ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന ബാങ്കിംഗ് ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥകൾ

ബാങ്കുകളുടെ ഭരണനിർവ്വഹണം മെച്ചപ്പെടുത്തുക, നിക്ഷേപകരെ സംരക്ഷിക്കുക, പൊതുമേഖലാ ബാങ്കുകളുടെ ഓഡിറ്റ് മെച്ചപ്പെടുത്തുക, ഭരണഘടനാ മാനദണ്ഡങ്ങൾക്കനുസൃതമായി സഹകരണ ബാങ്കുകളെ വിന്യസിക്കുക എന്നിവയാണ് 2025 ലെ ബാങ്കിംഗ് ഭേദഗതി നിയമത്തിലൂടെ ലക്ഷ്യമിടുന്നത്

Posted On: 30 JUL 2025 7:56PM by PIB Thiruvananthpuram
2025 ഏപ്രിൽ 15-ന് ബാങ്കിംഗ് ഭേദഗതി നിയമം 2025 വിജ്ഞാപനം ചെയ്യപ്പെട്ടു. അഞ്ച് നിയമങ്ങളിലായി ആകെ 19 ഭേദഗതികൾ ഉൾപ്പെടുന്നു - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം 1934, ബാങ്കിംഗ് റെഗുലേഷൻ നിയമം 1949, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം 1955, ബാങ്കിംഗ് കമ്പനീസ് (അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിംഗ്സ്) നിയമം 1970, 1980 എന്നിവയിലാണ് ഭേദഗതികൾ കൊണ്ടുവന്നത്.

ബാങ്കിംഗ് മേഖലയിലെ ഭരണ നിലവാരം മെച്ചപ്പെടുത്തുക, ചെറുകിട നിക്ഷേപകർക്കും വൻകിട നിക്ഷേപകർക്കും മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കുക, പൊതുമേഖലാ ബാങ്കുകളിലെ ഓഡിറ്റ് ഗുണനിലവാരം മെച്ചപ്പെടുത്തുക, സഹകരണ ബാങ്കുകളിലെ ചെയർപേഴ്‌സണും മുഴുവൻ സമയ ഡയറക്ടർമാരും ഒഴികെയുള്ള ഡയറക്ടർമാരുടെ  കാലാവധി വർദ്ധിപ്പിക്കുക എന്നിവയാണ് 2025-ലെ ബാങ്കിംഗ് ഭേദഗതി നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

2025ലെ ബാങ്കിംഗ് ഭേദഗതി നിയമത്തിലെ (2025 ലെ 16) സെക്ഷൻ 3, 4, 5, 15, 16, 17, 18, 19, 20 എന്നിവയിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്ന തീയതിയായി 2025 ഓഗസ്റ്റ് 1 ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു, 2025 ജൂലൈ 29 ലെ ഗസറ്റ് വിജ്ഞാപനം S.O. 3494(E) മുഖേന ഇത് പ്രഖ്യാപിച്ചു.

i. മുകളിൽ സൂചിപ്പിച്ച വ്യവസ്ഥകൾ, 1968 മുതൽ മാറ്റമില്ലാതെ തുടർന്ന് വരുന്ന 'ഗണ്യമായ പലിശ' പരിധി ₹5 ലക്ഷത്തിൽ നിന്ന് ₹2 കോടിയായി പുനഃക്രമീകരിക്കാൻ ലക്ഷ്യമിടുന്നു.

ii. കൂടാതെ, 97-ാമത് ഭരണഘടനാഭേദഗതിക്ക് അനുപൂരകമായി ഈ വ്യവസ്ഥകൾ സഹകരണ ബാങ്കുകളിലെ ഡയറക്ടർമാരുടെ പരമാവധി കാലാവധി 8 വർഷത്തിൽ നിന്ന് 10 വർഷമായി (ചെയർപേഴ്‌സണെയും മുഴുവൻ സമയ ഡയറക്ടറെയും ഒഴികെ) ദീർഘിപ്പിച്ചു.

iii. പൊതുമേഖലാ ബാങ്കുകൾക്ക് ഇപ്പോൾ അവകാശികളില്ലാത്ത ഓഹരി, പലിശ, ബോണ്ട് റിഡംപ്ഷൻ തുകകൾ നിക്ഷേപക വിദ്യാഭ്യാസ, സംരക്ഷണ ഫണ്ടിലേക്ക് (Investor Education and Protection Fund - IEPF) കൈമാറാൻ അനുവാദമുണ്ട്. ഇത് കമ്പനി നിയമപ്രകാരം പിന്തുടരുന്ന രീതികൾക്ക് അനുസൃതമാക്കിയിട്ടുണ്ട്. നിയമാനുസൃത ഓഡിറ്റർമാർക്ക് പ്രതിഫലം നൽകാനും ഉന്നത നിലവാരമുള്ള ഓഡിറ്റ് പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തുന്നത് സുഗമമാക്കാനും ഓഡിറ്റ് മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താനും ഈ ഭേദഗതികൾ പൊതുമേഖലാ ബാങ്കുകളെ (PSB) അധികാരപ്പെടുത്തുന്നു.

ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ നിയമ, നിയന്ത്രണ, ഭരണ നിർവ്വഹണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയിലാണ് ഈ വ്യവസ്ഥകൾ നടപ്പിലാക്കുന്നത്.

(Release ID: 2150518)