പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു


ഭക്ഷ്യ ഉൽപാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള പ്രസ്ഥാനത്തിന് ഡോ. സ്വാമിനാഥൻ നേതൃത്വം നൽകി: പ്രധാനമന്ത്രി

ഡോ. സ്വാമിനാഥൻ ജൈവവൈവിധ്യത്തിനപ്പുറം ജൈവ സന്തോഷം എന്ന ദർശനാത്മക ആശയം പ്രദാനം ചെയ്തു: പ്രധാനമന്ത്രി

ഇന്ത്യ ഒരിക്കലും കർഷകരുടെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല: പ്രധാനമന്ത്രി

രാഷ്ട്രത്തിന്റെ പുരോഗതിയുടെ അടിത്തറയായി കർഷകരുടെ ശക്തിയെ നമ്മുടെ ഗവൺമെന്റ് അംഗീകരിച്ചിട്ടുണ്ട്: പ്രധാനമന്ത്രി

ഭക്ഷ്യ സുരക്ഷയുടെ പാരമ്പര്യം കെട്ടിപ്പടുക്കുന്നതിലൂടെ, നമ്മുടെ കാർഷിക ശാസ്ത്രജ്ഞരുടെ അടുത്ത ലക്ഷ്യം എല്ലാവർക്കും പോഷകാഹാര സുരക്ഷ ഉറപ്പാക്കുക എന്നതാണ്: പ്രധാനമന്ത്രി

Posted On: 07 AUG 2025 11:22AM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ICAR PUSAയിൽ ഇന്ന് നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സദസ്സിനെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രൊഫസർ എം.എസ്. സ്വാമിനാഥന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, ഏതൊരു യുഗത്തിനും അതീതമായ സംഭാവനകൾ നൽകിയ ഒരു ദീർഘവീക്ഷകനെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചു. ശാസ്ത്രത്തെ പൊതുസേവനത്തിനുള്ള ഒരു മാധ്യമമാക്കി മാറ്റിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു പ്രൊഫസർ സ്വാമിനാഥൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പ്രൊഫസർ സ്വാമിനാഥൻ തന്റെ ജീവിതം സമർപ്പിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. വരും നൂറ്റാണ്ടുകളിൽ ഇന്ത്യയുടെ നയങ്ങളെയും മുൻഗണനകളെയും നയിക്കുന്ന ഒരു അവബോധം പ്രൊഫസർ സ്വാമിനാഥൻ ഉണർത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാമിനാഥൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ വേളയിൽ എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു.

ദേശീയ കൈത്തറി ദിനം ഓർമ്മിപ്പിച്ചുകൊണ്ട്, കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യമെമ്പാടും കൈത്തറി മേഖലയ്ക്ക് പുതിയ അംഗീകാരവും ശക്തിയും ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ദേശീയ കൈത്തറി ദിനത്തിൽ എല്ലാവർക്കും, പ്രത്യേകിച്ച് കൈത്തറി മേഖലയുമായി ബന്ധപ്പെട്ടവർക്ക്, അദ്ദേഹം ആശംസകൾ നേർന്നു.

