വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പൊതുസേവനാധിഷ്ഠിത സമീപനത്തിലൂടെ വേവ്സ് ഒടിടി രാജ്യത്തെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം വളര്‍ത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍
Posted On:
08 AUG 2025 5:22PM by PIB Thiruvananthpuram
ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം മെച്ചപ്പെടുത്താന്‍ വേവ്സ് ഒടിടി നിരവധി പങ്കാളിത്ത സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. വിവിധ ഇന്ത്യൻ ഭാഷകളിലും ഭാഷാഭേദങ്ങളിലും ഒടിടി സംവിധാനത്തില്‍ ഉള്ളടക്കം ചേര്‍ക്കാന്‍ ഉള്ളടക്ക നിര്‍മാതാക്കളുടെയും പ്രാദേശിക പ്രക്ഷേപകരുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും വിശാല ശൃംഖലയ്ക്കൊപ്പം ഈ സംവിധാനം ഒരുമിച്ച് പ്രവർത്തിക്കുന്നു. വൈവിധ്യമാർന്ന ഉള്ളടക്കം കണ്ടെത്തി വിശാലമായ പ്രാദേശിക പ്രേക്ഷകർക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സബ്‌ടൈറ്റിലുകള്‍ ചേര്‍ക്കാനും മെറ്റഡാറ്റ വിപുലീകരിക്കാനും ഈ സംവിധാനം പിന്തുണയ്ക്കുന്നു.
പ്രാദേശിക ഉള്ളടക്കത്തിലെ ആകാശവാണിയുടെയും ദൂരദർശന്റെയും കരുത്തും ഇത് പ്രയോജനപ്പെടുത്തുന്നു. 35 ദൂരദർശൻ ഉപഗ്രഹ ചാനലുകളും ആകാശവാണിയുടെ വിവിധ പ്രാദേശിക ചാനലുകളും വേവ്‌സ് ഒടിടി സംവിധാനത്തില്‍ ലഭ്യമാണ്. കൂടാതെ പ്രാദേശിക ഉള്ളടക്കം പ്രദർശിപ്പിക്കുന്നതും വിവിധ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്നതുമായ നിരവധി എഫ്ടിഎ (ഫ്രീ-ടു-എയർ) പ്രക്ഷേപകരെയും വേവ്സില്‍ ലഭ്യമാണ്.
വിശാലമായ ഡിജിറ്റല്‍ ലഭ്യത ഉറപ്പാക്കുന്ന വേവ്സ് ഒടിടി, സ്മാർട്ട്‌ഫോണുകളിലും ഇന്റർനെറ്റ് സൗകര്യമുള്ള ഉപകരണങ്ങളിലും സൗജന്യമായി ലഭിക്കുന്നു. ആകാശവാണിയുടെയും ദൂരദർശന്റെയും വിശാലമായ ശേഖരങ്ങളിലെയും തത്സമയ പ്രക്ഷേപണങ്ങളിലെയും വിശ്വസനീയവും വിജ്ഞാനപ്രദവും സാംസ്കാരിക സമ്പന്നവുമായ ഉള്ളടക്കവുമായി ഈ സംവിധാനം വേറിട്ടുനിൽക്കുന്നു. തിരഞ്ഞെടുത്ത വിനോദ ഉള്ളടക്കത്തിനൊപ്പം ഇന്ത്യൻ പൈതൃകം, പ്രാദേശിക വൈവിധ്യം, പൊതു സേവന ആസൂത്രണം, വാർത്തകൾ എന്നിവ പങ്കുവെയ്ക്കാന്‍ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനതന്ത്രം പ്രാധാന്യം നല്‍കുന്നു. ഈതെല്ലാം യാതൊരു വരിസംഖ്യയുമില്ലാതെ ലഭ്യമാകുന്നുവെന്നതും ശ്രദ്ധേയമാണ്.
സ്വകാര്യ ഒടിടി സംവിധാനങ്ങളുടെ വാണിജ്യ - വിനോദ കേന്ദ്രീകൃത മാതൃകകളിൽ നിന്ന് വ്യത്യസ്തമായി പൊതു സേവനാധിഷ്ഠിത സമീപനമാണ് ഇവിടെ പിന്തുടരുന്നത്. സുഗമമായ ലഭ്യതയും കാഴ്ചക്കാരുടെ ഇടപെടലും മെച്ചപ്പെടുത്താന്‍ ഈ സംവിധാനത്തില്‍ ഉപയോക്തൃ കേന്ദ്രീകൃത സവിശേഷതകൾ സംയോജിപ്പിച്ചിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളിലും അർദ്ധനഗരമേഖലകളിലും വേവ്സ് ഒടിടി സംവിധാനം ജനപ്രിയമാക്കാന്‍ വിവിധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആകാശവാണി, ദൂരദർശൻ ചാനലുകള്‍ വഴിയും മൈ-ജിഒവി പ്ലാറ്റ്‌ഫോം വഴിയും നല്‍കുന്ന പരസ്യങ്ങള്‍ ഇതിലുൾപ്പെടുന്നു. ഈ മേഖലകളിലെ പ്രേക്ഷകരിലേക്ക് എത്തിച്ചേരാന്‍ പ്രാദേശിക ഭാഷകളിൽ സമൂഹമാധ്യമ ഉള്ളടക്കങ്ങളിലൂടെ പ്രചാരണം നടത്തുന്നുണ്ട്. ഗ്രാമീണ തല സംരംഭകർ (വിഎല്‍ഇ) വഴി നേരിട്ടുള്ള ആക്ടിവേഷന് പ്രസാർഭാരതി പൊതു സേവന കേന്ദ്രങ്ങളുമായി (സിഎസ്‍സി) സഹകരിച്ച് പ്രവർത്തിക്കുന്നു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ മുരുകൻ ഇന്ന് രാജ്യസഭയിൽ സമര്‍പ്പിച്ചതാണ് ഈ വിവരങ്ങള്‍.
*****************
(Release ID: 2154399)