രാജ്യരക്ഷാ മന്ത്രാലയം
ഏതൊരു രൂപത്തിലുമുള്ള ഭീകരവാദത്തെയും ഉന്മൂലനം ചെയ്യാൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്: രക്ഷാമന്ത്രി രാജ്യസഭയിൽ
“ഓപ്പറേഷൻ സിന്ദൂർ, മൃദുലമായ രാജ്യത്തെ ഒരു സാധാരണ പൗരനെ കരുത്തുറ്റ രാജ്യ ത്തെ അഭിമാനമുള്ള പൗരനാക്കി മാറ്റി”
Posted On:
29 JUL 2025 5:15PM by PIB Thiruvananthpuram
“ഇന്ന്, ഇന്ത്യയ്ക്ക് ഭീകവാദത്തിന്റെ വേരറ്റം വരെ ചെന്ന് അതിനെ ഉന്മൂലനം ചെയ്യാൻ കഴിയും,” 2025 ജൂലൈ 29 ന് രാജ്യസഭയിൽ രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. എല്ലാ രൂപത്തിലും രീതിയിലുമുള്ള ഭീകരതയെയും ഉന്മൂലനം ചെയ്യാൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ് എന്ന് രക്ഷാമന്ത്രി ആവർത്തിച്ചു. ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അതേസമയം, ഭീകരവാദത്തെ ഫലപ്രദമായി നേരിടുന്നതിനും ഗവണ്മെന്റ് ഒരു പുതിയ തന്ത്രം സ്വീകരിച്ചിട്ടുണ്ടെന്ന് രക്ഷാമന്ത്രി സ്ഥിരീകരിച്ചു. ഇന്ത്യയുടെ സൈനിക ശേഷി, ദേശീയ ചിന്ത, ധാർമ്മികത, രാഷ്ട്രീയ വിവേകം എന്നിവയുടെ പ്രതിഫലനം എന്നാണ് ഓപ്പറേഷൻ സിന്ദൂറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇത് ഒരു മൃദുല രാജ്യത്തെ സാധാരണ പൗരനെ കരുത്തുറ്റ ഒരു രാജ്യത്തിന്റെ അഭിമാനമുള്ള പൗരനാക്കി മാറ്റി.
അതിർത്തികൾ സംരക്ഷിക്കുക മാത്രമല്ല, തന്ത്രപരവും സാമ്പത്തികവും സാങ്കേതികവുമായ കാഴ്ചപ്പാടിൽ നിന്ന് രാജ്യത്തെ ശക്തമാക്കുന്ന ഒരു സംവിധാനം ഗവണ്മെന്റ് സൃഷ്ടിക്കുന്നുണ്ടെന്ന് രക്ഷാ മന്ത്രി എടുത്തു പറഞ്ഞു. “പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഇനി എല്ലായ്‌പ്പോഴും സഹനപാതയിൽ തുടരില്ലെന്നും, ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള ആണവ ഭീഷണിക്കോ മറ്റ് സമ്മർദ്ദങ്ങൾക്കോ ഇന്ത്യ വഴങ്ങില്ല,” അദ്ദേഹം വ്യക്തമാക്കി
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല,തല്ക്കാലം നിർത്തിവച്ചിരിക്കുക മാത്രമാണെന്നും പാകിസ്ഥാൻ വീണ്ടും ഏതെങ്കിലും അധാർമിക പ്രവൃത്തി നടത്താൻ ശ്രമിച്ചാൽ, കൂടുതൽ തീവ്രവും നിർണ്ണായകവുമായ നടപടികൾക്ക് ഇന്ത്യ പൂർണ്ണമായും തയ്യാറാണെന്നും ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. “ഏത് സാഹചര്യത്തെയും നേരിടാനുള്ള ശക്തിയും ശേഷിയും ഇന്ത്യൻ സായുധ സേനയ്ക്കുണ്ടെന്ന് പാകിസ്ഥാനും അധാർമിക പ്രവർത്തനങ്ങൾക്ക് ശ്രമിക്കുന്ന ഏതൊരു രാജ്യവും മനസ്സിലാക്കണം,” അദ്ദേഹം പറഞ്ഞു
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാക് അധീന കാശ്മീർ (PoK) തിരിച്ചുപിടിക്കേണ്ടതായിരുന്നു എന്ന ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന അഭിപ്രായത്തെക്കുറിച്ച് “പാക് അധീന കാശ്മീരിലെ ജനങ്ങൾ വീണ്ടും ഇന്ത്യയുടെ ഭാഗമാകുന്ന ദിനം വിദൂരമല്ല” എന്ന് രക്ഷാ മന്ത്രി പറഞ്ഞു.
ഭീകരതയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. നാശത്തിനായുള്ള ഒരു മഹാമാരിയാണ് ഇതെന്നും അതിന്റെ നിലനിൽപ്പ് സമാധാനത്തിനും വികസനത്തിനും പുരോഗതിക്കും വെല്ലുവിളി ഉയർത്തുന്നതിനാൽ അതിനെ നിലനിൽക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രക്തച്ചൊരിച്ചിലിലൂടെയും അക്രമത്തിലൂടെയും ഒന്നും നേടാനാവില്ലെന്നും മതപരമോ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ ഒരു കാരണവും കൊണ്ട് ഭീകരവാദത്തെ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യയും പാകിസ്ഥാനും ഒരേ സമയത്താണ് സ്വാതന്ത്ര്യം നേടിയത്. എന്നാൽ ഇന്ന് ഇന്ത്യ "ജനാധിപത്യത്തിന്റെ മാതാവ്" എന്നും പാകിസ്ഥാൻ "ആഗോള ഭീകരതയുടെ പിതാവ്" എന്നും അന്താരാഷ്ട്രതലത്തിൽ വിശേഷിപ്പിക്കപ്പെടുന്നതായി രക്ഷാ മന്ത്രി ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ എല്ലായ്പ്പോഴും ഭീകരരെ സംരക്ഷിക്കുന്നുണ്ടെന്നും, പാകിസ്ഥാൻ പിന്തുണയുള്ള ഭീകര പ്രവർത്തകർ നടത്തുന്ന കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയിലെ ഒരു ഉദാഹരണം മാത്രമാണ് പഹൽഗാം സംഭവമെന്നും അദ്ദേഹം പറഞ്ഞു.
"പാകിസ്ഥാൻ എപ്പോഴും ഭീകരവാദത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. അതിനാൽ, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ, ഭീകരരെ മാത്രമല്ല, ഭീകര പ്രവർത്തനങ്ങൾക്കുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സമ്പൂർണ്ണമായി നശിപ്പിക്കേണ്ടത് പ്രധാനമാണ്. അതുകൊണ്ടാണ് ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുന്നുവെന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത്," ശ്രീ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
പാകിസ്ഥാനെ തീവ്രവാദത്തിന്റെ പോഷകകേന്ദ്രമായി വിശേഷിപ്പിച്ച രക്ഷാ മന്ത്രി അതിനെവളർത്തരുതെന്നും അതിനായി അന്താരാഷ്ട്ര സമൂഹത്തോട് വിദേശ ധനസഹായം നിർത്തണമെന്നും ആവശ്യപ്പെട്ടു. പാകിസ്ഥാന് ധനസഹായം നൽകുന്നത് ഭീകര പ്രവർത്തനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് ധനസഹായം നൽകുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ഭീകരവാദ വിരുദ്ധ പാനലിന്റെ വൈസ് ചെയർമാൻ പദവിയിൽ പാകിസ്ഥാനെ നിയമിച്ചതിനെക്കുറിച്ച് ശ്രീ രാജ്‌നാഥ് സിംഗ് എടുത്തു പറഞ്ഞു. 9/11 ആക്രമണത്തിന് ശേഷമാണ് പാനൽ രൂപീകരിച്ചതെന്നും ആക്രമണത്തിന്റെ സൂത്രധാരന് പാകിസ്ഥാൻ അഭയം നൽകിയിരുന്നതായി എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരാമർശിച്ചു.
