പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ ബെംഗളൂരുവിൽ ഏകദേശം 22,800 കോടി രൂപയുടെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയവും അതിർത്തിക്കപ്പുറത്തുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിക്കാനുള്ള കരുത്തും ഭീകരരെ പ്രതിരോധിക്കാൻ വന്ന പാകിസ്ഥാനെ മണിക്കൂറുകൾക്കുള്ളിൽ മുട്ടുകുത്തിക്കാൻ കഴിഞ്ഞതും ഉൾപ്പെടെ, ലോകം മുഴുവൻ ഇന്ത്യയുടെ പുതിയ മുഖത്തിനു സാക്ഷ്യം വഹിച്ചു: പ്രധാനമന്ത്രി
ഇന്ന്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ: പ്രധാനമന്ത്രി
കഴിഞ്ഞ 11 വർഷത്തിനിടെ, നമ്മുടെ സമ്പദ്‌വ്യവസ്ഥ 10-ാം സ്ഥാനത്തുനിന്ന് ആദ്യ അഞ്ചിലേക്ക് ഉയർന്നു. മികച്ച മൂന്നു സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറുന്നതിലേക്കു നാമിപ്പോൾ അതിവേഗം നീങ്ങുകയാണ്: പ്രധാനമന്ത്രി
വികസിത ഇന്ത്യയിലേക്കുള്ള യാത്ര ഡിജിറ്റൽ ഇന്ത്യയുമായി കൈകോർത്തു മുന്നോട്ടുപോകും: പ്രധാനമന്ത്രി
നമ്മുടെ അടുത്ത വലിയ മുൻഗണന സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാകണം: പ്രധാനമന്ത്രി
Posted On:
10 AUG 2025 3:31PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകയിലെ ബെംഗളൂരുവിൽ ഏകദേശം 7160 കോടി രൂപയുടെ ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്യുകയും 15,610 കോടി രൂപയുടെ ബെംഗളൂരു മെട്രോ പദ്ധതി മൂന്നാം ഘട്ടത്തിന്റെ തറക്കല്ലിടുകയും ചെയ്തു. ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവേ, കർണാടകയുടെ മണ്ണിൽ കാലുകുത്തിയപ്പോൾ സ്വന്തം നാട്ടിലെത്തിയ അനുഭവമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കർണാടക സംസ്കാരത്തിന്റെ സമ്പന്നത, ജനങ്ങളുടെ സ്നേഹം, ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന കന്നഡ ഭാഷയുടെ മാധുര്യം എന്നിവ എടുത്തുകാട്ടി, ബെംഗളൂരുവിൽ നിലകൊള്ളുന്ന അന്നമ്മ തായി ദേവിയുടെ കാൽക്കൽ ആദരമർപ്പിച്ചാണു ശ്രീ മോദി അഭിസംബോധന ആരംഭിച്ചത്. നൂറ്റാണ്ടുകൾക്കുമുമ്പു നാദപ്രഭു കെമ്പഗൗഡ ബെംഗളൂരു നഗരത്തിന് അടിത്തറ പാകിയ കാര്യം അനുസ്മരിച്ച്, പാരമ്പര്യത്തിൽ വേരൂന്നിയ നഗരമാണു കെമ്പഗൗഡ വിഭാവനം ചെയ്തതെന്നും ഈ നഗരം പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ബെംഗളൂരു എപ്പോഴും ആ ചൈതന്യത്തിൽ ജീവിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇന്ന് ബെംഗളൂരു ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു.
"ഇന്ന്, ബെംഗളൂരു നവ ഇന്ത്യയുടെ ഉദയത്തിന്റെ പ്രതീകമായി ഉയർന്നുവരുന്നു" ശ്രീ മോദി പറഞ്ഞു. തത്വചിന്തയുടെ ജ്ഞാനം ഉൾക്കൊള്ളുന്ന, സാങ്കേതിക വൈദഗ്ധ്യം പ്രതിഫലിപ്പിക്കുന്ന നഗരമായാണ് അദ്ദേഹം ബംഗളൂരുവിനെ വിശേഷിപ്പിച്ചത്. ബെംഗളൂരു ഇന്ത്യയെ ആഗോള ഐടി ഭൂപടത്തിൽ അഭിമാനത്തോടെ പതിപ്പിച്ച നഗരമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ബെംഗളൂരുവിന്റെ വിജയഗാഥ ഈ നാട്ടിലെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും പ്രതിഭയുടെയും ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, നഗരാസൂത്രണവും നഗര അടിസ്ഥാനസൗകര്യങ്ങളും നമ്മുടെ നഗരങ്ങളുടെ നിർണായക ആവശ്യങ്ങളാണ്" - ബെംഗളൂരു പോലുള്ള നഗരങ്ങൾ ഭാവിക്കായി സജ്ജമാകണമെന്നു പ്രധാനമന്ത്രി പറഞ്ഞു. സമീപവർഷങ്ങളിൽ, ബെംഗളൂരുവിനായി ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികൾ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ചിട്ടുണ്ടെന്നും ഇന്ന് ഈ യജ്ഞത്തിനു പുതിയ ഗതിവേഗം കൈവരികയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീ മോദി ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്യുകയും മെട്രോ മൂന്നാം ഘട്ടത്തിനു തറക്കല്ലിടുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന മൂന്നു പുതിയ വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിനും ബെലഗവിക്കും ഇടയിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതു ബെലഗവിയിലെ വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും ഉത്തേജനം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, നാഗ്പുർ- പുണെ, ശ്രീ മാതാ വൈഷ്ണോ ദേവി കട്ര-അമൃത്സർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്കും അദ്ദേഹം തുടക്കംകുറിച്ചു. ഈ സേവനങ്ങൾ ലക്ഷക്കണക്കിനു ഭക്തർക്കു പ്രയോജനം ചെയ്യുമെന്നും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികൾക്കും പുതിയ വന്ദേ ഭാരത് ട്രെയിനുകൾക്കും ബെംഗളൂരു, കർണാടക എന്നിവിടങ്ങളിലെയും രാജ്യമൊട്ടാകെയുമുള്ള ജനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.
ഓപ്പറേഷൻ സിന്ദൂറിനുശേഷം ബെംഗളൂരുവിലേക്കുള്ള തന്റെ ആദ്യ സന്ദർശനമാണിതെന്നു പരാമർശിച്ച ശ്രീ മോദി, അതിർത്തിക്കപ്പുറത്തുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിക്കാനുള്ള ഇന്ത്യൻ സേനയുടെ കഴിവ് എടുത്തുപറഞ്ഞു. ഭീകരരെ രക്ഷിക്കാൻ വന്ന പാകിസ്ഥാനെ മണിക്കൂറുകൾക്കുള്ളിൽ മുട്ടുകുത്തിക്കാൻ ഇന്ത്യയുടെ കരുത്തിനു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. "പുതിയ ഇന്ത്യയുടെ ഈ പുതിയ മുഖത്തിനു ലോകം മുഴുവൻ സാക്ഷ്യം വഹിച്ചു" - ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിനു സാങ്കേതികവിദ്യയുടെ ശക്തിയും പ്രതിരോധ മേഖലയിലെ 'മെയ്ക്ക് ഇൻ ഇന്ത്യ'യുടെ ശക്തിയും കാരണമായതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ നേട്ടത്തിൽ ബെംഗളൂരുവിലെയും കർണാടകയിലെയും യുവാക്കളുടെ ഗണ്യമായ സംഭാവനയെ അദ്ദേഹം അംഗീകരിച്ചു. ഈ വിജയത്തിൽ ഏവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.
