പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Posted On:
04 JUL 2025 10:40PM by PIB Thiruvananthpuram
ആദരണീയ പ്രധാനമന്ത്രി കമല പർസാദ് ബിസ്സെസ്സർ-ജി,
സെനറ്റിന്റെ ആദരണീയ പ്രസിഡന്റ് വേഡ് മാർക്,
ബഹുമാനപ്പെട്ട സ്പീക്കർ ജഗ്ദേവ് സിങ്,
ബഹുമാനപ്പെട്ട മന്ത്രിമാരേ,
വിശിഷ്ട പാർലമെന്റ് അംഗങ്ങളേ,
നമസ്കാരം!
സുപ്രഭാതം!
അഭിമാനകരമായ ജനാധിപത്യത്തിന്റെയും സൗഹൃദരാഷ്ട്രത്തിന്റെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞതു ഭാഗ്യമായും അഭിമാനമായും ഞാൻ കരുതുന്നു.
ഇന്ത്യയിലെ 140 കോടി ജനങ്ങളിൽനിന്നുള്ള ആശംസകൾ ഞാൻ നേരുകയാണ്. ഇവിടെ എത്തുന്നതിനു തൊട്ടുമുമ്പു ഞാൻ സന്ദർശിച്ചതു ഘാനയാണ്. അവിടത്തെ ജനങ്ങളിൽനിന്നുള്ള ഊഷ്മളമായ ആശംസകളും ഞാൻ നേരുന്നു.
ഐതിഹാസികമായ ഈ റെഡ് ഹൗസിൽ നിങ്ങളോടു സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ വിനയാന്വിതനായാണു ഞാൻ നിലകൊള്ളുന്നത്. സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ജനങ്ങളുടെ പോരാട്ടങ്ങളും ത്യാഗങ്ങളും ഈ ചരിത്രമന്ദിരം കണ്ടിട്ടുണ്ട്. കഴിഞ്ഞ ആറുപതിറ്റാണ്ടായി, നീതിയുക്തവും, ഏവരെയും ഉൾക്കൊള്ളുന്നതും, സമ്പന്നവുമായ ജനാധിപത്യം നിങ്ങൾ കെട്ടിപ്പടുത്തപ്പോൾ അതു ശക്തമായി നിലകൊണ്ടു.
സുഹൃത്തുക്കളേ,
ഈ മഹത്തായ രാഷ്ട്രത്തിലെ ജനങ്ങൾ പ്രസിഡന്റും പ്രധാനമന്ത്രിയുമായി രണ്ടു ശ്രദ്ധേയ വനിതാനേതാക്കളെ തെരഞ്ഞെടുത്തു. അവർ അഭിമാനത്തോടെ ഇന്ത്യൻ പ്രവാസികളുടെ പുത്രിമാരാണെന്നു വിളിച്ചുപറയുന്നു. അവർ അവരുടെ ഇന്ത്യൻ പൈതൃകത്തിൽ അഭിമാനിക്കുന്നു. ഇന്ത്യയിൽ, അവരുടെ നേതൃത്വത്തെയും, ധീരതയെയും, ദൃഢനിശ്ചയത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു. പൊതുവായ വേരുകളിലും പൊതുവായ സ്വപ്നങ്ങളിലും കെട്ടിപ്പടുത്ത നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളാണ് അവർ.
വിശിഷ്ടാംഗങ്ങളേ,
നമ്മുടെ രണ്ടു രാഷ്ട്രങ്ങളും കോളനിവാഴ്ചയുടെ നിഴലുകളിൽനിന്നുയർന്ന്, ധൈര്യം മഷിയായി ഉപയോഗിച്ചും ജനാധിപത്യത്തെ പേനയാക്കിയും വന്നു നമ്മുടെ സ്വന്തം ഗാഥകൾ കുറിക്കുകയാണ്.
ഇന്ന്, നമ്മുടെ രണ്ടു രാഷ്ട്രങ്ങളും ആധുനിക ലോകത്ത് അഭിമാനകരമായ ജനാധിപത്യരാഷ്ട്രങ്ങളായും ശക്തിയുടെ സ്തംഭങ്ങളായും നിലകൊള്ളുന്നു. കുറച്ചു മാസങ്ങൾക്കുമുമ്പ്, തെരഞ്ഞെടുപ്പുകളിൽ പങ്കെടുത്ത്, നിങ്ങൾ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിച്ചു. സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള ഈ രാജ്യത്തെ ജനങ്ങളുടെ ജ്ഞാനത്തെയും കാഴ്ചപ്പാടിനെയും ഞാൻ അഭിനന്ദിക്കുന്നു. ഈ മഹനീയ സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.
