പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പിഎംയുവൈ ഗുണഭോക്താക്കളുടെ പാചകവാതക ഉപയോഗം മെച്ചപ്പെടുത്തുന്നതിനുള്ള ഗവൺമെന്റ് നടപടികള്‍

Posted On: 28 JUL 2025 2:21PM by PIB Thiruvananthpuram
രാജ്യത്തുടനീളം ദരിദ്ര കുടുംബങ്ങളിലെ മുതിർന്ന സ്ത്രീകൾക്ക് നിക്ഷേപരഹിത പാചക വാതക കണക്ഷൻ നൽകുകയെന്ന ലക്ഷ്യത്തോടെ 2016 മെയ് മാസത്തിലാണ് പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക്  (പിഎംയുവൈ) തുടക്കം കുറിച്ചത്. പിപിഎസിയുടെ ഉപഭോഗ റിപ്പോർട്ടുകൾ, പൊതു എൽപിജി ഡാറ്റ പ്ലാറ്റ്‌ഫോം (സിഎൽഡിപി), ഒഎംസികളുമായി ചേരുന്ന യോഗങ്ങള്‍ എന്നിവയിലൂടെ പിഎംയുവൈ ഗുണഭോക്താക്കളുടെ എൽപിജി ഉപയോഗം പതിവായി നിരീക്ഷിക്കുന്നു.

ഭക്ഷണശീലങ്ങൾ, വീട്ടിലെ അംഗങ്ങളുടെ എണ്ണം, പാചക ശീലങ്ങൾ, പാരമ്പര്യം, രുചിക്കൂട്ട്, മുൻഗണനകൾ, വില, ഇതര ഇന്ധന ലഭ്യത തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് വീടുകളില്‍ ഗാർഹിക പാചകവാതക ഉപയോഗം. പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പാചകവാതക ഉപയോഗവുമായി ബന്ധപ്പെട്ട  പ്രശ്നങ്ങള്‍  പരിഹരിക്കാനും ഒഎംസികൾ ഉപഭോക്താക്കൾക്കുവേണ്ടി പതിവ് ‘എൽപിജി പഞ്ചായത്തുകൾ’ സംഘടിപ്പിക്കുന്നു.  സബ്‌സിഡി തുകയിൽ നിന്ന് വായ്പ തിരിച്ചടവ് മാറ്റിവയ്ക്കൽ, മുൻകൂർ പണമടയ്ക്കൽ കുറയ്ക്കാന്‍ 14.2 കിലോയിൽ നിന്ന് 5 കിലോയിലേക്ക് മാറ്റാന്‍ അവസരമൊരുക്കല്‍, 5 കിലോ ഇരട്ട സിലിണ്ടര്‍ കണക്ഷന് അവസരം,  സ്ഥിരമായി പാചകവാതകം ഉപയോഗിക്കാൻ ഗുണഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് ‘പ്രധാന്‍മന്ത്രി എൽപിജി പഞ്ചായത്ത്’ സംഘടിപ്പിക്കല്‍, ബഹുജന ബോധവല്‍ക്കരണ ക്യാമ്പുകൾ തുടങ്ങിയവ ഉള്‍പ്പെടെ പിഎംയുവൈ ഗുണഭോക്താക്കളില്‍ മികച്ച എൽപിജി ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.


പിഎംയുവൈ ഉപഭോക്താക്കൾക്ക് പാചകവാതക നിരക്ക്  താങ്ങാവുന്നതാക്കി മാറ്റാനും എല്‍പിജിയുടെ  സുസ്ഥിര ഉപയോഗം ഉറപ്പാക്കാനും 2022 മെയ് മാസം പിഎംയുവൈ ഉപയോക്താക്കൾക്ക് പ്രതിവർഷം 12 തവണ പാചകവാതകം നിറയ്ക്കാന്‍  14.2 കിലോഗ്രാം സിലിണ്ടറിന് 200 രൂപ (5 കിലോ കണക്ഷനുകൾക്ക് ആനുപാതികമായി)  സർക്കാർ സബ്‌സിഡി നൽകാൻ തുടങ്ങി.  2023 ഒക്ടോബറിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ സബ്സിഡി സർക്കാർ 300 രൂപയായി വർധിപ്പിച്ചു. പിഎംയുവൈ ഉപഭോക്താക്കൾക്ക് 300 രൂപ സബ്‌സിഡി നിരക്ക് നടപ്പാക്കിയ ശേഷം ഡൽഹിയിൽ സിലിണ്ടറിന് 553 രൂപയെന്ന മികച്ച വിലയ്ക്ക് 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകൾ കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നു.   ഈ ശ്രമങ്ങളുടെ ഫലമായി പിഎംയുവൈ ഗുണഭോക്താക്കളുടെ പ്രതിശീർഷ ഉപയോഗം (പ്രതിവർഷം ഉപയോഗിക്കുന്ന  14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ എണ്ണമനുസരിച്ച്)   2021-22 സാമ്പത്തിക വർഷത്തെ 3.68-ൽ നിന്ന്  2024-25 സാമ്പത്തിക വർഷം  4.47 ആയി വർധിച്ചു.