"പാല്‍ സൂക്ഷിക്കാൻ പൂച്ചയെ ഏൽപ്പിക്കുന്നത് പോലെ"യായിരുന്നു ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഹാഫിസ് സയീദ്, മസൂദ് അസ്ഹര്‍ തുടങ്ങിയ പ്രഖ്യാപിത ഭീകരര്‍ പാകിസ്ഥാനില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നതായും ഭീകരരുടെ ശവസംസ്കാര ചടങ്ങുകളില്‍ പാകിസ്ഥാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതായും ശ്രീ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിന് പാകിസ്ഥാന്‍ നേതൃത്വം നൽകുന്നത്, ആ ശ്രമങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തങ്ങളുടെ പൗരന്മാരെ,പാകിസ്ഥാനിലെ ഭരണാധികാരികളും നേതാക്കളും തന്നെയാണ് നാശത്തിന്റെ പാതയിലേക്ക് തള്ളിവിട്ടിരിക്കുന്നതെന്ന് രക്ഷാ മന്ത്രി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാകിസ്ഥാൻ, ഇന്ത്യയുടെ സഹായം തേടണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. "ഭീകരതയ്‌ക്കെതിരെ അതിര്‍ത്തിയുടെ ഇരുവശത്തുമായി ഫലപ്രദമായ നടപടിയെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് കഴിവുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ അത് കണ്ടതാണ്. അതിനാല്‍, ഭീകരത അവസാനിപ്പിക്കാന്‍ പാകിസ്ഥാന് മേല്‍ എല്ലാത്തരം തന്ത്രപരവും നയതന്ത്രപരവും സാമ്പത്തികവുമായ സമ്മര്‍ദ്ദം ചെലുത്തേണ്ടത് ലോകത്തിന്റെ ആവശ്യകതയാണ്" അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ ഇന്നലെ ടി.ആര്‍.എഫിലെ മൂന്ന് ഭീകരരെ വധിച്ചതിന് ഇന്ത്യന്‍ സൈന്യത്തെയും മറ്റ് സുരക്ഷാ സേനകളെയും രക്ഷാ മന്ത്രി അഭിനന്ദിച്ചു. "2025 ഏപ്രിൽ 22 ന് പഹൽഗാമിൽ 26 നിരപരാധികളെ ടിആർഎഫ് ഭീകരർ നിഷ്ഠൂരമായി കൊലപ്പെടുത്തി. ആക്രമണത്തിന് ശേഷം നടത്തിയ അന്വേഷണത്തിൽ, നമ്മുടെ സുരക്ഷാ ഏജൻസികൾ നിരവധി സുപ്രധാന സൂചനകൾ കണ്ടെത്തി.അതിന്റെ അടിസ്ഥാനത്തിലാണ് ഭീകരവിരുദ്ധ പ്രവർത്തനം ആരംഭിച്ചത്. ഭീകരർ കൈവശം വച്ചിരുന്ന ആയുധങ്ങളുടെ ഫോറൻസിക് വിശകലനം പഹൽഗാം ആക്രമണത്തിൽ അവ ഉപയോഗിച്ചിരുന്നതായി വ്യക്തമാക്കുന്നു. ഇന്ത്യയുടെ ആഭ്യന്തരവും ദേശീയവുമായ സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മുടെ സായുധ സേനയുടെയും മറ്റ് സുരക്ഷാ സേനകളുടെയും പങ്ക് അമൂല്യമാണ്" അദ്ദേഹം പറഞ്ഞു.
