ആഭ്യന്തരകാര്യ മന്ത്രാലയം
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഇന്ന് രാജ്യസഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ പങ്കെടുത്തു
Posted On:
30 JUL 2025 11:00PM by PIB Thiruvananthpuram
പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ വിജയകരവും ശക്തവും നിർണ്ണായകവുമായ പ്രതികരണമായ 'ഓപ്പറേഷൻ സിന്ദൂറി'നെ കുറിച്ച് ഇന്ന് രാജ്യസഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പങ്കെടുത്തു.
ചർച്ചയ്ക്കുള്ള മറുപടിയിൽ, പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ പൗരൻമാരുടെ കുടുംബങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഓപ്പറേഷൻ സിന്ദൂറിലൂടെയും ഓപ്പറേഷൻ മഹാദേവിലൂടെയും രാജ്യത്തിന്റെ സുരക്ഷാ സേന ഇന്ത്യയുടെ ആത്മാഭിമാനം വർദ്ധിപ്പിച്ചിവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങളുടെ ആഗ്രഹപ്രകാരം പാകിസ്ഥാന് ഉചിതമായ മറുപടി നൽകാൻ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിച്ചു.
ജൂലൈ 28ന് ഓപ്പറേഷൻ മഹാദേവിന്റെ കീഴിൽ, സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് ലഷ്കർ ഭീകരരെ നമ്മുടെ സുരക്ഷാ സേന കശ്മീരിൽ വധിച്ചതായും പഹൽഗാം ആക്രമണത്തിന് പിന്നിൽ ലഷ്കർ ആണെന്ന് സ്ഥിരീകരിച്ചതായും ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' വഴി ഭീകരരുടെ നേതാക്കളെ വധിച്ചുവെന്നും 'ഓപ്പറേഷൻ മഹാദേവ്' വഴി പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ ഇല്ലാതാക്കിയതായും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏതൊരു ഭീകരാക്രമണത്തിനും ഏറ്റവും കൃത്യവും വേഗത്തിലുള്ളതുമായ മറുപടിയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സുരക്ഷാ സേന ഓപ്പറേഷൻ സിന്ദൂറിലൂടെയും ഓപ്പറേഷൻ മഹാദേവിലൂടെയും നൽകിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറിന്റെ സംഘടനയായ ടിആർഎഫ് ഏറ്റെടുത്തിരുന്നതായി അദ്ദേഹം പറഞ്ഞു. സംഭവ ദിവസം തന്നെ അവിടെ എത്തി സുരക്ഷാ സാഹചര്യം അവലോകനം ചെയ്തതായും ഭീകരർ രാജ്യം വിടുന്നത് തടയാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ നിന്ന് ഒരു 19 M-4 കാർബൈൻ, രണ്ട് AK 47 എന്നിങ്ങനെ മൂന്ന് റൈഫിളുകൾ കണ്ടെടുത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു. പഹൽഗാം ആക്രമണത്തിനുശേഷം, ബൈസരൻ താഴ്‌വരയിൽ നിന്ന് NIA വെടിയുണ്ടകളുടെ ഒഴിഞ്ഞ കവചം കണ്ടെടുത്തതായും അവ ഫോറൻസിക് സയൻസ് ലാബിൽ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. പരിശോധനയിൽ, ഈ മൂന്ന് റൈഫിളുകളും പഹൽഗാം ആക്രമണത്തിൽ ഉപയോഗിച്ചതാണെന്ന് നൂറു ശതമാനം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ വെടിയുണ്ട കവചങ്ങളിൽ 44 എണ്ണം 19 M-4 കാർബൈനുകളുടേതാണെന്നും 25 എണ്ണം AK 47 റൈഫിളുകളുടേതാണെന്നും കണ്ടെത്തി. ദേശീയ അന്വേഷണ ഏജൻസി സമഗ്രമായ അന്വേഷണം നടത്തി 1055 പേരുടെ മൊഴിയെടുത്തു. സംശയിക്കപ്പെടുന്നവരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കിയതായും അവർക്ക് അഭയം നൽകിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ശ്രീ ഷാ പറഞ്ഞു.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിക്കാൻ മെയ് 22 മുതൽ ജൂലൈ 22 വരെ നമ്മുടെ ഏജൻസികൾ തുടർച്ചയായ ശ്രമങ്ങൾ നടത്തിയതായി ശ്രീ അമിത് ഷാ പറഞ്ഞു. ജൂലൈ 22 ന് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്നും, ആർമിയുടെ 4 പാരായുടെ നേതൃത്വത്തിൽ, സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി ഭീകരരെ വളഞ്ഞുവെന്നും, ജൂലൈ 28 ന് നടത്തിയ ഓപ്പറേഷനിലൂടെ, നിരപരാധികളായ പൗരന്മാർക്ക് ജീവഹാനി വരുത്തിയ മൂന്ന് ഭീകരരെയും ഉന്മൂലനം ചെയ്തതായും അദ്ദേഹം പറഞ്ഞു.
സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ (CCS) യോഗം ഏപ്രിൽ 23 ന് വിളിച്ചുചേർത്തു. ഇന്ത്യയുടെ അതിർത്തി, സൈന്യം, പൗരന്മാർ, പരമാധികാരം എന്നിവയിൽ ഇടപെട്ടാൽ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് പാകിസ്ഥാന് മാത്രമല്ല, ലോകത്തിനാകെ ശക്തമായ സന്ദേശം നൽകിയതായും ശ്രീ അമിത് ഷാ പറഞ്ഞു. CCS യോഗത്തിൽ, 1960-ലെ സിന്ധു നദീജല കരാർ റദ്ദാക്കി,തത്സമയം പ്രാബല്യത്തിൽ വരുത്തിയതായി അദ്ദേഹം പറഞ്ഞു. ഇതിനുശേഷം, അട്ടാരിയിൽ പ്രവർത്തിക്കുന്ന സംയോജിത ചെക്ക് പോസ്റ്റ് അടച്ചുപൂട്ടി. പാകിസ്ഥാൻ പൗരന്മാരുടെ SAARC വിസകൾ താൽക്കാലികമായി നിർത്തിവച്ച് എല്ലാവരെയും പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന അവരുടെ പ്രതിരോധ, സൈനിക, നാവിക ഉപദേഷ്ടാക്കളെ അഭികാമ്യരല്ലാത്ത വ്യക്തികളായി പ്രഖ്യാപിക്കുകയും അവരുടെ എണ്ണം 55 ൽ നിന്ന് 30 ആയി കുറയ്ക്കുകയും ചെയ്തു.
ഭീകരവാദികളെ അയച്ചവരെയും ഭീകര പ്രവർത്തനങ്ങൾ നടത്തിയവരെയും ശിക്ഷിക്കുമെന്ന് CCS യോഗത്തിൽ തീരുമാനിക്കുകയും ഇതിന് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീ മോദി ഏപ്രിൽ 30 ന്,സായുധ സേനയ്ക്ക് 'പ്രവർത്തന സ്വാതന്ത്ര്യം' നൽകിയതായും തിരിച്ചടിയ്ക്കായുള്ള ലക്ഷ്യം, രീതി, സ്ഥലം, സമയം എന്നിവ പ്രതിരോധ മന്ത്രാലയവും സൈന്യവും ചേർന്ന് നിശ്ചയിക്കാൻ തീരുമാനിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
മെയ് 7 ന് പുലർച്ചെ 1:04 ന് പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടു.അതിൽ കുറഞ്ഞത് 100 ഭീകരർ കൊല്ലപ്പെട്ടു. മോദി ഗവണ്മെന്റും നമ്മുടെ സേനയും ചേർന്ന് ലഷ്കർ, ജയ്ഷ്, ഹിസ്ബുൾ എന്നിവയുടെ ആസ്ഥാനം നശിപ്പിക്കുക എന്ന ദൗത്യം പൂർത്തിയാക്കിയതായും ശ്രീ അമിത് ഷാ പറഞ്ഞു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ നമ്മൾ ആക്രമിച്ചുവെന്നും എന്നാൽ അത് പാകിസ്ഥാൻ അവർക്കെതിരെയുള്ള ആക്രമണമായി സ്വയം കണക്കാക്കിയതായും, മെയ് 8 ന് പാകിസ്ഥാൻ നമ്മുടെ താമസസ്ഥലങ്ങളും സൈനിക സ്ഥാപനങ്ങളും ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ നശിപ്പിച്ചുവെന്നും ഭീകരതയ്ക്ക് ഉചിതമായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇതിനുശേഷം പാകിസ്ഥാൻ നമുക്ക് മുന്നിൽ മുട്ട്കുത്തിയതയും ആക്രമണങ്ങൾ നിർത്താൻ അപേക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരതയുടെ ശക്തി കേന്ദ്രത്തിനെതിരെ ഇന്ത്യ നടത്തുന്ന ആദ്യത്തെ ആക്രമണമാണ് 'ഓപ്പറേഷൻ സിന്ദൂർ' എന്ന് അദ്ദേഹം പരാമർശിച്ചു.
