ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡൽഹിയിൽ എട്ടാമത് ദേശീയ സുരക്ഷാതന്ത്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ

Posted On: 26 JUL 2025 10:55PM by PIB Thiruvananthpuram

എട്ടാമത് ദേശീയ സുരക്ഷാ തന്ത്ര സമ്മേളന (എൻ‌എസ്‌എസ്‌സി) ത്തിന്റെ സമാപനയോഗത്തെ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തു. കാർഗിൽ വിജയ് ദിവസ് ദിനത്തിൽ രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച ആഭ്യന്തര മന്ത്രി, ഓപ്പറേഷൻ സിന്ദൂറിൽ സായുധ സേന, ബി‌എസ്‌എഫ് എന്നിവയുടെ പ്രകടനത്തെ അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയവും പൗരന്മാരുടെ ശക്തമായ പിന്തുണയും ഭീകരതയോടുള്ള ഇന്ത്യയുടെ സഹിഷ്ണുതാരഹിത സന്ദേശം ലോകമെമ്പാടുമെത്തിച്ചതായി അദ്ദേഹം പരാമർശിച്ചു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ആഗോളതലത്തിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നുവെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, നൂതനവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, സ്റ്റാർട്ടപ്പുകൾ, ഹരിത ഊർജ്ജം, നൂതനാശയങ്ങൾ എന്നിവയിൽ ഇന്ത്യ ഇപ്പോൾ ലോകത്തിന്റെ നേതൃനിരയിലാണെന്ന് നിരീക്ഷിച്ചു. ഇന്ത്യ കൈവരിക്കുന്ന ഔന്നത്യം വരും വർഷങ്ങളിൽ ദേശീയ സുരക്ഷാ വെല്ലുവിളികൾ കൂടുതൽ നേരിടുന്നതിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മികച്ച ഏകോപനത്തിലൂടെ ഈ വെല്ലുവിളികളെ നേരിടേണ്ടതുണ്ടെന്ന് പ്രത്യേകം എടുത്തു പറഞ്ഞ അദ്ദേഹം, തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ ഏകീകൃത സംഘങ്ങൾ രൂപീകരിക്കാൻ നിർദ്ദേശിച്ചു. ദേശീയ വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കാനും അവ പരിഹാര പ്രതിവിധികൾ കണ്ടെത്താനും ഓരോ സംസ്ഥാനത്തുമുള്ള യുവ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


യുവ ഉദ്യോഗസ്ഥരെ നയിക്കാനും വെല്ലുവിളികളെക്കുറിച്ച് അവരെ പരിചയപ്പെടുത്താനും പ്രതിവിധികൾ കണ്ടെത്തുന്നതിനുള്ള മാർഗനിർദേശം നൽകാനും മുതിർന്ന ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിൽ ഈ സമ്മേളനം നിർണായകമാണെന്ന് അദ്ദേഹം പരാമർശിച്ചു. എല്ലാ പരിശീലന പരിപാടികളിലും യുവ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി, NATGRID, NIDAAN, iMoT, പിടികിട്ടാപ്പുള്ളികൾ അടങ്ങുന്ന CBI യുടെ ഡാറ്റാബേസ് തുടങ്ങിയ ദേശീയ ഡാറ്റാബേസുകളുടെ ഉപയോഗം വർദ്ധിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രത്തിന് മുന്നിൽ വരുന്ന വെല്ലുവിളികളെ നേരിടാൻ, തത്സമയ ഡാറ്റ പങ്കിടലിനായി വിശ്വസനീയമായ ഒരു സംവിധാനം രൂപീകരിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു

അടുത്ത 5-10 വർഷങ്ങൾ രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി വിവിധ സംസ്ഥാനങ്ങളിലായുള്ള നിരവധി പ്രശ്‌നങ്ങൾ മോദി ഗവൺമെന്റ് പരിഹരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭൗമ-രാഷ്ട്രീയ അയൽപക്കം കണക്കിലെടുക്കുമ്പോൾ ആഭ്യന്തര സുരക്ഷാ വെല്ലുവിളികൾ നിരന്തരം തുടരുമെന്ന് നിരീക്ഷിച്ച അദ്ദേഹം ''സുരക്ഷ, ജാഗ്രത & ഏകോപനം' എന്ന മുദ്രാവാക്യം സ്വീകരിക്കാൻ സംസ്ഥാന പോലീസ് സേനകളെയും കേന്ദ്ര സുരക്ഷാ ഏജൻസികളെയും ആഹ്വാനം ചെയ്തു. ഇടതു ഭീകരവാദം, വടക്കുകിഴക്കൻ, ജമ്മു & കശ്മീർ മേഖലകളിലെ ഭീകരത തുടങ്ങിയവ നേരിടുന്നതിലെ നേട്ടങ്ങളെ അഭിനന്ദിച്ച അദ്ദേഹം, മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ലഹരി വസ്തുക്കളുടെ വെല്ലുവിളി നേരിടുന്നതിനും സമാനമായ ഒരു സമീപനം സ്വീകരിക്കാൻ  ഡിജിപിമാരോട് ആവശ്യപ്പെട്ടു. ലഹരി മരുന്ന് കുറ്റവാളികളെ കൈമാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, വൻകിട ലഹരി കടത്ത് ശൃംഖലകൾക്കെതിരെ താഴെത്തട്ടിൽ നിന്ന് മുകളിലേക്കും തിരിച്ചുമുള്ള സമഗ്ര നടപടി വേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. 'ലഹരി മുക്ത ഭാരതം ' എന്നത് അടുത്ത മൂന്ന് വർഷത്തേക്ക് പോലീസിന്റെ പ്രധാന അജണ്ടയാക്കാൻ ഡിജിപിമാർക്ക് നിർദ്ദേശം നൽകി. പോലീസ് സ്റ്റേഷൻ രഹസ്യാന്വേഷണത്തിന്റെ കേന്ദ്രബിന്ദുവാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പോലീസ് സ്റ്റേഷൻ തലം വരെ തത്സമയ വിവരങ്ങൾ പങ്കിടുന്നതിന് വിശ്വസനീയമായ ഒരു സംവിധാനം വികസിപ്പിക്കാൻ പോലീസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.

പൗരന്മാരുടെ ജീവൻ, സ്വത്ത്, അന്തസ്സ് എന്നിവ സംരക്ഷിക്കുക എന്നത് പോലീസിന്റെ പ്രാഥമിക കടമയാണെന്ന് പരാമർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, ഓരോ സംസ്ഥാന പോലീസ് സേനയും കേന്ദ്ര ഏജൻസിയും മികവ് കൈവരിക്കാൻ പരിശ്രമിക്കണമെന്നും ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ആരോഗ്യകരമായ മത്സര മനോഭാവം വളർത്തിയെടുക്കണമെന്നും നിർദ്ദേശിച്ചു. ഇടതു തീവ്രവാദ ബാധിത പ്രദേശങ്ങളിൽ സമഗ്രമായ വികസനം അനിവാര്യമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. അടിസ്ഥാന തലത്തിലുള്ള 300-ലധികം കേന്ദ്ര, സംസ്ഥാന വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് സംസ്ഥാന ഭരണകൂടങ്ങളുമായി ഏകോപനത്തോടെ പ്രവർത്തിക്കാൻ ഡിജിപിമാരോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമുദ്രാതിർത്തികളിലെ ചെറിയ തുറമുഖങ്ങൾ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുന്നതിന് സംസ്ഥാന പോലീസിന്റെ ശേഷി വികസനത്തിന് ഊന്നൽ നൽകണമെന്ന് ആവശ്യപ്പെട്ടു. ഭീകരവിരുദ്ധ സംരംഭങ്ങൾ അവലോകനം ചെയ്ത അദ്ദേഹം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

 

************


(Release ID: 2149174)