ബെംഗളൂരു ഇപ്പോൾ പ്രധാന ആഗോള നഗരങ്ങൾക്കൊപ്പം അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആഗോളതലത്തിൽ മത്സരിക്കാൻ മാത്രമല്ല, നയിക്കാനും നാം വേണമെന്ന് അഭിപ്രായപ്പെട്ടു. നമ്മുടെ നഗരങ്ങൾ അത്യാധുനികവും വേഗതയേറിയതും കാര്യക്ഷമവുമാകുമ്പോഴാണു പുരോഗതി കൈവരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക അടിസ്ഥാനസൗകര്യപദ്ധതികൾ പൂർത്തിയാക്കുന്നതിൽ ഗവണ്മെന്റിന്റെ ശക്തമായ ശ്രദ്ധയ്ക്ക് ഊന്നൽ നൽകുന്നതാണിത്. ബെംഗളൂരുവിന്റെ നിരവധി പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന ബെംഗളൂരു മെട്രോയുടെ ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈൻ ആരംഭിക്കുന്നതായി ശ്രീ മോദി പ്രഖ്യാപിച്ചു. ബസവനഗുഡിയിൽനിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള യാത്രാസമയം ഇനി ഗണ്യമായി കുറയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതു ലക്ഷക്കണക്കിനുപേരുടെ ജീവിതവും ജോലിയും സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യെല്ലോ ലൈനിന്റെ ഉദ്ഘാടനത്തോടൊപ്പം, ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിന്, അതായത് ഓറഞ്ച് ലൈനിന്, തറക്കല്ലിട്ടതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രവർത്തനക്ഷമമാകുന്നതോടെ, ഓറഞ്ച് ലൈൻ, യെല്ലോ ലൈനുമായി ചേർന്ന് 25 ലക്ഷം യാത്രക്കാരുടെ ദൈനംദിന യാത്ര സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതു ബെംഗളൂരുവിന്റെ ഗതാഗതസംവിധാനത്തെ ശാക്തീകരിക്കുകയും അതിനെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തു പൊതു അടിസ്ഥാനസൗകര്യ വികസനത്തിനായി ബെംഗളൂരു മെട്രോ പുതിയ മാതൃക അവതരിപ്പിച്ചിട്ടുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇൻഫോസിസ് ഫൗണ്ടേഷൻ, ബയോകോൺ, ഡെൽറ്റ ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികൾ നിരവധി പ്രധാന മെട്രോ സ്റ്റേഷനുകൾക്കു ഭാഗികമായി ധനസഹായം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രചോദനത്തിന്റെ ഉറവിടമായി സിഎസ്ആറിന്റെ ഈ നൂതന ഉപയോഗത്തെ അദ്ദേഹം പ്രശംസിക്കുകയും സംഭാവനയേകിയ കോർപ്പറേറ്റ് മേഖലയെ അഭിനന്ദിക്കുകയും ചെയ്തു.
"ഇന്ത്യ നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ആഗോളതലത്തിൽ പത്താം സ്ഥാനത്തുനിന്ന് ആദ്യ അഞ്ചിലേക്ക് ഉയർന്നു. കൂടാതെ, മികച്ച മൂന്നു സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറുന്നതിലേക്ക് അതിവേഗം മുന്നേറുകയാണ്" - ശ്രീ മോദി എടുത്തുപറഞ്ഞു. വ്യക്തമായ ഉദ്ദേശ്യവും സത്യസന്ധമായ ശ്രമങ്ങളും നയിക്കുന്ന "പരിഷ്കാരം, പ്രവർത്തനം, പരിവർത്തനം" എന്ന ആശയമാണ് ഈ ഗതിവേഗത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യ വളർച്ചയെക്കുറിച്ചു പരാമർശിക്കവേ, 2014 ൽ മെട്രോ സേവനങ്ങൾ വെറും അഞ്ചു നഗരങ്ങളിൽ മാത്രമായിരുന്നുവെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ന്, 24 നഗരങ്ങളിലായി 1000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന മെട്രോ ശൃംഖല ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയാക്കി മാറ്റുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2014-നുമുമ്പ് ഏകദേശം 20,000 കിലോമീറ്റർ റെയിൽവേ പാത മാത്രമേ വൈദ്യുതീകരിച്ചിരുന്നുള്ളൂവെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 