മോദി ഗവണ്മെന്റിന്റെ നയങ്ങൾ കാരണം കശ്മീരിൽ ഭീകരവാദം 70% കുറഞ്ഞുവെന്നും സമാധാനത്തിലേക്ക് നീങ്ങുകയാണെന്നും ശ്രീ അമിത് ഷാ പറഞ്ഞു. മുമ്പ് പുറത്തുനിന്നുള്ള ഭീകരരല്ല , കശ്മീരി യുവാക്കളാണ് തോക്കുകൾ എടുക്കാറുണ്ടായിരുന്നത്. ഇപ്പോൾ ഒരു കശ്മീരി യുവാവ് പോലും ഭീകരവാദ സംഘടനകളിൽ ചേരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അനുഛേദം 370 റദ്ദാക്കിയത് കശ്മീരിലെ വിഘടനവാദത്തെയും ഭീകരവാദത്തെയും ഇല്ലാതാക്കിയതായി അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടതായും ഇന്ത്യൻ സൈന്യത്തിന്റെ ധീരത പ്രകടമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ "ആത്മനിർഭർ ഭാരത്" വഴി നമ്മുടെ സൈനിക ഉപകരണങ്ങളുടെ കയറ്റുമതി വർദ്ധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ അക്രമ സംഭവങ്ങളും നക്സലിസവും 75% കുറയ്ക്കാനായി എന്നത് മോദി ഗവണ്മെന്റിന്റെ വലിയ നേട്ടമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് കീഴിൽ സ്വയം പ്രതിരോധത്തിനായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ ഭീകരതയുടെ വേരുകൾ ഉന്മൂലനം ചെയ്യപ്പെട്ടെന്നും ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ നിരോധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 75 പാകിസ്ഥാൻ അനുകൂല ജീവനക്കാരെ മോദി ഗവണ്മെന്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളും പരിശീലന ക്യാമ്പുകളും നശിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 53 പദ്ധതികളിലൂടെ കശ്മീരിൽ 59,000 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും ഇത് നവീന വികസനത്തിന് വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു.ഭീകരവാദത്തെ, പ്രതിപക്ഷ പാർട്ടികൾ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഉറി ആക്രമണം നടന്നപ്പോൾ ഞങ്ങൾ ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തി, പുൽവാമ ആക്രമണത്തിന് മറുപടിയായി ഒരു വ്യോമാക്രമണം നടത്തി. പഹൽഗാമിന് ശേഷം, ഞങ്ങൾ അവരുടെ പ്രദേശത്തേക്ക് കടന്നുചെന്ന് അവരെ ഇല്ലാതാക്കിയെന്ന് ശ്രീ ഷാ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: https://www.pib.gov.in/PressReleseDetail.aspx?PRID=2150501
******
(Release ID: 2150576)
|