വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്ത്' റേഡിയോ പരിപാടിയ്ക്ക് തുടക്കം മുതല്‍ ആകെ 34.13 കോടി രൂപയിലധികം വരുമാനം
Posted On:
08 AUG 2025 5:23PM by PIB Thiruvananthpuram
രാജ്യത്ത് സംഭവിക്കുന്ന മികച്ച മാറ്റങ്ങളെ ജനമധ്യത്തില്‍ പ്രദർശിപ്പിക്കാനും ഇന്ത്യയുടെ വികസന യാത്രയിൽ പൗരന്മാരുടെ സജീവപങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ഒരു സവിശേഷ വേദിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് പരിപാടി നിലകൊള്ളുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, നൂതനാശയങ്ങള്‍, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിൽ സ്വാധീനമേറിയ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന രാജ്യത്തെ പൗരന്മാരുടെ പ്രചോദനാത്മക കഥകൾ പ്രതിമാസ റേഡിയോ പതിപ്പുകളിലൂടെ പ്രധാനമന്ത്രി പങ്കുവയ്ക്കുന്നു. യുവാക്കൾ, കർഷകർ, സ്ത്രീകൾ, കരകൗശല വിദഗ്ധർ, സംരംഭകർ, കായികതാരങ്ങൾ, സ്വയം സഹായ സംഘാംഗങ്ങൾ തുടങ്ങിയവര്‍ നയിക്കുന്ന അടിസ്ഥാന സംരംഭങ്ങളും സാമൂഹ്യതല ശ്രമങ്ങളും അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ സമ്പന്ന മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന ഈ കഥകള്‍ പലപ്പോഴും വൈവിധ്യപൂർണമായ വിദൂരദേശങ്ങളിലേതാണ്. രാജ്യത്തിന്റെ സുപ്രധാന നാഴികക്കല്ലുകളിലേക്കും ചരിത്രത്തില്‍ അറിയപ്പെടാതെപോയ നായകരുടെ സംഭാവനകളിലേക്കും മൻ കി ബാത്ത് ശ്രദ്ധ ക്ഷണിക്കുന്നു. കാലക്രമേണ രാഷ്ട്ര നിർമാണത്തിന്റെ മൃദു ഉപകരണമായി പരിണമിച്ച മൻ കി ബാത്ത് രാജ്യത്തിന്റെ വൈവിധ്യവും പ്രതിരോധശേഷിയും സാമൂഹ്യ പ്രതിബദ്ധതയും ആഘോഷിക്കുന്ന കഥകളിലൂടെ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നു.
അധിക ചെലവുകളില്ലാതെ നിലവിലെ ആഭ്യന്തര സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ആകാശവാണി നിർമിക്കുന്ന മൻ കി ബാത്ത് പരിപാടി തുടക്കം മുതൽ ആകെ 34.13 കോടി രൂപയുടെ വരുമാനം നേടി.
പരമ്പരാഗത, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവിധ തലങ്ങളിലും രൂപങ്ങളിലുമാണ് മന്‍ കി ബാത്ത് പരിപാടിയുടെ പ്രേക്ഷക ഇടപെടൽ.
ആകാശവാണിയിലൂടെ (ഓൾ ഇന്ത്യ റേഡിയോ) പരിപാടി കേള്‍ക്കുന്ന വലിയൊരു വിഭാഗം ശ്രോതാക്കള്‍ മന്‍ കീ ബാത്തിന്റെ ഭാഗമാകുന്നു. ദേശീയ, പ്രാദേശിക ശൃംഖലയിലുടനീളം പരിപാടി തത്സമയം പ്രക്ഷേപണം ചെയ്യുന്നു. പ്രാദേശിക പ്രേക്ഷകര്‍ക്കായി പ്രാദേശിക ഭാഷാ പതിപ്പുകളും നല്‍കുന്നുണ്ട്.
