ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില സ്ഥിരത ഉറപ്പാക്കാൻ കേന്ദ്രം സജീവമായി ഇടപെടുകയും നിരീക്ഷിക്കുകയും ചെയ്തു വരുന്നു

Posted On: 08 AUG 2025 2:36PM by PIB Thiruvananthpuram
ഈ കലണ്ടർ വർഷത്തിലുടനീളം ഭക്ഷ്യവസ്തുക്കളുടെ വിലകൾ സ്ഥിരവും നിയന്ത്രണവിധേയവുമായി തുടരുകയാണ്. കേന്ദ്ര  ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിനു കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പ് നിരീക്ഷിച്ചു വരുന്ന മിക്ക സാധനങ്ങളുടെയും വിലകൾ വർഷം തോറും കുറയുന്നതോ സ്ഥിരത പുലർത്തുന്നതോ ആയ പ്രവണത കാണിക്കുന്നു. 2025 ജൂലൈയിൽ വീട്ടിൽ  തയ്യാറാക്കുന്ന താലിയുടെ (ഒരു പ്ലേറ്റിൽ വിളമ്പുന്ന  സമീകൃതവുമായ ഭക്ഷണമാണ് താലി) വിലയിൽ 14% കുറവ് രേഖപ്പെടുത്തിയത് ഈ മാസത്തെ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പത്തിലെ മിതത്വത്തെ സൂചിപ്പിക്കുന്നു.

രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ നിലവിലുള്ള തക്കാളിയുടെ ചില്ലറ വിൽപ്പന വിലയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്നത് ആവശ്യകത-വിതരണ അസന്തുലിതാവസ്ഥയോ ഉത്പാദനക്കുറവോ അല്ല, മറിച്ച് താത്ക്കാലികവും പ്രാദേശികവുമായ ഘടകങ്ങളാണ്.

ഈ സാഹചര്യത്തിൽ, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NCCF) 2025 ഓഗസ്റ്റ് 4 മുതൽ ആസാദ്പൂർ മണ്ടിയിൽ നിന്ന് തക്കാളി സംഭരിക്കുകയും കുറഞ്ഞ ലാഭത്തിൽ ഉപഭോക്താക്കൾക്ക് വിൽക്കുകയും ചെയ്യുന്നു. മുൻ വർഷങ്ങളിലും NCCF സമാനമായ ഒരു സംരംഭം ഏറ്റെടുത്തിരുന്നു. ഇതുവരെ, സംഭരണച്ചെലവ് അടക്കം, കിലോയ്ക്ക് ₹47 മുതൽ ₹60 വരെയുള്ള ചില്ലറ വിൽപ്പന വിലയിൽ 27,307 കിലോഗ്രാം തക്കാളി NCCF വില്പന നടത്തി.

ഡൽഹിയിൽ തക്കാളിയുടെ നിലവിലെ ശരാശരി ചില്ലറ വിൽപ്പന വില കിലോയ്ക്ക് ₹73 ആണ്. പ്രധാനമായും ജൂലൈ അവസാന ആഴ്ച മുതൽ രാജ്യത്തിന്റെ വടക്ക്, വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ പെയ്ത കനത്ത മഴയാണ് ഇതിന് കാരണം. എന്നാൽ, സമീപ ആഴ്ചകളിൽ കാലാവസ്ഥ പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടില്ലാത്ത ചെന്നൈ, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ സമാനമായ വില വർദ്ധന ഉണ്ടായിട്ടില്ല. ചെന്നൈയിലും മുംബൈയിലും തക്കാളിയുടെ നിലവിലെ ശരാശരി ചില്ലറ വിൽപ്പന വില യഥാക്രമം കിലോയ്ക്ക് ₹50 ഉം ₹58 ഉം ആണ് - ഡൽഹിയിലെ നിലവിലുള്ള വിലയേക്കാൾ  കുറവാണിത്. നിലവിൽ, തക്കാളിയുടെ അഖിലേന്ത്യാ ശരാശരി ചില്ലറ വിൽപ്പന വില കിലോയ്ക്ക് ₹52 ആണ്. ഇത് കഴിഞ്ഞ വർഷത്തെ വിലയായ കിലോയ്ക്ക് ₹54  എന്നതിനേക്കാളും, 2023 ലെ കിലോയ്ക്ക് ₹136 രൂപ  എന്നതിനേക്കാളും കുറവാണ്.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി തുടങ്ങിയ പ്രധാന പച്ചക്കറികളുടെ വില ഈ മൺസൂൺ സീസണിൽ നിയന്ത്രണവിധേയമാണ്.

ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ കാര്യത്തിൽ, 2024-25 ൽ ഉയർന്ന ഉത്പാദനം രേഖപ്പെടുത്തിയത്,  മുൻ വർഷത്തേക്കാൾ മതിയായ വിതരണവും കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായി കുറഞ്ഞ ചില്ലറ വിൽപ്പന വിലയും ഉറപ്പാക്കുന്നു. വില സ്ഥിരത ഉറപ്പാക്കാനായി ഈ വർഷം സർക്കാർ 3 ലക്ഷം ടൺ ഉള്ളി സംഭരിച്ചു. സംഭരിച്ച ഉള്ളിയുടെ ആവശ്യാനുസൃതവും ഫലപ്രദവുമായ വിതരണം 2025 സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
SKY
 
******************

(Release ID: 2154108)