പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ഇന്ത്യ-യുകെ കാഴ്ചപ്പാട് 2035

Posted On: 24 JUL 2025 7:12PM by PIB Thiruvananthpuram

2025 ജൂലൈ 24-നു ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പങ്കാളിത്തത്തിനു പുതിയ ദിശയേകുന്ന ‘ഇന്ത്യ-യുകെ കാഴ്ചപ്പാട് 2035’ ഇരുപ്രധാനമന്ത്രിമാരും അംഗീകരിച്ചു. പുനരുജ്ജീവിപ്പിക്കപ്പെട്ട പങ്കാളിത്തത്തിന്റെ സാധ്യതകളാകെ ഉപയോഗപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുന്നതാണിത്. ലോകം അതിവേഗം മാറുന്ന ഈ ഘട്ടത്തിൽ, പരസ്പരവളർച്ചയ്ക്കും സമൃദ്ധിക്കുമായി ഒരുമിച്ചു പ്രവർത്തിക്കാനും, സമ്പന്നവും സുരക്ഷിതവും സുസ്ഥിരവുമായ ലോകം രൂപപ്പെടുത്താനുമുള്ള ഇരുരാജ്യങ്ങളുടെയും ദൃഢനിശ്ചയത്തെ അഭിലാഷപൂർണവും​ ഭാവികേന്ദ്രീകൃതവുമായ കരാർ അടിവരയിടുന്നു.

തീവ്രമായ അഭിലാഷം: ഇന്ത്യ-യുകെ ബന്ധം സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തിയശേഷം, ഇരുരാജ്യങ്ങളും എല്ലാ മേഖലകളിലും പങ്കാളിത്തവും വളർച്ചയും ഗണ്യമായി ഉത്തേജിപ്പിച്ചിട്ടുണ്ട്. പുതിയ കാഴ്ചപ്പാട് ഈ പുരോഗതിയു​ടെ തുടർച്ചയായി, ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനും വൈവിധ്യവൽക്കരിക്കാനുമുള്ള ഉത്കൃഷ്ട ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നു.

തന്ത്രപരമായ വീക്ഷണം: 2035-ഓടെ, ഇന്ത്യയും യുകെയും തമ്മിലുള്ള പ്രധാന പങ്കാളിത്തങ്ങൾ ഈ ബന്ധത്തെ പുനർനിർവചിക്കും. ഇത് ഇരുരാജ്യങ്ങൾക്കും പരിവർത്തനാത്മക അവസരങ്ങളും വ്യക്തമായ നേട്ടങ്ങളും നൽകും. ‘ഇന്ത്യ-യുകെ കാഴ്ചപ്പാട് 2035’ വ്യക്തമായ തന്ത്രപ്രധാന ലക്ഷ്യങ്ങളും നാഴികക്കല്ലുകളും സജ്ജമാക്കുന്നു. സുസ്ഥിരമായ ഭാവി സഹകരണത്തിനും നൂതനത്വത്തിനുമുള്ള പാത ഒരുക്കുന്നു.

സമഗ്ര ഫലങ്ങൾ: ‘ഇന്ത്യ-യുകെ കാഴ്ചപ്പാട് 2035’-ന്റെ സ്തംഭങ്ങൾ പരസ്പരം ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തവയാണ്. അതിലൂടെ ഓരോ മേഖലയിലെയും ഫലങ്ങളെക്കാളും വലിയതും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പങ്കാളിത്തം രൂപപ്പെടുന്നു. ഈ പങ്കാളിത്തം താഴെപ്പറയുന്ന മേഖലകളിലായി വ്യാപകവും ആഴത്തിലുള്ളതുമായ നേട്ടങ്ങൾ നൽകുന്നതിനു ലക്ഷ്യമിടുന്നു:

* യുകെയിലെയും ഇന്ത്യയിലെയും വളർച്ചയും തൊഴിലവസരങ്ങളും, ഇരുരാജ്യങ്ങൾക്കും വിപണികളും അവസരങ്ങളും തുറക്കുന്ന ഉത്കൃഷ്ടമായ വ്യാപാര കരാറിൽ കെട്ടിപ്പടുക്കും.

​* ആഗോളതലത്തിൽ പുതിയ പ്രതിഭാസമൂഹം കെട്ടിപ്പടുക്കുന്നതു ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ-നൈപുണ്യ പങ്കാളിത്തം, യുകെ-ഇന്ത്യ സർവകലാശാലകൾ തമ്മിലുള്ള അന്തർദേശീയ വിദ്യാഭ്യാസ സഹകരണം മെച്ചപ്പെടുത്തും. ഇരുരാജ്യങ്ങളിലെയും പ്രമുഖ സർവകലാശാലകളുടെ ക്യാമ്പസുകൾ പരസ്പരം സ്ഥാപിക്കും.

* ഭാവിയിലെ ടെലികോം, നിർമിതബുദ്ധി, നിർണായക ധാതുക്കൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതിക സുരക്ഷാസംരംഭത്തെ അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതികവിദ്യയും ഗവേഷണവും വികസിപ്പിക്കും. സെമികണ്ടക്ടറുകൾ, ക്വാണ്ടം, ജൈവസാങ്കേതികവിദ്യ, നൂതന വസ്തുക്കൾ എന്നിവയിൽ ഭാവി സഹകരണത്തിന് അടിത്തറ പാകും.

* സംശുദ്ധ ഊർജോൽപ്പാദനം ത്വരിതപ്പെടുത്തുന്നതിലും, വലിയ തോതിൽ കാലാവസ്ഥാ ധനസഹായം സമാഹരിക്കുന്നതിലും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിവർത്തനാത്മക കാലാവസ്ഥാ പങ്കാളിത്തമൊരുക്കും.

* ഇൻഡോ-പസഫിക് മേഖലയിലും അതിനു പുറത്തും സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവയ്ക്കായുള്ള പൊതുവായ പ്രതിജ്ഞാബദ്ധത ഉൾപ്പെടെയുള്ള പ്രതിരോധ-സുരക്ഷാ സഹകരണം സജ്ജമാക്കും.

‘ഇന്ത്യ-യുകെ കാഴ്ചപ്പാട് 2035’ സുസ്ഥിരമായ ഉന്നതതല രാഷ്ട്രീയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണൊരുക്കിയിട്ടുള്ളത്. തന്ത്രപരമായ ദിശാബോധവും മേൽനോട്ടവും നൽകുന്നതിന് ഇരുപ്രധാനമന്ത്രിമാരുടെയും പതിവു കൂടിക്കാഴ്ചകൾ പ്രതിജ്ഞാബദ്ധമായി തുടരുമെന്ന് ഇരുരാജ്യങ്ങളും ആവർത്തിച്ചുറപ്പിക്കുന്നു. ‘ഇന്ത്യ-യുകെ കാഴ്ചപ്പാട് 2035’-ന്റെ നടപ്പാക്കൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രിയും യുകെ വിദേശകാര്യസെക്രട്ടറിയും വർഷം തോറും അവലോകനം ചെയ്യും. സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, സാമ്പത്തിക മേഖല സഹകരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു കേന്ദ്രീകൃത മന്ത്രിതല സംവിധാനങ്ങൾ സഹായിക്കും. പങ്കാളിത്തം ചലനാത്മകവും പ്രതികരണശേഷിയുള്ളതുമാക്കാനും പൊതുവായ തന്ത്രപ്രധാന താൽപ്പര്യങ്ങളുമായി യോജിപ്പിക്കാനും ഈ ഇടപെടലുകൾ വഴിയൊരുക്കും.

നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിനും അർത്ഥവത്തായ പരിഷ്കരണത്തിലൂടെ ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തുന്നതിനുമുള്ള പൊതുവായ പ്രതിജ്ഞാബദ്ധത ഇന്ത്യയും യുകെയും ആവർത്തിച്ചുറപ്പിക്കുന്നു. സുരക്ഷാസമിതി ഉൾപ്പെടെ ഐക്യരാഷ്ട്രസഭയുടെയും കോമൺ‌വെൽത്ത്, WTO, WHO, IMF, ലോക ബാങ്ക് തുടങ്ങിയ ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെയും പരിഷ്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഇരുപക്ഷവും ഒരുമിച്ചു പ്രവർത്തിക്കും. ഈ സ്ഥാപനങ്ങൾ സമകാലിക ആഗോള യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ സജ്ജരാണെന്നും ഉറപ്പാക്കും.

​യുകെ-ഇന്ത്യ ബന്ധത്തിന്റെ എല്ലാ വശങ്ങളെയും ജനങ്ങൾ തമ്മിലുള്ള ബന്ധം പിന്തുണയ്ക്കുന്നു. ഇരുരാജ്യങ്ങളും വിദ്യാഭ്യാസം, സാംസ്കാരികവിനിമയം, കോൺസുലാർ കാര്യങ്ങൾ എന്നിവയിൽ സഹകരണം വർധിപ്പിക്കും. പൗരന്മാരുടെയും പ്രവാസിസമൂഹങ്ങളുടെയും ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റും.

‘കാഴ്ചപ്പാട് 2035’-ന്റെ വ്യത്യസ്ത സ്തംഭങ്ങൾക്കു കീഴിൽ സമയബന്ധിതമായ പ്രവർത്തനത്തിലൂടെ ഇന്ത്യയും യുകെയും ഉഭയകക്ഷിസഹകരണം കൂടുതൽ ആഴത്തിലാക്കാനും വൈവിധ്യവത്കരിക്കാനും, Business (ബിസിനസ്), Research (ഗവേഷണം), Innovation (നൂതനത്വം),  Science and Technology (ശാസ്ത്ര സാങ്കേതിക വിദ്യ), Knowledge (ജ്ഞാനം) എന്നിവയെ അടിസ്ഥാനമാക്കി ഭാവിയിലേക്കുള്ള BRISK പങ്കാളിത്തത്തിനായി നമ്മുടെ ഇരുരാജ്യങ്ങളെയും സജ്ജമാക്കാനും പ്രതിജ്ഞാബദ്ധമാണ്.

വളർച്ച

കഴിഞ്ഞ ദശകത്തിൽ ഇന്ത്യ-യുകെ ഉഭയകക്ഷിവ്യാപാരം ഗണ്യമായി വളർന്നു. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക- വ്യാപാര കരാർ (CETA) ഒപ്പുവച്ചതും ഇരട്ട വിഹിത കൺവെൻഷൻ ചർച്ച ചെയ്യുന്നതിനുള്ള കരാറും നമ്മുടെ ഉഭയകക്ഷിബന്ധങ്ങളിലെ നാഴികക്കല്ലാണ്. വ്യാപാര കരാർ ഇരുരാജ്യങ്ങളിലെയും സാമ്പത്തിക വളർച്ച വർധിപ്പിക്കുകയും തൊഴിലവസരങ്ങളെയും സമൃദ്ധിയെയും പിന്തുണയ്ക്കുകയും ചെയ്യും. ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (Bilateral Investment Treaty - BIT) എത്രയും വേഗം പൂർത്തിയാക്കാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണ്. അംഗീകരിച്ച സ്വതന്ത്ര വ്യാപാര കരാർ, വളർച്ചയ്ക്കുള്ള നമ്മുടെ സംയുക്ത ഉത്കൃഷ്ട പങ്കാളിത്തത്തിനുള്ള തുടക്കം മാത്രമാണ്. ഇരുരാജ്യങ്ങൾക്കും സുസ്ഥിരമായ ദീർഘകാല വളർച്ചയും തൊഴിലവസര സൃഷ്ടിയും ഉറപ്പാക്കുന്നതിനുള്ള സംരംഭങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ യുകെയും ഇന്ത്യയും ധാരണയായി. പുനരുപയോഗ ഊർജം, ആരോഗ്യം, ജീവശാസ്ത്രം, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, പ്രൊഫഷണൽ- ബിസിനസ് സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, സർഗാത്മക വ്യവസായങ്ങൾ, പ്രതിരോധം തുടങ്ങിയ മുൻഗണനാ വളർച്ച മേഖലകളിലെ നവീകരണം, ഗവേഷണം, നിയന്ത്രണ സഹകരണം എന്നിവയെ ഇരുപക്ഷവും പിന്തുണയ്ക്കും. ഇരുപക്ഷവും ഇനി പറയുന്ന കാര്യങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കും:

​1. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാറിനെ (CETA) പിന്തുടർന്ന് ഇരുദിശകളിലേക്കും കൂടുതൽ അഭിലഷണീയമായ പ്രവാഹം ലക്ഷ്യമിട്ട്, ചരക്കുകളിലും സേവനങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരം വളർത്തുന്നതു തുടരും.

2. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ (CETA) നടപ്പാക്കൽ ഉറപ്പാക്കുന്ന പുതുക്കിയ സംയുക്ത സാമ്പത്തിക-വ്യാപാര കമ്മിറ്റി (JETCO) വഴി, വ്യാപാരത്തിലും നിക്ഷേപത്തിലും യുകെ-ഇന്ത്യ ബന്ധം മുന്നോട്ടു കൊണ്ടുപോകും. സ്ഥൂല സാമ്പത്തിക നയം, സാമ്പത്തിക നിയന്ത്രണം, നിക്ഷേപം എന്നിവയിൽ സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രധാന വേദികളായി സാമ്പത്തിക-ധനകാര്യ സംഭാഷണവും (EFD) ശക്തിപ്പെടുത്തിയ സാമ്പത്തിക വി‌പണി സംഭാഷണവും (FMD) തുടർന്നും പ്രവർത്തിക്കും. ഇന്ത്യയും യുകെയും തമ്മിൽ കൂടുതൽ സ്ഥിരതയുള്ളതും ഉൾക്കൊള്ളുന്നതും വളർച്ചാധിഷ്ഠിതവുമായ സാമ്പത്തിക പങ്കാളിത്തം വളർത്തിയെടുക്കാൻ ഈ ഇടപെടലുകൾ സഹായിക്കും.

