ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തിന്റെ സമുദ്ര ഭാവിയുടെ പുതുയുഗത്തിന് തുടക്കം കുറിച്ച് ഇന്ത്യന്‍ തുറമുഖ ബില്‍, 2025 ലോക്‌സഭ പാസാക്കി

Posted On: 12 AUG 2025 4:17PM by PIB Thiruvananthpuram
ഇന്ത്യയുടെ സമുദ്ര ഭാവിയുടെ പുതുയുഗത്തിന് തുടക്കം കുറിച്ച്  ചരിത്രപരമായ നിമിഷത്തെ അടയാളപ്പെടുത്തി ഇന്ത്യന്‍ തുറമുഖ ബില്‍, 2025 ലോക്‌സഭ പാസാക്കി. ഈ നിയമം ഇന്ത്യയുടെ തുറമുഖ ഭരണനിര്‍വഹണം ആധുനികവത്കരിക്കുകയും വ്യാപാര കാര്യക്ഷമത വര്‍ധിപ്പിക്കുകയും ആഗോള സമുദ്ര നേതൃനിരയില്‍ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്യും. കൊളോണിയല്‍ കാലഘട്ടത്തിലെ നിയന്ത്രണങ്ങള്‍ക്ക് പകരം സ്വയംപര്യാപ്ത, ലോകോത്തര സമുദ്ര മേഖല എന്നിവ സംബന്ധിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് ബില്ലെന്ന് നേരത്തെ ബില്‍ സഭയില്‍ അവതരിപ്പിക്കവെ കേന്ദ്ര തുറമുഖ-കപ്പല്‍-ജലഗതാഗത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
 
 
1908 ലെ ഇന്ത്യന്‍ തുറമുഖ നിയമത്തിലെ കാലഹരണപ്പെട്ട വ്യവസ്ഥകള്‍ക്കു പകരം ആധുനിക സമകാലിക നിയന്ത്രണങ്ങള്‍ ബില്ലില്‍ അവതരിപ്പിക്കുന്നു. വ്യാപാരം സുഗമമാക്കുന്നതിന് തുറമുഖ നടപടിക്രമങ്ങള്‍ ലളിതമാക്കാനും പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കാനും ഇത് ലക്ഷ്യമിടുന്നു. പരിസ്ഥിതി സൗഹൃദ സംരംഭങ്ങളും മലിനീകരണ നിയന്ത്രണവും ദുരന്തനിവാരണ ചട്ടങ്ങളും ഉള്‍പ്പെടുത്തി സുസ്ഥിര തുറമുഖ വികസനത്തിന് നിയമ നിര്‍മാണം ഊന്നല്‍ നല്‍കുന്നു. കൂടാതെ ഇന്ത്യന്‍ തുറമുഖങ്ങളിലെല്ലാം ഏകീകൃത സുരക്ഷാ മാനദണ്ഡങ്ങളും ആസൂത്രണവും ഉറപ്പാക്കി സുതാര്യമായ താരിഫ് നയങ്ങളിലൂടെയും മികച്ച നിക്ഷേപ ചട്ടക്കൂടുകളിലൂടെയും തുറമുഖ മത്സരശേഷി മെച്ചപ്പെടുത്താനും ബില്‍ ശ്രമിക്കുന്നു.
 
