വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മഹാരാഷ്ട്രയിൽ ചലച്ചിത്ര-മാധ്യമ പരിശീലനം വിപുലീകരിക്കാന്‍ ധാരണാപത്രം ഒപ്പുവെച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും മഹാരാഷ്ട്ര ചലച്ചിത്ര - രംഗ - സാംസ്കാരിക വികസന കോര്‍പ്പറേഷനും

മഹാരാഷ്ട്രയിലുടനീളം പ്രതിഭാധനരായ ഉള്ളടക്ക നിര്‍മാതാക്കള്‍ക്ക് ധാരണാപത്രം ഘടനാപരമായ പരിശീലനവും സാക്ഷ്യപ്പെടുത്തല്‍ പരിപാടികളുമൊരുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

Posted On: 21 JUL 2025 5:57PM by PIB Thiruvananthpuram

മഹാരാഷ്ട്രയിലുടനീളം ചലച്ചിത്ര-മാധ്യമ മേഖലകളിലെ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കാന്‍ പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എഫ്ടിഐഐ) മുംബൈയിലെ മഹാരാഷ്ട്ര ചലച്ചിത്ര - രംഗ- സാംസ്കാരിക വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡും (എംഎഫ്എസ്‍സിഡിസിഎല്‍)  ഇന്ന്  ധാരണാപത്രം  ഒപ്പുവെച്ചു. എംഎഫ്എസ്‍സിഡിസിഎല്‍ മാനേജിംഗ് ഡയറക്ടർ ശ്രീമതി സ്വാതി മാസെ പാട്ടീലും എഫ്ടിഐഐ വൈസ് ചാൻസലർ ശ്രീ ധീരജ് സിങും ധാരണാപത്രം കൈമാറി.  ചലച്ചിത്ര- മാധ്യമ-വിനോദ  മേഖലകളിൽ വൈദഗ്ധ്യമാര്‍ന്ന മനുഷ്യവിഭവശേഷി വികസിപ്പിച്ച് ഇന്ത്യയുടെ സര്‍ഗാത്മക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്  ധാരണാപത്രത്തിന്റെ ലക്ഷ്യം.


മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്,  മഹാരാഷ്ട്ര  സാംസ്കാരിക-ഐടി മന്ത്രി അഡ്വ. ആശിഷ് ഷെലാർ, എഫ്ടിഐഐ ചെയർമാൻ ശ്രീ ആർ. മാധവൻ,  മഹാരാഷ്ട്ര  സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ വികാസ് ഖാർഗെ,  എഫ്ടിഐഐ-യിലെയും എംഎഫ്എസ്‍സിഡിസിഎല്ലിലെയും  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണപത്രം ഒപ്പുവെച്ചത്.  


എഫ്‌ടിഐഐയുടെ അക്കാദമിക വൈദഗ്ധ്യവും എംഎഫ്‌എസ്‌സിഡിസിഎല്ലിന്റെ അടിസ്ഥാന സൗകര്യ പ്രചാരണ ശേഷിയും  സമന്വയിപ്പിച്ച്  ചലച്ചിത്ര നിർമാണത്തിലും ടെലിവിഷൻ ഉള്ളടക്ക നിർമാണത്തിലും അനുബന്ധ സാങ്കേതിക മേഖലകളിലും  ഹ്രസ്വകാല കോഴ്‌സുകൾ നടത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ  തന്ത്രപരമായ സഹകരണത്തിന്റെ ലക്ഷ്യം.


ഈ സഹകരണം ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സര്‍ഗാത്മക സമ്പദ്‌വ്യവസ്ഥയുടെ ദേശീയ - ആഗോള കേന്ദ്രമായി മാറാൻ മഹാരാഷ്ട്ര ഒരുങ്ങിയിരിക്കുന്നു. സര്‍ഗാത്മക ഇടങ്ങളുടെ അതിവേഗ ധനസമ്പാദന പശ്ചാത്തലത്തില്‍ വിദൂരമേഖലകളിലെ വ്യക്തികൾ പോലും ഉള്ളടക്ക നിര്‍മാതാക്കളായി ഉയർന്നുവരുന്നു.  ഈ വർഷം മെയ് മാസം വേവ്സിന്റെ ഭാഗമായി  ആരംഭിച്ച എന്‍എസ്ഇ വേവ്സ് സൂചിക കുറഞ്ഞ കാലയളവില്‍  92,000 കോടി രൂപയിൽ നിന്ന്  ഒരുലക്ഷം കോടി രൂപയായി വളർന്നുവെന്ന് ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാവേഗം എടുത്തുകാണിച്ച്  ശ്രീ ഫഡ്‌നാവിസ് പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യത്താല്‍  സാക്ഷ്യപ്പെടുത്തിയ വിദഗ്ധരുടെ ആവശ്യകതയാണ് ഇത് അടിവരയിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഔപചാരിക പരിശീലനത്തിന്റെയും സാക്ഷ്യപ്പെടുത്തലിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി അംഗീകൃത യോഗ്യതകളുടെ അഭാവം മൂലം പ്രതിഭാധനരായ നിരവധി പേര്‍ക്ക്  വിദഗ്ധ തൊഴിലവസരങ്ങൾ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ഘടനാപരമായ പരിശീലനവും സാക്ഷ്യപ്പെടുത്തല്‍ പരിപാടികളും നല്‍കാന്‍ വഴിയൊരുക്കുന്ന ധാരണാപത്രം ഈ വിടവ് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  


