വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ടെലികോം സൈബർ തട്ടിപ്പുകൾക്കെതിരെ നടപടി ശക്തിപ്പെടുത്താന്‍ സഞ്ചാർ സാഥി പങ്കാളികളുടെ യോഗം വിളിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ഹിന്ദിയിലും 21 പ്രാദേശിക ഭാഷകളിലും സഞ്ചാർ സാഥി മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്രമന്ത്രി

Posted On: 29 JUL 2025 4:22PM by PIB Thiruvananthpuram
ടെലികോം അനുബന്ധ സൈബർ തട്ടിപ്പുകൾക്കെതിരായ നടപടികള്‍ കൂടുതൽ ശക്തിപ്പെടുത്താനും വിപുലമായ ബോധവല്‍ക്കരണത്തിനും  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും ജനങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിലൂടെ ജനകീയപങ്കാളിത്തം  പ്രോത്സാഹിപ്പിക്കാനും ആവിഷ്ക്കരിച്ച സഞ്ചാർ  സാഥി സംരംഭത്തിന്  കീഴിൽ കേന്ദ്ര കമ്യൂണിക്കേഷന്‍സ് മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യയുടെ അധ്യക്ഷതയില്‍ ഇന്ന്  പങ്കാളികളുടെ യോഗം ചേര്‍ന്നു.  വാർത്താവിനിമയ വകുപ്പ് സെക്രട്ടറി ശ്രീ പങ്കജ് മിത്തലും പങ്കെടുത്തു .

മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ ഫോണുകളുടെ ദുരുപയോഗം തടയാന്‍  സിഇഐആര്‍ (സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ), ഡിഐപി (ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം), നിര്‍മിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങളായ എഎസ്ടിആര്‍ (വ്യാജ രേഖകളുപയോഗിച്ച് എടുത്ത കണക്ഷനുകൾ കണ്ടെത്താന്‍), എഫ്ആര്‍ഐ  (അപകടസാധ്യതയേറിയ തട്ടിപ്പുകൾ കണ്ടെത്താനും തടയാനും)  തുടങ്ങി ഉന്നതനിലവാര സംവിധാനങ്ങള്‍  പൗരകേന്ദ്രീകൃത ഡിജിറ്റല്‍ സുരക്ഷ സംരംഭമായ സഞ്ചാര്‍ സാഥിയില്‍ ഉൾപ്പെടുന്നു. ഇന്ത്യയുടെ ടെലികോം ആവാസവ്യവസ്ഥയെ സുരക്ഷിതമാക്കുന്നതിൽ ഇത് ശ്രദ്ധേയ പുരോഗതി കൈവരിച്ചിട്ടുണ്ട്.

ഇതുവരെ 82 ലക്ഷത്തിലധികം വ്യാജ മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കുകയും  നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ 35 ലക്ഷത്തിലധികം ഫോണുകളുടെ ദുരുപയോഗം തടയുകയും ചെയ്തു.   സംരംഭത്തിന് തുടക്കം കുറിച്ച ആദ്യ  24 മണിക്കൂറിനകം 1.35 കോടി  അന്താരാഷ്ട്ര വ്യാജ ഫോണ്‍കോളുകള്‍  വിജയകരമായി തടഞ്ഞതിലൂടെ  അത്തരം കോളുകളിൽ 97% കുറവ് രേഖപ്പെടുത്തി.

പ്രതിദിനം 16 കോടി സന്ദർശനങ്ങളും ശരാശരി 2 ലക്ഷം ഉപയോക്താക്കളുമായി സഞ്ചാര്‍ സാഥി  പോർട്ടല്‍ വൻതോതില്‍ പൊതുജന ഇടപെടലുകള്‍ അടയാളപ്പെടുത്തുന്നു.  എഐ അധിഷ്ഠിത എഎസ്ടിആര്‍ സംവിധാനത്തിലൂടെയും ജനകീയ റിപ്പോർട്ടുകളിലൂടെയും പങ്കാളികള്‍ നല്‍കുന്ന വിവരങ്ങളുപയോഗിച്ചും  4.7 കോടിയിലധികം മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചു. വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട  5.1 ലക്ഷം മൊബൈൽ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും  24.46 ലക്ഷം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ പ്രവര്‍ത്തനരഹിതമാക്കാനും  ബൾക്ക് എസ്എംഎസ് അയയ്ക്കുന്ന  20,000 പേരെ

കരിമ്പട്ടികയില്‍പെടുത്താനും  സംരംഭം വഴിയൊരുക്കി.

സഞ്ചാര്‍ സാഥിയുടെ സിഇഐആർ സംവിധാനത്തിന് കീഴിൽ നഷ്ടപ്പെട്ടതോ മോഷണം പോയതോ  ആയ 35.49 ലക്ഷം ഉപകരണങ്ങളുടെ ദുരുപയോഗം തടയുകയും  21.57 ലക്ഷം ഉപകരണങ്ങള്‍ കണ്ടെത്തുകയും 5.19 ലക്ഷം ഉപകരണങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു.  കേന്ദ്ര ഏജൻസികൾ, സംസ്ഥാന പൊലീസ് സേനകൾ, ടെലികോം സേവന ദാതാക്കൾ (ടിഎസ്പികൾ), ജിഎസ്ടിഎൻ എന്നിവയടക്കം 620 സംഘടനകള്‍ സഞ്ചാര്‍ സാത്ഥിയുടെ ഭാഗമായതോടെ  രാജ്യത്തുടനീളം ടെലികോം തട്ടിപ്പുകളും സൈബർ ഭീഷണികളും നേരിടാന്‍ ശക്തമായ സഹകരണ ശൃംഖല രൂപപ്പെട്ടു.



സഞ്ചാര്‍ സാഥി  ആപ്പ്  ഹിന്ദിയിലും 21 പ്രാദേശിക ഭാഷകളിലും പുറത്തിറക്കി

ഉപയോഗക്ഷമത വര്‍ധിപ്പിക്കുന്ന സുപ്രധാന നടപടിയെന്ന നിലയില്‍ ഹിന്ദിയിലും 21 പ്രാദേശിക ഭാഷകളിലും സഞ്ചാര്‍ സാഥി   ആപ്ലിക്കേഷന്‍ കേന്ദ്രമന്ത്രി  പുറത്തിറക്കിയത് വ്യത്യസ്ത മേഖലകളില്‍ ആപ്പിന്റെ ലഭ്യത  ഉറപ്പാക്കുന്നു. 2025 ജനുവരിയില്‍ ആദ്യമായി അവതരിപ്പിച്ച ഈ അപ്ലിക്കേഷന്‍ സംശയാസ്പദമായ ആശയവിനിമയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ടതോ മോഷണംപോയതോ ആയ ഫോണുകളുടെ ദുരുപയോഗം തടയാനും  അവ കണ്ടെത്താനും അനധികൃത മൊബൈല്‍ കണക്ഷനുകള്‍ പരിശോധിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. നിലവില്‍  ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ആപ്പ്  ഇന്ത്യയിലുടനീളം ജനങ്ങളെ ബഹുഭാഷ ഡിജിറ്റൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് ശാക്തീകരിക്കുന്നു. ആപ്പ് 46 ലക്ഷത്തിലധികം പേർ ഇതുവരെ  ഡൌൺലോഡ് ചെയ്തു 
.
 
SKY
 
*******
 

(Release ID: 2150027)