ഡോ. എം.എസ്. സ്വാമിനാഥനുമായുള്ള വർഷങ്ങളുടെ ബന്ധം പങ്കുവെച്ച ശ്രീ മോദി, ഗുജറാത്തിലെ വരൾച്ചയും ചുഴലിക്കാറ്റും മൂലം കാർഷിക മേഖല കടുത്ത വെല്ലുവിളികൾ നേരിട്ട മുൻകാല സാഹചര്യങ്ങളെ അനുസ്മരിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സോയിൽ ഹെൽത്ത് കാർഡ് സംരംഭത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചൂണ്ടിക്കാട്ടിയ ശ്രീ മോദി, പ്രൊഫസർ സ്വാമിനാഥൻ ഈ സംരംഭത്തിൽ വലിയ താല്പര്യം കാണിക്കുകയും അതിന്റെ വിജയത്തിന് ഗണ്യമായി സംഭാവന നൽകിയ തുറന്ന മനസ്സോടെയുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതായി ഓർമ്മിച്ചു. ഇരുപത് വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിലെ പ്രൊഫസർ സ്വാമിനാഥന്റെ ഗവേഷണ ഫൗണ്ടേഷൻ കേന്ദ്രം സന്ദർശിച്ചതായി ശ്രീ മോദി പരാമർശിച്ചു. 2017 ൽ, പ്രൊഫസർ സ്വാമിനാഥന്റെ 'ദി ക്വസ്റ്റ് ഫോർ എ വേൾഡ് വിത്തൗട്ട് ഹംഗർ' എന്ന പുസ്തകം പുറത്തിറക്കാൻ തനിക്ക് അവസരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. 2018 ൽ, വാരാണസിയിൽ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റീജിയണൽ സെന്ററിന്റെ ഉദ്ഘാടന വേളയിൽ, പ്രൊഫസർ സ്വാമിനാഥന്റെ മാർഗ്ഗനിർദ്ദേശം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഫസർ സ്വാമിനാഥനുമായുള്ള ഓരോ ഇടപെടലും ഒരു പഠനാനുഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "ശാസ്ത്രം കണ്ടെത്തൽ മാത്രമല്ല, വിതരണവുമാണ്" എന്ന് പ്രൊഫസർ സ്വാമിനാഥൻ ഒരിക്കൽ പറഞ്ഞതായി അദ്ദേഹം ഓർമ്മിച്ചു, തന്റെ പ്രവർത്തനത്തിലൂടെ പ്രൊഫസർ സ്വാമിനാഥൻ ഇത് തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. പ്രൊഫസർ സ്വാമിനാഥൻ ഗവേഷണം നടത്തുക മാത്രമല്ല, കാർഷിക രീതികളിൽ മാറ്റം വരുത്താൻ കർഷകരെ പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്നും ഇന്ത്യയുടെ കാർഷിക മേഖലയിലുടനീളം പ്രൊഫസർ സ്വാമിനാഥന്റെ സമീപനങ്ങളും ആശയങ്ങളും ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതമാതാവിന്റെ യഥാർത്ഥ രത്നമായി അദ്ദേഹത്തെ വിശേഷിപ്പിച്ച ശ്രീ മോദി, തന്റെ സർക്കാരിന്റെ കാലത്ത് പ്രൊഫസർ സ്വാമിനാഥന് ഭാരതരത്നം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു.

"ഭക്ഷ്യ ഉൽപാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള പ്രചാരണത്തിന് ഡോ. എം.എസ്. സ്വാമിനാഥൻ നേതൃത്വം നൽകി", ഹരിത വിപ്ലവത്തിനപ്പുറത്തേക്ക് പ്രൊഫസർ സ്വാമിനാഥന്റെ വ്യക്തിത്വം വ്യാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വർദ്ധിച്ചുവരുന്ന രാസവസ്തുക്കളുടെ ഉപയോഗത്തിന്റെയും ഏകകൃഷിയുടെയും അപകടസാധ്യതകളെക്കുറിച്ച് പ്രൊഫസർ സ്വാമിനാഥൻ നിരന്തരം കർഷകരിൽ അവബോധം വളർത്തിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ധാന്യ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിച്ചിരുന്നപ്പോൾ തന്നെ,  പ്രൊഫസർ സ്വാമിനാഥൻ പരിസ്ഥിതിയെയും ഭൂമി മാതാവിനെയും കുറിച്ച്  ഒരുപോലെ ആശങ്കപ്പെട്ടിരുന്നതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ലക്ഷ്യങ്ങൾ സന്തുലിതമാക്കുന്നതിനും ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടുന്നതിനും, പ്രൊഫസർ സ്വാമിനാഥൻ നിത്യഹരിത വിപ്ലവം എന്ന ആശയം അവതരിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ സമൂഹങ്ങളെയും കർഷകരെയും ശാക്തീകരിക്കുന്നതിനാണ് പ്രൊഫസർ സ്വാമിനാഥൻ ജൈവ ഗ്രാമങ്ങൾ എന്ന ആശയം മുന്നോട്ടുവച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിറ്റി സീഡ് ബാങ്കുകൾ, അവസര വിളകൾ തുടങ്ങിയ നൂതന ആശയങ്ങൾ പ്രൊഫസർ സ്വാമിനാഥൻ പ്രോത്സാഹിപ്പിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