വീണ്ടും ഗവണ്മെന്റിനു രൂപം നൽകിയതിനു പ്രധാനമന്ത്രി കമല-ജിക്ക് ഞാൻ പ്രത്യേക ആശംസകൾ നേരുന്നു. ഈ മഹത്തായ രാഷ്ട്രത്തെ സുസ്ഥിര വളർച്ചയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ തുടർന്നും അവർക്കു കഴിയട്ടെ എന്ന വിജയാശംസകൾ നേരുന്നു.
സുഹൃത്തുക്കളേ,
സ്പീക്കറുടെ കസേരയിൽ ആലേഖനം ചെയ്തിട്ടുള്ള സുവർണപദങ്ങൾ നോക്കൂ:
“ഇന്ത്യയിലെ ജനതയിൽനിന്നു ട്രിനിഡാഡ് ആൻഡ് ടൊബാഗോ ജനതയ്ക്കായി”.
അതു നോക്കുമ്പോൾ എന്റെ ഹൃദയം വികാരാധീനമാകുന്നു. ആ കസേര വെറും ഫർണിച്ചർ മാത്രമല്ല. നമ്മുടെ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തുറ്റ പ്രതീകമാണ്. ഒരു ജനാധിപത്യം മറ്റൊന്നിനോടു പ്രകടിപ്പിക്കുന്ന ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ വാക്കുകൾ.
आप सभी जानते हैं… भारतीयों के लिए डेमोक्रेसी सिर्फ एक पॉलिटिकल मॉडल भर नहीं है। हमारे लिए, ये way of life है… हमारी हज़ारों वर्षों की महान विरासत है। इस संसद में भी कई साथी ऐसे हैं...जिनके पूर्वज बिहार से हैं... वो बिहार जो महाजनपदों यानि ancient republics की भूमि है।
ഇന്ത്യയിൽ, ജനാധിപത്യം ഞങ്ങൾക്കു വെറും രാഷ്ട്രീയ വ്യവസ്ഥയല്ല. ഞങ്ങൾക്ക്, അതു ജീവിതരീതിയാണ്. നിങ്ങളുടെ പാർലമെന്റിൽ ചില അംഗങ്ങളുണ്ട്. അവരുടെ പൂർവികർ വൈശാലി പോലുള്ള കേന്ദ്രങ്ങൾക്കു പേരുകേട്ട ഇന്ത്യൻ സംസ്ഥാനമായ ബിഹാറിൽനിന്നുള്ളവരായിരുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ സ്വാഭാവികമായ ഊഷ്മളതയുണ്ട്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും ആവേശഭരിതരായ ആരാധകരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു എന്ന് എനിക്കു പറയാനാകും! ഇന്ത്യക്കെതിരെ കളിക്കുമ്പോൾ ഒഴികെ, ഞങ്ങൾ അവരെ പൂർണമനസോടെ അഭിനന്ദിക്കാറുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധങ്ങളുടെ അടിത്തറയിലാണു നമ്മുടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കെട്ടിപ്പടുത്തിരിക്കുന്നത്. 180 വർഷങ്ങൾക്കുമുമ്പ്, ദീർഘവും കഠിനവുമായ യാത്രയ്ക്കുശേഷമാണ് ആദ്യത്തെ ഇന്ത്യക്കാർ ഈ മണ്ണിൽ എത്തിയത്. സമുദ്രങ്ങൾക്കപ്പുറത്ത്, ഇന്ത്യൻ താളങ്ങൾ കരീബിയൻ താളവുമായി മനോഹരമായി ഇഴുകിച്ചേർന്നു.
ഇവിടെ, ഭോജ്പുരി ക്രിയോളുമായി ഐക്യം കണ്ടെത്തി. ഡബിൾസും ദാൽപുരിയും കണ്ടുമുട്ടി;
ഒപ്പം, തബല സ്റ്റീൽ പാനിനെയും!
ഇന്ന്, ഇന്ത്യൻ വംശജർ ചുവപ്പ്-കറുപ്പ്-വെളുപ്പ് പതാകയുടെ അഭിമാനവാഹകരാണ്!