3. ബിസിനസ് നേതാക്കൾക്ക് പതിവായി കണ്ടുമുട്ടാനുള്ള വേദികളും അവസരങ്ങളും ലഭ്യമാക്കികൊണ്ട് യു.കെയിലേയും ഇന്ത്യയിലേയും ബിസിനസ് സമൂഹങ്ങൾക്കിടയിൽ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുക.

4. ഇന്ത്യയും യു.കെയും തമ്മിലുള്ള മൂലധന വിപണി ബന്ധം മെച്ചപ്പെടുത്തുകയും ഇൻഷുറൻസ്, പെൻഷനുകൾ, ആസ്തി മാനേജ്‌മെന്റ് മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുക.

5. സാമ്പത്തിക സേവനങ്ങളിൽ നൂതനാശയങ്ങൾ, നിർമ്മിത ബുദ്ധി (എ.ഐ), ഗ്രീൻ ഫിനാൻസ്, അസറ്റ് മാനേജ്‌മെന്റ് (ആസ്തി പരിപാലനം), നിക്ഷേപം തുടങ്ങി, സഹകരണത്തിനായി പുതിയ മേഖലകളെ ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യ-യു.കെ സാമ്പത്തികപങ്കാളിത്തത്തിന്റെ (ഫിനാൻഷ്യൽ പാർടണർഷിപ്പ്- ഐ.യു.കെ.എഫ്.പി) തുടർച്ചയായ പ്രവർത്തനങ്ങൾ കെട്ടിപ്പെടുക്കുക. തിരഞ്ഞെടുത്ത മേഖലകളിൽ ഉഭയകക്ഷി ബിസിനസിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയിലെ അടിസ്ഥാന സൗകര്യ നിക്ഷേപം തുറക്കുന്നതിനുമായി യു.കെ-ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗ് ബ്രിഡ്ജ് (യു.കെ.ഐ.ഐ.എഫ്.ബി) കെട്ടിപ്പടുക്കുക.

6. പരസ്പരം തിരിച്ചറിഞ്ഞ മേഖലകളിൽ പ്രതിരോധശേഷിയുള്ള വിതരണശൃംഖലയെക്കുറിച്ചുള്ള പതിവ് സംഭാഷണ സംവിധാനങ്ങളിലൂടെ സുപ്രധാന വ്യാവസായിക മേഖലകളിൽ സുരക്ഷിതമായ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക.

7. സ്ഥാപിതമായിട്ടുള്ള യു.കെ ഇന്ത്യൻ ലീഗൽ പ്രൊഫഷൻ കമ്മിറ്റി വഴി കൂടുതൽ അടുത്തുള്ള ഉഭയകക്ഷി സഹകരണത്തിനുള്ള പ്രതിബദ്ധതയെ സ്ഥിരീകരിച്ചുകൊണ്ട് ഇന്ത്യയിലേയും യു.കെയിലേയും നിയമ പ്രൊഫഷണലുകൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുക.

8. യു.കെയും ഇന്ത്യയും തമ്മിലുള്ള ബന്ധിപ്പിക്കൽ മെച്ചപ്പെടുത്തുക, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതവും റൂട്ടുകളും വികസിപ്പിക്കുക, യു.കെ ഇന്ത്യ എയർ സർവീസസ് കരാർ പുതുക്കുന്നതിനും ഗതാഗത അടിസ്ഥാന സൗകര്യങ്ങളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുക.

9. ബഹുരാഷ്ട്ര വേദികളിലെ നേതൃത്വ സ്ഥാനങ്ങളും മികച്ച സമ്പ്രദായങ്ങളും ഉപയോഗിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തിലെ നിയമവിരുദ്ധ സമ്പത്തിന്റെ ഒഴുക്കിനെ അഭിസംബോധന ചെയ്യുന്നതിനും അന്താരാഷ്ട്ര നികുതി സഹകരണവും നികുതി സുതാര്യത മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നതിനും പ്രതിരോധശേഷിയുള്ള ആഗോള സാമ്പത്തിക, ധനകാര്യ സംവിധാനത്തെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുക. ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു. ടി. ഒ) കാതലായ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതും വിവേചനരഹിതവും നീതിയുക്തവും തുറന്നതും ഉൾച്ചേർക്കുന്നതും തുല്യവും സുതാര്യവുമായ ബഹുരാഷ്ട്ര വ്യാപാര സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള സന്നദ്ധത ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു. ഡബ്ല്യൂ.ടി.ഒയുടെയും അതിന്റെ കരാറുകളുടെയും അവിഭാജ്യ ഘടകമെന്ന നിലയിൽ വികസ്വര അംഗങ്ങൾക്കും എൽ.ഡി.സികൾക്കും പ്രത്യേകവും വ്യത്യസ്തവുമായ പരിഗണന നൽകുന്നതിനെക്കുറിച്ചുള്ള ഡബ്ല്യൂ.ടി.ഒ വ്യവസ്ഥകളും ഇരുപക്ഷവും വീണ്ടും ആവർത്തിച്ചു.

10. യു.കെയുടെ ഡെവലപ്മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷൻ, ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് (ബി.ഐ.ഐ.), യു.കെ-ഇന്ത്യ ഡെവലപ്മെന്റ് ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പാർട്ണർഷിപ്പ് എന്നിവ വഴി ഹരിത വളർച്ച പോലെ പരസ്പര താൽപ്പര്യമുള്ളവ വിപണികളും മേഖലകളും കെട്ടിപ്പെടുക്കുന്നതിനും യു.കെ. ഇന്ത്യ നിക്ഷേപ ഇടനാഴി പ്രോത്സാഹിപ്പിക്കുന്നതിനും ഉൾച്ചേർക്കുന്ന വളർച്ചയെ ഉത്തേജിപ്പിക്കുക. ഉഭയകക്ഷി നിക്ഷേപ പങ്കാളിത്തത്തിന്റെ ശക്തി അംഗീകരിച്ച ഇരു ഗവൺമെന്റുകളും, ഹരിത സംരംഭങ്ങൾ, കാലാവസ്ഥാ ലഘൂകരണം, സാങ്കേതിക സ്റ്റാർട്ടപ്പുകൾ, കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ എന്നിവയ്ക്കായി പുതിയ നിക്ഷേപങ്ങൾ സമാഹരിക്കുന്നതിന് പ്രവർത്തിക്കുന്നതിനും സമ്മതിച്ചു.

11. സുസ്ഥിര, കാലാവസ്ഥാ സ്മാർട്ട് നൂതനാശയങ്ങൾ, പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ (ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ), ഡിജിറ്റൽ ഗവേണൻസ് തുടങ്ങിയ വിജയഗാഥകളിലൂടെയുള്ള കെട്ടിപ്പടുക്കൽ ഉൾപ്പെടെ ഒരു ത്രികക്ഷി വികസന സഹകരണത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ യു.കെയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്.