"കാലാവസ്ഥാ വ്യതിയാനത്തിനും പോഷകാഹാര വെല്ലുവിളികൾക്കുമുള്ള പരിഹാരങ്ങൾ തമസ്കരിക്കപ്പെട്ട  വിളകളിലാണ് എന്ന് ഡോ. എം. എസ്. സ്വാമിനാഥൻ വിശ്വസിച്ചിരുന്നു", കൃഷിയിൽ വരൾച്ചയെ പ്രതിരോധിക്കുന്നതിലും ലവണങ്ങളുടെ ആവശ്യകത ഉറപ്പുവരുത്തുന്നതിലും പ്രൊഫസർ സ്വാമിനാഥൻ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രൊഫസർ സ്വാമിനാഥൻ 'തിന' യിലും  'ശ്രീ അന്ന' യിലും  പ്രവർത്തിച്ചു തുടങ്ങിയത്  അവ അവഗണിക്കപ്പെട്ട ഒരു കാലഘട്ടത്തിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വർഷങ്ങൾക്ക് മുമ്പ്, കണ്ടൽക്കാടുകളുടെ ജനിതക ഗുണങ്ങൾ നെല്ലിലേക്ക് മാറ്റണമെന്ന് പ്രൊഫസർ സ്വാമിനാഥൻ നിർദ്ദേശിച്ചിരുന്നുവെന്നും ഇത് വിളകളെ കൂടുതൽ കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതാക്കാൻ സഹായിക്കുമെന്നും ശ്രീ മോദി അനുസ്മരിച്ചു. ഇന്ന്, കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തിൽ  മുൻഗണനാ വിഷയമായി  മാറുമ്പോൾ, പ്രൊഫസർ സ്വാമിനാഥന്റെ ചിന്ത എത്രത്തോളം ദീർഘവീക്ഷണമുള്ളതായിരുന്നുവെന്ന് വ്യക്തമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജൈവവൈവിധ്യം ആഗോളതലത്തിൽ ചർച്ചാ വിഷയമാണെന്നും അത് സംരക്ഷിക്കാൻ ഗവൺമെന്റുകൾ  വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു, അതേസമയം, ജൈവസന്തോഷം എന്ന ആശയം അവതരിപ്പിച്ചുകൊണ്ട് ഡോ. എം.എസ്. സ്വാമിനാഥൻ ഒരു പടി കൂടി മുന്നോട്ട് പോയി. ഇന്നത്തെ സമ്മേളനം ആ ആശയത്തിന്റെ ആഘോഷമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജൈവവൈവിധ്യത്തിന്റെ ശക്തി പ്രാദേശിക സമൂഹങ്ങളുടെ ജീവിതത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിശ്വസിച്ച ഡോ. സ്വാമിനാഥനെ ഉദ്ധരിച്ച്, പ്രാദേശിക വിഭവങ്ങൾ ഉപയോഗിക്കുന്നതിലൂടെ ജനങ്ങൾക്ക് പുതിയ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ആശയങ്ങൾ അടിസ്ഥാനതല പ്രവർത്തനങ്ങളിലേക്ക് വിവർത്തനം ചെയ്യാനുള്ള അതുല്യമായ കഴിവ് ഡോ. സ്വാമിനാഥനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കണ്ടെത്തലുകളുടെ പ്രയോജനങ്ങൾ കർഷകരിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡോ. സ്വാമിനാഥൻ തന്റെ ഗവേഷണ ഫൗണ്ടേഷനിലൂടെ നിരന്തരം പ്രവർത്തിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ചെറുകിട കർഷകർ, മത്സ്യത്തൊഴിലാളികൾ, ഗോത്ര സമൂഹങ്ങൾ എന്നിവർ ഡോ. സ്വാമിനാഥന്റെ ശ്രമങ്ങളിൽ നിന്ന് വളരെയധികം പ്രയോജനം നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രൊഫസർ സ്വാമിനാഥന്റെ പാരമ്പര്യത്തെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ എം.എസ്. സ്വാമിനാഥൻ ഭക്ഷ്യ-സമാധാന അവാർഡ് ആരംഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഭക്ഷ്യസുരക്ഷാ മേഖലയിൽ ഗണ്യമായ സംഭാവനകൾ നൽകിയ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് ഈ അന്താരാഷ്ട്ര അവാർഡ് നൽകുമെന്ന് പറഞ്ഞു. ഭക്ഷണവും സമാധാനവും തമ്മിലുള്ള ബന്ധം തത്വശാസ്ത്രപരമായി മാത്രമല്ല, പ്രായോഗികമായും ഉണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉപനിഷത്തുകളിൽ നിന്നുള്ള ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട്, ശ്രീ മോദി ഭക്ഷണത്തിന്റെ പവിത്രതയെ അടിവരയിട്ടു. ഭക്ഷണം ജീവൻ തന്നെയാണ്, അതിനെ ഒരിക്കലും അനാദരിക്കുകയോ അവഗണിക്കുകയോ ചെയ്യരുതെന്ന് ഉറപ്പിച്ചു പറഞ്ഞു. ഭക്ഷ്യ പ്രതിസന്ധി അനിവാര്യമായും ജീവിത പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാകുമ്പോൾ, ആഗോള അശാന്തി അനിവാര്യമാകുമെന്നും മുന്നറിയിപ്പ് നൽകിയ ശ്രീ മോദി, ഇന്നത്തെ ലോകത്ത് ഭക്ഷണത്തിനും സമാധാനത്തിനുമായുള്ള  എം.എസ്. സ്വാമിനാഥൻ  അവാർഡിന്റെ പ്രാധാന്യം അടിവരയിട്ടു. അവാർഡ് ആദ്യമായി ലഭിച്ച നൈജീരിയയിലെ പ്രൊഫസർ അഡെൻലെയെ പ്രധാനമന്ത്രി അഭിനന്ദിച്ചു, ബഹുമതിയുടെ സത്തയെ ഉദാഹരിക്കുന്ന പ്രവർത്തനങ്ങളിലൂടെ കഴിവുള്ള ഒരു ശാസ്ത്രജ്ഞനാണ് പ്രൊഫസർ അഡെൻലെയെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു.

"ഇന്ത്യൻ കാർഷിക മേഖല നിലവിൽ കീഴടക്കുന്ന ഉയരങ്ങൾ കാണുമ്പോൾ, ഡോ. എം. എസ്. സ്വാമിനാഥൻ എവിടെയായിരുന്നാലും തീർച്ചയായും അഭിമാനിക്കും", പാൽ, പയർവർഗ്ഗങ്ങൾ, ചണം എന്നിവയുടെ ഉൽപാദനത്തിൽ ഇന്ത്യ ഇന്ന് ഒന്നാം സ്ഥാനത്താണ് എന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. അരി, ഗോതമ്പ്, പരുത്തി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉൽപാദനത്തിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യ ഉൽപ്പാദക രാജ്യവുമാണ് ഇന്ത്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഇന്ത്യ ഇതുവരെയില്ലാത്ത വിധം ഭക്ഷ്യധാന്യ ഉൽപാദനം കൈവരിച്ചതായി പ്രധാനമന്ത്രി പങ്കുവെച്ചു. സോയാബീൻ, കടുക്, നിലക്കടല എന്നിവയുടെ ഉൽപാദനം റെക്കോർഡ് നിലവാരത്തിലെത്തിയതോടെ എണ്ണക്കുരുക്കളിലും ഇന്ത്യ റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

"കർഷകരുടെ ക്ഷേമമാണ് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന മുൻഗണന", ഇന്ത്യ ഒരിക്കലും കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കാർഷിക ചെലവുകൾ കുറയ്ക്കുന്നതിനും പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനുമുള്ള 
ഗവൺമെൻ്റിൻ്റെ  നിരന്തര ശ്രമങ്ങൾ അദ്ദേഹം ആവർത്തിച്ചു.

