വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യാ പോസ്റ്റ്, രാജ്യ വ്യാപകമായി ആധുനിക പോസ്റ്റൽ സാങ്കേതികവിദ്യയിലേക്ക് (APT) പരിവർത്തനം ചെയ്യുന്നു

Posted On: 06 AUG 2025 12:15PM by PIB Thiruvananthpuram
ഐടി 2.0 പ്രകാരമുള്ള ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി, ഇന്ത്യാ പോസ്റ്റ് രാജ്യവ്യാപകമായി ആധുനിക പോസ്റ്റൽ സാങ്കേതികവിദ്യ (Advanced Postal Technology-APT) ആപ്ലിക്കേഷൻ വിപുലമായി നടപ്പാക്കുന്നു. പരമ്പരാഗത സംവിധാനത്തിൽ നിന്നുള്ള ഈ മാറ്റം വേഗതയേറിയതും സമർഥവും കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതവുമായ തപാൽ സേവനങ്ങൾ നൽകുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്.
 
നഗര, ഗ്രാമ, വിദൂര പ്രദേശങ്ങളിലെ 1.64 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളിലായി വ്യാപിച്ചുകിടക്കുന്ന തപാൽ ശൃംഖലയിൽ ഈ മാറ്റം നടപ്പിലാക്കുക എന്ന വളരെ വിപുലവും സങ്കീർണവുമായ നടപടിയുടെ ഭാഗമായി, ആദ്യ ദിവസം ( 04.08.2025 ന് ) പ്രവർത്തനങ്ങൾ മന്ദഗതിയിലായതായി 
 നിരീക്ഷിക്കപ്പെട്ടു. എന്നാൽ, സാങ്കേതിക സംഘം 24 മണിക്കൂറും പ്രവർത്തിക്കുകയും 05.08.2025 ഓടെ പ്രവർത്തനങ്ങളിലെ കാലതാമസം പരിഹരിക്കുകയും ചെയ്തു.
 
ഈ സാങ്കേതികവിദ്യ മാറ്റത്തിന്റെ  വ്യാപ്തിയും സങ്കീർണ്ണതയും കാരണം അത്തരം വെല്ലുവിളികൾ മുൻകൂട്ടി കണ്ടുകൊണ്ട്, പ്രായോഗിക പ്രശ്നങ്ങൾ ഉടനടി കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി തപാൽ വകുപ്പ് ഇതിനകം തത്സമയ നിരീക്ഷണ സംവിധാനങ്ങളെയും പ്രത്യേക സഹായ സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട് . ഇടപാടുകളിലെ വേഗത, ഡിജിറ്റൽ പേയ്‌മെന്റ് സംയോജനം, തത്സമയ ട്രാക്കിംഗ്, ഉപയോക്തൃ അനുഭവം എന്നിവയിൽ നൂതന എ പി ടി സംവിധാനം ഇപ്പോൾ ശ്രദ്ധേയമായ പുരോഗതി പ്രദർശിപ്പിക്കുന്നു. 05.08.2025 ന് ഇന്ത്യയിലുടനീളം 20 ലക്ഷത്തിലധികം തപാൽ സാമഗ്രികൾ  ബുക്ക് ചെയ്യുകയും 25 ലക്ഷത്തിലധികം തപാൽ  സാമഗ്രികൾ    പുതിയ ആപ്ലിക്കേഷൻ വഴി വിതരണം ചെയ്യുകയും ചെയ്തു.
 
 സുഗമമായ പൊതുജനസേവനം ഉറപ്പാക്കാൻ ഇന്ത്യാ പോസ്റ്റ് പ്രതിജ്ഞാബദ്ധമാണ്. പുതിയ ആപ്ലിക്കേഷന്റെ പ്രവർത്തനം വകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സുഗമവും കാര്യക്ഷമവുമായ നിർവഹണം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുന്നു. ഈ നിർണായക ഡിജിറ്റൽ പരിഷ്കരണ പ്രക്രിയയിൽ ഉപഭോക്താക്കൾ പ്രദർശിപ്പിച്ച ക്ഷമയ്ക്കും സഹകരണത്തിനും തപാൽ വകുപ്പ് ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തി.
 
***
 

(Release ID: 2152970)