പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നമീബിയ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Posted On: 09 JUL 2025 7:55PM by PIB Thiruvananthpuram

നമീബിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനവേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിൻഡ്‌ഹോക്കിലെ ഔദ്യോഗിക വസതിയിൽ നമീബിയ പ്രസിഡന്റ് ഡോ. നെതുംബോ നാന്ദി-എൻഡേയ്റ്റ്വയുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വസതിയിൽ എത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് നാന്ദി-എൻഡേയ്റ്റ്വ ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ വരവേൽപ്പു നൽകുകയും ചെയ്തു. 27 വർഷത്തിനുശേഷമാണു പ്രധാനമന്ത്രിതലത്തിൽ ഇന്ത്യയിൽനിന്നു നമീബിയയിലേക്കുള്ള സന്ദർശനം. ഈ വർഷം മാർച്ചിൽ അധികാരമേറ്റശേഷം പ്രസിഡന്റ് നാന്ദി-എൻഡേയ്റ്റ്വ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനം കൂടിയാണിത്.

നമീബിയയുടെ രാഷ്ട്രത്തലവനായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നാന്ദി-എൻഡേയ്റ്റ്വയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉഭയകക്ഷിബന്ധങ്ങൾക്ക് അടിവരയിടുന്ന അഭിമാനകരമായ ചരിത്രം ഇരുനേതാക്കളും അനുസ്മരിച്ചു. നമീബിയയുടെ സ്ഥാപകപിതാവ് ഡോ. സാം നുജോമ ഈ വർഷം അന്തരിച്ചതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പ്രതിരോധം, സമുദ്രസുരക്ഷ, ഡിജിറ്റൽ സാങ്കേതികവിദ്യയും UPI-യും, കൃഷി, ആരോഗ്യം, ഔഷധം, ഊർജം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി.

ഉഭയകക്ഷിവ്യാപാരത്തിലെ വളർച്ചയിൽ സംതൃപ്തി പ്രകടിപ്പിച്ച നേതാക്കൾ, ഈ മേഖലയിലെ സാധ്യതകളാകെ ഇനിയും പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ, ഇന്ത്യ-SACU മുൻഗണന വ്യാപാരക്കരാറിനായുള്ള ചർച്ചകൾ വേഗത്തിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. നമീബിയയിലെ വിദഗ്ധർക്കുള്ള നൈപുണ്യവികസന പരിപാടികളിലൂടെയും നമീബിയയിൽ ഉൽപ്പാദനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിൽ പങ്കാളിത്തം തേടുന്നതിലൂടെയും ഇന്ത്യ വികസന സഹകരണ ശ്രമങ്ങൾ വർധിപ്പിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കൃഷി, വിവരസാങ്കേതികവിദ്യ, സൈബർ സുരക്ഷ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ശിശുക്ഷേമം എന്നീ മേഖലകളിലെ ദ്രുത സ്വാധീന വികസനപദ്ധതികൾക്കു പ്രധാനമന്ത്രി ഇന്ത്യയുടെ പിന്തുണ വാഗ്ദാനംചെയ്തു. കാർഷിക ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നതിൽ ഇന്ത്യയുടെ അനുഭവം പ്രധാനമന്ത്രി പങ്കുവച്ചു. ഇതു നമീബിയക്കും ഗണ്യമായ പ്രയോജനമേകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ചീറ്റ സംരക്ഷണപദ്ധതിക്കു നമീബിയ നൽകിയ പിന്തുണയ്ക്കു പ്രധാനമന്ത്രി പ്രസിഡന്റ് നാന്ദി-എൻഡേയ്റ്റ്വയ്ക്കു നന്ദി പറഞ്ഞു. അന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യത്തിൽ അംഗമാകാൻ അദ്ദേഹം നമീബിയയെ ക്ഷണിച്ചു.

പരസ്പരതാൽപ്പര്യമുള്ള ആഗോള വിഷയങ്ങൾ ഇരുനേതാക്കളും ചർച്ചചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കു നൽകിയ കരുത്തുറ്റ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും പ്രധാനമന്ത്രി നമീബിയയോടു നന്ദി പറഞ്ഞു. ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിനു കരുത്തേകുന്നതിന് ഇരുവരും ധാരണയായി. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ഉയർത്താൻ ഒരുമിച്ചു പ്രവർത്തിക്കുന്നതിനും അവർ പ്രതിജ്ഞാബദ്ധത അറിയിച്ചു.

ചർച്ചകൾക്കുശേഷം, ആരോഗ്യ-സംരംഭകത്വ മേഖലകളിലെ രണ്ടു ധാരണാപത്രങ്ങൾ നേതാക്കൾ കൈമാറി. കൂടാതെ, ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യം, ആഗോള ജൈവ ഇന്ധന സഖ്യം എന്നിവയിൽ നമീബിയ ഭാഗമായതായും പ്രഖ്യാപിച്ചു. UPI സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനു ലൈസൻസിങ് കരാറിൽ ഏർപ്പെടുന്ന ആദ്യ രാജ്യമാണു നമീബിയയെന്നും പ്രഖ്യാപനമുണ്ടായി.

പ്രധാനമന്ത്രിയോടുളള ആദരസൂചകമായി പ്രസിഡന്റ് നാന്ദി-എൻഡേയ്റ്റ്വ വിരുന്നു സംഘടിപ്പിച്ചു. സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി നമീബിയ പ്രസിഡന്റിനെ ക്ഷണിക്കുകയും ചെയ്തു.

 

-NK-


(Release ID: 2143525)