ഈ സഹകരണം മഹാരാഷ്ട്രയിലെ ഗ്രാമീണ വിദ്യാർത്ഥികളെ ചലച്ചിത്രമേഖലയില്‍ തൊഴിലവസരങ്ങള്‍ നേടാന്‍ പ്രാപ്തരാക്കുമെന്ന് സംരംഭത്തിന്റെ സമഗ്ര സ്വഭാവം വിശദീകരിച്ച് മഹാരാഷ്ട്ര  സാംസ്കാരിക, ഐടി മന്ത്രി അഡ്വ. ആശിഷ് ഷേലാർ പറഞ്ഞു.  മഹാരാഷ്ട്രയിലെ പ്രശസ്ത  ഇടങ്ങളെ  ചലച്ചിത്ര ചിത്രീകരണത്തിന് പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ നല്‍കാനും ധാരണാപത്രം സഹായിക്കുമെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു. ഗോരേഗാവ്, കോലാപ്പൂർ, പ്രഭാദേവി, കർജാത്ത് എന്നിവിടങ്ങളിലെ എംഎഫ്എസ്‍സിഡിസിഎൽ കേന്ദ്രങ്ങളിൽ നൽകുന്ന  സഹകരണ നൈപുണ്യ വികസന കോഴ്‌സുകൾ കൂടുതല്‍ തൊഴിലവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.  



ചെറുപട്ടണങ്ങളിലെ പ്രതിഭകള്‍ ചരിത്രം സൃഷ്ടിക്കുന്നുവെന്ന്  സംരംഭത്തിന്റെ പരിവർത്തന സാധ്യതകള്‍ വിശദീകരിച്ച എഫ്‌ടിഐഐ ചെയർമാൻ ശ്രീ ആർ. മാധവൻ  പറഞ്ഞു. പ്രാദേശിക കഥാഖ്യാനം മുതൽ ആഗോള ആഖ്യാനങ്ങൾ വരെ ഇന്ത്യയുടെ സര്‍ഗാത്മക ശബ്ദങ്ങൾ ഭാവി രൂപപ്പെടുത്താൻ സജ്ജമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  


പദ്ധതിരേഖ വിശദീകരിച്ച  മഹാരാഷ്ട്ര  സാംസ്കാരിക  വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ വികാസ് ഖാർഗെ  ചലച്ചിത്ര നിർമാണം, ഛായാഗ്രഹണം, ഡിജിറ്റൽ ഉള്ളടക്ക നിർമാണം, എഐ ഉപകരണങ്ങൾ, ഡബ്ബിംഗ്, വോയ്‌സ്‌ഓവർ മുതലായവയിലെ തൊഴിലവസരങ്ങള്‍ക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന കോഴ്‌സുകളാണ് നിലവിൽ  ആസൂത്രണം ചെയ്യുന്ന് അറിയിച്ചു.


എഫ്‌ടിഐഐയുടെ അക്കാദമിക മികവും എംഎഫ്‌എസ്‌സിഡിസിഎല്ലിന്റെ അടിസ്ഥാന സൗകര്യ - പ്രചാരണ സാധ്യതകളും സംയോജിപ്പിച്ച് ശക്തമായ ആവാസവ്യവസ്ഥയുടെ വികസനമാണ് ധാരണാപത്രം വിഭാവനം ചെയ്യുന്നത്. നൈപുണ്യ വികസനത്തിന്റെയും വ്യാവസായിക ഇടപെടലിന്റെയും ദേശീയ ലക്ഷ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന സംരംഭകത്വ - വളര്‍ച്ചാ - സാംസ്കാരിക സംരംഭങ്ങൾക്ക് ഈ സഹകരണം പിന്തുണയേകും.


സര്‍ഗാത്മക മേഖലയെ ശാക്തീകരിക്കാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഉള്ളടക്ക സൃഷ്ടിയിലും സാംസ്കാരിക നൂതനാശയങ്ങളിലും ഇന്ത്യയെ ആഗോള നേതൃനിരയിലേക്കുയര്‍ത്താനും ലക്ഷ്യമിടുന്ന കേന്ദ്രസർക്കാരിന്റെ വിശാല കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ സംരംഭം. 


(Release ID: 2146669)