ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

169 വർഷം പഴക്കമുള്ള കൊളോണിയൽ ഷിപ്പിങ് നിയമത്തിന് പകരം വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം ‘2025-ലെ കപ്പല്‍ ചരക്കുനീക്ക ബില്ലുകള്‍’ പാസാക്കി പാര്‍ലമെന്റ്

നാഴികക്കല്ലായ ഷിപ്പിങ് പരിഷ്കാരത്തിന് രാജ്യസഭ അംഗീകാരം നൽകിയതോടെ ‘2025-ലെ കപ്പല്‍ ചരക്കുനീക്ക ബില്ലുകള്‍’ സഭയിലവതരിപ്പിച്ച് കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ

Posted On: 21 JUL 2025 6:47PM by PIB Thiruvananthpuram

വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം '2025-ലെ കപ്പല്‍ ചരക്കുനീക്ക ബില്ലുകള്‍'  രാജ്യസഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിട്ടു.  കേന്ദ്ര തുറമുഖ, ഷിപ്പിംഗ്  ജലഗതാഗത മന്ത്രി  ശ്രീ സർബാനന്ദ സോനോവാൾ  രാജ്യസഭയിലവതരിപ്പിച്ച  ബില്‍ ഇന്ത്യന്‍ സമുദ്രമേഖലയുടെ നിർണായക നിമിഷം അടയാളപ്പെടുത്തുന്നു.

ലോക്സഭ നേരത്തെ പാസാക്കിയ ബിൽ  നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. നിയമം നിലവില്‍വരുന്നതോടെ കൊളോണിയൽ കാലഘട്ടത്തിലെ 169 വർഷം പഴക്കംചെന്ന 1856-ലെ ഇന്ത്യൻ കപ്പല്‍ ചരക്കുനീക്ക നിയമത്തിന് പകരം ഇന്ത്യന്‍ സമുദ്ര കപ്പല്‍ ഗതാഗത രേഖകള്‍ക്ക് ആധുനികവും ലളിതവും ആഗോളനിയമങ്ങളോട് ചേരുന്നതുമായ നിയമ ചട്ടക്കൂട് കൈവരും.  

പഴയ പദാവലികൾക്ക് പകരം സുവ്യക്തവും വ്യാപാര സൗഹൃദവുമായ ഭാഷ കൊണ്ടുവരുന്ന പുതിയ നിയമം  ചരക്കുവാഹകരുടെയും ചരക്കുവ്യാപാരികളുടെയും  നിയമപരമായ കൈവശക്കാരുടെയും  അവകാശങ്ങളും ബാധ്യതകളും ലളിതമാക്കുന്നതിലൂടെ കപ്പല്‍ ചരക്കുനീക്ക രേഖകളിലെ അവ്യക്തത കുറച്ച് നിയമനടപടി സംബന്ധിച്ച ഭീഷണി  ലഘൂകരിക്കുന്നതിനൊപ്പം അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന നിയമമെന്ന നിലയില്‍ ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ബില്‍ സഭയിലവതരിപ്പിച്ച് കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു:  “ഇന്ത്യൻ ഭരണഘടന നിലവില്‍വന്ന് 76-ാം വർഷത്തില്‍  നില്‍ക്കുന്ന ഈ വേള  രാജ്യ പുരോഗതിയെ തടസ്സപ്പെടുത്തുന്ന ഭരണഘടനാപൂര്‍വ കൊളോണിയൽ ശേഷിപ്പുകളെ മാറ്റിവെക്കേണ്ട സമയമാണ്.  'സുവര്‍ണ ഭാരത'ത്തിന് നാം തന്നെ തയ്യാറാക്കിയ സമകാലികവും ആധുനികയുഗ വെല്ലുവിളികളെ നേരിടാനാവുന്നതുമായ നിയമം അനിവാര്യമാണ്.”

കൊളോണിയൽ ഭൂതകാലത്തിൽ നിന്നുള്ള ഇന്ത്യയുടെ നിർണായക മാറ്റത്തിന്റെ പ്രതീകമായ ഈ നടപടി കാലഹരണപ്പെട്ട നിയമത്തിന്റെ പേര് പുനർനാമകരണം ചെയ്യുന്നു. നിയമഭാഷ ലളിതമാക്കുകയും സങ്കീർണ വ്യവസ്ഥകൾ പുനഃക്രമീകരിക്കുകയും ചെയ്യുന്ന ഈ ബില്‍ ഫലപ്രദമായ നടപ്പാക്കലിന് നിർദേശങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിനെ പ്രാപ്തമാക്കുന്ന വ്യവസ്ഥയും അവതരിപ്പിക്കുന്നു. ഏകീകൃത റദ്ദാക്കൽ - നിലനിര്‍ത്തല്‍ വ്യവസ്ഥയിലൂടെ പഴയ നിയമത്തിന് കീഴിലെ മുൻകാല നടപടികളുടെ തുടർച്ചയും നിയമപരമായ സാധുതയും നിയമനിർമാണം ഉറപ്പാക്കുന്നു. ഇന്ത്യയിൽ സുഗമവ്യാപാരം പ്രാപ്തമാക്കുന്ന സമകാലിക വ്യാപാര - നിയമ മാനദണ്ഡങ്ങൾക്കനുസൃതമായി നിയമനിർവഹണം ലളിതമാക്കാനും വ്യക്തത വര്‍ധിപ്പിക്കാനും എളുപ്പത്തില്‍ മനസ്സിലാക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഈ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നു.

ബിൽ പാസാക്കാൻ സഭാംഗങ്ങളെ ക്ഷണിച്ച സർബാനന്ദ സോനോവാൾ, രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന 2025-ലെ കപ്പല്‍ ചരക്കുനീക്ക ബിൽ കാലഹരണപ്പെട്ട കൊളോണിയൽ നിയമങ്ങളെ ആധുനികവും പ്രാപ്യവുമായ  ചട്ടക്കൂട് ഉപയോഗിച്ച് പുനസ്ഥാപിക്കുന്ന സുപ്രധാന ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നുവെന്നും, രാജ്യത്തെ സമുദ്രമേഖല അതിവേഗം വികസിക്കുമ്പോൾ ഈ പരിഷ്കരണം വ്യാപാരം സുഗമമാക്കുകയും തർക്കങ്ങൾ കുറയ്ക്കുകയും ഇന്ത്യയുടെ ആഗോള വ്യാപാര നില ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും പറഞ്ഞു . ‘തിരമാലകളെ നിയന്ത്രിക്കുന്നവര്‍ ലോകം ഭരിക്കുന്നു’ എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കി രാജ്യം മുന്നിൽ നിന്ന് നയിക്കേണ്ട സമയമാണിത്.” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
 
*****
 

(Release ID: 2146687)