നിതി ആയോഗ്
ഇന്ത്യയുടെ മൂന്നാമത് വോളണ്ടറി നാഷണൽ റിവ്യൂ (VNR) യുഎൻ ഉന്നതതല രാഷ്ട്രീയ ഫോറം 2025 ൽ നീതി ആയോഗ് വൈസ് ചെയർമാൻ അവതരിപ്പിച്ചു
Posted On:
28 JUL 2025 12:14PM by PIB Thiruvananthpuram
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിൽ (ECOSOC) വിളിച്ചുചേർത്ത സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) സംബന്ധിച്ച ഉന്നതതല രാഷ്ട്രീയ ഫോറത്തിന്റെ (HLPF) മന്ത്രിതല വിഭാഗത്തിൽ, സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള (SDGs) ഇന്ത്യയുടെ മൂന്നാമത് വോളണ്ടറി നാഷണൽ റിവ്യൂ റിപ്പോർട്ട് (സ്വമേധയായുള്ള ദേശീയ അവലോകനം -VNR) നീതി ആയോഗ് വൈസ് ചെയർമാൻ ശ്രീ സുമൻ ബെറി 2025 ജൂലൈ 23-ന് അവതരിപ്പിച്ചു.
സാമ്പത്തിക വളർച്ച, അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം, ലക്ഷ്യമിട്ട പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ്, സുസ്ഥിര വികസന ലക്ഷ്യങ്ങളെ ദേശീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ പ്രകടമാക്കിയ പ്രാദേശിക പ്രതിബദ്ധത എന്നിവ, ലോകവുമായി പങ്കിടാനുള്ള സുപ്രധാന അവസരമായിരുന്നു ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
HLPF നുള്ള ഇന്ത്യയുടെ മൂന്നാമത് സമർപ്പണമായ ഈ റിപ്പോർട്ട് , സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള യുഎൻ 2030 അജണ്ടയോടുള്ള രാജ്യത്തിന്റെ സുസ്ഥിര പ്രതിബദ്ധത റിപ്പോർട്ട് ഊട്ടിയുറപ്പിക്കുന്നു.
ഘടനാപരവും കൂടിയാലോചനയിലധിഷ്ഠിതവുമായ പ്രക്രിയകളിലൂടെയും നീതി ആയോഗിന്റെ സജീവ നേതൃത്വത്തിലൂടെയും, സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങൾ, പൊതുസമൂഹം, വികസന പങ്കാളികൾ, സ്വകാര്യ മേഖല എന്നിവയുടെ സഹകരണത്തെ അടിസ്ഥാനമാക്കിയും, സർക്കാരിന്റെയും സമൂഹത്തിന്റെയും സമഗ്ര സമീപനങ്ങളിലൂന്നിയും ആണ് ഇന്ത്യയുടെ VNR 2025 റിപ്പോർട്ട് തയ്യാറാക്കിയത്. . മുൻ VNR സമയത്ത് സ്വീകരിച്ച സമീപനത്തെ ആധാരമാക്കിയുള്ള വ്യക്തമായ ദേശീയ രൂപരേഖ പ്രക്രിയയ്ക്ക് മാർഗ്ഗദർശനമേകി. ഡാറ്റയ്ക്കും തെളിവുകൾക്കും പ്രധാന്യം നൽകിക്കൊണ്ട് വിശാലമായ ഇടപെടൽ ഉറപ്പാക്കി. SDG പ്രാദേശികവത്ക്കരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളിൽ SDG ഏകോപന, ത്വരിതപ്പെടുത്തൽ കേന്ദ്രങ്ങൾ (SDG Coordination and Acceleration Centres) സ്ഥാപിക്കുന്നതിനായി UNDP മികച്ച പിന്തുണ നൽകി വരുന്നു.
ഇന്ത്യയുടെ VNR 2025, സുസ്ഥിര വികസനത്തിന്റെ വ്യത്യസ്ത തലങ്ങളിലുടനീളമുള്ള ഒരു ദശാബ്ദക്കാലത്തെ നിർണായക നയ പരിപാടികളും പരിവർത്തന ഫലങ്ങളും വിശദീകരിക്കുന്നു:
ദാരിദ്ര്യ നിർമ്മാർജ്ജനം: ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് (MPI) ഏകദേശം 24.8 കോടി വ്യക്തികൾ കരകയറിയതായി കണക്കാക്കപ്പെടുന്നു.
ഭക്ഷ്യ സുരക്ഷ: പിഎം ഗരീബ് കല്യാൺ അന്ന യോജന കോടിക്കണക്കിന് ആളുകൾക്ക് പോഷകാഹാര പിന്തുണ ഉറപ്പാക്കി.
ആരോഗ്യവും പോഷകാഹാരവും: പോഷൺ അഭിയാനും ആയുഷ്മാൻ ഭാരതും ഗുണനിലവാരമുള്ള പോഷകാഹാരത്തിലേക്കും ആരോഗ്യ സംരക്ഷണത്തിലേക്കും ഉള്ള പ്രവേശനം വിപുലീകരിച്ചു.
ശുദ്ധമായ ഊർജ്ജം: ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം, പിഎം-കുസും, പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന തുടങ്ങിയ പദ്ധതികൾ ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ ശക്തിപ്പെടുത്തുന്നു.
നൂതനാശയങ്ങളും വളർച്ചയും: ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനവും വ്യവസായ മേഖലയും: പിഎം ഗതി ശക്തി, മേക്ക് ഇൻ ഇന്ത്യ, ദേശീയ വ്യാവസായിക ഇടനാഴി വികസന പദ്ധതി തുടങ്ങിയവയിലൂടെ പുതുതലമുറ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു.
സമഗ്രവും സുതാര്യവും കാര്യക്ഷമവുമായ സേവന വിതരണത്തിനുള്ള ആഗോള മാതൃകയായി മാറിയ ജൻ ധൻ-ആധാർ-മൊബൈൽ (JAM) ത്രയത്തിൽ അധിഷ്ഠിതമായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (DPI) കെട്ടിപ്പടുക്കുന്നതിലെ ഇന്ത്യയുടെ നേതൃപരമായ പങ്ക് റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
എസ് ഡി ജി ഇന്ത്യ സൂചിക, വടക്കുകിഴക്കൻ മേഖലകളിലെ ജില്ലാ എസ് ഡി ജി സൂചിക, (SDG India Index, North-Eastern Region District SDG Index) ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക (National Multi-dimensional Poverty Index) തുടങ്ങിയ ഉപാധികളിലൂടെ, ഇന്ത്യ സ്വന്തം ഡാറ്റാധിഷ്ഠിത ഭരണനിർവ്വഹണം ശക്തിപ്പെടുത്തുകയും SDG നിർവ്വഹണം പ്രാദേശികവത്ക്കരിക്കുകയും ചെയ്തു. അഭിലാഷയുക്ത ജില്ലാ പദ്ധതി (ADP), അഭിലാഷയുക്ത ബ്ലോക്ക്സ് പദ്ധതി (ABP) പോലുള്ള സംരംഭങ്ങൾ സർക്കാർ സേവനങ്ങൾ അവസാന വ്യക്തിയിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കി.
ഇന്ത്യയുടെ VNR 2025, ദക്ഷിണ-ദക്ഷിണ സഹകരണത്തിനുള്ള രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന സംഭാവന ഉയർത്തിക്കാട്ടുന്നു. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെയും സ്ഥാപനപരമായ പിന്തുണയിലൂടെയും മറ്റ് വികസ്വര രാജ്യങ്ങളുടെ വിശ്വസനീയമായ വികസന പങ്കാളിയെന്ന നിലയിലുള്ള പങ്ക് പ്രതിഫലിപ്പിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികത്തോടെ വികസിത ഇന്ത്യ എന്ന ഇന്ത്യയുടെ ദീർഘകാല ദർശനങ്ങൾക്ക് അനുപൂരകമായ അജണ്ട 2030- സർവ്വാശ്ലേഷിത്വം, നൂതനാശയങ്ങൾ, സ്ഥാപനപരമായ ശക്തി എന്നിവയിൽ അധിഷ്ഠിതമായ സമഗ്ര വികസന തന്ത്രത്തിന് ഊന്നൽ നൽകുന്നു.
SKY
********
(Release ID: 2149285)