മന്ത്രിസഭ
സാങ്കേതിക വിദ്യാഭ്യാസത്തിലെ ബഹുമുഖ വിദ്യാഭ്യാസ-ഗവേഷണ പുരോഗതി (MERITE) പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; പദ്ധതിക്കായി ചെലവാക്കുന്നത് 4200 കോടി രൂപ
Posted On:
08 AUG 2025 4:04PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ‘സാങ്കേതിക വിദ്യാഭ്യാസത്തിലെ ബഹുമുഖ വിദ്യാഭ്യാസ-ഗവേഷണ പുരോഗതി’ (Multidisciplinary Education and Research Improvement in Technical Education-MERITE) പദ്ധതി നടപ്പാക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകി. 175 എൻജിനിയറിങ് കോളേജുകളും 100 പോളിടെക്നിക്കുകളും ഉൾപ്പെടുന്ന 275 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതു നടപ്പാക്കും. ദേശീയ വിദ്യാഭ്യാസ നയം-2020ന് (NEP-2020) അനുസൃതമായുള്ള പദ്ധതി, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾക്കൊള്ളുംവിധം സാങ്കേതിക വിദ്യാഭ്യാസത്തിലെ ഗുണനിലവാരവും തുല്യതയും ഭരണസംവിധാനവും മെച്ചപ്പെടുത്തുന്നതു ലക്ഷ്യമിടുന്നു.
2025-26 മുതൽ 2029-30 വരെയുള്ള കാലയളവിൽ 4200 കോടി രൂപയുടെ മൊത്തം ചെലവുവരുന്ന ‘കേന്ദ്ര മേഖല പദ്ധതി’യാണിത്. ഇതിൽ 2100 കോടി രൂപ ലോകബാങ്കിൽനിന്നു വായ്പയായി ലഭിക്കും.
ആനുകൂല്യങ്ങൾ:
ഈ പദ്ധതി പ്രകാരം 275 സർക്കാർ/സർക്കാർ എയ്ഡഡ് സാങ്കേതിക സ്ഥാപനങ്ങൾക്കു പിന്തുണ ലഭിക്കും. ഇതിൽ തെരഞ്ഞെടുത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (NIT), സംസ്ഥാന എൻജിനിയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ, അഫിലിയേറ്റിംഗ് ടെക്നിക്കൽ യൂണിവേഴ്സിറ്റികൾ (ATU) എന്നിവ ഉൾപ്പെടും. ഇതിനുപുറമെ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകൾക്കും സഹായം ലഭിക്കും. കൂടാതെ, ഏകദേശം 7.5 ലക്ഷം വിദ്യാർഥികൾക്കു പദ്ധതിയിൽനിന്നു പ്രയോജനം ലഭിക്കും.
തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ ഉൾപ്പെടെയുള്ള സ്വാധീനം:
പദ്ധതിയിൽനിന്നു പ്രതീക്ഷിക്കുന്ന പ്രധാന ഫലങ്ങൾ ഇനിപ്പറയുന്നവയാണ്:
i. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഡിജിറ്റൽ സംവിധാനം മെച്ചപ്പെടും
ii. സാങ്കേതിക വിഷയങ്ങളിൽ ബഹുമുഖ വിദ്യാഭ്യാസ പരിപാടികൾക്കുള്ള മാർഗനിർദേശങ്ങളുടെ വികസനം
iii. വിദ്യാർഥികളുടെ പഠനവും തൊഴിൽനൈപുണ്യവും മെച്ചപ്പെടുത്തൽ
iv. വിദ്യാർഥിവിഭാഗങ്ങളിലുടനീളം വിദ്യാർഥികളുടെ പരിവർത്തന നിരക്കിലെ വർധന
v. കരുത്തുറ്റ ഗവേഷണ-നൂതനാശയ അന്തരീക്ഷം
vi. ദീർഘകാല നേട്ടങ്ങൾക്കു കാരണമാകുന്ന ഗുണനിലവാരം ഉറപ്പാക്കലും മികച്ച ഭരണസംവിധാനങ്ങളും
vii. അക്രഡിറ്റേഷനിൽ വർധനയും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപന നിലവാരത്തിലുള്ള ഗുണനിലവാരം ഉറപ്പാക്കലും
viii. പ്രസക്തമായ, തൊഴിൽ വിപണിയുമായി പൊരുത്തപ്പെടുന്ന പാഠ്യപദ്ധതികളും സംയോജിത കോഴ്‌സുകളും വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യൽ
ix. ഭാവിയിലെ വിദ്യാഭ്യാസ ഭരണസംവിധാനത്തിന്റെ വികസനം; പ്രത്യേകിച്ച് വനിതാ അധ്യാപകരെ വളർത്തിയെടുക്കൽ
പ്രവർത്തനരീതിയും ലക്ഷ്യങ്ങളും:
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവണ്മെന്റ് എൻജിനിയറിങ് കോളേജുകളിലും പോളിടെക്നിക്കുകളിലും ഈ പദ്ധതി നടപ്പിലാക്കും. 2020-ലെ NEP-യ്ക്ക് അനുസൃതമായി ഈ ഇടപെടലുകൾ നടപ്പാക്കും. കൂടാതെ, പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ഗുണനിലവാരം, തുല്യത, ഭരണനിർവഹണം എന്നിവ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതു നടപ്പാക്കുന്നത്. കേന്ദ്രമേഖല പദ്ധതിയായി ഇതു നടപ്പാക്കും. കൂടാതെ, ഭാഗമാകുന്ന സ്ഥാപനങ്ങളിലേക്ക്, കേന്ദ്രഗവണ്മെന്റിൽനിന്നു കേന്ദ്ര നോഡൽ ഏജൻസി വഴി ധനസഹായം കൈമാറാനുള്ള സൗകര്യവും ഉണ്ടായിരിക്കും. IIT-കൾ, IIM-കൾ പോലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയിലെ AICTE, NBA പോലുള്ള നിയന്ത്രണ സ്ഥാപനങ്ങളും പദ്ധതി നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
തൊഴിൽ സൃഷ്ടിക്കൽ:
സമഗ്രവും ബഹുമുഖവുമായ സമീപനത്തിലൂടെ വിദ്യാർഥികളുടെ തൊഴിൽയോഗ്യത മെച്ചപ്പെടുത്തുന്നതിനായി അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിലാണ് ഈ സംരംഭം ഊന്നൽ നൽകുന്നത്. ഇന്റേൺഷിപ്പ് അവസരങ്ങൾ ഒരുക്കൽ, വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കൽ, അധ്യാപക പരിശീലന പരിപാടികൾ സംഘടിപ്പിക്കൽ, ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ എന്നിവയാണ് പ്രധാന ഇടപെടലുകൾ. കൂടാതെ, ആശയഉത്ഭവ-നൂതനാശയ കേന്ദ്രങ്ങൾ, നൈപുണ്യ-മാതൃകാനിർമാണ ലാബുകൾ, ഭാഷ ശിൽപ്പശാലകൾ എന്നിവയ്ക്കും പിന്തുണ നൽകും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എൻജിനിയറിങ് വിദ്യാർഥികൾക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ പുതുതായി ബിരുദം നേടുന്നവരുടെ തൊഴിൽക്ഷമത വർധിപ്പിക്കുക എന്നതാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.
പശ്ചാത്തലം:
രാജ്യത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വളർച്ച പ്രധാനമായും സാങ്കേതിക പുരോഗതിയെ ആശ്രയിച്ചിരിക്കുന്നു. ഇതിന് അക്കാദമിക-ഗവേഷണ നിലവാരം ഉയർത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ ആവശ്യമാണ്. ആധുനിക വെല്ലുവിളികളെ നേരിടാനായി, അടിസ്ഥാനപരവും ദീർഘകാലം നിലനിൽക്കുന്ന ഗുണപരമായ സ്വാധീനം സൃഷ്ടിക്കുന്നതുമായ നവീകരണത്തെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നു. ലോകബാങ്കുമായി സഹകരിച്ച് MERITE പദ്ധതി രൂപീകരിച്ചത് ഈ സമീപനത്തിലൂടെയാണ്. ദേശീയ വിദ്യാഭ്യാസ നയം-2020 ൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിഭാവനം ചെയ്ത പരിഷ്കാരങ്ങളാണ് പദ്ധതിക്കായി രൂപകൽപ്പന ചെയ്ത ഇടപെടലുകളുടെ അടിസ്ഥാനം.
പാഠ്യപദ്ധതി നവീകരണം, അധ്യാപനശാസ്ത്രം, വിലയിരുത്തൽ, സാങ്കേതിക കോഴ്സുകൾക്കിടയിലെ ബഹുമുഖ പരിപാടികൾ, ഗവേഷണ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തൽ, ഭാവിയിലെ അക്കാദമിക് അഡ്മിനിസ്ട്രേറ്റർമാരുടെ വികസനം, ഫാക്കൽറ്റി നൈപുണ്യ നവീകരണം, സാങ്കേതിക വിദ്യാഭ്യാസത്തിലെ ലിംഗവിടവുകൾ പരിഹരിക്കൽ, ഡിജിറ്റൽ വിഭജനം കുറയ്ക്കൽ തുടങ്ങിയവയാണ് നയത്തിലെ പ്രധാന പരിഷ്കാര മേഖലകൾ.
പങ്കെടുക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ പദ്ധതിയുടെ പ്രധാന പങ്കാളികളാണ്. പദ്ധതി നടപ്പാക്കുന്നതിൽ അവർക്ക് പ്രധാന പങ്കുണ്ട്. കൂടാതെ നിരവധി യോഗങ്ങളിലും കൂടിയാലോചനകളിലും ലഭിച്ച അവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഇടപെടലുകൾ രൂപകൽപ്പന ചെയ്യുമ്പോൾ ഉചിതമായി പരിഗണിച്ചിട്ടുണ്ട്.
****
SK
(Release ID: 2154225)