ഭീകരതയിലൂടെ അതിർത്തിക്കപ്പുറത്തു നിന്ന് ഇന്ത്യയെ തകർക്കാൻ ശ്രമിച്ചതിന്റെ തെളിവാണ് പഹൽഗാം ഭീകരാക്രമണം. 2025 മെയ് 06, 07 തീയതികളിൽ ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. ഇത് കേവലം ഒരു സൈനിക നടപടി മാത്രമല്ല, ഭീകരവാദത്തിനെതിരായ ഇന്ത്യൻ ഗവണ്മെന്റിന്റെ നയത്തിന്റെയും ഇന്ത്യയുടെ പരമാധികാരം ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെയും ഫലപ്രദമായ പ്രകടനമായിരുന്നു. നമ്മുടെ സൈനിക നേതൃത്വം അതിന്റെ പക്വത പ്രദർശിപ്പിച്ചു. മാത്രമല്ല, ഇന്ത്യ പോലുള്ള ഉത്തരവാദിത്വമുള്ള ഒരു ശക്തിയിൽ നിന്ന് പ്രതീക്ഷിക്കുന്ന തന്ത്രപരമായ വിവേകത്തിന്റെ പ്രകടനം കൂടിയായിരുന്നു അത്, ”ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ആത്മനിർഭർ ഭാരതിന്റെ ഏറ്റവും ശക്തമായ സ്തംഭങ്ങളിൽ ഒന്നായി പ്രതിരോധ മേഖലയെ രക്ഷാ മന്ത്രി വിശേഷിപ്പിച്ചു. വിമാനവാഹിനിക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, മിസൈലുകൾ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്നു. “മുൻപ്, നമ്മുടെ പ്രതിരോധ ഉപകരണങ്ങൾക്കായി വിദേശ രാജ്യങ്ങളെ നാം പൂർണ്ണമായും ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ പ്രതിരോധ മേഖലയിൽ അതിവേഗം സ്വയംപര്യാപ്തമായി മാറുകയാണ്. നമ്മുടെ സേന ആയുധങ്ങൾ ഇറക്കുമതി ചെയ്യുക മാത്രമല്ല, മിസൈലുകൾ, ടാങ്കുകൾ, മറ്റ് സംവിധാനങ്ങൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ ഇന്ത്യയിൽ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. "അഗ്നി, പൃഥ്വി, ബ്രഹ്മോസ് തുടങ്ങിയ നമ്മുടെ മിസൈലുകൾ ഇന്ന് ശത്രുവിന് മറുപടി നൽകാൻ തയ്യാറാണ്. ഇവയെല്ലാം ഇന്ത്യയിൽ നിർമ്മിച്ചവയാണ്," അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷത്തിനിടെ പ്രതിരോധ മേഖലയിൽ ഉണ്ടായ നിർണായക മാറ്റങ്ങൾ എണ്ണിപ്പറഞ്ഞ രക്ഷാ മന്ത്രി, 2013-14 സാമ്പത്തിക വർഷത്തിൽ 2,53,346 കോടി രൂപയായിരുന്ന പ്രതിരോധ ബജറ്റ് 2024-25 സാമ്പത്തിക വർഷത്തിൽ ഏകദേശം മൂന്ന് മടങ്ങ് വർദ്ധിച്ച് 6,21,941 കോടി രൂപയായി എന്ന് ചൂണ്ടിക്കാട്ടി. 2014 നെ അപേക്ഷിച്ച് പ്രതിരോധ കയറ്റുമതി ഏകദേശം 35 മടങ്ങ് വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. "2013-14 സാമ്പത്തിക വർഷത്തിൽ, പ്രതിരോധ കയറ്റുമതി കേവലം 686 കോടി രൂപ മാത്രമായിരുന്നു. അത് 2024-25 സാമ്പത്തിക വർഷത്തിൽ 23,622 കോടി രൂപയായി വർദ്ധിച്ചു. ഇന്ത്യൻ നിർമിത പ്രതിരോധ ഉൽപ്പന്നങ്ങൾ ഏകദേശം 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കയറ്റുമതി, ഈ വർഷം 30,000 കോടി രൂപയിലും 2029 ആകുമ്പോഴേക്കും 50,000 കോടി രൂപയിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുമെന്ന് എനിക്ക് ദൃഢമായ ഉറപ്പുണ്ട് ”അദ്ദേഹം പറഞ്ഞു.
ഏതൊരു അപ്രതീക്ഷിത സാഹചര്യത്തെയും നേരിടാൻ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിന് അടിയന്തര സംഭരണം നടത്താൻ ഗവണ്മെന്റ് അനുമതി നൽകിയിട്ടുണ്ടെന്ന് ശ്രീ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
SKY
******
(Release ID: 2150061)