സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ദേശീയ പതാക ഉയർത്തിയും 7.50 കോടി സെൽഫികൾ അപ്‌ലോഡ് ചെയ്തുകൊണ്ടും 'ഹർ ഘർ തിരംഗ ' രാജ്യവ്യാപകമായി ആഘോഷിച്ചു

Posted On: 16 AUG 2025 10:15PM by PIB Thiruvananthpuram
ദേശീയ പതാക വീട്ടിലേക്ക് കൊണ്ടുവരാനും ദേശീയ പതാകയുമായുള്ള വ്യക്തിബന്ധം കൂടുതൽ ആഴത്തിലാക്കാനും ഓരോ ഇന്ത്യക്കാരനെയും പ്രോത്സാഹിപ്പിക്കുന്ന രാജ്യവ്യാപക പ്രസ്ഥാനത്തിന്റെ നാലാമത്തെ പതിപ്പാണ് 'ഹർ ഘർ തിരംഗ 2025'. തിരംഗയുടെ ചൈതന്യത്താൽ ബന്ധിതമായിരിക്കുന്ന നമ്മുടെ പൊതു സ്വത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണിത്. 2022 ൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആരംഭിച്ച ഈ കാമ്പെയ്‌ൻ, ഇപ്പോൾ രാജ്യത്തിന്റെ ഓരോ കോണിലുള്ളതും ലോകമെമ്പാടുമുള്ളതുമായ ഇന്ത്യക്കാരുടെയാകെ പങ്കാളിത്തത്താൽ സവിശേഷമായ പ്രസ്ഥാനമായി മാറിയിരിക്കുന്നു. കരയിലും ജലത്തിലും ആകാശത്തിലുമായി - ത്രിവർണ്ണ പതാക അതിന്റെ വിസ്മയം പ്രസരിപ്പിക്കുകയും സർവരുടെയും ദേശസ്നേഹത്തിന്റെ സ്പന്ദനമായി മാറുകയും ചെയ്തു.
 
ഈ വർഷം, ഹർ ഘർ തിരംഗ ഓഗസ്റ്റ് 2 മുതൽ ആരംഭിച്ച് ഓഗസ്റ്റ് 15 വരെ - അവബോധ പരിപാടികൾ, ബഹുജന വ്യാപനം, പങ്കാളിത്ത പ്രവർത്തനങ്ങൾ എന്നിവയിലൂടെ മൂന്ന് ഘട്ടങ്ങളിലായി നടന്നു. ദേശീയ പതാകയുടെ ചൈതന്യത്താൽ നമ്മെ ഒരുമിച്ച് ചേർത്തുകൊണ്ട് ഇത് ആഘോഷിക്കപ്പെട്ടു. സന്നദ്ധ പ്രവർത്തനങ്ങൾ, പൗരാഭിമാനം, ശുചിത്വ പ്രവർത്തനങ്ങൾ, സായുധ സേനകളോടും പോലീസ് ഉദ്യോഗസ്ഥരോടും ഉള്ള കൃതജ്ഞത എന്നിവ അടങ്ങുന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.
 
പ്രായം, സാങ്കേതികവിദ്യയുമായി കുറഞ്ഞ ഇടപെടലുകൾ മുതലായ പരിമിതികൾ നേരിടുന്നവരെയുംകൂടി ഉൾപ്പെടുത്തി കൂടുതൽ പങ്കാളിത്തം സാധ്യമാക്കുന്നതിനും, അവരെ ലോകത്തിലെ ഏറ്റവും വലിയ പൊതുജനപങ്കാളിത്ത പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ പ്രാപ്തരാക്കുന്നതിനുമായി ഈ വർഷം ഒരു പുതിയ ഘടകമായി 'തിരംഗ വോളണ്ടിയർ'അവതരിപ്പിച്ചു. ഹർ ഘർ തിരംഗ 2025-ൽ,ഇതിലൂടെ 9 ലക്ഷത്തിലധികം സന്നദ്ധ പ്രവർത്തകർ മുന്നോട്ടുവരികയും തിരംഗയുടെ ചൈതന്യം നഗരങ്ങളിലും ഗ്രാമങ്ങളിലുമായി രാജ്യവ്യാപകമായി മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്തു.
 