"ദേശീയ പുരോഗതിയുടെ അടിത്തറയായി കർഷകരുടെ ശക്തിയെ ഗവൺമെന്റ് എപ്പോഴും പരിഗണിച്ചിട്ടുണ്ട്", എന്ന് പ്രധാനമന്ത്രി പറഞ്ഞു, സമീപ വർഷങ്ങളിൽ രൂപീകരിച്ച നയങ്ങൾ സഹായത്തെക്കുറിച്ചുള്ളത് മാത്രമല്ല, കർഷകരിൽ ആത്മവിശ്വാസം വളർത്തുന്നതിനെക്കുറിച്ചുമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പിഎം-കിസാൻ സമ്മാൻ നിധി ചെറുകിട കർഷകരെ നേരിട്ടുള്ള സാമ്പത്തിക സഹായത്തിലൂടെ ശാക്തീകരിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രി ഫസൽ ബീമ യോജന കർഷകർക്ക് കാർഷികരംഗത്ത് നിന്നുണ്ടാകുന്ന  അപകടസാധ്യതകളിൽ നിന്ന് സംരക്ഷണം നൽകിയിട്ടുണ്ടെന്നും, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിലൂടെ ജലസേചന വെല്ലുവിളികൾ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 10,000 കർഷക ഉൽ‌പാദക സംഘടനകളുടെ (എഫ്‌പി‌ഒ)രൂപീകരണം  ചെറുകിട കർഷകരുടെ കൂട്ടായ ശക്തിയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾക്കും സ്വയം സഹായ ഗ്രൂപ്പുകൾക്കും സാമ്പത്തിക സഹായം നൽകുന്നത്  ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ആക്കം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇ-നാം പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പരാമർശിക്കുമ്പോൾ, പ്രധാനമന്ത്രി കിസാൻ സംമ്പദാ  യോജന പുതിയ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളുടെയും സംഭരണ അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം ത്വരിതപ്പെടുത്തിയപ്പോൾ, കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് എളുപ്പമാക്കിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. അടുത്തിടെ അംഗീകരിച്ച പിഎം ധൻ ധന്യ യോജന കൃഷി പിന്നാക്കം നിൽക്കുന്ന 100 ജില്ലകളെ ഉന്നമിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം അറിയിച്ചു. "ഈ ജില്ലകളിൽ സൗകര്യങ്ങളും സാമ്പത്തിക സഹായവും നൽകുന്നതിലൂടെ, ഗവൺമെന്റ് കൃഷിയിൽ പുതിയ ആത്മവിശ്വാസം വളർത്തുകയാണ്", പ്രധാനമന്ത്രി പറഞ്ഞു.

"ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും എല്ലാ തൊഴിലുകളുടെയും സംഭാവനയിലൂടെയാണ് ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുക", ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഡോ. എം.എസ്. സ്വാമിനാഥനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യയിലെ ശാസ്ത്രജ്ഞർക്ക് ഇപ്പോൾ ചരിത്രം സൃഷ്ടിക്കാൻ മറ്റൊരു അവസരം ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുൻ തലമുറയിലെ ശാസ്ത്രജ്ഞർ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു, നിലവിലെ ശ്രദ്ധ പോഷകാഹാര സുരക്ഷയിലേക്ക് മാറണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ജൈവ-ഫോർട്ടിഫൈഡ്, പോഷക സമ്പുഷ്ടമായ വിളകളുടെ വലിയ തോതിലുള്ള പ്രോത്സാഹനത്തിന് ആഹ്വാനം ചെയ്ത ശ്രീ മോദി, കൃഷിയിൽ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന് വാദിച്ചു. പ്രകൃതി കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, ഈ ദിശയിൽ കൂടുതൽ അടിയന്തിരവും മുൻകൈയെടുക്കുന്നതുമായ ശ്രമങ്ങൾ ആവശ്യമാണെന്ന് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ എല്ലാവർക്കും അറിയാമെന്ന് അംഗീകരിച്ച പ്രധാനമന്ത്രി, കൂടുതൽ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വിള ഇനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. വരൾച്ചയെ പ്രതിരോധിക്കുന്ന, ചൂടിനെ പ്രതിരോധിക്കുന്ന, വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വിളകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. വിള ഭ്രമണത്തെയും മണ്ണിന്റെ നിർദ്ദിഷ്ട അനുയോജ്യതയെയും കുറിച്ചുള്ള ഗവേഷണം വർദ്ധിപ്പിക്കണമെന്ന് ശ്രീ മോദി ആവശ്യപ്പെട്ടു, താങ്ങാനാവുന്ന വിലയിൽ മണ്ണ് പരിശോധനാ ഉപകരണങ്ങളും ഫലപ്രദമായ പോഷക പരിപാലന സാങ്കേതിക വിദ്യകളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ ജലസേചനത്തിനായുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഡ്രിപ്പ് സംവിധാനങ്ങളും കൃത്യതയുള്ള ജലസേചനവും കൂടുതൽ വ്യാപകവും ഫലപ്രദവുമാക്കണമെന്ന് പറഞ്ഞു. ഉപഗ്രഹ ഡാറ്റ, എഐ, മെഷീൻ ലേണിംഗ് എന്നിവ കാർഷിക സംവിധാനങ്ങളിൽ സംയോജിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, വിള വിളവ് പ്രവചിക്കുന്നതും കീടങ്ങളെ നിരീക്ഷിക്കുന്നതും വിതയ്ക്കൽ രീതികൾ നയിക്കുന്നതുമായ ഒരു സംവിധാനം വികസിപ്പിക്കാൻ കഴിയുമോ എന്നും അത്തരമൊരു തത്സമയ തീരുമാന പിന്തുണാ സംവിധാനം എല്ലാ ജില്ലകളിലും പ്രാപ്യമാക്കാൻ കഴിയുമോ എന്നും ശ്രീ മോദി ചോദിച്ചു. കാർഷിക-സാങ്കേതിക സ്റ്റാർട്ടപ്പുകളെ തുടർച്ചയായി നയിക്കാൻ പ്രധാനമന്ത്രി വിദഗ്ധരോട് അഭ്യർത്ഥിച്ചു. കാർഷിക വെല്ലുവിളികൾ പരിഹരിക്കുന്നതിനായി നൂതന ആശയങ്ങളോടെ ധാരാളം യുവാക്കൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ മാർഗ്ഗനിർദ്ദേശത്തോടെ, ഈ യുവാക്കൾ വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങൾ കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഇന്ത്യയിലെ കാർഷിക സമൂഹങ്ങൾക്ക് പരമ്പരാഗത അറിവിന്റെ സമ്പന്നമായ ഒരു കലവറയുണ്ട്. പരമ്പരാഗത ഇന്ത്യൻ കാർഷിക രീതികളെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിക്കുന്നതിലൂടെ, സമഗ്രമായ ഒരു വിജ്ഞാന അടിത്തറ സൃഷ്ടിക്കാൻ കഴിയും", പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വിള വൈവിധ്യവൽക്കരണം ഒരു ദേശീയ മുൻഗണനയാണെന്ന് അടിവരയിട്ട ശ്രീ മോദി, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കർഷകരെ അറിയിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വൈവിധ്യവൽക്കരണത്തിന്റെ ഗുണങ്ങളെക്കുറിച്ചും അത് സ്വീകരിക്കാത്തതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും കർഷകരെ ബോധവാന്മാരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ശ്രമത്തിൽ വിദഗ്ധർക്ക് വളരെ ഫലപ്രദമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2024 ഓഗസ്റ്റ് 11-ന് പുസ കാമ്പസിലേക്കുള്ള തന്റെ സന്ദർശനത്തെ അനുസ്മരിച്ചുകൊണ്ട്, കാർഷിക സാങ്കേതികവിദ്യയെ ലാബിൽ നിന്ന് പാടത്തേക്ക്  കൊണ്ടുപോകുന്നതിനുള്ള തീവ്രമായ ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്ത ശ്രീ മോദി, 2025 മെയ്, ജൂൺ മാസങ്ങളിൽ "വികസിത്  കൃഷി സങ്കൽപ്പ് അഭിയാൻ" ആരംഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. ആദ്യമായി 700-ലധികം ജില്ലകളിലായി 2,200-ലധികം ശാസ്ത്രജ്ഞരുടെ സംഘങ്ങൾ പങ്കെടുത്തതായി അദ്ദേഹം എടുത്തുപറഞ്ഞു. 60,000-ത്തിലധികം പരിപാടികൾ നടത്തിയതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ ശ്രമങ്ങൾ ഏകദേശം 1.25 കോടി കർഷകരുമായി ശാസ്ത്രജ്ഞരെ നേരിട്ട് ബന്ധിപ്പിച്ചതായി പറഞ്ഞു. കർഷകരിലേക്ക് ശാസ്ത്രീയ അറിവുകൾ  വ്യാപിപ്പിക്കുന്നതിനുള്ള വളരെ അഭിനന്ദനീയമായ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു.