രാഷ്ട്രീയം മുതൽ കവിത വരെ, ക്രിക്കറ്റ് മുതൽ വാണിജ്യം വരെ, കാലിപ്‌സോ മുതൽ ചട്ണി വരെ, അവർ എല്ലാ മേഖലകളിലും സംഭാവന ചെയ്യുന്നു. നിങ്ങളേവരും ബഹുമാനിക്കുന്ന ഊർജസ്വലമായ വൈവിധ്യത്തിന്റെ അവിഭാജ്യ ഘടകമാണ് അവർ. “നാം ഒരുമിച്ച് ആഗ്രഹിക്കുന്നു, ഒരുമിച്ചു നാം നേടുന്നു” എന്ന മുദ്രാവാക്യം ജീവിതത്തിൽ പകർത്തിയ ഒരു രാഷ്ട്രം നിങ്ങൾ കൂട്ടായി കെട്ടിപ്പടുത്തു.
സുഹൃത്തുക്കളേ,
ഇന്ന് രാവിലെ, ആദരണീയ പ്രസിഡന്റ് എനിക്ക് ഈ രാജ്യത്തെ ഏറ്റവും ഉയർന്ന ദേശീയ പുരസ്കാരം ദയാപൂർവം സമ്മാനിച്ചു. 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഞാൻ അതു വിനയത്തോടെ സ്വീകരിച്ചു.
ഇപ്പോൾ, വളരെയധികം നന്ദിയോടെ, നമ്മുടെ രണ്ടു രാജ്യങ്ങൾക്കിടയിലുള്ള ശാശ്വതസൗഹൃദത്തിനും പൂർവിക ബന്ധങ്ങൾക്കും ഞാൻ ഇതു സമർപ്പിക്കുന്നു.
സുഹൃത്തുക്കളേ,
ഈ സഭയിൽ ഇത്രയധികം വനിതാ അംഗങ്ങളെ കാണുന്നതിൽ എനിക്കു സന്തോഷമുണ്ട്. സ്ത്രീകളോടുള്ള ആദരം ഇന്ത്യൻ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. നമ്മുടെ പ്രധാനപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളിലൊന്നായ സ്കന്ദപുരാണത്തിൽ ഇങ്ങനെ പറയുന്നു:
दशपुत्र समा कन्या दशपुत्रान् प्रवर्धयन् | यत् फलं लभते मर्त्यः तत् लभ्यं कन्या एकया ||
അതായത്, ഒരു പുത്രി 10 പുത്രന്മാർക്കു തുല്യമായ സന്തോഷം നൽകുന്നു. ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാൻ ഞങ്ങൾ സ്ത്രീകളുടെ കൈകൾക്കു കരുത്തുപകരുകയാണ്.
ബഹിരാകാശം മുതൽ കായികരംഗം വരെ, സ്റ്റാർട്ടപ്പുകൾ മുതൽ ശാസ്ത്രം വരെ, വിദ്യാഭ്യാസം മുതൽ സംരംഭം വരെ, വ്യോമയാനം മുതൽ സായുധസേന വരെ, അവർ ഇന്ത്യയെ വിവിധ മേഖലകളിൽ പുതിയ ഭാവിയിലേക്കു നയിക്കുന്നു. നിങ്ങളെപ്പോലെ, എളിയ നിലയിൽനിന്ന് ഉയർന്നുവന്ന വനിത നമുക്കുണ്ട്. അവരിപ്പോൾ നമ്മുടെ രാഷ്ട്രപതിയാണ്.
രണ്ടുവർഷംമുമ്പ്, ഇന്ത്യൻ പാർലമെന്റ് ചരിത്രപരമായ ചുവടുവയ്പ്പു നടത്തി. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കാൻ ഞങ്ങൾ തീരുമാനിച്ചു. വരുംതലമുറകളിൽ കൂടുതൽ കൂടുതൽ സ്ത്രീകൾ രാജ്യത്തിന്റെ വിധിയും ദിശയും നിർണയിക്കുമെന്ന് ഇതുറപ്പാക്കുന്നു.
