ഗ്രാമീണ വികസന മന്ത്രാലയം
വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വിതരണം ചെയ്ത വായ്പ 11 ലക്ഷം കോടി രൂപയിലെത്തി
Posted On:
29 JUL 2025 2:28PM by PIB Thiruvananthpuram
ദീൻ ദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM) പ്രകാരം, ഔപചാരിക ധനകാര്യ സ്ഥാപനങ്ങൾ വഴി വനിതാ സ്വയം സഹായ സംഘങ്ങൾക്ക് (SHG) 11 ലക്ഷം കോടിയിലധികം വായ്പ വിതരണം ചെയ്തുകൊണ്ട് ഗ്രാമവികസന മന്ത്രാലയം ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു.
ബാങ്കിംഗ് സമൂഹത്തിന്റെ അചഞ്ചലമായ പിന്തുണയാൽ സാധ്യമായ ഈ നാഴികക്കല്ല്, സമഗ്ര വികസനം, വനിതാ ശാക്തീകരണം, താഴെത്തട്ടിലുള്ള സാമ്പത്തിക ശാക്തീകരണം എന്നീ കാര്യങ്ങളിലുള്ള സർക്കാരിന്റെ ഉറച്ച പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.
ദരിദ്രരായ വനിതകളെ ശക്തമായ സാമൂഹിക സ്ഥാപനങ്ങളിലൂടെ സംഘടിപ്പിച്ച് അവരുടെ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയും തദ്വാരാ ഗ്രാമീണ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുകയുമാണ് DAY-NRLM ന്റെ ദൗത്യമാതൃക. ഗ്രാമപ്രദേശങ്ങളിൽ വായ്പാ വിതരണത്തിനുള്ള അവശ്യ മാർഗ്ഗമായി സ്വയം സഹായ സംഘങ്ങൾ (SHG) മാറിയിരിക്കുന്നു - അർത്ഥവത്തായ സാമ്പത്തിക സർവ്വാശ്ലേഷിത്വം സാധ്യമാക്കുന്നതിനും വനിതകൾ നയിക്കുന്ന സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിനും ഇത് സഹായകമാണ്. ഈ സുസ്ഥിര വായ്പാ പ്രവാഹം ഗ്രാമീണ വനിതാ സംരംഭകത്വത്തിന്റെ മുന്നേറ്റത്തെ ശക്തിപ്പെടുത്തുന്നു. ഇത് വരുമാനം സൃഷ്ടിക്കുന്ന സംരംഭങ്ങൾ സ്ഥാപിക്കാനും വിപുലീകരിക്കാനും അവരെ പ്രാപ്തരാക്കുന്നു.
കോടിക്കണക്കിന് വനിതകളുടെ അഭിലാഷങ്ങളെ അഭിവൃദ്ധി പ്രാപിക്കുന്ന ഉപജീവനമാർഗ്ഗങ്ങളാക്കി മാറ്റാൻ സഹായിച്ച പ്രതിബദ്ധതയുള്ള ബാങ്കിംഗ് പങ്കാളികളില്ലാതെ ശ്രദ്ധേയമായ ഈ വിജയം സാധ്യമാകുമായിരുന്നില്ല. അവരുടെ ഈ സംഭാവന SHG പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും കൂട്ടായ സ്വപ്നങ്ങളിൽ നിന്ന് സാമ്പത്തിക സ്വാശ്രയത്വത്തിലേക്കുള്ള യാത്ര ത്വരിതപ്പെടുത്തുകയും ചെയ്തു.
ബാങ്കിംഗ് ഏജന്റുമാരായി സേവനമനുഷ്ഠിക്കുന്ന സ്വയം സഹായ സംഘ അംഗങ്ങളായ ബാങ്ക് സഖിമാരും ഈ ദൗത്യത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. വായ്പ ലഭ്യമാക്കുന്നതിലും തിരിച്ചടവ് പിന്തുണയിലും അവരുടെ അക്ഷീണ പരിശ്രമം നിർണ്ണായക പങ്കുവഹിക്കുന്നു. സ്വയം സഹായ സംഘങ്ങൾക്കും ഔപചാരിക ബാങ്കിംഗ് സ്ഥാപനങ്ങൾക്കും ഇടയിലെ വിശ്വസനീയ കണ്ണികളായി അവർ വർത്തിക്കുന്നു.
DAY-NRLM, ലഖ്പതി ദീദി പദ്ധതി തുടങ്ങിയ സംരംഭങ്ങളിലൂടെ SHG പ്രസ്ഥാനം കോടിക്കണക്കിന് വനിതകളെ ശാക്തീകരിക്കുന്നത് തുടരുകയാണ്. 98 ശതമാനത്തിലധികം അസാധാരണമായ തിരിച്ചടവ് നിരക്കിന്റെ പിന്തുണയോടെ, ഈട് രഹിത വായ്പകൾ, പലിശ ഇളവുകൾ, മറ്റ് സാമ്പത്തിക സഹായം എന്നിവ വാഗ്ദാനം ചെയ്യുന്ന സംരംഭങ്ങളുടെ വിജയത്തെ ഈ 11 ലക്ഷം കോടി രൂപയുടെ വിതരണ കണക്ക് സാധൂകരിക്കുന്നു.
മുൻഗണനാമേഖലാ വായ്പകളെന്ന നിലയിൽ ബാങ്കുകൾ വായ്പകളും സാമ്പത്തിക സേവനങ്ങളും നൽകി വരുന്നു. ഒപ്പം സ്വയം സഹായ സംഘ അംഗങ്ങൾക്കുള്ള വായ്പാ പ്രവേശനവും നടപടിക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്. അംഗങ്ങളുടെ ബാങ്കിംഗ് ഇടപാടുകൾ, രേഖകൾ തയ്യാറാക്കൽ, വായ്പാ അപേക്ഷകൾ എന്നിവയിൽ ബാങ്ക് സഖിമാർ പിന്തുണ നൽകുന്നു. ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ പദ്ധതികളെക്കുറിച്ചുള്ള സാമ്പത്തിക സാക്ഷരതയും അവബോധവും പ്രോത്സാഹിപ്പിക്കുന്നു. ബാങ്ക് അക്കൗണ്ടുകൾക്ക് ആധാർ, മൊബൈൽ നമ്പർ എന്നിവ ബന്ധിപ്പിക്കാൻ സൗകര്യമൊരുക്കുന്നു. സമയബന്ധിതമായ തിരിച്ചടവിനായി സാമൂഹികാടിസ്ഥാനത്തിലുള്ള വായ്‌പാ തിരിച്ചടവ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
SKY
(Release ID: 2149783)