12. സഹകരണ ഗവേഷണം, ഉന്നതതല ഉഭയകക്ഷി ഇടപഴകൽ, കാര്യശേഷി വർദ്ധിപ്പിക്കൽ, പ്രമുഖ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം, ഇന്ത്യ-യു.കെ ക്രിയേറ്റീവ് ഇക്കണോമി വീക്ക്‌സ് പോലുള്ള ഉൾച്ചേർക്കുന്ന വേദികൾ എന്നിവയിലൂടെ സൃഷ്ടിപരവും സാംസ്‌കാരികവുമായ വ്യവസായങ്ങളിലെ പരസ്പര വളർച്ച വർദ്ധിപ്പിക്കുക. നൂതനാശയങ്ങൾ, സംരംഭകത്വം, സാംസ്‌കാരിക ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും മെച്ചപ്പെട്ട നിക്ഷേപം എന്നിവയിലൂടെ സാമ്പത്തിക വളർച്ചയും അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് സാംസ്‌കാരിക സഹകരണ കരാർ പരിപാടി നടപ്പിലാക്കുക.


സാങ്കേതികവിദ്യയും നൂതനാശയവും

ഈ തന്ത്രപരമായ പങ്കാളിത്തം നൂതനാശയം നയിക്കുന്ന വളർച്ചയെ ത്വരിതപ്പെടുത്തുകയും നാളത്തെ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളുടെയും പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യും. സുരക്ഷിതവും സുസ്ഥിരവും സമൃദ്ധവുമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിന് യു.കെയും ഇന്ത്യയും സാങ്കേതികവിദ്യ, ശാസ്ത്രം, ഗവേഷണം, നൂതനാശയം എന്നിവയുടെ കരുത്ത് പ്രയോജനപ്പെടുത്തും. യു.കെ-ഇന്ത്യ ടെക്‌നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവ്, സയൻസ് ആൻഡ് ഇന്നൊവേഷൻ കൗൺസിൽ, ഹെൽത്ത് ആൻഡ് ലൈഫ് സയൻസസ് പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിൽ, നിർണ്ണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, ആരോഗ്യം, ശുദ്ധമായ ഊർജ്ജം എന്നിവയിൽ ഇരുപക്ഷവും സഹകരണം ആഴത്തിലാക്കുകയും, ദേശീയ പ്രതിരോധം വർദ്ധിപ്പിക്കുന്ന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുകയും, വ്യാപാരവും നിക്ഷേപവും തുറക്കുകയും, ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ഇരുപക്ഷവും താഴെപ്പറയുന്നവ ചെയ്യും:

1. യു.കെ-ഇന്ത്യ റിസർച്ച് ആൻഡ് ഇന്നൊവേഷൻ കോറിഡോർ (ഗവേഷണ നൂതനാശയ ഇടനാഴി) ഉപയോഗപ്പെടുത്തികൊണ്ട് ഗവേഷണവും നൂതനാശയവും വർദ്ധിപ്പിക്കുക. നമ്മുടെ പരിസ്ഥിതി സംവിധാനങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഗവേഷണവും നൂതനാശയ ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഒന്നിപ്പിക്കുകയും കാറ്റപ്പോൾട്ടുകൾ, നൂതനാശയ ഹബ്ബുകൾ, സ്റ്റാർട്ടപ്പുകൾ, ഇൻകുബേറ്ററുകൾ, ഗവേഷണ നൂതനാശയ സൂപ്പർഗ്രൂപ്പുകൾ, ആക്‌സിലറേറ്റർ പരിപാടികൾ തുടങ്ങിയ പരിപാടികളിലും ജനങ്ങളിലും പങ്കാളിത്തം സൃഷ്ടിക്കുകയും ചെയ്യുക.

നമ്മുടെ പരിസ്ഥിതിക സംവിധാനങ്ങളെ സംയോജിപ്പിച്ചുകൊണ്ട് കാറ്റപ്പൾട്ടുകൾ, ഇന്നൊവേഷൻ ഹബ്ബുകൾ, സ്റ്റാർട്ടപ്പുകൾ, ഇൻകുബേറ്ററുകൾ, ഗവേഷണ, ഇന്നൊവേഷൻ സൂപ്പർഗ്രൂപ്പുകൾ, ആക്‌സിലറേറ്റർ പ്രോഗ്രാമുകൾ തുടങ്ങി ആളുകളിലും പ്രോഗ്രാമുകളിലും പങ്കാളിത്തം സൃഷ്ടിച്ചുകൊണ്ട് ഗവേഷണവും നവീകരണ ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഏകീകരിക്കുക.
2. ആഗോള എഐ (AI) വിപ്ലവത്തിന്റെ പ്രയോജനങ്ങൾ കൂട്ടായി ഉപയോഗപ്പെടുത്തുകയും വിശ്വസനീയമായ യഥാർത്ഥ ആഗോള എഐ നൂതനാശയങ്ങളും അതിന്റെ വ്യാപകമായ സ്വീകാര്യതയും പ്രോത്സാഹിപ്പിക്കുന്ന ഒരു യുകെ-ഇന്ത്യ സംയുക്ത എഐ കേന്ദ്രം വഴി സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുക. യുകെ- ഇന്ത്യൻ ബിസിനസ്സുകൾക്ക് പ്രയോജനകരമായ എഐ പരിഹാരങ്ങൾ സൃഷ്ടിക്കാനും വികസിപ്പിക്കാനും ഉപയോഗിക്കാവുന്ന ഓപ്പൺ സോഴ്സ് സൊല്യൂഷനുകൾ രൂപകൽപ്പന ചെയ്യാൻ സഹകരിക്കുക.

3. സംയുക്ത ഗവേഷണത്തിലൂടെ സുരക്ഷിതമായ ടെലികമ്മ്യൂണിക്കേഷൻസ്, വികസനം, നവീനാശയം  എന്നിവയിലൂടെ അടുത്ത തലമുറയെ മുന്നോട്ട് കൊണ്ടുപോകുക, നൂതന കണക്റ്റിവിറ്റിയിലും സൈബർ പ്രതിരോധശേഷിയിലും തന്ത്രപരമായി സഹകരിക്കുക. ഡിജിറ്റൽ ഉൾച്ചേർക്കൽ  പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഒരു ഇന്ത്യ-യുകെ കണക്റ്റിവിറ്റി ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കുക. 6G പോലുള്ളവയ്ക്ക് വേണ്ടി ITU, 3GPP പോലുള്ള അന്താരാഷ്ട്ര വേദികളിൽ ഒരുമിച്ച് പ്രവർത്തിക്കുക.

4. നാലാം വ്യാവസായിക വിപ്ലവത്തിന് ഊർജ്ജം പകരാൻ, പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ക്രിട്ടിക്കൽ മിനറൽ വിതരണ ശൃംഖലകൾ സുരക്ഷിതമാക്കുക. ധനസഹായ മാനദണ്ഡങ്ങളും നൂതനാശയങ്ങളും പരിവർത്തനം ചെയ്യുന്നതിനായി നിർണ്ണായക ധാധുക്കളിൽ ഒരു യുകെ-ഇന്ത്യ സംയുക്ത വ്യവസായ ഗിൽഡ് സ്ഥാപിക്കുക. പ്രോസസ്സിംഗ്, ഗവേഷണ വികസനം, പുനരുപയോഗം, വിതരണ ശൃംഖലകളിലെ അപകടസാധ്യത കൈകാര്യം ചെയ്യൽ, വിപണി വികസനം എന്നിവയ്ക്ക് ഇരുപക്ഷവും കൂട്ടായി മുൻഗണന നൽകുകയും, ചാക്രിക സമ്പദ്‌വ്യവസ്ഥാ  തത്വങ്ങൾ സംരക്ഷിക്കുകയും കണ്ടെത്തൽ മെച്ചപ്പെടുത്തുകയും ചെയ്യും.

5. ബയോമാനുഫാക്ചറിംഗ്, ബയോ അധിഷ്ഠിത വസ്തുക്കൾ, നൂതന ബയോസയൻസസ് എന്നിവയുടെ സാധ്യതകൾ കണ്ടെത്തുന്നതിനും  ആരോഗ്യം, ശുദ്ധമായ ഊർജ്ജം, സുസ്ഥിര കൃഷി എന്നിവയിലുടനീളം നവീനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുകെ-ഇന്ത്യ ബയോടെക്നോളജി പങ്കാളിത്തം ഉപയോഗപ്പെടുത്തുക. ബയോഫൗണ്ടറികൾ, ബയോമാനുഫാക്ചറിംഗ്, ബയോപ്രിന്റിംഗ്, ഫെംടെക്, സെൽ, ജീൻ തെറാപ്പികൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക കണ്ടുപിടിത്തങ്ങളുടെ പ്രയോഗത്തിലൂടെ ആഗോള ആരോഗ്യ വെല്ലുവിളികളെ നേരിടുകയും നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുക.

6. സെമികണ്ടക്ടറുകൾ, ക്വാണ്ടം, നൂതന സാമഗ്രികൾ, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ടിഎസ്ഐ വഴി നവീനാശയത്തിലധിഷ്ഠിതമായ  വളർച്ച കൈവരിക്കുക.

7. ബഹിരാകാശ ഗവേഷണം, നവീനാശയം, വാണിജ്യപരമായ അവസരങ്ങൾ എന്നിവയിൽ സഹകരണം സാധ്യമാക്കുന്നതിന് നമ്മുടെ ബന്ധപ്പെട്ട ബഹിരാകാശ സമൂഹങ്ങളെ ഒരുമിച്ച് കൊണ്ടുവരിക.

8. ഭാവിയിലെ മഹാമാരികളെ തടയുന്നതിനും മെഡിക്കൽ വിതരണ ശൃംഖലകൾ സുസ്ഥിരമായി സംരക്ഷിക്കുന്നതിനും ആഗോള ആരോഗ്യ സുരക്ഷയിൽ യുകെ-ഇന്ത്യ നേതൃത്വം ശക്തിപ്പെടുത്തുക. മഹാമാരി തയ്യാറെടുപ്പ്, ഡിജിറ്റൽ ആരോഗ്യം, വൺ ഹെൽത്ത്, ആന്റിമൈക്രോബയൽ പ്രതിരോധം എന്നിവയിൽ ആരോഗ്യ, ലൈഫ് സയൻസസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ സംയുക്ത പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും, ഉയർന്നുവരുന്ന ഭീഷണികളോട് പ്രതികരിക്കുന്നതിനുള്ള സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യും. വാക്സിനുകൾ, ചികിത്സാ രീതികൾ, മെഡിക്കൽ സാങ്കേതികവിദ്യകൾ എന്നിവയുടെ ദ്രുതഗതിയിലുള്ള വികസനം, ഉത്പാദനം, വിന്യാസം എന്നിവ സാധ്യമാക്കുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനും ആഗോള പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും ഒരുമിച്ച് കരുത്തുറ്റതും ചടുലവുമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കുകയും നിയന്ത്രണ ചട്ടക്കൂടുകൾക്കിടയിൽ കൂടുതൽ സഹകരണത്തിനായി പ്രവർത്തിക്കുകയും ചെയ്യും.

9. പങ്കിട്ട പങ്കിട്ട അഭിവൃദ്ധി, വിതരണ ശൃംഖല ശക്തമാക്കൽ,സുരക്ഷ എന്നിവയ്ക്കായി യുകെയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ വ്യാപാര, സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുക. ലൈസൻസിംഗും കയറ്റുമതി നിയന്ത്രണ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി പതിവായി തന്ത്രപരമായ കയറ്റുമതി, സാങ്കേതിക സഹകരണ സംഭാഷണങ്ങൾ, പ്രതിരോധം, സുരക്ഷ, എയ്‌റോസ്‌പേസ് മേഖലകൾ ഉൾപ്പെടെയുള്ള നിർണായകവും ഉയർന്നുവരുന്നതുമായ മറ്റ് ഉന്നത സാങ്കേതിക വിദ്യകളിൽ ഉയർന്ന മൂല്യമുള്ള വ്യാപാരം തുറക്കുകയും പ്രാപ്തമാക്കുകയും ചെയ്യുക.

പ്രതിരോധവും സുരക്ഷയും

ഇന്ത്യ-യുകെ പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് കൂടുതൽ സുരക്ഷിതമായ അന്താരാഷ്ട്ര സാഹചര്യത്തിലേക്കും ദേശീയ സുരക്ഷയെ ശക്തിപ്പെടുത്തുന്നതിലേക്കും നയിക്കുന്നു. ഇന്ത്യയുടെയും യുകെയുടെയും പ്രതിരോധ വ്യവസായങ്ങളുടെ പരസ്പരം പൂരകമായ ശക്തികൾ സഹകരണത്തിന് മികച്ച അവസരങ്ങൾ നൽകുന്നു. സായുധ സേനയുമായുള്ള ഇടപെടലുകൾ വികസിപ്പിക്കുന്നതിനും പ്രതിരോധ ശേഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഇനിപ്പറയുന്ന കാര്യങ്ങൾക്കും അംഗീകാരം നൽകി:

1. 10 വർഷത്തെ പ്രതിരോധ വ്യാവസായിക മാർഗരേഖ സ്വീകരിക്കുന്നതിലൂടെയും അതിൻ്റെ നടപ്പാക്കലും പുരോഗതിയും നിരീക്ഷിക്കുന്നതിന് മുതിർന്ന ഉദ്യോഗസ്ഥ തലത്തിൽ ഒരു സംയുക്ത സംവിധാനം സ്ഥാപിക്കുന്നതിലൂടെയും തന്ത്രപരമായ പ്രതിരോധ വ്യവസായ സഹകരണം പ്രോത്സാഹിപ്പിക്കുക.

2. ഇലക്ട്രിക് പ്രൊപ്പൽഷൻ കേപ്പബിലിറ്റി പാർട്ണർഷിപ്പ് (EPCP), ജെറ്റ് എഞ്ചിൻ അഡ്വാൻസ്ഡ് കോർ ടെക്നോളജീസ് (JEACT) പോലുള്ള സഹകരണ പരിപാടികളിലൂടെ, നൂതന സാങ്കേതികവിദ്യകളിലും സങ്കീർണ്ണ ആയുധങ്ങളിലും സഹകരണം കൂടുതൽ ആഴത്തിലാക്കുക, നൂതനാശയങ്ങളയും സഹ-വികസനത്തെയും പിന്തുണയ്ക്കുക.

3. നിലവിലുള്ള ഫോറിൻ ആൻഡ് ഡിഫൻസ് 2+2 ഉന്നത ഉദ്യോഗസ്ഥ തല ചർച്ച അടുത്ത തലത്തിലേക്ക് ഉയർത്തുന്നതിലൂടെ തന്ത്രപരവും പ്രവർത്തനപരവുമായ പ്രതിരോധ വിഷയങ്ങളിൽ ഏകോപനം ശക്തിപ്പെടുത്തുക.

4. പാരമ്പര്യേതര സമുദ്ര സുരക്ഷാ ഭീഷണികളെ നേരിടാൻ ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം ശേഷിയും പ്രതിരോധവും വർദ്ധിപ്പിക്കുന്നതിന് ഒരു റീജിയണൽ മാരിടൈം സെക്യൂരിറ്റി സെന്റർ ഓഫ് എക്സലൻസ് (RMSCE) സ്ഥാപിക്കുന്നതിലൂടെ, ഇൻഡോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിന് (IPOI) കീഴിലുള്ള സഹകരണം വർദ്ധിപ്പിക്കുക.

5. സംയുക്ത സൈനിക അഭ്യാസങ്ങൾ തുടരുന്നതിലൂടെയും മൂന്ന് സേനകളിലും പരിശീലന അവസരങ്ങൾ വികസിപ്പിക്കുന്നതിലൂടെയും പ്രവർത്തനക്ഷമതയും സന്നദ്ധതയും മെച്ചപ്പെടുത്തുക. പരിശീലന സ്ഥാപനങ്ങളിൽ സൈനിക ഇൻസ്ട്രക്ടർമാരെ പരസ്പരം നിയമിക്കുക. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ യുകെ സായുധ സേനയുടെ സാന്നിധ്യത്തിന് ലോജിസ്റ്റിക് പിന്തുണ നൽകുന്നതിനുള്ള ഒരു പ്രാദേശിക കേന്ദ്രമായി ഇന്ത്യയെ വീണ്ടും സ്ഥിരീകരിക്കുക.

6. അന്തർവാഹിനി സംവിധാനങ്ങളിലും ഡയറക്ട് എനർജി ആയുധങ്ങളിലും ഉൾപ്പെടെ പുതിയ ശേഷികൾ വികസിപ്പിക്കുന്നതിൽ ഗവേഷണവും വികസനവും ശക്തിപ്പെടുത്തുക; അക്കാദമിക് സ്ഥാപനങ്ങളുമായി ബന്ധം വികസിപ്പിക്കുക.

7. എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തെയും അപലപിക്കുക. ഐക്യരാഷ്ട്രസഭാ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി, ഭീകരവാദത്തെ സമഗ്രവും സുസ്ഥിരവുമായ രീതിയിൽ ചെറുക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക. മൗലികവാദത്തെയും അക്രമാസക്തമായ തീവ്രവാദത്തെയും ചെറുക്കുക; ഭീകരവാദത്തിനുള്ള ധനസഹായങ്ങളും ഭീകരരുടെ അതിർത്തി കടന്നുള്ള നീക്കങ്ങളും തടയുക; ഭീകരവാദത്തിനായി പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്നത് തടയുക; ഭീകരവാദ റിക്രൂട്ട്‌മെന്റ് നേരിടുക; വിവരങ്ങൾ പങ്കുവെക്കൽ, നിയമപരമായ സഹകരണം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയുൾപ്പെടെ ഈ മേഖലകളിൽ ഉഭയകക്ഷി, ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുക. ആഗോളതലത്തിൽ നിരോധിത ഭീകരർ, ഭീകര സംഘടനകൾ, അവരുടെ സ്പോൺസർമാർ എന്നിവർക്കെതിരെ നിർണായകവും യോജിച്ചതുമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുക.

8. ക്രിമിനൽ ഭീഷണികളെക്കുറിച്ചുള്ള പൊതുവായ ധാരണ, നീതിന്യായ-നിയമ നിർവ്വഹണ സഹകരണം, കുറ്റവാളികളെ തടയുന്നതിനും നിയമവാഴ്ച നിലനിർത്തുന്നതിനുമുള്ള മികച്ച സമ്പ്രദായങ്ങൾ പങ്കുവെക്കൽ എന്നിവയിലൂടെ ഭീകരവാദം, സൈബർ കുറ്റകൃത്യങ്ങൾ, നിയമവിരുദ്ധമായ സാമ്പത്തിക കൈമാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുക.

9.  സൈബർ സുരക്ഷാ ഭീഷണികൾ നേരിടുന്നതിനും, ജനങ്ങളെയും, പ്രധാന സേവനങ്ങളെയും സംരക്ഷിക്കുന്നതിനും പരസ്പരമുള്ള മനസ്സിലാക്കലും മികച്ച പ്രവർത്തന രീതികളുടെ പങ്കുവെക്കലും വഴി സൈബർ സുരക്ഷയും പ്രതിരോധശേഷിയും വർധിപ്പിക്കുക.  സൈബർ സുരക്ഷാ സ്ഥാപനങ്ങൾക്കുള്ള പിന്തുണയിലൂടെയും അവർക്ക് ലഭ്യമാക്കുന്ന അവസരങ്ങളിലൂടെയും വളർച്ചയെ പ്രോത്സാഹിപ്പിക്കുക; സൈബർ  ഡിജിറ്റൽ ഗവേണൻസുമായുള്ള സഹകരണം; TSIയുടെ ഭാഗമായി നൂതന സാങ്കേതിക വിദ്യകളുടെ  വികസനവുമായി ബന്ധപ്പെട്ട പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.

10. സുരക്ഷയിലും, അനിയന്ത്രിതമായ കുടിയേറ്റ നിയന്ത്രണത്തിലും ഉള്ള സഹകരണം പുനഃസ്ഥാപിക്കുക. ഇതിനായി മൈഗ്രേഷൻ ആൻഡ് മൊബൈലിറ്റി പാർട്ണർഷിപ് പൂർണ്ണമായും നടപ്പിലാക്കുക. കുറ്റവാളി സംഘങ്ങളുടെ ചൂഷണം തടയുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ദീർഘകാല ബന്ധങ്ങൾ പ്രതിഫലിപ്പിക്കുന്ന യുകെ ഇന്ത്യ സഹകരണം സംരക്ഷിക്കുക എന്നതും ലക്ഷ്യമിടുന്നു.


കാലാവസ്ഥയും ശുദ്ധ ഊർജ്ജവും


കാലാവസ്ഥാ സംരക്ഷണ നടപടികളിലെ പങ്കാളിത്തം, സുസ്ഥിര വികസനത്തിലും ഭൂമിയെ സംരക്ഷിക്കുന്നതിലും നമ്മുടെ പൊതുവായ പ്രതിബദ്ധതക്ക് ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളിലെ സഹകരണം, ഇന്ത്യയുടെയും യുകെയുടെയും 'നെറ്റ് സീറോ' ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. കൂടാതെ ആഗോള കാലാവസ്ഥാ പരിപാടിയിൽ നേതൃത്വം നൽകാനും ഇത് സഹായിക്കും. ഈ പങ്കാളിത്തം ഹരിത ഉൽപ്പന്നങ്ങളിലും  സേവനങ്ങളിലും ഉള്ള  നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ഹരിത വ്യവസായം വർദ്ധിപ്പിക്കുകയും ചെയ്യും. 
ശുദ്ധ ഊർജ്ജത്തിലും കാലാവസ്ഥ സംരക്ഷണത്തിലുമുള്ള സഹകരണവും പങ്കാളിത്തവും താഴെ വിവരിക്കുന്ന ഫലങ്ങൾ പ്രദാനം ചെയ്യുന്നു:


1. ഇന്ത്യയിലെ കാലാവസ്ഥാ സംരക്ഷണ  നടപടികൾക്കായി സമയബന്ധിതവും, എളുപ്പത്തിൽ ലഭ്യവുന്നതുമായ ധനസഹായം ഉറപ്പാക്കുക. വികസ്വര രാഷ്ട്രങ്ങളിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ധനസഹായം ഉറപ്പാക്കാൻ സഹായിക്കുന്ന വിധത്തിൽ മികച്ചതും  കാര്യക്ഷമവുമായ  വികസനബാങ്കുകൾ- MDB ആരംഭി ക്കുന്നതിനായി ആഗോള ധനവ്യവസ്ഥകളെ പരിഷ്ക്കരിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും സഹകരണം.


2. ഊർജസുരക്ഷയും ശുദ്ധ ഊർജ്ജ ലക്ഷ്യങ്ങളും നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ഇതിനായി ഊർജ ശേഖരണത്തിലും, വിതരണ ശൃംഖലയുടെ പരിവർത്തനത്തിലും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുക. കൂടാതെ യുകെയിലെ ഗ്യാസ്-ഇലക്ട്രിസിറ്റി മാർക്കറ്റുകളുടെ സംഘടന -OFGEM ഉം ഇന്ത്യയുടെ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ -CERC ഉം സഹകരിച്ചുകൊണ്ട് ഒരു ടാസ്ക്‌ഫോഴ്സിന്റെ രൂപീകരണം; ഇന്ത്യ-യുകെ ഓഫ്‌ഷോർ വിൻഡ് ടാസ്ക്‌ഫോഴ്സ് രൂപപ്പെടുത്തുക; വ്യവസായ മേഖലയ്ക്കായി  കാർബൺ ബഹിർഗമനം കുറഞ്ഞ  മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീമിന്റെ (CCTS) വികസനം നടത്തുക; മെച്ചപ്പെടുത്തിയ ഇന്ത്യ-യുകെ ആണവ സഹകരണ കരാറിന്റെ ഭാഗമായി ചെറിയ മൾട്ടിമോഡുലർ റിയാക്ടറുകൾ പോലെയുള്ള അടുത്ത തലമുറ ആണവ സാങ്കേതികവിദ്യകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി ആണവസുരക്ഷ, ആണവമാലിന്യസംഭരണം - നിർമാർജനം എന്നീ മേഖലകളിൽ സിവിൽ ആണവ സഹകരണം മുന്നോട്ടുകൊണ്ടുപോകുക. യുകെ-ഇന്ത്യ ഊർജ സഹകരണം സ്വകാര്യ - പൊതു മേഖലകളിലുമുള്ള തൊഴിൽ അവസരങ്ങൾ വർദ്ധിക്കുകയും ശക്തമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കാൻ പിന്തുണ നൽകുകയും ചെയ്യും.


3. ഹരിത വളർച്ചയ്ക്കും, സമൃദ്ധമായ ഭാവിക്കുമായി നൂതന സാങ്കേതികവിദ്യകളുടെ വളർച്ച വേഗത്തിലാക്കുക. ഇതിനായി ഹരിതവും ശുദ്ധവുമായ  ഗതാഗതം - ഊർജം, ജീവ ശാസ്ത്രം തുടങ്ങിയ മേഖലകളിലെ  സഹകരണവും പങ്കാളിത്തവും കൂടുതൽ ദൃഢപ്പെടുത്തേണ്ടതുണ്ട്. അതോടൊപ്പം നിർമ്മിതബുദ്ധി (AI), പുനരുപയോഗ ഊർജ്ജം, ഹൈഡ്രജൻ, ഊർജ്ജ ശേഖരണം, ബാറ്ററികൾ, കാർബൺ നിയന്ത്രണം, എന്നിവയിലെ സംയുക്ത പ്രവർത്തനം മെച്ചപ്പെടുത്തിയും ഈ ലക്ഷ്യങ്ങൾ നേടാം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി നൂതന സാങ്കേതിക വിദ്യകളിൽ ഊന്നിയ  പരിഹാരങ്ങൾ വികസിപ്പിക്കാനും  പുതിയ മാർക്കറ്റുകൾ സൃഷ്ടിക്കാനും, 'നെറ്റ് സീറോ' കൂട്ടായ്മയിലൂടെ സംരംഭകരെ സംയുക്തമായി പിന്തുണയ്ക്കും.


4. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള ദുരന്തങ്ങൾ ലഘൂകരിയ്ക്കുന്നതിനും, പാരിസ്ഥിതിക വെല്ലുവിളികൾ  ശക്തമായി നേരിടുന്നതിന്  പരസ്പരം സഹകരിക്കുകയും, മികച്ച പ്രവർത്തനരീതികൾ  കൈമാറുകയും ചെയ്യുക. ഇതിനായി അനുയോജ്യമായ പദ്ധതികൾ സജ്ജീകരിക്കുക, ധനസഹായം ലഭ്യമാക്കുക, സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക, ദുരന്തനിവാരണ ഒരുക്കങ്ങൾ വിപുലീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കും. കാലാവസ്ഥാ പ്രതിരോധ ശേഷിയും ജൈവ വൈവിദ്ധ്യവും ശക്തിപ്പെടുത്തുന്നതിനായി, ഇരു രാഷ്ട്രങ്ങളും ദുരന്ത മുന്നറിയിപ്പ്  സംവിധാനം, സമുദ്രപരിസ്ഥിതി, ബ്ലൂ കാർബൺ എന്നിവയെ കേന്ദ്രമാക്കി ആഗോള ശാസ്ത്രീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

5. പ്രകൃതിയെ പുനരുദ്ധരിക്കുന്നതിലും ഭൂമിയുടെ സുസ്ഥിരമായ ഉപയോഗത്തിലും ഉള്ള സഹകരണം. ഇന്ത്യ-യുകെ ഫോറസ്റ്റ് പാർട്ണർഷിപ്പിന്റെ ഭാഗമായി അഗ്രോഫോറസ്ട്രിയിലും വനോൽപ്പന്നങ്ങളുടെ കണ്ടെത്തലിലും ഉള്ള സഹകരണവും ഉൾപ്പെടും.