"കൃഷി വെറും വിളകളെക്കുറിച്ചുള്ളത് മാത്രമല്ല , ജീവിതത്തെക്കുറിച്ചുള്ളതുകൂടിയാണെന്ന്  ഡോ. എം. എസ്. സ്വാമിനാഥൻ നമ്മെ പഠിപ്പിച്ചു", കൃഷി ജനങ്ങളുടെ ഉപജീവനമാർഗ്ഗമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടെയും അന്തസ്സ്, ഓരോ സമൂഹത്തിന്റെയും അഭിവൃദ്ധി, പ്രകൃതി സംരക്ഷണം എന്നിവയാണ് ഗവൺമെൻ്റിൻ്റെ  കാർഷിക നയത്തിന്റെ ശക്തിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ശാസ്ത്രത്തെയും സമൂഹത്തെയും ഒരു പൊതു നൂലിലൂടെ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ചെറുകിട കർഷകരുടെ താൽപ്പര്യങ്ങൾക്ക് മുൻ‌ഗണന നൽകണമെന്ന് പ്രസ്താവിച്ചു. വയലുകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, രാഷ്ട്രം ഈ ദർശനവുമായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു, ഡോ. സ്വാമിനാഥന്റെ പ്രചോദനം എല്ലാവരെയും നയിക്കുന്നത് തുടരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ; നിതി ആയോഗ് അംഗം ഡോ. രമേശ് ചന്ദ്; എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ശ്രീമതി സൗമ്യ സ്വാമിനാഥൻ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ന്യൂഡൽഹിയിലെ ഐസിഎആർ പുസയിൽ ഇന്ന് നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രൊഫ. സ്വാമിനാഥന്റെ ആജീവനാന്ത സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതാണ് "നിത്യഹരിത വിപ്ലവം, ജൈവ സന്തോഷത്തിലേക്കുള്ള പാത" എന്ന സമ്മേളനം. ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, വികസന പ്രൊഫഷണലുകൾ, മറ്റ് പങ്കാളികൾ എന്നിവർക്ക് 'നിത്യഹരിത വിപ്ലവം' എന്ന തത്വങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും അവധാനപൂർവ്വം ചിന്തിക്കാനും സമ്മേളനം അവസരം നൽകും. ജൈവവൈവിധ്യത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സുസ്ഥിര മാനേജ്മെന്റ്; ഭക്ഷ്യ-പോഷകാഹാര സുരക്ഷയ്ക്കായി സുസ്ഥിര കൃഷി; കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിലൂടെ കാലാവസ്ഥാ പ്രതിരോധശേഷി ശക്തിപ്പെടുത്തുക; സുസ്ഥിരവും തുല്യവുമായ ഉപജീവനമാർഗ്ഗത്തിനായി ഉചിതമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുക; വികസന ചർച്ചകളിൽ യുവാക്കൾ, സ്ത്രീകൾ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവരെ ഉൾപ്പെടുത്തുക എന്നിവയാണ് ചർച്ച ചെയ്യപ്പെടുന്ന  പ്രധാന വിഷയങ്ങൾ.

പ്രൊഫസർ എം.എസ്.  സ്വാമിനാഥന്റെ പാരമ്പര്യത്തെ ആദരിക്കുന്നതിനായി , എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും (എം.എസ്.എസ്.ആർ.എഫ്) വേൾഡ് അക്കാദമി ഓഫ് സയൻസസും  (ടി.ഡബ്ല്യു.എ.എസ്)ചേർന്ന്, എം.എസ്. സ്വാമിനാഥൻ അവാർഡ് ഫോർ ഫുഡ് ആൻഡ് പീസ് ആരംഭിച്ചു. പ്രധാനമന്ത്രി ചടങ്ങിൽ വെച്ച്  അവാർഡ് ജേതാവിന്(നൈജീരിയയിലെ പ്രൊഫസർ അഡെൻലെ)ആദ്യ അവാർഡ് സമ്മാനിച്ചു. ശാസ്ത്രീയ ഗവേഷണം, നയ വികസനം, അടിസ്ഥാനതല ഇടപെടൽ അല്ലെങ്കിൽ പ്രാദേശിക ശേഷി വികസനം എന്നിവയിലൂടെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥാ നീതി, തുല്യത, ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സമൂഹങ്ങൾക്കായി സമാധാനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനും മികച്ച സംഭാവനകൾ നൽകിയ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളെ ഈ അന്താരാഷ്ട്ര അവാർഡ് അംഗീകരിക്കും.

 

 

***

SK


(Release ID: 2153535)