യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

യുവ ആത്മീയ ഉച്ചകോടിയ്ക്ക് വാരണാസിയിൽ കാശി പ്രഖ്യാപനത്തോടെ സമാപനം

യുവതയുടെ നേതൃത്വത്തില്‍ മയക്കുമരുന്ന്- ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് അഞ്ചുവര്‍ഷ രൂപരേഖയുമായി കാശി പ്രഖ്യാപനം

Posted On: 20 JUL 2025 4:32PM by PIB Thiruvananthpuram
വികസിത ഭാരതത്തിന് ലഹരിമുക്ത യുവത’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച യുവ ആത്മീയ ഉച്ചകോടി ഇന്ന് വാരണാസിയിലെ രുദ്രാക്ഷ് അന്താരാഷ്ട്ര കൺവെൻഷൻ കേന്ദ്രത്തില്‍ കാശി പ്രഖ്യാപനത്തിന്റെ ഔപചാരിക അംഗീകാരത്തോടെ സമാപിച്ചു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം സംഘടിപ്പിച്ച ഉച്ചകോടിയിൽ 120-ലധികം ആത്മീയ, സാമൂഹ്യ-സാംസ്കാരിക സംഘടനകളിലെ 600-ലേറെ യുവ നേതാക്കളും അക്കാദമിക വിദഗ്ധരും വിഷയ വിദഗ്ധരും ഒത്തുചേർന്നു. 2047 -ഓടെ മയക്കുമരുന്ന് രഹിത സമൂഹത്തിലേക്ക് രാജ്യം നടത്തുന്ന യാത്രയിലെ നിർണായക ഘട്ടത്തെ ഉച്ചകോടി അടയാളപ്പെടുത്തി.
 
യുവ ഊർജത്തിന്റെയും ആത്മീയ ദർശനത്തിന്റയും സ്ഥാപനപരമായ നിശ്ചയദാര്‍ഢ്യത്തിന്റെയും ദേശീയ സംയോജനം പ്രതിനിധീകരിക്കുന്നതായിരുന്നു സംഗമം. ലഹരിവസ്തുക്കളുടെ മാനസിക - സാമൂഹ്യ പ്രത്യാഘാതങ്ങൾ, മയക്കുമരുന്ന് കടത്തിന്റെയും വിതരണ ശൃംഖലയുടെയും പ്രവര്‍ത്തനഘടന, അടിസ്ഥാന ബോധവൽക്കരണ പ്രചാരണ തന്ത്രങ്ങൾ, പുനരധിവാസത്തിലും പ്രതിരോധത്തിലും ആത്മീയ - സാംസ്കാരിക സ്ഥാപനങ്ങളുടെ പങ്ക് എന്നീ പ്രധാന തലങ്ങള്‍ വിശകലനം ചെയ്ത നാല് കേന്ദ്രീകൃത പ്ലീനറി സെഷനുകൾ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഈ ചർച്ചകൾ മയക്കുമരുന്ന് ആസക്തിക്കെതിരെ സഹകരണപരമായ പ്രവർത്തനത്തിന് ഇന്ത്യന്‍ നാഗരിക വിജ്ഞാനത്തിലും യുവ നേതൃത്വത്തിലും വേരൂന്നിയ ദർശനാത്മക പ്രതിബദ്ധതയായ കാശി പ്രഖ്യാപനത്തിന് അടിത്തറ പാകി. 
 
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വൈവിധ്യമാർന്ന വിഷയാധിഷ്ഠിത സെഷനുകളിലൂടെ ആഴത്തിലുണ്ടായ ചിന്തകളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട കാശി പ്രഖ്യാപനം കേവലം രേഖ മാത്രമല്ലെന്നും ഭാരതത്തിന്റെ യുവശക്തിയുടെ പങ്കാളിത്ത നിശ്ചയദാര്‍ഢ്യമായാണ് അത് പിറന്നതെന്നും ഉച്ചകോടിയിൽ സംസാരിച്ച കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ എടുത്തു പറഞ്ഞു. 
 
കാശി പ്രഖ്യാപനത്തിന് ബൗദ്ധികവും ധാർമികവുമായ അടിത്തറ പാകിയ ഈ ചർച്ചകൾ വൈവിധ്യമാർന്ന ശബ്ദങ്ങളെ പൊതു ദേശീയ ദിശയിലേക്ക് ഏകീകരിക്കുന്നു. ഇന്ന് ഔപചാരികമായി അംഗീകാരം നല്‍കിയ കാശി പ്രഖ്യാപനം ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെ ബഹുമുഖ പൊതുജനാരോഗ്യ-സാമൂഹ്യ വെല്ലുവിളിയായി കണക്കാക്കാന്‍ ഒരു ദേശീയ സമവായം ഉറപ്പാക്കുന്നതിനൊപ്പം സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും സമഗ്ര സമീപനത്തിന് ആഹ്വാനം ചെയ്യുന്നു. ആസക്തി തടയാനും തിരിച്ചുവരവിനെ പിന്തുണയ്ക്കാനും ദേശീയ ലഹരിമുക്ത സംസ്കാരം വളർത്തിയെടുക്കാനും ആത്മീയവും സാംസ്കാരികവും വിദ്യാഭ്യാസപരവും സാങ്കേതികവുമായ ശ്രമങ്ങളുടെ സംയോജനത്തിന് ഇത് ഊന്നൽ നൽകുന്നു. സംയുക്ത ദേശീയ കമ്മിറ്റി രൂപീകരണം, വാർഷിക പുരോഗതി റിപ്പോർട്ട്, മയക്കുമരുന്ന് ബാധിതരെ പിന്തുണാ സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ ദേശീയ വേദി എന്നിവയുൾപ്പെടെ ബഹു-മന്ത്രാലയതല ഏകോപനത്തിന് സ്ഥാപനപരമായ സംവിധാനങ്ങൾ പ്രഖ്യാപനം മുന്നോട്ടുവെയ്ക്കുന്നു.  
 
ഭാരതത്തിന്റെ ആത്മീയ ശക്തി പ്രതിസന്ധിഘട്ടങ്ങളില്‍ എപ്പോഴും രാജ്യത്തെ മുന്നോട്ടുനയിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് വികസിത ഭാരതത്തിനായി ലഹരിമുക്ത യുവസമൂഹത്തെ സൃഷ്ടിക്കുന്നതിൽ ആത്മീയ സ്ഥാപനങ്ങൾ നേതൃത്വം നൽകേണ്ടതെന്നും ഉച്ചകോടിയുടെ ആത്മീയ അടിത്തറയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഡോ. മാണ്ഡവ്യ പറഞ്ഞു. ഈ മഹാദൗത്യത്തിന്റെ നട്ടെല്ലായി ആത്മീയസ്ഥാപനങ്ങള്‍ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.   
 
അച്ചടക്കവും മൂല്യങ്ങളും ജീവിതത്തെ മോക്ഷ യാത്രയിലേക്ക് നയിക്കുന്ന പുണ്യഭൂമിയായ കാശി നിത്യബോധത്തിന്റെ കളിത്തൊട്ടിലാണെന്ന് വേദിയുടെ സാംസ്കാരിക പവിത്രതയെക്കുറിച്ച് ആത്മീയ ധാർമികത പ്രതിധ്വനിപ്പിച്ച് ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ ശിവപ്രതാപ് ശുക്ല പറഞ്ഞു. നാം വെറുതെ ഒത്തുചേരുക മാത്രമല്ല, ഒരുനാള്‍ ദേശീയ പരിവർത്തനത്തിന്റെ ശക്തിയായി വളര്‍ന്നുവരേണ്ട വടവൃക്ഷത്തിന് വിത്തുപാകുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 
യുവത ജനസംഖ്യയുടെ 65% വരുന്ന ഒരു രാഷ്ട്രം ആസക്തിയ്ക്ക് ഇരയാണെങ്കിൽ അതിൽ നിന്ന് മോചനം നേടുന്നവർക്ക് മാത്രമേ ഭാവി കെട്ടിപ്പടുക്കാനാവൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.  
 
ഉച്ചകോടിയുടെ സമാപന സെഷനിൽ നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. ഉത്തർപ്രദേശ് എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പ് (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ നിതിൻ അഗർവാൾ നാലാം ദിവസത്തെ സെഷനില്‍ മുഖ്യപ്രഭാഷണം നടത്തി.
 
ഡോ. വീരേന്ദ്ര കുമാർ (സാമൂഹ്യനീതി - ശാക്തീകരണം), ശ്രീ ഗജേന്ദ്ര സിങ് ശെഖാവത്ത് (സംസ്കാരികം - ടൂറിസം), കേന്ദ്ര തൊഴിൽ സഹമന്ത്രി ശ്രീ അനിൽ രാജ്ഭർ, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ (യുവജനകാര്യ - കായികം), ശ്രീ ഗിരീഷ് ചന്ദ്ര യാദവ് (ഉത്തർപ്രദേശ് കായിക മന്ത്രി) തുടങ്ങി നിരവധി പ്രമുഖർ ആദ്യദിനം സെഷനുകളിൽ പങ്കെടുത്ത് വിലപ്പെട്ട ഉൾക്കാഴ്ചകൾ പങ്കുവെച്ചു. സ്കൂൾ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്ന ഡിജിറ്റൽ വേദികളുടെ ദുരുപയോഗം എടുത്തുപറഞ്ഞ ശ്രീമതി രക്ഷ ഖഡ്സെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാര്‍ കൈക്കൊണ്ട സഹിഷ്ണുതാ രഹിത നയം ആവർത്തിച്ചു.
 
വിശാലമായ മൈ-ഭാരത് ചട്ടക്കൂടിന്റെ ഭാഗമായി സംഘടിപ്പിച്ച യുവ ആത്മീയ ഉച്ചകോടി യുവത നയിക്കുന്ന ദേശീയ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന് ശക്തമായ അടിത്തറ പാകി. രാജ്യത്തുടനീളം പ്രതിജ്ഞാ പ്രചാരണങ്ങള്‍ക്കും ബോധവൽക്കരണ പ്രവർത്തനങ്ങള്‍ക്കും സാമൂഹ്യതല ശ്രമങ്ങൾക്കും മൈ-ഭാരത് സന്നദ്ധപ്രവര്‍ത്തകരും അനുബന്ധ യുവ ക്ലബ്ബുകളും നേതൃത്വം വഹിക്കും. ഒരു മാർഗനിർദേശ രേഖയായി നിലകൊള്ളുന്ന കാശി പ്രഖ്യാപനത്തിന്റെ തുടർച്ചയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ 2026-ലെ വികസിത ഭാരത യുവ നേതൃസംവാദത്തില്‍ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യും.
 
****

(Release ID: 2146264)