6. അന്താരാഷ്ട്ര സൗരോർജ്ജ കൂട്ടായ്മ, ദുരന്തപ്രതിരോധ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള  കൂട്ടായ്മ (Coalition for Disaster Resilient Infrastructure), വൺ സൺ വൺ വേൾഡ് വൺ ഗ്രിഡ് (OSOWOG), റോഡ് ട്രാൻസ്പോർട്ട് ബ്രേക്ക്‌ത്രൂ, സീറോ എമിഷൻ വാഹന പരിവർത്തന കൗൺസിൽ (ZEVTC) എന്നിവയിലൂടെയുള്ള ഗഹനമായ സഹകരണത്തിലൂടെ കാലാവസ്ഥയിലും ഊർജപരിവർത്തനത്തിലും ഉള്ള സഹകരണം ശക്തിപ്പെടുത്തുക. ഗ്ലോബൽ ക്ലീൻ പവർ അലയൻസ് (GCPA) മുഖേന സംയുക്തമായി പ്രവർത്തിക്കാൻ ഉള്ള സാധ്യതകൾ പരിശോധിക്കുക.


വിദ്യാഭ്യാസം

ഇന്ത്യയുടെയും യുകെയുടെയും വിദ്യാഭ്യാസ വ്യവസ്ഥകളും, ഇരു രാജ്യങ്ങളിലെയും ജനങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സമൃദ്ധമായ ഇടപെടലുകളും മറ്റെല്ലാ മേഖലയിലെയും  സഹകരണത്തിന് അടിസ്ഥാനമാകുന്നു. ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ കീഴിലും 2025 മെയ് മാസത്തിൽ ഒപ്പുവച്ച സാംസ്‌കാരിക സഹകരണ പരിപാടിയിലൂടെയും പരസ്പര വളർച്ചയും സ്വാധീനവും കൈവരിക്കാൻ ഇന്ത്യയുടെ സുപ്രധാന പങ്കാളികളിൽ ഒരാളാണ് യുകെ. ഇന്ത്യ-യുകെ പങ്കാളിത്തത്തിന്റെ സ്വർണ്ണരേഖയാണ് ജനങ്ങളുടെയിലുണ്ടാകുന്ന ബന്ധം.  
ശക്തമായ അടിത്തറയിൽ രൂപപ്പെടുത്തിയ  ഇന്ത്യയും യുകെയും തമ്മിലുള്ള ബൗദ്ധിക പങ്കാളിത്തം, വളർന്നുവരുന്ന നൂതന അവസരങ്ങളുമായി പൊരുത്തപ്പെടുകയും,  സാങ്കേതികവിദ്യയുടെ അതിവേഗ പുരോഗതിക്ക് അനുസരിച്ച് മാറുകയും, വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും സഹകരണം കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഇത് ആഗോള വെല്ലുവിളികളെ നേരിടാൻ ഒരുക്കമുള്ള, സുരക്ഷിതവും സുസ്ഥിരവും, ഭാവിക്കായി സംഭാവന നൽകുന്ന, പ്രഗത്ഭമായ പ്രതിഭാസമൂഹം സൃഷ്ടിക്കും. ഇരു രാഷ്ട്രങ്ങളുടെയും കൂട്ടായ പ്രവർത്തന ഫലങ്ങൾ:


1. ഇന്ത്യ-യുകെ വാർഷിക വിദ്യാഭ്യാസ മന്ത്രിസഭാ സംവാദം വഴി നമ്മുടെ വിദ്യാഭ്യാസ ബന്ധങ്ങൾക്ക് ദിശ നിശ്ചയിക്കുക. ഇത് പുതിയ മേഖലകളിലെ സഹകരണത്തിനായി ശ്രമിക്കുകയും നിലവിലുള്ള പങ്കാളിത്തങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. പരസ്പരം അംഗീകരിച്ച ലക്ഷ്യങ്ങളെ  അവലോകനം ചെയ്യാനും, യുകെയിലെ എജുക്കേഷൻ വേൾഡ് ഫോറം, ഇന്ത്യയിലെ നാഷണൽ എജുക്കേഷൻ പോളിസി പ്ലാറ്റ്‌ഫോമുകൾ പോലുള്ള പരിപാടികളിലും പദ്ധതികളിലും പങ്കെടുക്കുന്നതിലൂടെ അറിവ് പങ്കുവെക്കാനും, ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കും.


2. യുകെയിലെ പ്രമുഖ സർവ്വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര ശാഖകൾ ഇന്ത്യയിൽ ആരംഭിക്കുവാനും, പ്രധാന വിഷയങ്ങളിൽ വിവിധ കോഴ്സുകൾ സംഘടിപ്പിക്കുവാനും, രാജ്യാന്തര വിദ്യാഭ്യാസ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുവാനും, ഇരുരാജ്യങ്ങളുടെ  സാമ്പത്തിക വളർച്ചയെ ഉജ്ജ്വലമാക്കുന്നതിനും ഈ ശ്രമങ്ങൾ സഹായകരമാകും.


3.  യുവാക്കളുടെ ഭാവിയിലേക്കുള്ള നൈപുണ്യ വികസനത്തിനായി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക. ഇന്ത്യ-യുകെ ഗ്രീൻ സ്‌കിൽസ് പങ്കാളിത്തത്തിലൂടെ യുവാക്കൾക്കായി നിക്ഷേപം നടത്തുകയും  ഭാവിയിലേക്കുള്ള നൈപുണ്യം വികസിപ്പിക്കുകയും ചെയ്യുക. ഇത് ഇന്ത്യയിലെയും യുകെയിലെയും  വൈദഗ്ദ്ധ്യം  ഒരുമിച്ചു കൊണ്ടു വരുന്നതിനും ഇരു രാജ്യങ്ങളിലെയും കുറവുകൾ കണ്ടെത്തുന്നതിനും സഹായിക്കും. ഇരു രാജ്യങ്ങൾക്കും ഗുണകരമായ, സുസ്ഥിര വളർച്ചയ്ക്ക് അവസരം നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. യോഗ്യതകളുടെ പരസ്പര അംഗീകാരത്തിനുള്ള നിലവിലുള്ള ഇന്ത്യ-യുകെ ധാരണാപത്രം (MoU) നടപ്പിലാക്കുന്നത് തുടരും.

4. യുവാക്കളുടേയും വിദ്യാർത്ഥികളുടേയും കൈമാറ്റവും, ധാരണയും പ്രോത്സാഹിപ്പിക്കുക, യംഗ് പ്രൊഫഷണൽ സ്കീം, സ്റ്റഡി ഇന്ത്യ പ്രോഗ്രാം തുടങ്ങിയ നിലവിലുള്ള പദ്ധതികളുടെ വിജയം പ്രോത്സാഹിപ്പിക്കുന്നതിനും പൂർണ്ണതയിലെത്തിക്കുന്നതിനും എല്ലാ മേഖലകളിലും പങ്കാളിത്തത്തോടെ പ്രവർത്തിക്കുക.

-NK-


(Release ID: 2148379)