 
ചരക്കുനീക്കം വേഗത്തിലാക്കിയും ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും ചരക്കുനീക്കത്തിന്റെ ചെലവ് കുറയ്ക്കാന്‍ ഇന്ത്യന്‍ തുറമുഖ ബില്‍,2025 സഹായിക്കും. തുറമുഖ പ്രവര്‍ത്തനങ്ങള്‍, ചരക്കുനീക്കം, സംഭരണകേന്ദ്രങ്ങള്‍, അനുബന്ധ വ്യവസായങ്ങള്‍ എന്നിവയില്‍ ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബില്‍ ലക്ഷ്യമിടുന്നു. കൂടാതെ കര്‍ശന മലിനീകരണ വിരുദ്ധ നടപടികളും പരിസ്ഥിതി സൗഹൃദ തുറമുഖ രീതികളും വിശദീകരിക്കുന്ന ബില്‍ ശുചിത്വപൂര്‍ണ അന്തരീക്ഷത്തിന് സംഭാവന നല്‍കുന്നു. കാര്യക്ഷമമായ നടപടിക്രമങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വഴി തടസ്സങ്ങള്‍ കുറച്ചും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിയുമുള്ള ഈ ബില്‍ കയറ്റുമതിക്കാര്‍ക്കും എംഎസ്എംഇകള്‍ക്കും പ്രയോജനം ചെയ്യും.  
 
 
പരിസ്ഥിതി സംരക്ഷിച്ചും തീരദേശ സമൂഹങ്ങളെ ശാക്തീകരിച്ചും രാജ്യത്തെ തുറമുഖങ്ങളെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാക്കാന്‍ നിര്‍ണായക ചുവടുവയ്പ്പാണ് ബില്‍ അടയാളപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. 'സമൃദ്ധിക്കായി തുറമുഖങ്ങള്‍' എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന ബില്‍ രാജ്യത്തിന്റെ സമുദ്രമേഖല ഭാവിസജ്ജമാണെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  
 
 
തുറമുഖങ്ങള്‍ക്ക് ഉത്തരവാദിത്തപൂര്‍ണമായി കൂടുതല്‍ സ്വയംഭരണം നല്‍കുന്ന ബില്‍ സുതാര്യ ചട്ടക്കൂടിനകത്ത് മത്സരാധിഷ്ഠിത തീരുവ നിശ്ചയിക്കാന്‍ അനുവദിക്കുന്നു. ചരക്കു വളര്‍ച്ചയും മെച്ചപ്പെട്ട ഉള്‍നാടന്‍ ഗതാഗത സൗകര്യവും ഉറപ്പാക്കി ദീര്‍ഘകാല തുറമുഖ വികസനത്തിന് സംയോജിത ആസൂത്രണം ബില്ലില്‍ അവതരിപ്പിക്കുന്നു. ഉള്‍നാടന്‍ ജലപാതകളുമായും ബഹുതല ഗതാഗത സംവിധാനങ്ങളുമായും തടസ്സരഹിത സംയോജനത്തിലൂടെ തീരദേശ കപ്പല്‍ ഗതാഗതത്തിന് ബില്‍ ഉത്തേജനമേകുന്നു. പൊതുസ്വകാര്യ പങ്കാളിത്തത്തിനും (പിപിപി) തുറമുഖ പദ്ധതികളിലെ വിദേശ നിക്ഷേപങ്ങള്‍ക്കും വ്യക്തമായ വ്യവസ്ഥകള്‍ പ്രദാനം ചെയ്യുന്ന ബില്‍ സാമ്പത്തിക നിര്‍വഹണം കൂടുതല്‍ സുഗമമാക്കുന്നു.  
 
 
ബില്‍ അതിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ ശക്തമായ സ്ഥാപന ചട്ടക്കൂടിന് രൂപംനല്‍കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന മാരിടൈം സ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എംഎസ്ഡിസി) ദേശീയ തുറമുഖ വികസന തന്ത്രങ്ങള്‍ ഏകോപിപ്പിക്കും. അപ്രധാന തുറമുഖങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സംസ്ഥാന മാരിടൈം ബോര്‍ഡുകളുടെ അധികാരം ശക്തിപ്പെടുത്തുകയും തുറമുഖങ്ങള്‍, ഉപയോക്താക്കള്‍, സേവനദാതാക്കള്‍ എന്നിവ തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തര്‍ക്ക പരിഹാര സമിതികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും.  
 
