,കോർപ്പറേറ്റ് ഉത്തരവാദിത്തം, ഉപഭോക്തൃ വിശ്വാസം എന്നിവ വർദ്ധിപ്പിക്കുകയും വിധിനിർണ്ണയ സംവിധാനങ്ങളുടെ ഭാരം ലഘൂകരിക്കുകയും ചെയ്യുന്നു.വ്യവസായ പങ്കാളിത്തം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി സഹകരണ പങ്കാളികളെ ഉൾപ്പെടുത്തുന്ന പ്രക്രിയയെ NCH കാര്യക്ഷമമാക്കി.ഇത് പൂർണ്ണമായും ഓൺലൈനും  സുതാര്യവും ഉപഭോക്തൃ സൗഹൃദവുമാക്കുന്നു.


പരാതി രജിസ്റ്റർ ചെയ്യാനുള്ള ഫോൺ വിളികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന തിരക്കുള്ള  അവസരങ്ങളിൽ രജിസ്ട്രേഷൻ കാര്യക്ഷമമാക്കുന്നതിനും ലഭ്യത വർദ്ധിപ്പിക്കുന്നതിനുമായി NCH വാട്ട്‌സ്ആപ്പിനെ അവരുടെ ടോൾ-ഫ്രീ നമ്പരായ 1915 മായി സംയോജിപ്പിച്ചിട്ടുണ്ട്.നെറ്റ്‌വർക്ക് തിരക്ക്,സാങ്കേതിക തടസ്സങ്ങൾ എന്നീ കാരണങ്ങളാൽ ദീർഘനേരം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് ഓട്ടോമേറ്റഡ് വാട്ട്‌സ്ആപ്പ് അറിയിപ്പുകൾ ലഭ്യമാക്കുകയും അതിലൂടെ അവർക്ക് പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം നല്കുകയും ചെയ്യുന്നു.ഹെൽപ്പ് ലൈനിൻ്റെ കാര്യക്ഷമതയും പ്രതികരണശേഷിയും മെച്ചപ്പെടുത്തിക്കൊണ്ട് തടസ്സമില്ലാത്തതും ഉപയോക്തൃ സൗഹൃദവുമായ ഒരു ബദൽ സംവിധാനം ഈ സംരംഭം വാഗ്ദാനം ചെയ്യുന്നു.കൂടാതെ, ഉപഭോക്താക്കൾക്ക് അവരുടെ നിർദ്ദേശങ്ങൾ പങ്കുവയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക ഫീഡ്‌ബാക്ക് സംവിധാനം https://consumerhelpline.gov.in/public/feedback വഴി ഒരുക്കിയിട്ടുണ്ട്.ലഭിക്കുന്ന പ്രതികരണങ്ങൾ വ്യവസ്ഥാപിതമായി അവലോകനം ചെയ്യുകയും ചെയ്യുന്നു.ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി തുടർച്ചയായ മെച്ചപ്പെടുത്തലിനുള്ള സുപ്രധാന ഇൻപുട്ടായി  ഇത് പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക
 
SKY
 
*****

(Release ID: 2159772)