കണക്ഷനുകൾ നല്‍കിയശേഷം സിലിണ്ടര്‍ വീണ്ടും നിറയ്ക്കാത്ത  ഉപയോക്താക്കളിൽ നിന്ന് പ്രവർത്തനരഹിതമോ  നിഷ്‌ക്രിയമോ ആയ പിഎംയുവൈ കണക്ഷനുകളെ  വിലയിരുത്താനാവും.  2025 ജൂലൈ 1-ലെ കണക്കനുസരിച്ച് ഏകദേശം 1.3% പിഎംയുവൈ ഉപയോക്താക്കൾ കണക്ഷനുകൾ ലഭിച്ചശേഷം ഒരുതവണ പോലും സിലിണ്ടര്‍ നിറച്ചിട്ടില്ല.  

ഗ്രാമീണ കുടുംബങ്ങളുടെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെയും വിദൂര മേഖലകളിലെയും സ്ത്രീകളുടെയും കുടുംബങ്ങളുടെയും ജീവിതത്തിൽ ഏറെ മികച്ച  സ്വാധീനം ചെലുത്താൻ പിഎംയുവൈ  പദ്ധതിയ്ക്ക് സാധിച്ചതായി  വിവിധ സ്വതന്ത്ര പഠനങ്ങളും റിപ്പോർട്ടുകളും തെളിയിച്ചിട്ടുണ്ട്. 
 
ചില പ്രധാന നേട്ടങ്ങൾ ചുവടെ ചുരുക്കത്തില്‍:

 
*മരം, ചാണകം, വിള അവശിഷ്ടങ്ങൾ തുടങ്ങിയ ഖര ഇന്ധനങ്ങൾ കത്തിക്കുന്ന പരമ്പരാഗത പാചക രീതികളിൽ നിന്നുള്ള മാറ്റത്തിന് പിഎംയുവൈ കാരണമായി. സംശുദ്ധ ഇന്ധന ഉപയോഗം വീടിനകത്ത് വായു മലിനീകരണം കുറയ്ക്കുകയും അതുവഴി കാലങ്ങളായി വീടുകളിൽ പുക ശ്വസിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ ശ്വസനപരമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

*വിദൂര മേഖലകളിലടക്കം  ഗ്രാമപ്രദേശങ്ങളിലെ കുടുംബങ്ങൾ പരമ്പരാഗത പാചക ഇന്ധനങ്ങൾ ശേഖരിക്കാന്‍ പലപ്പോഴും അവരുടെ സമയത്തിന്റെയും ഊർജത്തിന്റെയും പ്രധാന ഭാഗം ചെലവഴിക്കുന്നു. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ കഠിനാധ്വാനവും പാചകത്തിനായി അവര്‍ ചെലവഴിക്കുന്ന സമയവും ലഘൂകരിക്കാന്‍ എല്‍പിജിയ്ക്ക് സാധിച്ചു.  അങ്ങനെ ലഭിക്കുന്ന ഒഴിവു സമയം വിവിധ രംഗങ്ങളില്‍  സാമ്പത്തിക ഉൽപാദനക്ഷമത വർധിപ്പിക്കാന്‍ ഉപയോഗപ്പെടുത്താം.

*ബയോമാസ്, പരമ്പരാഗത ഇന്ധനങ്ങളിൽ നിന്ന് എൽപിജിയിലേക്ക് മാറുന്നതോടെ  പാചക ആവശ്യങ്ങൾക്ക് വിറകിനെയും മറ്റ് ബയോമാസിനെയും ആശ്രയിക്കുന്നത്  കുറയ്ക്കുകയും അതുവഴി വനനശീകരണവും പരിസ്ഥിതി നശീകരണവും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് വീടുകൾക്ക് മാത്രമല്ല, വിശാലമായ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾക്കും ഗുണം ചെയ്യുന്നു.

*പാചക സൗകര്യങ്ങൾ മെച്ചപ്പെടുന്നത് പോഷകാഹാരത്തിൽ മികച്ച സ്വാധീനം ചെലുത്താനും സാധ്യതയുണ്ട്. വൈവിധ്യമാർന്നതും പോഷകസമൃദ്ധവുമായ ഭക്ഷണം പാകം ചെയ്യുന്നത് എളുപ്പമാണെന്ന് കുടുംബങ്ങള്‍ തിരിച്ചറിയുന്നതോടെ  ഇത് സമഗ്ര ആരോഗ്യത്തിന് സംഭാവന നൽകുന്നു.

പെട്രോളിയം, പ്രകൃതി വാതക  സഹമന്ത്രി ശ്രീ സുരേഷ് ഗോപി ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
 
SKY
 
*****
 

(Release ID: 2149323)