11 വർഷത്തിനിടെ 40,000 കിലോമീറ്ററിലധികം റെയിൽവേ പാത വൈദ്യുതീകരിച്ചു. ഇതു സുസ്ഥിര ഗതാഗത വികസനത്തിലെ പ്രധാന കുതിച്ചുചാട്ടമാണ് അടയാളപ്പെടുത്തുന്നത്. കരയിൽ മാത്രമല്ല, ആകാശത്തും ഇന്ത്യയുടെ നേട്ടങ്ങളുടെ കുതിപ്പുകാണാമെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, 2014-ൽ ഇന്ത്യയിൽ 74 വിമാനത്താവളങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇന്ന് അവയുടെ എണ്ണം 160 ൽ കൂടുതലാണെന്നും എടുത്തുപറഞ്ഞു. ജലപാത അടിസ്ഥാനസൗകര്യങ്ങളിലെ ശ്രദ്ധേയമായ പുരോഗതി ചൂണ്ടിക്കാട്ടി, 2014-ൽ മൂന്നു ദേശീയ ജലപാതകൾ മാത്രമേ പ്രവർത്തനക്ഷമമായിരുന്നുള്ളൂവെന്നും ഇപ്പോൾ ഇതു മുപ്പതായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഇന്ത്യ കൈവരിച്ച ഗണ്യമായ കുതിച്ചുചാട്ടത്തെക്കുറിച്ചു വിശദീകരിച്ച ശ്രീ മോദി, 2014 വരെ രാജ്യത്ത് 7 എയിംസുകളും 387 മെഡിക്കൽ കോളേജുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇന്ന് 22 എയിംസുകളും 704 മെഡിക്കൽ കോളേജുകളും ജനങ്ങൾക്കു സേവനമേകുന്നുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്തുടനീളം ഒരുലക്ഷത്തിലധികം പുതിയ മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ വികസനത്തിന്റെ സ്വാധീനം വളരെ വലുതാണെന്നും, പ്രത്യേകിച്ച് ഇടത്തരം വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 11 വർഷത്തിനിടെ IIT-കളുടെ എണ്ണം 16-ൽനിന്ന് 23 ആയും IIIT-കൾ 9-ൽനിന്ന് 25 ആയും IIM-കൾ 13-ൽനിന്ന് 21 ആയും വർധിച്ചതായി ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്നു വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ വലിയ തോതിൽ അവസരങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യം ഇന്ന് അതിവേഗം പുരോഗമിക്കുമ്പോൾ, പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതം അതേ വേഗതയിൽ മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 4 കോടിയിലധികം വീടുകൾ നിർമ്മിച്ച് നൽകി യതായും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, 3 കോടി വീടുകൾ കൂടി നിർമ്മിക്കാൻ ഗവണ്മെന്റ് ലക്ഷ്യമിടുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. വെറും 11 വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 12 കോടിയിലധികം ശൗചാലയങ്ങൾ നിർമ്മിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് അമ്മമാർക്കും സഹോദരിമാർക്കും ഈ സംരംഭം അന്തസ്സും ശുചിത്വവും സുരക്ഷയും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
"ഇന്ത്യയുടെ സാമ്പത്തിക വളർച്ചയാണ് രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന്റെ പ്രധാന പ്രേരകശക്തി", പ്രധാനമന്ത്രി അടിവരയിട്ടു. 2014-ന് മുമ്പ് ഇന്ത്യയുടെ മൊത്തം കയറ്റുമതി 468 ബില്യൺ ഡോളറായിരുന്നത് ഇന്ന് 824 ബില്യൺ ഡോളറായി വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് മൊബൈൽ ഹാൻഡ്സെറ്റുകളുടെ അഞ്ചു മുൻനിര കയറ്റുമതി രാജ്യങ്ങളിൽ ഒന്നായി മാറിയെന്നും ഈ നേട്ടത്തിൽ ബംഗളൂരുവിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014-ന് മുമ്പ് 6 ബില്യൺ ഡോളറായിരുന്ന ഇലക്ട്രോണിക്സ് കയറ്റുമതി ഇപ്പോൾ ഏകദേശം 38 ബില്യൺ ഡോളറായി വർധിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു.