ഇതേസമയം ദൂരദർശന്റെ വിവിധ ദേശീയ, പ്രാദേശിക ഭാഷാ ചാനലുകളിലും പരിപാടി സംപ്രേഷണം ചെയ്യുന്നു. ദൂരദർശൻ ചാനലുകൾക്ക് പുറമെ ഡിഡി സൗജന്യ ഡിഷ് വഴി നല്‍കുന്ന 48 ആകാശവാണി റേഡിയോ ചാനലുകളും 92 സ്വകാര്യ ടെലിവിഷൻ ചാനലുകളും ഗ്രാമപ്രദേശങ്ങളിലും വിദൂരദേശങ്ങളിലുമടക്കം രാജ്യത്തുടനീളം പരിപാടി ലഭ്യമാക്കാന്‍ സഹായിക്കുന്നു. കാഴ്ചാനുഭവങ്ങൾ പങ്കുവെയ്ക്കാന്‍ അവസരമൊരുക്കിയും കൂട്ടായ ചിന്തകള്‍ക്കും ചർച്ചകള്‍ക്കും വേദിയൊരുക്കിയും മൻ കി ബാത്തിന്റെ ദൃശ്യവല്‍ക്കരിച്ച പതിപ്പ് പ്രേക്ഷക ഇടപെടൽ വർധിപ്പിക്കുന്നു.
ഡിജിറ്റൽ വേദികളിലെ പ്രേക്ഷക ഇടപെടൽ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലുകളിലും (പിഎംഒ ഇന്ത്യ, എഐആർ മുതലായവ) പ്രസാർ ഭാരതിയുടെ ഒടിടി പ്ലാറ്റ്‌ഫോമായ വേവ്‌സിലും 260-ലധികം ആകാശവാണി ചാനലുകൾ ലഭ്യമായ ‘ന്യൂസ്ഓൺഎയർ’ മൊബൈൽ ആപ്പിലും പരിപാടി തത്സമയം നല്‍കുന്നതിനൊപ്പം പിന്നീടും ലഭ്യമാക്കുന്നു. അനുബന്ധ സംവിധാനങ്ങളിലും ചാനലുകളിലും വ്യാപക പ്രചാരണം ലക്ഷ്യമിട്ട് പ്രസാർ ഭാരതിയുടെ ന്യൂസ് ഫീഡ് സേവനമായ ‘പിബി-ശബ്ദി’ലും മന്‍ കീ ബാത്ത് ലഭ്യമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക്, ട്വിറ്റർ/എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ വേദികളിലൂടെ ആഗോള പ്രേക്ഷകർ പരിപാടിയുടെ ഭാഗമാകുന്നു. പതിവായി പരിപാടി കേൾക്കുന്നതിനും കാണുന്നതിനും പുറമെ മൈ-ജിഒവി പോർട്ടൽ വഴി പരിപാടിയിലേക്ക് നിർദേശങ്ങൾ സമർപ്പിച്ചും പ്രധാനമന്ത്രിക്ക് കത്തും ഇമെയിലും എഴുതിയും ശബ്ദ സന്ദേശങ്ങൾ പങ്കുവെച്ചും ജനങ്ങള്‍ സജീവമായി മന്‍ കീ ബാത്തില്‍ പങ്കെടുക്കുന്നു.
സ്ഥാപന - ഗ്രാമീണ സാഹചര്യങ്ങളില്‍ സ്‌കൂളുകൾ, ഗ്രാമപഞ്ചായത്തുകൾ, സ്വയം സഹായ സംഘങ്ങൾ, എൻജിഒകൾ തുടങ്ങിയ കേന്ദ്രങ്ങളില്‍ പൗര അവബോധവും സാമൂഹ്യ ചർച്ചയും വളർത്താന്‍ ലക്ഷ്യമിട്ട് എല്ലാവര്‍ക്കും ഒരുമിച്ച് പരിപാടി കേൾക്കാനോ കാണാനോ സൗകര്യമൊരുക്കാറുണ്ട്.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ മുരുകൻ ഇന്ന് രാജ്യസഭയിൽ സമർപ്പിച്ചതാണ് ഈ വിവരങ്ങള്‍.
*******************
(Release ID: 2154458)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada