വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അഞ്ചുവര്‍ഷ സ്മരണാര്‍ത്ഥം നാളെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന അഖില ഭാരതീയ ശിക്ഷാ സമാഗം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്യും

Posted On: 28 JUL 2025 4:49PM by PIB Thiruvananthpuram
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് 2025 ജൂലൈ 29 ന് ഭാരത് മണ്ഡപ പരിസരത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഖില ഭാരതീയ ശിക്ഷാ സമാഗം - 2025 സംഘടിപ്പിക്കുന്നു. ഏകദിന കൂടിയാലോചനാ പരിപാടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്യും. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഖില ഭാരതീയ ശിക്ഷാ സമാഗം (എബിഎസ്എസ്-2025) അക്കാദമിക വിദഗ്ധരും  നയരൂപകർത്താക്കളും അധ്യാപകരും ഈ രംഗത്തെ നേതാക്കളും സർക്കാർ പ്രതിനിധികളും എന്‍ഇപിയിലൂടെ കൈവരിച്ച ശ്രദ്ധേയ പുരോഗതി അവലോകനം ചെയ്യാനും ഭാവി ആസൂത്രണത്തിനുമുള്ള വേദിയായി നിലകൊള്ളും. എബിഎസ്എസ്-2025 ലെ ചർച്ചകൾ വിദ്യാഭ്യാസത്തെ കൂടുതൽ പ്രാപ്യവും പ്രായോഗികവും നൈപുണ്യപരവും തൊഴിലവസരങ്ങളോട് സുഗമമായി ചേര്‍ന്നുനില്‍ക്കുന്നതുമാക്കി ഒരു ചലനാത്മക ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 2030-ഓടെ 100% ജിഇആര്‍ കൈവരിക്കാന്‍ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ പുനര്‍വിചിന്തനം, ഭാരതീയ ഭാഷ, ക്ലാസ് മുറികളിൽ സാങ്കേതികവിദ്യയുടെ പ്രയോജനം, ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങള്‍ (ഐകെഎസ്) മുഖ്യധാരയിലെത്തിക്കല്‍, എല്ലാവർക്കും പഠനം പ്രാപ്യമാക്കാന്‍ ഉൾച്ചേര്‍ക്കല്‍ വളര്‍ത്തിയെടുക്കല്‍ എന്നിവയില്‍ ചര്‍ച്ച പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.


നിലവില്‍ വന്നതുമുതല്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ  നിരവധി പരിവര്‍ത്തനാത്മക നയങ്ങളിലൂടെ വഴക്കവും ഉൾച്ചേര്‍ക്കലും നവീകരണവും വളർത്തിയ  2020 -ലെ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. 170 സർവകലാശാലകൾ അവലംബിച്ച ദേശീയ ക്രെഡിറ്റ് ചട്ടക്കൂട് (എന്‍സിആര്‍എഫ്) അക്കാദമികവും വൈദഗ്ധ്യാധിഷ്ഠിതവും അനുഭവജ്ഞാന കേന്ദ്രീകൃതവുമായ പഠനങ്ങളിൽ സുഗമമായി ക്രെഡിറ്റ് നേടാന്‍ അവസരമൊരുക്കി.  അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എബിസി) 2,469 സ്ഥാപനങ്ങളുമായി സഹകരിച്ച് 32 കോടിയിലധികം ഐഡികൾ നല്‍കുകയും 2.36 കോടി  അപാര്‍ ഐഡികൾ ഇതിനകം ക്രെഡിറ്റുകളുമായി ബന്ധിപ്പിക്കുകയും ചെയ്തു. 153 സർവകലാശാലകളില്‍ ഒന്നിലധികം പ്രവേശന - പൂര്‍ത്തീകരണ അവസരങ്ങള്‍ നല്‍കിയതിനൊപ്പം യുജിസി അംഗീകരിച്ച പ്രതിവര്‍ഷം രണ്ടുതവണ പ്രവേശനം വഴി 2035-ഓടെ 50% ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (ജിഇആര്‍) എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തിച്ചേരുന്നു.


സാങ്കേതികവിദ്യാധിഷ്ഠിത പഠനം ഗണ്യമായി വികസിച്ചതോടെ 116 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 19 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്ന 1,149 ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് (ഒഡിഎല്‍) പഠനവിഷയങ്ങളും  107 സ്ഥാപനങ്ങൾ 544 ഓൺലൈൻ കോഴ്സുകളും  നൽകുന്നു.   40% വരെ ക്രെഡിറ്റ് ട്രാൻസ്ഫറുകൾ സുഗമമാക്കുന്ന ‘സ്വയം’ പ്ലാറ്റ്‌ഫോമിലെ കോഴ്സുകളില്‍ 388 സർവകലാശാലകൾ ഭാഗമാണ്.  ‘സമർത്ഥ്’ പോലുള്ള ഡിജിറ്റൽ സംരംഭങ്ങൾ പ്രവേശനവും പണമിടപാടുകളും  അക്കാദമിക രേഖകളുടെ നടപടിക്രമങ്ങളും സുഗമമാക്കി 32 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെ  440 ജില്ലകളില്‍ 13,000-ത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിജിറ്റൽ ഭരണനിര്‍വഹണത്തിന് പിന്തുണയേകുന്നു.  518 സർവകലാശാലകള്‍ക്കും 10,465 സ്ഥാപനങ്ങള്‍ക്കും അംഗീകാരം നല്‍കി. 6,517 സ്ഥാപനങ്ങള്‍ ദേശീയ സ്ഥാപന റാങ്കിംഗ് ചട്ടക്കൂടില്‍ (എന്‍ഐആര്‍എഫ്) പങ്കെടുക്കുന്നു.


സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും വൈവിധ്യമാർന്ന ഇടപെടലുകളിലൂടെയും സംരംഭങ്ങളിലൂടെയും 2020-ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ സ്കൂൾ വിദ്യാഭ്യാസ - സാക്ഷരതാ വകുപ്പ്   ശ്രദ്ധേയ  പുരോഗതി കൈവരിച്ചു. ഏകീകൃത ജില്ലാ വിദ്യാഭ്യാസ വിവര സംവിധാനം പ്ലസ് (യുഡിഐഎസ്ഇ+) പ്രകാരം 14.72 ലക്ഷം സ്കൂളുകളിലെ 98 ലക്ഷത്തിലധികം അധ്യാപകർ  പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെ വൈവിധ്യമാർന്ന സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലങ്ങളിലെ  ഏകദേശം 24.8 കോടി വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നു. 2022–2024 കാലയളവില്‍ ദശകത്തിലെ ഏറ്റവും മികച്ച പുരോഗതിയോടെ സർക്കാർ സ്കൂളുകൾ സ്വകാര്യ സ്കൂളുകളേക്കാൾ മികച്ച നേട്ടങ്ങൾ കൈവരിച്ചു.


എബിഎസ്എസ്-2025-ലെ അജണ്ട ഈ നേട്ടങ്ങൾ എടുത്തു കാണിക്കുകയും വിദ്യാഭ്യാസ പരിവർത്തനത്തിന്റെ ഭാവി ഘട്ടത്തിന് ദിശാബോധം നൽകുകയും ചെയ്യും. വ്യാവസായിക-അക്കാദമിക സഹകരണം ആഴത്തിലാക്കുന്നതിലും തൊഴിലധിഷ്ഠിത രീതികളുടെ പരിഷ്കാരത്തിലും  ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിലും പാഠ്യപദ്ധതിയിൽ സുസ്ഥിരത ഉൾപ്പെടുത്തുന്നതിലും  ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഉച്ചകോടിയെന്ന നിലയിൽ എന്‍ഇപി-2020 ന്റെ സ്വാധീനം വരും വർഷങ്ങളിൽ വിദ്യാഭ്യാസ പുരോഗതിയെ മുന്നോട്ട് നയിക്കുമെന്ന് ഉറപ്പാക്കുന്ന എബിഎസ്എസ്-2025 തുല്യത, മികവ്, നൂതനാശയം എന്നിവയോട് രാജ്യം കൈക്കൊള്ളുന്ന പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കും.



കൂടുതൽ വിവരങ്ങൾക്ക്: https://www.pib.gov.in/PressReleasePage.aspx?PRID=2149319
 
 
SKY
 
*******

(Release ID: 2149535)