 ചുവപ്പ് കോട്ടയിൽ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരംഗയുടെ ചൈതന്യത്തെ പ്രകീർത്തിച്ചു.ഹർ ഘർ തിരംഗ കാമ്പെയ്‌നിൽ ദൃശ്യമായ വമ്പിച്ച പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു. “ഇന്ന്, 140 കോടി ഇന്ത്യക്കാർ പതാകയുടെ ത്രിവർണ്ണങ്ങൾ കൊണ്ട് അലംകൃതമായിരിക്കുന്നു. മരുഭൂമികൾ, ഹിമാലയൻ കൊടുമുടികൾ, കടൽത്തീരങ്ങൾ, ജനനിബിഡമായ പ്രദേശങ്ങൾ എല്ലായിടത്തും ‘ഹർ ഘർ തിരംഗ’ പാറുന്നു. നമുക്ക് ജീവനേക്കാൾ പ്രിയപ്പെട്ട നമ്മുടെ മാതൃരാജ്യത്തിനോടുള്ള സ്തുതി എല്ലായിടത്തുനിന്നും ആഹ്ലാദത്തോടെ പ്രതിധ്വനിക്കുന്നു .” പ്രധാനമന്ത്രി പറഞ്ഞു.
 
 'ഹർ ഘർ തിരംഗ’ 2025 ൽ കേന്ദ്ര സായുധ പോലീസ് (CAPF) സേനകളുടെ ആവേശകരമായ പങ്കാളിത്തത്തെയും രാഷ്ട്രത്തിന് പ്രഥമസ്ഥാനം എന്ന അവരുടെ പ്രതിജ്ഞാബദ്ധതയെയും ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ പ്രകീർത്തിച്ചു . ഓഗസ്റ്റ് 12-ന് ഡൽഹിയിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച, പാർലമെന്റ് അംഗങ്ങൾ പങ്കെടുത്ത തിരംഗ ബൈക്ക് റാലിയിൽ CAPF-ന്റെ വിവിധ യൂണിറ്റുകളിൽ നിന്നായി 200-ലധികം റൈഡർമാരും ഭാഗമായി.
 
 കലാപരിപാടികൾ , സംഗീതകച്ചേരികൾ, പ്രദർശനങ്ങൾ, രംഗോലികൾ, യാത്രകൾ, റാലികൾ, പ്രശ്നോത്തരികൾ, ദേശഭക്തിഉണർത്തുന്ന ചലച്ചിത്ര പ്രദർശനങ്ങൾ തുടങ്ങി നിരവധി പ്രചോദനാത്മക പരിപാടികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഈ വർഷം 'ഹർ ഘർ തിരംഗ ' ഇന്ത്യയിലും ലോകമെമ്പാടുമായി ദേശസ്‌നേഹത്തിന്റെ ആവേശം സൃഷ്ടിച്ചുകൊണ്ട് ആഘോഷിച്ചു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സാംസ്കാരിക മന്ത്രാലയം, സംഗീതജ്ഞൻ ഷാൻ നേതൃത്വം നൽകിയ ഒരു പ്രത്യേക തിരംഗ കച്ചേരി സംഘടിപ്പിച്ചു. തിരംഗയുടെ ചൈതന്യത്തിൽ നിന്ന് പ്രചോദിതരായി ഇന്ത്യയിലുടനീളമുള്ള കുട്ടികൾ പോലീസ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സേവനത്തിന് നന്ദി അറിയിച്ചുകൊണ്ട് അവർക്ക് കത്തുകൾ എഴുതുകയും യൂണിഫോമിലുള്ള ഉദ്യോഗസ്ഥർക്ക് കൈത്തണ്ടയിൽ തിരംഗ രാഖികൾ കെട്ടിക്കൊടുക്കുകയും ചെയ്തു.
 
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളിത്തം:
 
വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, മന്ത്രാലയങ്ങളും വകുപ്പുകളും, വ്യവസായ സ്ഥാപനങ്ങളും റീട്ടെയിൽ അസോസിയേഷനുകളും, കോർപ്പറേറ്റുകളും സ്വകാര്യ സ്ഥാപനങ്ങളും, പൗരന്മാരും ഉൾപ്പെടെ എല്ലാവരും മുന്നോട്ടുവന്ന് ഹർ ഘർ തിരംഗയുടെ ആഹ്വാനം സ്വീകരിച്ച് ആഘോഷത്തിൽ പങ്കാളികളായി. തിരംഗ കച്ചേരികൾ, തിരംഗ മേളകൾ, തിരംഗ യാത്രകൾ, റാലികൾ, 'ഹർ ഡെസ്ക് തിരംഗ' തുടങ്ങിയ നൂതന സംരംഭങ്ങൾ എന്നിവ സംഘടിപ്പിച്ചുകൊണ്ട് തിരംഗ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
 
സ്വയം സഹായ ഗ്രൂപ്പുകളുടെ പങ്കാളിത്തം :
 
രാജ്യത്തുടനീളമുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ വനിതകൾ കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തുടനീളമായി ദേശീയ പതാകയുടെ വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി അധികസമയം ജോലി ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പതാകകളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന ചെറുതും വലുതുമായ നിർമ്മാണ യൂണിറ്റുകൾക്കൊപ്പം, വരുമാന വർദ്ധനയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. പതാകകൾ തുന്നുന്നതിന് ശേഷം അവശേഷിക്കുന്ന വസ്തുക്കളുടെ പുനരുപയോഗസാധ്യതകൾ നിരവധി സുസ്ഥിര ബ്രാൻഡുകൾ കണ്ടെത്തിയിട്ടുണ്ട്.
 
ഹർ ഘർ തിരംഗ, ഹർ ഘർ സ്വച്ഛത:
 
കേന്ദ്ര കുടിവെള്ള-ശുചിത്വ വകുപ്പ്, ജൽ ശക്തി മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ഈ സംരംഭം പൗര ഉത്തരവാദിത്വo, പരിസ്ഥിതി സംരക്ഷണം, ദേശീയ അഭിമാനം എന്നിവയുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നു. 2014 ൽ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ (എസ്‌ബി‌എം) ഇന്ത്യയിലുടനീളം സാർവത്രിക ശുചിത്വ പരിരക്ഷ കൈവരിക്കാനും ശുചിത്വം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. 2019 ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി എല്ലാ വീടുകളിലും ശുദ്ധമായ പൈപ്പ് വെള്ളം എത്തിക്കുന്നതിനായി 'ജൽ ജീവൻ മിഷൻ: ഹർ ഘർ ജൽ 'പരിപാടി ആരംഭിച്ചു. ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ (ഈ രണ്ട് പ്രധാന ദൗത്യങ്ങളുടെയും വാർഷികം), ശുചിത്വത്തിനും രാഷ്ട്രനിർമ്മാണത്തിനുമുള്ള നമ്മുടെ കൂട്ടായ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരവും കൂടിയാണിത്. 'ഹർ ഘർ തിരംഗ, ഹർ ഘർ സ്വച്ഛതാ' പ്രവർത്തനങ്ങളുടെ ഭാഗമായി 1.8 കോടിയിലധികം 'ശുചിത്വ,സുജല ഗ്രാമം ' പ്രതിജ്ഞകളെടുത്തു.
 
 പതാകയോടൊപ്പമുള്ള സെൽഫി:
 
ജനപ്രിയ പരിപാടിയായ 'ഹർ ഘർ തിരംഗ സെൽഫി' കാമ്പെയ്‌നിന് അതിശയകരമായ പ്രതികരണമാണ് ലഭിച്ചത്. 2025 ഓഗസ്റ്റ് 16 ന് വൈകുന്നേരം 6 മണി വരെ 7.50 കോടിയിലധികം തിരംഗ സെൽഫികൾ അപ്‌ലോഡ് ചെയ്യപ്പെട്ടു. ഈ വിസ്മയകരമായ പങ്കാളിത്തത്തിന് മറുപടി രേഖപ്പെടുത്തിക്കൊണ്ട് ഹർ ഘർ തിരംഗയുടെ നോഡൽ മന്ത്രാലയമായ സാംസ്കാരിക മന്ത്രാലയത്തിന്റെ സെക്രട്ടറി ശ്രീ വിവേക് അഗർവാൾ ഇപ്രകാരം പറഞ്ഞു:“ഹർ ഘർ തിരംഗ ഒരു ജനപങ്കാളിത്ത പ്രസ്ഥാനമായി മാത്രമല്ല, ജനങ്ങളുടെ സാമൂഹിക-സാംസ്കാരിക ഉത്സവമായും വളർന്നിരിക്കുന്നു. ദേശീയ അഭിമാനത്താൽ പൂരിതമായ ഇത്തരത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങൾ അഭൂതപൂർവമാണ്. ഈ വമ്പിച്ച പങ്കാളിത്തം ഹർ ഘർ തിരംഗയെ ലോകത്തിലെ ഏറ്റവും വലിയ പങ്കാളിത്തആഘോഷ പരിപാടികളിലൊന്നാക്കി മാറ്റുന്നു”
 
ഹർ ഘർ തിരംഗ പ്രസ്ഥാനത്തെ പൂർണ്ണ മനസ്സോടെ ഏറ്റെടുക്കുകയും പങ്കെടുക്കുകയും ചെയ്തു കൊണ്ട് തിരംഗയുടെ പൈതൃകത്തെ മുന്നോട്ടു നയിച്ചതിന് ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചു. "എന്റെ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല. തിരംഗ റാലികൾ, യാത്രകൾ,നമ്മുടെ സേനയോടുള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നതിനായയുള്ള കത്തെഴുതലും, രാഖി നിർമ്മാണവും ഇപ്പോൾ തിരംഗ സെൽഫി അപ്‌ലോഡുകൾ എന്നിവയിലെല്ലാം ജീവിതത്തിന്റെ നാനാ മേഖലകളിൽ നിന്നും ഉള്ളവരുടെ പങ്കാളിത്തം- ഹർ ഘർ തിരംഗയെ യഥാർത്ഥത്തിൽ ജനങ്ങളുടെ ഉത്സവമാക്കി മാറ്റിയിരിക്കുന്നു" അദ്ദേഹം പറഞ്ഞു
 
തിരംഗ പ്രദർശനം
 
പതാകയുടെ പരിണാമത്തെയും 
 തിരംഗയ്ക്കുവേണ്ടി പരമ ത്യാഗംവരിച്ച ധീരന്മാരുടെ കഥകളെയും വിശദമാക്കുന്ന ഒരു പ്രത്യേക പ്രദർശനവും സാംസ്കാരിക മന്ത്രാലയം ഹർ ഘർ തിരംഗ പ്രസ്ഥാനത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചു
 
ഉപസംഹാരം:
 
ഹർ ഘർ തിരംഗ പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ ദേശീയ പതാക പുതിയൊരു ആക്കം സൃഷ്ടിച്ചു.ഇത് 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ തിരംഗയുമായുള്ള വ്യക്തി ബന്ധത്തിന്റെ വിത്തുകൾ വിതച്ചു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെയും ധീരന്മാരുടെയും സംഭാവനകളെയും ത്യാഗങ്ങളെയും കൂട്ടായി ആദരിക്കുന്നതിനോടൊപ്പം, ഹർ ഘർ തിരംഗ നമ്മെ ചരിത്രവുമായി കൂടുതൽ ബന്ധിപ്പിക്കുകയും ചെയ്തു
 
കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക:-
 
****

(Release ID: 2157272)