വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
മൊബൈൽ ഉപഭോക്താക്കൾക്കായി നെറ്റ്‌വർക്ക് തലത്തിലുള്ള ആൻ്റി-സ്പാം സംവിധാനം ആരംഭിച്ച് BSNL
SMS വഴിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ലിങ്കുകളുടെ വിതരണം തടയുന്നു
Posted On:
14 AUG 2025 1:49PM by PIB Thiruvananthpuram
മൊബൈൽ ഉപഭോക്താക്കൾക്കായി നെറ്റ്‌വർക്ക് തലത്തിലുള്ള ആൻ്റി-സ്പാം,ആൻ്റി-സ്മിഷിംഗ് പരിരക്ഷ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ബി.എസ്.എൻ.എൽ പ്രഖ്യാപിച്ചു. ഈ സേവനം ലഭിക്കുന്നതിനായി ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ഫോൺ സജ്ജീകരണങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടതില്ല. മൊബൈൽ സന്ദേശങ്ങളിലെ(SMS) സംശയാസ്പദവും ഫിഷിംഗ് സ്വഭാവമുള്ളതുമായ URL തത്സമയം തിരിച്ചറിഞ്ഞ് നെറ്റ്‌വർക്ക് തലത്തിൽ തന്നെ തടയുന്നതിനാൽ ഇത്തരം വ്യാജ ലിങ്കുകൾ BSNL ഉപഭോക്താക്കൾക്ക് ലഭിക്കില്ല.അതേസമയം നിയമാനുസൃതമായ OTP-കൾ, ബാങ്കിംഗ് അലേർട്ടുകൾ, സർക്കാർ സന്ദേശങ്ങൾ എന്നിവ TRAI യുടെ DLT/UCC ചട്ടക്കൂടിന് കീഴിൽ ഉപഭോക്താക്കൾക്ക് സാധാരണ പോലെ ലഭ്യമാകും. 2024-ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ നടന്നുവരുന്ന ഘട്ടംഘട്ടമായ സേവനമാറ്റങ്ങളുടെ ഭാഗമായി BSNL സർക്കിളുകളിലുടനീളം ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇന്ത്യ ആസ്ഥാനമായുള്ള പ്രമുഖ ക്ലൗഡ് കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമായ ടാൻലയുടെ സഹകരണത്തോടെ നിർമ്മിച്ച ഈ സംവിധാനം AI/ML,NLP, റെപ്യൂട്ടേഷൻ ഇൻ്റലിജൻസ്,ലിങ്ക് എക്സ്പാൻഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് സന്ദേശങ്ങളെ ലൈൻ നിരക്കിൽ സ്കോർ ചെയ്യുന്നു. കൂടാതെ അനാവശ്യ വാണിജ്യ സന്ദേശങ്ങളെ നിയന്ത്രിക്കാൻ ഇന്ത്യൻ ടെലികോം കമ്പനികൾ ഇതിനകം സ്വീകരിച്ചിട്ടുള്ള ഇൻഡസ്ട്രി ബ്ലോക്ക്‌ചെയിൻ DLT സ്റ്റാക്കുമായി സംയോജിച്ച് ഇത് പ്രവർത്തിക്കുന്നു. അടിസ്ഥാന സാങ്കേതികവിദ്യ സ്മിഷിംഗിനെതിരെ 99 ശതമാനത്തിലധികം കാര്യക്ഷമത കൈവരിച്ചതായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം (പ്രധാന വെബ്,മെസ്സേജിങ് പ്ലാറ്റ്‌ഫോമുകൾ) ഉൾപ്പെടെയുള്ള ആവാസവ്യവസ്ഥയുടെ സംയോജനങ്ങൾ ഉപയോഗിച്ച് പുതിയ ആക്രമണ കാമ്പെയ്‌നുകളെ വേഗത്തിൽ നിർവീര്യമാക്കാൻ സഹായിക്കുന്നു.
നോ-സ്പാം സൊല്യൂഷൻ്റെ പ്രധാന സവിശേഷതകൾ:
· പ്രതിദിനം 1.5 ദശലക്ഷത്തിലധികം തട്ടിപ്പുകൾ കണ്ടെത്തുന്നു
· പ്രതിമാസം 35,000 ത്തിലധികം വ്യാജ ലിങ്കുകളും 60,000 വ്യാജ വാട്ട്സ്ആപ്പ്,മൊബൈൽ നമ്പറുകളും തിരിച്ചറിയുന്നു.
· നാല് പ്രൊപ്രൈറ്ററി AI/ML എഞ്ചിനുകൾ,നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP), ഡീപ് ലേണിംഗ് എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്നു.
നിങ്ങൾ ഒരു BSNL ഉപഭോക്താവാണെങ്കിൽ,നിങ്ങളുടെ ഫോണിലേക്ക് വരുന്ന തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ലിങ്കുകൾ ഉൾപ്പെടുന്ന SMS,വിതരണത്തിന് മുമ്പ് തന്നെ തടയപ്പെടുന്നു. ഇത് തിരിച്ചറിയൽവിവര മോഷണം,പണമിടപാട് തട്ടിപ്പ് എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
ലൈവ് സർക്കിളുകളിലെ എല്ലാ BSNL ഉപഭാക്താക്കൾക്കും മൊബൈലിലെ ക്രമീകരണം മാറ്റാതെ തന്നെ ഈ പരിരക്ഷ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 1800-180-1503 അല്ലെങ്കിൽ www.bsnl.co.in. സന്ദർശിക്കുക
*****
(Release ID: 2156434)