11 വർഷം മുമ്പ് 16 ബില്യൺ ഡോളറായിരുന്ന ഇന്ത്യയുടെ ഓട്ടോമൊബൈൽ കയറ്റുമതി ഇന്ന് ഇരട്ടിയിലധികമായി വർധിച്ചതായും, ഇതോടെ ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ വാഹന കയറ്റുമതി രാജ്യമായി മാറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ നേട്ടങ്ങൾ ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും, രാഷ്ട്രം ഒരുമിച്ച് മുന്നോട്ട് നീങ്ങുകയും വികസിത ഭാരതം കെട്ടിപ്പടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
"വികസിത ഭാരതത്തിലേക്കുള്ള യാത്ര ഡിജിറ്റൽ ഇന്ത്യയുമായി കൈകോർത്ത് മുന്നോട്ട് പോകും", ശ്രീ മോദി പറഞ്ഞു, ഇന്ത്യ എഐ മിഷൻ പോലുള്ള സംരംഭങ്ങളിലൂടെ രാജ്യം ആഗോള നിർമിതബുദ്ധിയിൽ നേതൃത്വ സ്ഥാനത്തേയ്ക്ക് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടർ മിഷനും ശക്തി പ്രാപിക്കുകയാണെന്നും, ഇന്ത്യ ഉടൻ തന്നെ സ്വന്തമായി നിർമിച്ച ചിപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ കുറഞ്ഞ ചെലവിൽ വലിയ ബഹിരാകാശ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി ലോകത്തിന് മാതൃകയാകാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഭാവി സാങ്കേതികവിദ്യയുടെ എല്ലാ മേഖലകളിലും ഇന്ത്യ പുരോഗമിക്കുകയാണെന്നും, ഈ പുരോഗതിയുടെ ഏറ്റവും ശ്രദ്ധേയമായ വശം ദരിദ്രരുടെ ശാക്തീകരണമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഡിജിറ്റലൈസേഷൻ ഇന്ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും എത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി യുപിഐ ഇടപാടുകളിൽ ലോകത്തിലെ മൊത്തം തത്സമയ ഇടപാടുകളുടെ 50% ഇന്ത്യയിലാണ് നടക്കുന്നതെന്നും വ്യക്തമാക്കി. സാങ്കേതികവിദ്യ, ഗവണ്മെന്റും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാൻ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് 2,200-ൽ അധികം ഗവണ്മെന്റ് സേവനങ്ങൾ മൊബൈൽ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഉമംഗ് (UMANG) ആപ്പ് വഴി പൗരന്മാർക്ക് വീട്ടിലിരുന്ന് തന്നെ ഗവണ്മെന്റ് ജോലികൾ പൂർത്തിയാക്കാം. ഡിജിലോക്കർ വഴി സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഗവണ്മെന്റ് ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഇപ്പോൾ എഐ-പവർഡ് ത്രെഡ് ഡിറ്റക്ഷൻ പോലുള്ള സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ അവസാനത്തെ വ്യക്തിയിൽ പോലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ഈ ദേശീയ പ്രയത്നങ്ങൾക്ക് ബംഗളൂരു സജീവമായി സംഭാവന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തരാകുക എന്നതാണ് നമ്മുടെ അടുത്ത വലിയ ലക്ഷ്യം," പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യൻ ടെക് കമ്പനികൾ ആഗോളതലത്തിൽ, ലോകമെമ്പാടുമുള്ളവർക്കായി സോഫ്റ്റ്‌വെയറുകളും ഉൽപ്പന്നങ്ങളും വികസിപ്പിച്ച് ശ്രദ്ധേയരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്വന്തം ആവശ്യങ്ങൾക്ക് കൂടുതൽ ശക്തമായി മുൻഗണന നൽകേണ്ട സമയമാണിത്. പ്രത്യേകിച്ച് സോഫ്റ്റ്‌വെയറുകളും ആപ്പുകളും എല്ലാ മേഖലകളിലും ഉപയോഗിക്കുന്ന ഈ കാലത്ത് പുതിയ ഉൽപ്പന്നങ്ങളുടെ വികസനം ത്വരിതപ്പെടുത്തണം. ഈ മേഖലയിൽ ഇന്ത്യ പുതിയ ഉയരങ്ങളിൽ എത്തേണ്ടത് അത്യാവശ്യമാണെന്ന് ശ്രീ മോദി പറഞ്ഞു. ഉയർന്നുവരുന്ന മേഖലകളിൽ നേതൃത്വം നൽകാൻ കേന്ദ്രീകൃത ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, മെയ്ക്ക് ഇൻ ഇന്ത്യയിലും നിർമ്മാണ മേഖലയിലും ബെംഗളൂരുവിന്റെയും കർണാടകയുടെയും സാന്നിധ്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ഉൽപ്പന്നങ്ങൾ"സീറോ ഡിഫക്റ്റ്, സീറോ എഫക്റ്റ്" മാനദണ്ഡം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, അതായത് ഉൽപ്പന്നങ്ങൾ ഗുണമേന്മയിൽ കുറ്റമറ്റതായിരിക്കുകയും പരിസ്ഥിതിക്ക് യാതൊരു ദോഷവും വരുത്താതിരിക്കുകയും വേണം. കർണാടകയുടെ കഴിവുകൾക്ക് ആത്മനിർഭർ ഭാരത് എന്ന ദർശനത്തെ നയിക്കാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേന്ദ്ര ഗവണ്മെന്റായാലും സംസ്ഥാന ഗവണ്മെന്റുകളായാലും, എല്ലാവരും ജനങ്ങളെ സേവിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്നും മോദി പറഞ്ഞു. ഈ ദിശയിലുള്ള ഒരു പ്രധാന ഉത്തരവാദിത്തം പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്നതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിൽ കേന്ദ്ര ഗവണ്മെന്റ് നിരന്തരം പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമങ്ങളിലെ ക്രിമിനൽ വ്യവസ്ഥകൾ ഒഴിവാക്കാനായി ജൻ വിശ്വാസ് ബിൽ പാസാക്കിയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ജൻ വിശ്വാസ് 2.0-യും അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അനാവശ്യമായ ക്രിമിനൽ വ്യവസ്ഥകളുള്ള നിയമങ്ങൾ തിരിച്ചറിയാനും അവ ഇല്ലാതാക്കുന്നതിനായി പ്രവർത്തിക്കാനും അദ്ദേഹം സംസ്ഥാന ഗവണ്മെന്റുകളോടാവശ്യപ്പെട്ടു. ഗവണ്മെന്റ് ജീവനക്കാർക്ക് കഴിവ് അടിസ്ഥാനമാക്കിയുള്ള പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള മിഷൻ കർമ്മയോഗി സംരംഭത്തെക്കുറിച്ച് ശ്രീ മോദി പരാമർശിച്ചു. സംസ്ഥാനങ്ങൾക്ക് അവരുടെ ഉദ്യോഗസ്ഥർക്കും ഈ പഠന രീതി സ്വീകരിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാമിലും ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എടുത്തുകാണിച്ചുകൊണ്ട്, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള പ്രദേശങ്ങളെ സമാനമായി തിരിച്ചറിയാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
സംസ്ഥാന തലത്തിൽ തുടർച്ചയായ പരിഷ്കരണ ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്തുകൊണ്ടും, ഈ സംയുക്ത സംരംഭങ്ങൾ കർണാടകയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും, കൂട്ടായ പരിശ്രമത്തിലൂടെ വികസിത് ഭാരതിന്റെ ദർശനം നമ്മൾ നിറവേറ്റുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടും അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.
കർണാടക ഗവർണർ ശ്രീ താവർചന്ദ് ഗെലോട്ട്, കർണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ, കേന്ദ്രമന്ത്രിമാരായ ശ്രീ മനോഹർ ലാൽ, ശ്രീ എച്ച്.ഡി. കുമാരസ്വാമി, ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ വി. സോമണ്ണ, സുശ്രീ ശോഭ കരന്ദ്‌ലാജെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പശ്ചാത്തലം
ബാംഗ്ലൂർ മെട്രോ ഫേസ്-2 പദ്ധതിയുടെ ആർവി റോഡ് (രാഗിഗുഡ്ഡ) മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.7,160 കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച 19 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ പാതയിൽ 16 സ്റ്റേഷനുകളാണ് ഉള്ളത്. ഈ പാത തുറക്കുന്നതോടെ ബെംഗളൂരുവിലെ മെട്രോ ശൃംഖലയുടെ ആകെ ദൈർഘ്യം 96 കിലോമീറ്ററിലധികമായി വർധിക്കും.
ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു. 15,610 കോടി രൂപയുടെ ഈ പദ്ധതിക്ക് 44 കിലോമീറ്ററിലധികം ദൂരവും 31 എലിവേറ്റഡ് സ്റ്റേഷനുകളുമുണ്ടാകും. നഗരത്തിലെ റെസിഡൻഷ്യൽ, വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ മേഖലകളിലെ വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ ഈ പദ്ധതി നിറവേറ്റും.
ബെംഗളൂരുവിൽ മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്കും, അമൃത്സറിൽ നിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും, നാഗ്പൂരിൽ നിന്ന് പൂനെയിലേക്കും (അജ്നി) ആണ് ഈ ട്രെയിനുകൾ സർവീസ് നടത്തുക. ഈ അതിവേഗ ട്രെയിനുകൾ പ്രദേശത്തെ ഗതാഗത ബന്ധങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും യാത്രക്കാർക്ക് ലോകോത്തര യാത്രാനുഭവം നൽകുകയും ചെയ്യും.
-SK-
(Release ID: 2154882)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada