പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരത്ത് ആടി തിരുവാതിരൈ ഉത്സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.


ഇന്ത്യയിലെ മഹാനായ ചക്രവർത്തിമാരിൽ ഒരാളായിരുന്ന രാജേന്ദ്ര ചോളൻ ഒന്നാമന്റെ ബഹുമാനാർത്ഥം പ്രധാനമന്ത്രി ഒരു സ്മാരക നാണയം പുറത്തിറക്കി

രാജരാജ ചോളനും രാജേന്ദ്ര ചോളനും ഇന്ത്യയുടെ സ്വത്വത്തെയും അഭിമാനത്തെയും പ്രതീകപ്പെടുത്തുന്നു: പ്രധാനമന്ത്രി

ചോള സാമ്രാജ്യത്തിന്റെ ചരിത്രവും പൈതൃകവും നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ശക്തിയെയും യഥാർത്ഥ സാധ്യതയെയും പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി

ചോള കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടങ്ങളിലൊന്നായിരുന്നു ; ഈ കാലഘട്ടം അതിന്റെ കരുത്തുറ്റ സൈനിക ശക്തിയാൽ വേറിട്ടതാണ്: പ്രധാനമന്ത്രി

രാജേന്ദ്ര ചോളൻ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം സ്ഥാപിച്ചു; ലോകോത്തര വാസ്തുവിദ്യാ വിസ്മയമായി ഈ ക്ഷേത്രം ഇന്നും നിലകൊള്ളുന്നു: പ്രധാനമന്ത്രി

ചോള ചക്രവർത്തിമാർ ഇന്ത്യയെ സാംസ്കാരിക ഐക്യത്തിന്റെ ചരടിൽ ഇഴചേർത്തിരുന്നു. ചോള കാലഘട്ടത്തിന്റെ അതേ ദർശനം ഇന്ന്, നമ്മുടെ ഗവണ്മെന്റ് മുന്നോട്ട് കൊണ്ടുപോകുന്നു; കാശി-തമിഴ് സംഗമം, സൗരാഷ്ട്ര-തമിഴ് സംഗമം തുടങ്ങിയ ഉദ്യമങ്ങളിലൂടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഐക്യബന്ധങ്ങളെ നാം ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തപ്പോൾ, നമ്മുടെ ശൈവ മഠങ്ങളിൽ നിന്നുള്ള സന്യാസിമാരാണ് ചടങ്ങിന് ആത്മീയമായി നേതൃത്വം നൽകിയത്; തമിഴ് സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ പവിത്രമായ ചെങ്കോൽ പുതിയ പാർലമെന്റിൽ ആചാരപരമായി സ്ഥാപിച്ചു: പ്രധാനമന്ത്രി

നമ്മുടെ ശൈവ പാരമ്പര്യം ഇന്ത്യയുടെ സാംസ്കാരിക സ്വത്വം രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു; ചോള ചക്രവർത്തിമാർ ഈ പാരമ്പര്യത്തിന്റെ പ്രധാന ശില്പികളായിരുന്നു. ഈ സജീവ പാരമ്പര്യം അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന, പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായി തമിഴ്‌നാട് ഇന്നും തുടരുന്നു: പ്രധാനമന്ത്രി

ചോളയുഗത്തിൽ ഇന്ത്യ കൈവരിച്ച സാമ്പത്തികവും സൈനികവുമായ ഉന്നതികൾ ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു: പ്രധാനമന്ത്രി

രാജരാജ ചോളൻ ശക്തമായ ഒരു നാവികസേനയുണ്ടാക്കി, രാജേന്ദ്ര ചോളൻ അത് കൂടുതൽ കരുത്തുറ്റതാക്കി: പ്രധാനമന്ത്രി

Posted On: 27 JUL 2025 4:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആടി തിരുവാതിര ഉത്സവത്തെ ഇന്ന് അഭിസംബോധന ചെയ്തു. സർവ്വശക്തനായ ശിവഭഗവാന് പ്രണാമം അർപ്പിച്ചുകൊണ്ട്, രാജരാജ ചോളന്റെ പുണ്യഭൂമിയിൽ ദിവ്യമായ ശിവദർശനത്തിലൂടെ അനുഭവിച്ച ആഴത്തിലുള്ള ആത്മീയ ഊർജ്ജത്തെക്കുറിച്ചും, ശ്രീ ഇളയരാജയുടെ സംഗീതത്തിന്റെയും ഓതുവാർമാരുടെ വിശുദ്ധ മന്ത്രോച്ചാരണത്തിന്റെയും അകമ്പടിയോടെയുള്ള ആത്മീയ അനുഭൂതിയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ആത്മീയ അന്തരീക്ഷം തന്റെ ആത്മാവിനെ അഗാധമായി സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രാവണ മാസത്തിന്റെ പ്രാധാന്യവും ബൃഹദേശ്വര ശിവക്ഷേത്രം നിർമ്മിച്ചിട്ട് 1000 വർഷം തികയുന്ന ചരിത്രപരമായ സന്ദർഭവും എടുത്തുപറഞ്ഞ പ്രധാനമന്ത്രി ഇങ്ങനെയൊരു അസാധാരണ മുഹൂർത്തത്തിൽ ഭഗവാൻ ബൃഹദേശ്വര ശിവന്റെ കാൽക്കൽ സന്നിഹിതനാകാനും ക്ഷേത്രത്തിൽ ആരാധന നടത്താനും കഴിഞ്ഞതിൽ തനിക്കുള്ള അതിയായ അഭിമാനവും സന്തോഷവും പ്രകടമാക്കി. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനും രാജ്യത്തിന്റെ തുടർച്ചയായ പുരോഗതിക്കും വേണ്ടി അദ്ദേഹം ചരിത്രപ്രസിദ്ധമായ ബൃഹദേശ്വര ശിവക്ഷേത്രത്തിൽ പ്രാർത്ഥിച്ചു. ശിവഭഗവാന്റെ അനുഗ്രഹങ്ങൾ എല്ലാവരിലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം ശിവന്റെ വിശുദ്ധ മന്ത്രങ്ങൾ ഉരുവിട്ടു.

മനുഷ്യക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി നമ്മുടെ പൂർവ്വികർ മുന്നോട്ടുവച്ച, 1000 വർഷത്തെ ചരിത്രവുമായി ബന്ധപ്പെട്ട കേന്ദ്ര സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ചിട്ടുള്ള പ്രദർശനം സന്ദർശിക്കാൻ ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ചിന്മയ മിഷൻ തയ്യാറാക്കിയ തമിഴ് ഗീത ആൽബത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം, ഈ ഉദ്യമം നമ്മുടെ പൈതൃകം സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തിന് ഊർജ്ജം പകരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

ചോള ഭരണാധികാരികൾ തങ്ങളുടെ നയതന്ത്ര, വ്യാപാര ബന്ധങ്ങൾ ശ്രീലങ്ക, മാലിദ്വീപ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്നലെ മാലിദ്വീപിൽ നിന്ന് മടങ്ങിയതും ഇന്ന് തമിഴ്നാട്ടിലെ ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതും യാദൃശ്ചികമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശിവനെ ധ്യാനിക്കുന്നവർ ഭഗവാനെപ്പോലെ ശാശ്വതരാണെന്ന് പ്രതിപാദിക്കുന്ന വേദഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ശിവനോടുള്ള അചഞ്ചലമായ ഭക്തിയിൽ വേരൂന്നിയ ഇന്ത്യയുടെ ചോള പൈതൃകം അമർത്യത നേടിയിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. "രാജരാജ ചോളന്റെയും രാജേന്ദ്ര ചോളന്റെയും പൈതൃകം ഇന്ത്യയുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പര്യായമാണ്",  പ്രധാനമന്ത്രി പറഞ്ഞു. ചോള സാമ്രാജ്യത്തിന്റെ ചരിത്രവും പൈതൃകവും ഇന്ത്യയുടെ യഥാർത്ഥ സാധ്യതകൾ ഉയർത്തിക്കാട്ടുകയാണെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. മഹാനായ രാജേന്ദ്ര ചോളന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ശാശ്വത പാരമ്പര്യത്തെ അംഗീകരിച്ചുകൊണ്ട്, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ദേശീയ അഭിലാഷത്തെ ഈ പൈതൃകം പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.  അടുത്തിടെ ആരംഭിച്ച ആടി തിരുവാതിരൈ ഉത്സവം ഇന്നത്തെ മഹത്തായ പരിപാടിയോടെ സമാപനം കുറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി പരിപാടിയ്ക്കായി സംഭാവന നൽകിയ എല്ലാവരെയും  അഭിനന്ദിച്ചു.

"ചോള കാലഘട്ടത്തെ ഇന്ത്യയുടെ സുവർണ്ണ കാലഘട്ടങ്ങളിലൊന്നായി ചരിത്രകാരന്മാർ കണക്കാക്കുന്നു, അതിന്റെ സൈനിക ശക്തിയാൽ വേറിട്ടറിയപ്പെടുന്ന ഒരു കാലഘട്ടം", ചോള സാമ്രാജ്യം ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളെ മുന്നോട്ട് നയിച്ചുവെന്ന് അടിവരയിട്ടുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടന്റെ മാഗ്നാകാർട്ടയെക്കുറിച്ച് ചരിത്രകാരന്മാർ പറയുമ്പോൾ, ചോള സാമ്രാജ്യം നൂറ്റാണ്ടുകൾക്ക് മുമ്പ് കുടവോലൈ അമൈയിപ്പ് സമ്പ്രദായത്തിലൂടെ ജനാധിപത്യ തിരഞ്ഞെടുപ്പ് രീതികൾ നടപ്പിലാക്കിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ ആഗോള ചർച്ചകൾ പലപ്പോഴും ജല പരിപാലനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും ചുറ്റിപ്പറ്റിയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ത്യയുടെ പൂർവ്വികർ ഈ വിഷയങ്ങളുടെ പ്രാധാന്യം വളരെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നുവെന്ന് വ്യക്തമാക്കി. മറ്റ് പ്രദേശങ്ങളിൽ നിന്ന് സ്വർണ്ണം, വെള്ളി, കന്നുകാലികൾ എന്നിവ നേടിയതിന്റെ പേരിൽ പല രാജാക്കന്മാരും ഓർമ്മിക്കപ്പെടുമ്പോൾ, പുണ്യമായ ഗംഗാജലം കൊണ്ടുവന്നതിന്റെ പേരിലാണ് രാജേന്ദ്ര ചോളൻ അറിയപ്പെടുന്നതെന്നും അദ്ദേഹം ഉദാഹരണമായി പറഞ്ഞു. രാജേന്ദ്ര ചോളൻ ഉത്തരേന്ത്യയിൽ നിന്ന് ഗംഗാജലം കൊണ്ടുവന്ന് തെക്ക് സ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇപ്പോൾ പൊന്നേരി തടാകം എന്നറിയപ്പെടുന്ന ചോള ഗംഗാ തടാകത്തിലേക്ക് വെള്ളം ഒഴുക്കിവിട്ടതായി "ഗംഗാ ജലമയം ജയസ്തംഭം" എന്ന വാക്യം പരാമർശിച്ചുകൊണ്ട് അദ്ദേഹം വിശദമാക്കി.

രാജേന്ദ്ര ചോളൻ സ്ഥാപിച്ച ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം ഇന്നും ഒരു ലോകോത്തര വാസ്തുവിദ്യാ വിസ്മയമായി തുടരുന്നുവെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കാവേരി മാതാവിന്റെ മണ്ണിൽ ഗംഗാ ആഘോഷം നടത്തുന്നത് ചോള സാമ്രാജ്യത്തിന്റെ പാരമ്പര്യം കൂടിയാണെന്നും അഭിപ്രായപ്പെട്ടു. ഈ ചരിത്ര സംഭവത്തിന്റെ സ്മരണയ്ക്കായി, കാശിയിൽ നിന്ന് വീണ്ടും ഗംഗാ ജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടുവന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അവിടെ ഒരു പ്രത്യേക ചടങ്ങ് നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കാശിയിൽ നിന്നുള്ള ജന പ്രതിനിധി എന്ന നിലയിൽ, ഗംഗാ മാതാവുമായുള്ള തന്റെ ആഴത്തിലുള്ള വൈകാരിക ബന്ധം പ്രധാനമന്ത്രി പങ്കുവെച്ചു. ചോള രാജാക്കന്മാരുമായി ബന്ധപ്പെട്ട ശ്രമങ്ങളും പരിപാടികളും ഒരു പുണ്യകർമ്മം പോലെയാണെന്നും, അത് - "ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്" എന്ന ആശയത്തിന് പുതിയ ഊർജ്ജം നൽകുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.

"ചോള ഭരണാധികാരികൾ ഇന്ത്യയെ സാംസ്കാരിക ഐക്യത്തിന്റെ നൂലിൽ ഇഴചേർത്തിരുന്നു. ഇന്ന്, നമ്മുടെ ഗവണ്മെന്റ് ചോള കാലഘട്ടത്തിലെ അതേ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു", പ്രധാനമന്ത്രി പറഞ്ഞു. കാശി തമിഴ് സംഗമം, സൗരാഷ്ട്ര തമിഴ് സംഗമം തുടങ്ങിയ പരിപാടികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഐക്യബന്ധങ്ങളെ ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം പോലുള്ള പുരാതന ക്ഷേത്രങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വഴി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ശൈവ മഠങ്ങളിൽ നിന്നുള്ള സന്യാസിമാർ ആത്മീയ മാർഗനിർദേശത്തോടെ ചടങ്ങിന് നേതൃത്വം നൽകിയ കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, തമിഴ് പാരമ്പര്യവുമായി ബന്ധപ്പെട്ട പവിത്രമായ ചെങ്കോൽ പാർലമെന്റിൽ ആചാരപരമായി സ്ഥാപിച്ചിട്ടുണ്ടെന്നും ആ നിമിഷം അദ്ദേഹം ഇപ്പോഴും വളരെയധികം അഭിമാനത്തോടെ ഓർക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.

ചിദംബരം നടരാജ ക്ഷേത്രത്തിൽ നിന്നുള്ള ദീക്ഷിതരുമായുള്ള കൂടിക്കാഴ്ച അനുസ്മരിച്ച ശ്രീ മോദി, ശിവഭഗവാനെ നടരാജ രൂപത്തിൽ ആരാധിക്കുന്ന ദിവ്യ ക്ഷേത്രത്തിൽ നിന്നുള്ള പവിത്രമായ വഴിപാട് അവർ തനിക്ക് സമർപ്പിച്ചതായി വ്യക്തമാക്കി. നടരാജന്റെ ഈ രൂപം ഇന്ത്യയുടെ തത്ത്വചിന്തയെയും ശാസ്ത്രീയ അടിത്തറകളെയും പ്രതീകവൽക്കരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2023-ൽ G-20 ഉച്ചകോടിയിൽ ആഗോള നേതാക്കൾ ഒത്തുചേർന്ന ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടരാജന്റെ സമാനമായ ആനന്ദ താണ്ഡവ വിഗ്രഹം  സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

"ഇന്ത്യയുടെ സാംസ്കാരിക സ്വത്വം രൂപപ്പെടുത്തുന്നതിൽ നമ്മുടെ ശൈവ പാരമ്പര്യം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ സാംസ്കാരിക സമ്പന്നതയുടെ പ്രധാന ശിൽപ്പികൾ ചോള ചക്രവർത്തിമാരാണ്. തമിഴ്‌നാട് ഊർജ്ജസ്വലമായ ശൈവ പൈതൃകത്തിന്റെ ഒരു പ്രധാന കേന്ദ്രമായി തുടരുന്നു", എന്ന് പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു, ആദരണീയരായ നായനാർ സന്യാസിമാരുടെ പാരമ്പര്യം, അവരുടെ ഭക്തി സാഹിത്യം, തമിഴ് സാഹിത്യ സംഭാവനകൾ, അധീനരുടെ ആത്മീയ സ്വാധീനം എന്നിവ എടുത്തുകാണിച്ചു. ഈ ഘടകങ്ങൾ സാമൂഹികവും ആത്മീയവുമായ മേഖലകളിൽ ഒരു പുതിയ യുഗത്തിന് ഉത്തേജനം നൽകിയതായി അദ്ദേഹം പറഞ്ഞു.

ഇന്ന് ലോകം അസ്ഥിരത, അക്രമം, പാരിസ്ഥിതിക പ്രതിസന്ധികൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ശൈവ തത്ത്വചിന്ത അർത്ഥവത്തായ പരിഹാരങ്ങൾ  വാഗ്ദാനം ചെയ്യുന്നുവെന്ന് ഊന്നിപ്പറഞ്ഞു. "സ്നേഹമാണ് ശിവൻ" എന്നർത്ഥം വരുന്ന 'അൻപേ ശിവം' എഴുതിയ തിരുമൂലരുടെ ആശയങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. ലോകം ഈ ചിന്ത സ്വീകരിച്ചാൽ, പല പ്രതിസന്ധികളും സ്വയം പരിഹരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, 'ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി' എന്ന മുദ്രാവാക്യത്തിലൂടെ ഇന്ത്യ ഈ തത്ത്വചിന്തയെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് പ്രസ്താവിച്ചു.

"ഇന്ന് ഇന്ത്യ 'വികാസ് ഭി, വിരാസത് ഭി' എന്ന മന്ത്രത്താൽ നയിക്കപ്പെടുന്നു, ആധുനിക ഇന്ത്യ അതിന്റെ ചരിത്രത്തിൽ അഭിമാനിക്കുന്നു", ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, രാഷ്ട്രം അതിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി അക്ഷീണം പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തേക്ക് കടത്തപ്പെട്ട അല്ലെങ്കിൽ വിറ്റുപോയ പുരാതന പ്രതിമകളും പുരാവസ്തുക്കളും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 മുതൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് 600-ലധികം പുരാതന പൈതൃക വസ്തുക്കൾ നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും ഇതിൽ 36 പുരാവസ്തുക്കൾ പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ നിന്നാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നടരാജൻ, ലിംഗോദ്ഭവർ, ദക്ഷിണാമൂർത്തി, അർദ്ധനാരീശ്വരൻ, നന്ദികേശ്വരൻ, ഉമാ പരമേശ്വരി, പാർവതി, സംബന്ധർ എന്നിവയുൾപ്പെടെ നിരവധി വിലപ്പെട്ട പൈതൃക വസ്തുക്കൾ വീണ്ടും നമ്മുടെ നാടിനെ അലങ്കരിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യയുടെ പൈതൃകവും ശൈവ തത്ത്വചിന്തയുടെ സ്വാധീനവും ഇനി ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ലെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി എത്താൻ സാധിച്ച രാജ്യമായി ഇന്ത്യ മാറിയപ്പോൾ, ആ സ്ഥലത്തിന് "ശിവ-ശക്തി" എന്ന് നാമകരണം ചെയ്തതായും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതായും അനുസ്മരിച്ചു.

"ചോള കാലഘട്ടത്തിൽ നേടിയ സാമ്പത്തികവും തന്ത്രപരവുമായ പുരോഗതി ആധുനിക ഇന്ത്യയ്ക്ക് പ്രചോദനമായി തുടരുന്നു; രാജരാജ ചോളൻ ശക്തമായ ഒരു നാവികസേന സ്ഥാപിച്ചു, അത് രാജേന്ദ്ര ചോളൻ കൂടുതൽ ശക്തിപ്പെടുത്തി", എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ചോള കാലഘട്ടം പ്രാദേശിക ഭരണ സംവിധാനങ്ങളുടെ ശാക്തീകരണവും ശക്തമായ വരുമാന ഘടന നടപ്പിലാക്കലും ഉൾപ്പെടെയുള്ള പ്രധാന ഭരണ പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാണിജ്യ പുരോഗതി, സമുദ്ര പാതകളുടെ ഉപയോഗം, കലയുടെയും സംസ്കാരത്തിന്റെയും പ്രോത്സാഹനം എന്നിവയിലൂടെ ഇന്ത്യ എല്ലാ ദിശകളിലും വേഗത്തിൽ പുരോഗതി കൈവരിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പുരാതന മാർഗരേഖയായി ചോള സാമ്രാജ്യം വർത്തിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു വികസിത രാഷ്ട്രമാകാൻ, ഇന്ത്യ ഐക്യത്തിന് മുൻഗണന നൽകണം, നാവികസേനയെയും പ്രതിരോധ സേനയെയും ശക്തിപ്പെടുത്തണം, പുതിയ അവസരങ്ങൾ തേടണം, അതിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം എന്ന് ശ്രീ മോദി തുടർന്നു പറഞ്ഞു. ഈ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യം മുന്നോട്ട് പോകുന്നതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

ഇന്നത്തെ ഇന്ത്യ ദേശീയ സുരക്ഷയ്ക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, ഓപ്പറേഷൻ സിന്ദൂറിനെ പറ്റി പ്രധാനമന്ത്രി സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ പരമാധികാരത്തിനെതിരായ ഏതൊരു ഭീഷണിക്കും ഇന്ത്യ ഉറച്ചതും നിർണ്ണായകവുമായ പ്രതികരണം കാഴ്ചവച്ചതായി അദ്ദേഹം പ്രസ്താവിച്ചു. ഭീകരർക്കും രാജ്യത്തിന്റെ ശത്രുക്കൾക്കും സുരക്ഷിത താവളമില്ലെന്ന് വ്യക്തമായ സന്ദേശം ഈ ഓപ്പറേഷൻ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയിലെ ജനങ്ങളിൽ പുതിയൊരു ആത്മവിശ്വാസം വളർത്തിയിട്ടുണ്ടെന്നും ലോകം മുഴുവൻ അതിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗംഗൈകൊണ്ട ചോളപുരത്തിന്റെ നിർമ്മാണം എടുത്തുകാണിച്ചുകൊണ്ട് ശ്രീ മോദി, രാജേന്ദ്ര ചോളന്റെ പാരമ്പര്യത്തിന് ഒരു ചിന്താപരമായ സമാന്തരം വരച്ചുകാട്ടി. ആഴമായ ആദരവ് പ്രകടിപ്പിക്കുന്നതിനായി, തഞ്ചാവൂരിലെ തന്റെ പിതാവിന്റെ ബൃഹദീശ്വര ക്ഷേത്രത്തേക്കാൾ താഴ്ന്നാണ് അവിടുത്തെ ക്ഷേത്ര ഗോപുരം നിർമ്മിച്ചത്. നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും, രാജേന്ദ്ര ചോളൻ വിനയം പ്രകടിപ്പിച്ചു. "ഇന്നത്തെ പുതിയ ഇന്ത്യയും ഇതേ മനോഭാവത്തെ ഉൾക്കൊള്ളുന്നു - കൂടുതൽ ശക്തമാവുന്നു, എന്നാൽ ആഗോള ക്ഷേമത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങളിൽ വേരൂന്നിയിരിക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പൈതൃകത്തിൽ അഭിമാനം വളർത്താനുള്ള ദൃഢനിശ്ചയം ഉറപ്പിച്ചുകൊണ്ട് ശ്രീ മോദി, രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകനും പ്രശസ്ത ഭരണാധികാരിയുമായ രാജേന്ദ്ര ചോളൻ ഒന്നാമന്റെയും ഗംഭീര പ്രതിമകൾ വരും കാലങ്ങളിൽ തമിഴ്‌നാട്ടിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ ചരിത്രബോധത്തിന്റെ  തൂണുകളായി ഈ പ്രതിമകൾ വർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുൾ കലാമിന്റെ ചരമവാർഷിക ദിനമായ ഇന്ന്, വികസിത ഇന്ത്യയെ നയിക്കാൻ ഡോ. കലാമിനെയും ചോള രാജാക്കന്മാരെയും പോലുള്ള ദശലക്ഷക്കണക്കിന് യുവാക്കളെ രാജ്യത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശക്തിയും സമർപ്പണവും നിറഞ്ഞ അത്തരം യുവാക്കൾ 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ദൃഢനിശ്ചയം നമ്മൾ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും ഈ അവസരത്തിൽ രാഷ്ട്രത്തിന് ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആദരണീയരായ സന്യാസിമാർ, തമിഴ്‌നാട് ഗവർണർ ശ്രീ ആർ. എൻ. രവി, കേന്ദ്രമന്ത്രി ഡോ. എൽ. മുരുകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ നടന്ന പൊതുപരിപാടിയിൽ, ഇന്ത്യയിലെ ഏറ്റവും മഹാനായ ചക്രവർത്തിമാരിൽ ഒരാളായ രാജേന്ദ്ര ചോളൻ ഒന്നാമനെ ആദരിക്കുന്ന ഒരു സ്മാരക നാണയം പ്രധാനമന്ത്രി പുറത്തിറക്കി. ആടി തിരുവാതിരൈ ഉത്സവം ആഘോഷിച്ചതിന്റെ ഭാഗമായാണ് അദ്ദേഹം ഇത് പുറത്തിറക്കിയത്.

തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള രാജേന്ദ്ര ചോളൻ ഒന്നാമന്റെ ഐതിഹാസിക സമുദ്ര പര്യവേഷണത്തിന്റെ 1,000 വർഷങ്ങളെയും ചോള വാസ്തുവിദ്യയുടെ മഹത്തായ ഉദാഹരണമായ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിന്റെ നിർമ്മാണത്തിന്റെ തുടക്കത്തെയും ഈ പ്രത്യേക ആഘോഷം അനുസ്മരിക്കുന്നു.

രാജേന്ദ്ര ചോളൻ ഒന്നാമൻ (1014–1044 CE) ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ശക്തനും ദീർഘവീക്ഷണമുള്ളതുമായ ഭരണാധികാരികളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ചോള സാമ്രാജ്യം ദക്ഷിണ- തെക്കുകിഴക്കൻ ഏഷ്യയിലുടനീളം അതിന്റെ സ്വാധീനം വ്യാപിപ്പിച്ചു. വിജയകരമായ ജൈത്രയാത്രക്ക് ശേഷം അദ്ദേഹം ഗംഗൈകൊണ്ട ചോളപുരം തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി സ്ഥാപിച്ചു, അവിടെ അദ്ദേഹം നിർമ്മിച്ച ക്ഷേത്രം 250 വർഷത്തിലേറെയായി ശൈവ ഭക്തിയുടെയും വാസ്തുവിദ്യയുടെയും ഭരണ വൈഭവത്തിന്റെയും ഒരു ദീപസ്തംഭമായി വർത്തിച്ചു. ഇന്ന്, സങ്കീർണ്ണമായ ശിൽപങ്ങൾ, ചോള വെങ്കലങ്ങൾ, പുരാതന ലിഖിതങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഈ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി നിലകൊള്ളുന്നു.

തമിഴ് ശൈവമതത്തിലെ സന്യാസി കവികളായ 63 നായനാർമാർ അനശ്വരമാക്കിയതും ചോളന്മാർ ശക്തമായി പിന്തുണച്ചതുമായ സമ്പന്നമായ തമിഴ് ശൈവ ഭക്തി പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ആഘോഷമാണ് ആടി തിരുവാതിരൈ ഉത്സവം. രാജേന്ദ്ര ചോളന്റെ ജന്മനക്ഷത്രമായ തിരുവാതിര (ആർദ്ര) ജൂലൈ 23 ന് ആരംഭിക്കുന്നു, ഇത് ഈ വർഷത്തെ ഉത്സവത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു.

 

Honoured to be at Gangaikonda Cholapuram Temple for the Aadi Thiruvathirai Festival. https://t.co/r2huJD0dUm

— Narendra Modi (@narendramodi) July 27, 2025

Rajaraja Chola and Rajendra Chola symbolise India's identity and pride.

The history and legacy of the Chola Empire reflect the strength and true potential of our great nation. pic.twitter.com/3YrRyQJxlj

— PMO India (@PMOIndia) July 27, 2025

The Chola era was one of the golden periods of Indian history.

This period is distinguished by its formidable military strength. pic.twitter.com/RIMsri522c

— PMO India (@PMOIndia) July 27, 2025

Rajendra Chola established the Gangaikonda Cholapuram Temple.

Even today, this temple stands as an architectural wonder admired across the world. pic.twitter.com/CswBrMsYUp

— PMO India (@PMOIndia) July 27, 2025

The Chola emperors had woven India into a thread of cultural unity.

Today, our government is carrying forward the same vision of the Chola era.

Through initiatives like the Kashi-Tamil Sangamam and the Saurashtra-Tamil Sangamam, we are strengthening these centuries-old bonds of… pic.twitter.com/5kFCZ02WZ3

— PMO India (@PMOIndia) July 27, 2025

When the new Parliament building was inaugurated, the saints from our Shaivite Adheenams led the ceremony spiritually.

The sacred Sengol, deeply rooted in Tamil culture, has been ceremoniously installed in the new Parliament. pic.twitter.com/mWhBB8O2Qw

— PMO India (@PMOIndia) July 27, 2025

Our Shaivite tradition has played a vital role in shaping India's cultural identity.

The Chola emperors were key architects of this legacy. Even today, Tamil Nadu remains one of the most significant centres where this living tradition continues to thrive. pic.twitter.com/jjFmDinKTs

— PMO India (@PMOIndia) July 27, 2025

The economic and military heights India reached during the Chola era continue to inspire us even today.

Rajaraja Chola built a powerful navy, which Rajendra Chola further strengthened. pic.twitter.com/acdUWLHTdO

— PMO India (@PMOIndia) July 27, 2025

******

SK


(Release ID: 2149115)