 
രാജ്യത്തെ തുറമുഖങ്ങളുടെ സമഗ്ര വികസനത്തിന് തടസ്സങ്ങള്‍ നീക്കി മുന്നോട്ട് പോകാന്‍ മാരിടൈം സ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എംഎസ്ഡിസി) വഴിയൊരുക്കുന്നതിലൂടെ സഹകരണ ഫെഡറലിസം പ്രോത്സാഹിപ്പിക്കാന്‍ ബില്‍ ലക്ഷ്യമിടുന്നതായി ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. അപ്രധാന തുറമുഖങ്ങളെ കൂടുതല്‍ ഫലപ്രദമായി വികസിപ്പിക്കാന്‍ സമഗ്ര ചട്ടക്കൂടൊരുക്കുന്ന സംസ്ഥാന മാരിടൈം ബോര്‍ഡിനും ബില്ലില്‍ രൂപം നല്‍കിയിട്ടുണ്ട്. 2047ഓടെ ലോകത്തെ ഏറ്റവും മികച്ച സമുദ്രരാഷ്ട്രങ്ങളിലൊന്നാക്കി ഇന്ത്യയെ മാറ്റാനും വികസിത ഭാരതത്തിന്റെ സമുദ്രശക്തി വര്‍ധിപ്പിക്കാനും വഴിയൊരുക്കുന്ന ആവാസവ്യവസ്ഥയാണ് പ്രധാനമന്ത്രി മോദിയുടെ ഊര്‍ജസ്വല നേതൃത്വത്തില്‍ നാം സാക്ഷാത്കരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.  
 
 
സുസ്ഥിരതയുടെയും സുരക്ഷയുടെയും തലത്തില്‍ എല്ലാ തുറമുഖങ്ങളിലും മാലിന്യങ്ങള്‍ സ്വീകരിക്കുന്നതിനും അവ കൈകാര്യം ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ബില്‍ നിര്‍ബന്ധമാക്കുന്നു. മാര്‍പോള്‍, ബാലസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് തുടങ്ങിയ അന്താരാഷ്ട്ര ഉടമ്പടികള്‍ക്കനുസൃതമായി കര്‍ശന മലിനീകരണ പ്രതിരോധ നടപടികളും ബില്‍ നടപ്പാക്കുന്നു. ദുരന്തങ്ങള്‍ക്കും സുരക്ഷാ ഭീഷണികള്‍ക്കും അടിയന്തര തയ്യാറെടുപ്പ് പദ്ധതികള്‍ എല്ലാ തുറമുഖങ്ങളിലും അനിവാര്യമാക്കിയതിനൊപ്പം പുനരുപയോഗ ഊര്‍ജത്തിന്റെയും തീര വൈദ്യുതി സംവിധാനങ്ങളുടെയും പ്രോത്സാഹനം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും പരിസ്ഥിതി സുസ്ഥിരത വളര്‍ത്താനും സഹായിക്കുന്നു.
 
 
ആഗോള വ്യാപാര രീതികളും മികച്ച നടപടിക്രമങ്ങളും ദേശീയ മുന്‍ഗണനകളുമായി ഇന്ത്യയുടെ നിയമ ചട്ടക്കൂടിനെ സമന്വയിപ്പിക്കുന്ന പരിവര്‍ത്തനാത്മക നിയമനിര്‍മാണമാണ് 2025ലെ ഇന്ത്യന്‍ തുറമുഖ ബില്‍. കാര്യക്ഷമത, സുസ്ഥിരത, ഉള്‍ച്ചേര്‍ക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബില്‍ വരും ദശകങ്ങളില്‍ ആഗോള സമ്പദ്‌വ്യവസ്ഥയിലെ തുടര്‍ച്ചയായ വിജയത്തിനും വളര്‍ച്ചയ്ക്കും ഇന്ത്യയുടെ സമുദ്ര മേഖലയെ സുസജ്ജമാക്കും.
 
*********************
 

(Release ID: 2155838)