ഇന്ത്യയുടെ താഴേത്തട്ടിലും വനിതാ നേതാക്കൾ ഉയർന്നുവരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഏകദേശം ഒന്നര ദശലക്ഷം സ്ത്രീകൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു ശക്തി പകരുന്നു. സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ യുഗത്തിലാണു നാം. ജി-20 അധ്യക്ഷപദത്തിലുണ്ടായിരുന്നപ്പോൾ ഞങ്ങൾ മുന്നോട്ടുവച്ച പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു ഇത്.
हम भारत में वीमेन लेड डवलपमेंट का एक नया मॉडल विकसित कर रहे हैं।अपनी G-20 प्रेसीडेंसी के दौरान भी इस मॉडल की सफलता को हमने पूरी दुनिया के सामने रखा है।
വിശിഷ്ടാംഗങ്ങളേ,
ഇന്ന്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഓരോ മേഖലയും ഓരോ പ്രദേശവും എല്ലാ സമൂഹവും ഈ വളർച്ചാഗാഥയുടെ ഭാഗമാണ്.
ഇന്ത്യയുടെ വളർച്ച ഏവരേയും ഉൾക്കൊള്ളുന്നതും ജനകേന്ദ്രീകൃതവുമാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ സമീപകാല റിപ്പോർട്ടു സൂചിപ്പിക്കുന്നത് ഇന്ത്യയുടെ സാമൂഹ്യസുരക്ഷയും ക്ഷേമപരിരക്ഷയും 950 ദശലക്ഷം പേരെ ഉൾക്കൊള്ളുന്നു എന്നാണ്. അതായത്, ഏകദേശം ശതകോടി ജനങ്ങളെ. ലോകത്തിലെ മിക്ക രാജ്യങ്ങളുടെ ജനസംഖ്യയേക്കാളും കൂടുതൽ!
ഇത്തരത്തിൽ സർവരേയും ഉൾച്ചേർക്കുന്ന വളർച്ചയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് അതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. ഞങ്ങളുടെ വികസനം മറ്റുള്ളവരോടുള്ള ഉത്തരവാദിത്തം കൂടിയാണെന്നതാണ് ഞങ്ങളുടെ വികസന വീക്ഷണം. ഗ്ലോബൽ സൗത്ത് മേഖലയ്ക്കാണ് എല്ലായ്‌പ്പോഴും ഞങ്ങളുടെ മുൻഗണനയും.
അതേ മനോഭാവത്തോടെ തന്നെ, ട്രിനിഡാഡ് ആൻഡ് ടൊബാഗോയുമായുള്ള ബന്ധം ഞങ്ങൾ കൂടുതൽ ആഴത്തിലാക്കുകയുമാണ്. നമ്മുടെ വ്യാപാരം തുടർന്നും വളരും. ഈ രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്തുന്നതിന് ഞങ്ങൾ ഞങ്ങളുടെ ബിസിനസുകളെ പ്രോത്സാഹിപ്പിക്കും. നമ്മുടെ വികസന പങ്കാളിത്തം വികസിക്കും. പരിശീലനം, കാര്യശേഷി വികസനം, നൈപുണ്യ വികസനം എന്നിവ മനുഷ്യവികസനത്തെ അതിന്റെ കേന്ദ്രത്തിൽ നിലനിർത്തുന്നതായിരിക്കും. ആരോഗ്യമേഖല നമ്മുടെ പങ്കാളിത്തത്തിന്റെ ഒരു പ്രധാന ഭാഗമായി തുടരുകയും ചെയ്യും.
നിരവധി ഇന്ത്യൻ ഡോക്ടർമാരും ആരോഗ്യപരിരക്ഷാ പ്രവർത്തകരും ഇവിടെ വിശിഷ്ടതയോടെ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ മാനദണ്ഡങ്ങളെ അംഗീകരിക്കാൻ നിങ്ങൾ തീരുമാനിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് എല്ലാവർക്കും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ മരുന്നുകളുടെ പ്രാപ്യത ഉറപ്പാക്കും.
യു.പി.ഐ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം സ്വീകരിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് ഒരു സുപ്രധാന മുന്നേറ്റമാണ്. ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റുകളിൽ യു.പി.ഐ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ തത്സമയ ഡിജിറ്റൽ പേയ്മെന്റുകൾ നടക്കുന്ന രാജ്യമായി ഈ വേദിയുടെ പിന്തുണയോടെ, ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യയിൽ, ഇന്ന്, മാമ്പഴ വിൽപ്പനക്കാർക്കു പോലും ക്യു.ആർ കോഡുകൾ ഉണ്ട്. അവരുടെ പക്കൽ ചില്ലറയില്ലാത്തതുകൊണ്ടുതന്നെ പണമായി നിങ്ങൾ അവർക്ക് കാശു കൈമാറാൻ ശ്രമിച്ചാലും യു.പി.ഐ ഉപയോഗിക്കാൻ അവർ നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും!
മറ്റ് ഡിജിറ്റൽ നൂതനാശയങ്ങളിലും സഹകരിക്കുന്നതിന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഗ്ലോബൽ സൗത്തിന്റെ വളർച്ചയും വികാസവും പരിപോഷിപ്പിക്കുന്നതിനായി ഇന്ത്യ നിർമ്മിതബുദ്ധി (എ.ഐ) ടൂളുകൾ വികസിപ്പിക്കുമ്പോൾ, ഞങ്ങളുടെ മുൻഗണനയിലുള്ള രാഷ്ട്രങ്ങളിലൊന്ന് ട്രിനിഡാഡ് ആൻഡ് ടൊബാഗോയായിരിക്കും.
കൃഷി, ഹോർട്ടികൾച്ചർ, ഭക്ഷ്യ സംസ്‌കരണം എന്നിവയിലെ ഞങ്ങളുടെ വൈദഗ്ദ്ധ്യവും ഞങ്ങൾ പങ്കുവയ്ക്കും. ഇന്ത്യയിൽ നിന്നുള്ള യന്ത്രങ്ങൾ നിങ്ങളുടെ കാർഷിക വ്യവസായത്തിന് പിന്തുണയാകും. വികസനം എന്നത് അന്തസും മാന്യതയും ക്ഷേമവും ഉറപ്പാക്കേണ്ടതായതിനാൽ അംഗപരിമിതരായ പൗരന്മാർക്കായി ഞങ്ങൾ ഇവിടെ ഒരു കൃത്രിമ അവയവ ഘടിപ്പിക്കൽ (ഫിറ്റ്‌മെന്റ്) ക്യാമ്പ് സംഘടിപ്പിക്കും.
ഞങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങളുമായുള്ള സഹകരണത്തിന് പരിധികളൊന്നുമില്ല. നിങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളുമാണ് നമ്മെ എപ്പോഴും നയിക്കുന്നത്.
സുഹൃത്തുക്കളേ,
നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള കൂട്ടായ പ്രവർത്തനം വലിയ പ്രത്യാശകൾ നൽകുന്നതാണ്. കരീബിയനിലെ ഒരു പ്രധാന രാജ്യമെന്ന നിലയിലും ലാറ്റിൻ അമേരിക്കയിലേക്കുള്ള ഒരു പാലമെന്ന നിലയിലും, ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് വലിയ സാദ്ധ്യതകളുണ്ട്. വിശാലമായ മേഖലയുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ നമ്മുടെ കൂട്ടുകെട്ട് നമ്മെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
രണ്ടാം ഇന്ത്യ-കാരികോം ഉച്ചകോടിയുടെ ഗതിയെ അടിസ്ഥാനമാക്കികൊണ്ട്, വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനും, അടിസ്ഥാന സൗകര്യങ്ങളും ചലനക്ഷമതയും കെട്ടിപ്പടുക്കുന്നതിനും, സാമൂഹിക വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനും, എല്ലാറ്റിനുമുപരിയായി, കാര്യശേഷി വർദ്ധിപ്പിക്കൽ, പരിശീലനം, നൈപുണ്യ വികസനം എന്നിവയെ വലിയതോതിൽ പിന്തുണയ്ക്കുന്നതിനും സഹായകമാകുന്ന മുൻകൈകളിൽ സഹകരിക്കുന്നതിൽ ഞങ്ങൾ ഉത്സുകരാണ്.
സുഹൃത്തുക്കളേ,
നമ്മുടെ പങ്കാളിത്തത്തെ ഒരു വലിയ ആഗോള ചട്ടക്കൂടിലും ഞാൻ കാണുകയാണ്. ലോകത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ വ്യാപ്തിയും വേഗതയും അഭൂതപൂർവമാണ്. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും സ്വഭാവത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങളുമുണ്ടായിട്ടുണ്ട്. സ്വതന്ത്ര വ്യാപാരം സമ്മർദ്ദത്തിലാണ്. ആഗോള വിഭജനങ്ങളും തർക്കങ്ങളും അസമത്വങ്ങളും വളരുകയും ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനം, ഭക്ഷണം, ആരോഗ്യം, ഊർജ്ജ സുരക്ഷ എന്നീ വെല്ലുവിളികളെയും ലോകം അഭിമുഖീകരിക്കുന്നുണ്ട്. ഭീകരവാദം ഇപ്പോഴും ഒരു അടിയന്തര ഭീഷണിയായി തുടരുന്നു. മുൻകാലങ്ങളിലുണ്ടായിരുന്ന കോളനിവാഴ്ചകൾ അവസാനിച്ചിരിക്കാം, പക്ഷേ പുതിയ രൂപങ്ങളിൽ അവയുടെ നിഴലുകൾ ഇപ്പോഴും നിലനിൽക്കുന്നു.
ബഹിരാകാശത്തും സൈബർ സുരക്ഷയിലും പുതിയ വെല്ലുവിളികളുണ്ടായിട്ടുണ്ട്. നിർമ്മിത ബുദ്ധി പുതിയ അവസരങ്ങൾക്കൊപ്പം അപകടസാദ്ധ്യതകളും തുറക്കുന്നു. സമാധാനവും പുരോഗതിയും നൽകുന്നതിന് പഴയ സ്ഥാപനങ്ങൾ പാടുപെടുകയാണ്.
അതേസമയം, ഗ്ലോബൽ സൗത്ത് ഉയർന്നുവരികയാണ്. നവീനവും നീതിയുക്തവുമായ ഒരു ലോകക്രമം കാണാൻ അവർ ആഗ്രഹിക്കുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് 75 വർഷമായപ്പോൾ, വികസ്വര രാജ്യങ്ങളിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. ദീർഘകാലമായി കാത്തിരുന്ന പരിഷ്‌കാരങ്ങൾ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷ. ഒടുവിൽ അവരുടെ ശബ്ദം കേൾക്കപ്പെടുമെന്ന പ്രതീക്ഷ. പക്ഷേ ആ പ്രതീക്ഷ നിരാശയായി മാറി. വികസ്വര ലോകത്തിന്റെ ശബ്ദം ഇപ്പോഴും അരികുവൽക്കരിക്കപ്പെട്ട നിലയിൽ തന്നെയാണ്. ഈ വിടവ് നികത്താൻ എപ്പോഴും ഇന്ത്യ ശ്രമിച്ചിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, -മേഖലകളിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ള പരസ്പരവും സമഗ്രവുമായ പുരോഗതി എന്ന മഹാസാഗർ ഗ്ലോബൽ സൗത്തിനെ മുന്നോട്ടുനയിക്കുന്ന മാർഗ്ഗദർശനമാണ്. അവസരം ലഭിക്കുമ്പോഴെല്ലാം, ഗ്ലോബൽ സൗത്തിന് വേണ്ടി ഞങ്ങൾ ശബ്ദം ഉയർത്തിയിട്ടുണ്ട്.
ഞങ്ങൾ ജി-20ക്ക് ആദ്ധ്യക്ഷം വഹിച്ചിരുന്ന വേളയിൽ, ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ തീരുമാനങ്ങൾ കൈകൊള്ളുന്ന ആഗോള കേന്ദ്രത്തിന്റെ ശ്രദ്ധയിലേയ്ക്ക് ഞങ്ങൾ കൊണ്ടുവന്നിരുന്നു. മഹാമാരിയുടെ കാലത്ത്, നമ്മുടെ 1.4 ബില്യൺ ജനങ്ങളെ പരിചരിക്കുന്നതിനോടൊപ്പം തന്നെ, 150-ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്‌സിനുകളും മരുന്നുകളും നൽകി. സഹായം, ആശ്വാസം, ഐക്യദാർഢ്യം എന്നിവയിലൂടെ ദുരന്തസമയത്ത്, വേഗത്തിൽ തന്നെ ഞങ്ങൾ പ്രതികരിച്ചു. ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതും, ആദരവോടുകൂടിയതും, വ്യവസ്ഥകളില്ലാത്തതുമാണ് ഞങ്ങളുടെ വികസന പങ്കാളിത്തങ്ങൾ.
വിശിഷ്ട അംഗങ്ങളേ,
ശരിയായ വേദികളിൽ ഗ്ലോബൽ സൗത്തിന് അർഹമായ സ്ഥാനം ലഭ്യമാക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്. കാലാവസ്ഥാ പ്രതിസന്ധിക്ക് ഏറ്റവും കുറഞ്ഞ സംഭാവന നൽകിയവരുടെ മേൽ ഭാരം വരാതിരിക്കാനായി, കാലാവസ്ഥാ നീതി ഉറപ്പാക്കുന്നതിന് വേണ്ടിയും. ഈ ശ്രമത്തിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയെ ഒരു സപ്രധാന പങ്കാളിയായാണ് ഞങ്ങൾ കണക്കാക്കുന്നത്.
സുഹൃത്തുക്കളേ,
വലിപ്പത്തിലും ഭൂമിശാസ്ത്രത്തിലും നമ്മുടെ രണ്ട് രാജ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കാം, പക്ഷേ നമ്മുടെ മൂല്യങ്ങളിൽ നമ്മൾ അഗാധമായി യോജിക്കുന്നവരാണ്. ജനാധിപത്യത്തിൽ അഭിമാനം കൊള്ളുന്ന രാജ്യങ്ങളാണ് നമ്മുടേത്. സംഭാഷണം, പരമാധികാരം, ബഹുരാഷ്ട്രവാദം, മാനുഷിക അന്തസ്സ് എന്നിവയിൽ നമ്മൾ വിശ്വസിക്കുന്നു. സംഘർഷങ്ങളുടെ ഈ കാലങ്ങളിൽ, നാം ഈ മൂല്യങ്ങളോട് സത്യസന്ധത പുലർത്തണം.
മനുഷ്യരാശിയുടെ ശത്രുവാണ് ഭീകരവാദം. ഈ റെഡ് ഹൗസ് തന്നെ ഭീകരത ഏൽപ്പിച്ച മുറിവുകൾക്കും നിരപരാധികളുടെ രക്തനഷ്ടത്തിനും സാക്ഷ്യം വഹിച്ചതാണ്. ഭീകരവാദത്തിന് അഭയമോ സ്ഥാനമോ ലഭിക്കുന്നത് നിഷേധിക്കുന്നതിന് നാം ഒറ്റക്കെട്ടായി നിലകൊള്ളണം. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം നിന്നതിന് ഈ രാജ്യത്തെ ജനങ്ങൾക്കും ഗവൺമെന്റിനും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ പൂർവ്വികർ പോരാടി, ത്യാഗം ചെയ്തു, ഭാവി തലമുറകളുടെ മെച്ചപ്പെട്ട ജീവിതത്തിനായി സ്വപ്‌നങ്ങൾ കണ്ടു. നമ്മുടെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത ഭാവിയുടെ യാത്രയിൽ ഇന്ത്യയും ട്രിനിഡാഡ് ആന്റ് ടൊബാഗോയും ഏറെ ദൂരം പിന്നിട്ടു. എന്നാൽ, നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് - സ്വന്തമായും, ഒരുമിച്ചുനിന്നുകൊണ്ടും.
ആ ഭാവി രൂപപ്പെടുത്തുന്നതിൽ പാർലമെന്റ് അംഗങ്ങൾ എന്ന നിലയിൽ നിങ്ങൾക്കെല്ലാവർക്കും നിർണായക പങ്കുവഹിക്കാനുണ്ട്. അയോദ്ധ്യ മുതൽ അരിമ വരെ, ഗംഗാ ഘട്ടുകൾ മുതൽ പരിയ ഉൾക്കടൽ വരെ, നമ്മുടെ ബന്ധങ്ങൾ കൂടുതൽ ആഴത്തിൽ വളരട്ടെ, നമ്മുടെ സ്വപ്‌നങ്ങൾ കൂടുതൽ ഉയരട്ടെ.
ഈ ചിന്തയോടെ, ഈ ബഹുമതിക്ക് ഞാൻ വീണ്ടും നന്ദി പറയുന്നു.- നിങ്ങൾ ഇവിടെ പറയുന്നതുപോലെ, കൃപയോടും അഭിമാനത്തോടും കൂടി -''അർഹതപ്പെട്ട ബഹുമാനത്തോടെ''.
നന്ദി. വളരെ നന്ദി.
-SK-
(Release ID: 2142932)
Read this release in:
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada