പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശിലെ ഖജുരാഹോയിൽ കെൻ - ബെത്‌വ നദി ലിങ്ക് ദേശീയ പദ്ധതിയുടെ ശിലാസ്ഥാപന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
25 DEC 2024 4:02PM by PIB Thiruvananthpuram
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വീരന്മാരുടെ നാടായ ബുന്ദേൽഖണ്ഡിലെ എല്ലാ ജനങ്ങൾക്കും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു. മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ; ഇവിടുത്തെ ഊർജസ്വലനായ മുഖ്യമന്ത്രി ഭായ് മോഹൻ യാദവ് ജി; കേന്ദ്ര മന്ത്രിമാരായ ഭായ് ശിവരാജ് സിംഗ് ജി, വീരേന്ദ്ര കുമാർ ജി, സിആർ പാട്ടീൽ ജി; ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദ ജി; രാജേന്ദ്ര ശുക്ല ജി; മറ്റ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് വിശിഷ്ട വ്യക്തികൾ, ആദരണീയരായ സന്യാസിമാർ, മധ്യപ്രദേശിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ.
ഇന്ന് ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുകയാണ്. രാജ്യത്തും ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ സമൂഹത്തിനും ഞാൻ എന്റെ ക്രിസ്മസ് ആശംസകൾ നേരുന്നു. കൂടാതെ, മോഹൻ യാദവിന്റെ നേതൃത്വത്തിൽ ബിജെപി ഗവൺമെന്റ് വിജയകരമായി ഒരു വർഷം പൂർത്തിയാക്കി. മധ്യപ്രദേശിലെ ജനങ്ങൾക്കും സമർപ്പിതരായ ബിജെപി പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മധ്യപ്രദേശ് വികസനത്തിന്റെ ഒരു പുതിയ തരംഗത്തിന് സാക്ഷ്യം വഹിച്ചു. ഇന്നും ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. കെൻ-ബെത്വ ലിങ്ക് പദ്ധതിയുടെ ചരിത്രപ്രസിദ്ധമായ ദൗധൻ അണക്കെട്ടിന് തറക്കല്ലിട്ടു, മധ്യപ്രദേശിലെ ആദ്യത്തെ ഫ്ലോട്ടിംഗ് സോളാർ പ്ലാന്റായി ഓംകരേശ്വർ ഫ്ലോട്ടിംഗ് സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു എന്നതും ശ്രദ്ധേയമാണ്. ഈ സുപ്രധാന നേട്ടങ്ങൾക്ക് മധ്യപ്രദേശിലെ ജനങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളേ,
ഇന്ന് നമുക്കെല്ലാവർക്കും വളരെയധികം പ്രചോദനം നൽകുന്ന ദിവസമാണ്. നമ്മുടെ ആദരണീയനായ അടൽ ജിയുടെ ജന്മദിനമാണ്. ഭാരതരത്ന അടൽ ജിയുടെ ജന്മശതാബ്ദിയാണ് ഈ ദിവസം. അടൽ ജിയുടെ ജന്മവാർഷികാഘോഷം സദ്ഭരണത്തിനും സമർപ്പിത സേവനത്തിനുമുള്ള പ്രചോദനത്തിന്റെ ഉത്സവമാണ്. ഇന്ന് നേരത്തെ, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു സ്മാരക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയപ്പോൾ, പ്രിയപ്പെട്ട സ്മരണകൾ പ്രളയം പോലെ എന്നിൽ ഒഴുകിയെത്തി. വർഷങ്ങളായി, അടൽ ജി എന്നെപ്പോലുള്ള നിരവധി വ്യക്തികളെ ഉപദേശിക്കുകയും വളർത്തുകയും ചെയ്തു. രാഷ്ട്ര വികസനത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ നമ്മുടെ ഓർമ്മകളിൽ എന്നും നിലനിൽക്കും.
മാത്രമല്ല, മധ്യപ്രദേശിൽ 1,100-ലധികം അടൽ ഗ്രാമസേവാ സദനുകളുടെ നിർമ്മാണം ഇന്ന് ആരംഭിക്കുകയാണ്, ഇവയ്ക്കുള്ള ആദ്യ ഗഡു ഇതിനകം പുറത്തിറക്കി. നമ്മുടെ ഗ്രാമങ്ങളുടെ വികസനം ത്വരിതപ്പെടുത്തുന്നതിൽ ഈ അടൽ ഗ്രാമസേവാ സദനുകൾ നിർണായക പങ്ക് വഹിക്കും.
സുഹൃത്തുക്കളേ,
ഞങ്ങൾക്ക്, സദ്ഭരണ ദിനം വെറുമൊരു ഏകദിന ആചരണം മാത്രമല്ല; അത് ഒരു ജീവിതരീതിയും ബിജെപി ഗവൺമെന്റികളുടെ മുഖമുദ്രയുമാണ്. ഈ രാജ്യത്തെ ജനങ്ങൾ തുടർച്ചയായ മൂന്നാം തവണയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റിനെ തിരഞ്ഞെടുത്തു. മധ്യപ്രദേശിൽ, നിങ്ങൾ സ്ഥിരമായി ബിജെപിയിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. സദ്ഭരണത്തിലുള്ള ഈ ശാശ്വത വിശ്വാസമാണ് ഞങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനം.
ഈ രാജ്യത്തെ ചിന്തകരും വിശകലന വിദഗ്ധരും, എഴുതപ്പെട്ട രേഖകൾ ഉപയോഗിച്ച് ഭരണം വിലയിരുത്തുന്നതിൽ പ്രാവീണ്യമുള്ളവരും, സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ഒരു അവലോകനം നടത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. വികസനം, പൊതുജനക്ഷേമം, സദ്ഭരണം എന്നിവയുമായി ബന്ധപ്പെട്ട 100–200 മാനദണ്ഡങ്ങൾ നമുക്ക് തിരിച്ചറിയാം. പിന്നെ, കോൺഗ്രസ് ഭരിച്ച, ഇടതുപക്ഷമോ കമ്മ്യൂണിസ്റ്റ് പാർട്ടികളോ അധികാരത്തിലിരുന്ന, കുടുംബാധിഷ്ഠിത രാഷ്ട്രീയ പാർട്ടികൾ ഭരിച്ച, സഖ്യ ഗവൺമെന്റുകൾ ഭരിച്ച പ്രദേശങ്ങളിൽ എന്താണ് നേടിയതെന്ന് നമുക്ക് വിലയിരുത്താം. ഏറ്റവും പ്രധാനമായി, ബിജെപിക്ക് സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ച പ്രദേശങ്ങൾ നമുക്ക് വിലയിരുത്താം.
ബിജെപി അധികാരത്തിലിരുന്നിടത്തെല്ലാം, പൊതുജനക്ഷേമം, വികസന സംരംഭങ്ങൾ, രാഷ്ട്രസേവനം എന്നിവയിൽ മുൻകാല റെക്കോർഡുകൾ മറികടന്നിട്ടുണ്ടെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ഈ മാനദണ്ഡങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ, സാധാരണക്കാരോടുള്ള ബിജെപി ഗവൺമെന്റുകളുടെ അചഞ്ചലമായ സമർപ്പണം രാഷ്ട്രം കാണും. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ അക്ഷീണം പ്രവർത്തിക്കുന്നു. ഈ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവർ അവരുടെ ദർശനങ്ങൾ സാക്ഷാത്കരിക്കപ്പെടാൻ അർഹരാണ്. നമ്മുടെ അക്ഷീണ പരിശ്രമത്തിലൂടെ ആ സ്വപ്നങ്ങളെ പരിപോഷിപ്പിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
സദ്ഭരണം എന്നാൽ മികച്ച പദ്ധതികൾ രൂപപ്പെടുത്തുക മാത്രമല്ല; അത് ഫലപ്രദവും സുതാര്യവുമായ നടപ്പാക്കലിനെക്കുറിച്ചാണ്. ഭരണത്തിന്റെ യഥാർത്ഥ അളവ് എത്രത്തോളം പ്രയോജനം ജനങ്ങളിലേക്ക് എത്തുന്നു എന്നതിലാണ്. മുൻകാലങ്ങളിൽ, കോൺഗ്രസ് ഗവൺമെന്റുകൾ പ്രഖ്യാപനങ്ങൾക്കും ദൃശ്യങ്ങൾക്കും പേരുകേട്ടവരായിരുന്നു - തറക്കല്ലിടൽ, റിബൺ മുറിക്കൽ, ആചാരപരമായ വിളക്കുകൾ കത്തിക്കൽ, അവരുടെ ഫോട്ടോകൾ പ്രസിദ്ധീകരിക്കൽ. അവരുടെ ഉത്തരവാദിത്തം അവിടെ അവസാനിച്ചു, വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നഷ്ടപ്പെട്ടു.
പ്രധാനമന്ത്രിയായ ശേഷം, പ്രഗതി പരിപാടിയിലൂടെ ഞാൻ പഴയ പദ്ധതികൾ അവലോകനം ചെയ്തു. 35-40 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പദ്ധതികളുടെ പ്രവർത്തനങ്ങൾ ഒരു ഇഞ്ച് പോലും പുരോഗമിച്ചിട്ടില്ലെന്ന് കണ്ടെത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. കോൺഗ്രസ് ഭരണകാലത്ത് പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഉദ്ദേശ്യക്കുറവും ഗൗരവക്കുറവും ഇത് പ്രതിഫലിപ്പിക്കുന്നു.
ഇന്ന്, പി എം കിസാൻ സമ്മാൻ നിധി പോലുള്ള പദ്ധതികളുടെ പ്രകടമായ നേട്ടങ്ങൾ നാം കാണുന്നു. മധ്യപ്രദേശിലെ കർഷകർക്ക് ഇപ്പോൾ ഈ പദ്ധതി പ്രകാരം പ്രതിവർഷം 12,000 രൂപ ലഭിക്കുന്നു, ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ തുറന്നതുകൊണ്ടാണ് ഇത് സാധ്യമായത്. മധ്യപ്രദേശിൽ, ലാഡ്‌ലി ബെഹ്‌ന യോജന ജീവിതത്തെ മാറ്റിമറിക്കുന്നു. സ്ത്രീകൾക്കായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും ആധാറും മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ, അത്തരം പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ല.
മുൻപ്, സബ്സിഡി റേഷൻ പോലുള്ള പദ്ധതികൾ നിലവിലുണ്ടായിരുന്നു, എന്നാൽ ദരിദ്രർ പലപ്പോഴും അവരുടെ അവകാശങ്ങൾ നേടാൻ പാടുപെടുകയായിരുന്നു. ഇന്ന്, സാങ്കേതികവിദ്യയുടെ ആവിർഭാവത്തോടെ, റേഷൻ വിതരണത്തിൽ സുതാര്യതയും കാര്യക്ഷമതയും നാം കാണുന്നു. ദരിദ്രർക്ക് ഇപ്പോൾ ഒരു ബുദ്ധിമുട്ടും കൂടാതെ സൗജന്യ റേഷൻ ലഭിക്കുന്നു. "ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്" പോലുള്ള സംരംഭങ്ങൾ മൂലമാണ് ഈ പരിവർത്തനം സാധ്യമായത്, ഇത് തട്ടിപ്പ് ഇല്ലാതാക്കുകയും രാജ്യവ്യാപകമായി അവശ്യ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തു.
സുഹൃത്തുക്കളേ,
സദ്ഭരണം എന്നാൽ ഒരു പൗരന് അവരുടെ അവകാശങ്ങൾക്കായി ഗവൺമെന്റിനോട് വാദിക്കേണ്ടിവരുകയോ ഒരു ഗവൺമെന്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് ഓടുകയോ ചെയ്യേണ്ടതില്ല എന്നാണ്. ഞങ്ങളുടെ "സമ്പൂർണത" നയം 100% ഗുണഭോക്താക്കൾക്കും 100% ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. സദ്ഭരണത്തിന്റെ ഈ മന്ത്രമാണ് ബിജെപി ഗവൺമെന്റുകളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇന്ന്, മുഴുവൻ രാജ്യവും ഇത് അംഗീകരിക്കുന്നു, അതുകൊണ്ടാണ് നയിക്കാൻ ബിജെപിയെ ആവർത്തിച്ച് തിരഞ്ഞെടുക്കുന്നത്.
സുഹൃത്തുക്കളേ,
സദ്ഭരണം ഉള്ളിടത്തെല്ലാം, നിലവിലെ വെല്ലുവിളികൾ അഭിസംബോധന ചെയ്യപ്പെടുക മാത്രമല്ല, ഭാവിയിലെ വെല്ലുവിളികൾ പ്രതീക്ഷിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ, കോൺഗ്രസ് പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചു, പക്ഷേ ഭരണം നൽകുന്നതിൽ പരാജയപ്പെട്ടു. ഗവൺമെന്റിൽ ഉണ്ടായിരിക്കുക എന്നത് കോൺഗ്രസ് എല്ലായ്പ്പോഴും ജന്മാവകാശമായി കണക്കാക്കിയിട്ടുണ്ട്, എന്നിട്ടും ഭരണം അവർക്ക് ഒരു വിദൂര ആശയമായി തുടരുന്നു. ഭരണത്തിനും കോൺഗ്രസിനും ഒരുമിച്ച് നിലനിൽക്കാൻ കഴിയില്ല. ബുന്ദേൽഖണ്ഡിലെ ജനങ്ങൾ തലമുറകളായി ഈ അവഗണനയുടെ അനന്തരഫലങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഇവിടുത്തെ കർഷകരും അമ്മമാരും സഹോദരിമാരും ഓരോ തുള്ളി വെള്ളത്തിനും വേണ്ടിയും പോരാടിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തത്? ജലപ്രതിസന്ധിക്ക് സ്ഥിരമായ ഒരു പരിഹാരം കണ്ടെത്തണമെന്ന് കോൺഗ്രസ് ഒരിക്കലും ചിന്തിച്ചിട്ടില്ല.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ വികസനത്തിന് നദീജലത്തിന്റെ പ്രാധാന്യം ആദ്യമായി തിരിച്ചറിഞ്ഞവരിൽ ഒരാളാണ് ഞാൻ. സ്വാതന്ത്ര്യാനന്തരം, ജലത്തിന്റെ ശക്തിയായ "ജൽ ശക്തി"യെക്കുറിച്ച് ആരാണ് ആദ്യം ചിന്തിച്ചത് എന്ന് ഞാൻ ചോദിക്കുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം? ഭാരതത്തിന്റെ ജലസ്രോതസ്സുകൾക്കായി ദർശനാത്മക പദ്ധതികൾ ആരാണ് തയ്യാറാക്കിയത്? ഈ വിഷയങ്ങളിൽ ആരാണ് പ്രവർത്തിച്ചത്? സത്യം മനഃപൂർവ്വം അടിച്ചമർത്തപ്പെട്ടതിനാൽ എന്റെ പത്രപ്രവർത്തക സുഹൃത്തുക്കൾ പോലും ഈ ചോദ്യത്തിന് ഉത്തരം നൽകാൻ പാടുപെടും. ഒരു വ്യക്തിയെ ക്രെഡിറ്റ് ചെയ്യുന്നതിലുള്ള അവരുടെ അമിതമായ അഭിനിവേശത്തിൽ, യഥാർത്ഥ ദർശനവാദി മറന്നുപോയി. ഇന്ന്, സ്വാതന്ത്ര്യാനന്തരം, ഭാരതത്തിന്റെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള ദർശനം, അണക്കെട്ടുകൾ നിർമ്മിക്കുക എന്ന ആശയം, ജലശക്തി എന്ന ആശയം എന്നിവയ്ക്ക് നേതൃത്വം നൽകിയത് മറ്റാരുമല്ല, ഡോ. ബാബാ സാഹേബ് അംബേദ്കർ ആണെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു.
ഭാരതത്തിലെ വലിയ നദീതട പദ്ധതികൾ ഡോ. അംബേദ്കറുടെ ദർശനത്തിൽ നിന്നാണ് ജനിച്ചത്. ഇന്ന് നിലനിൽക്കുന്ന കേന്ദ്ര ജല കമ്മീഷനും അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമാണ്. എന്നിട്ടും ജലസംരക്ഷണത്തിനും പ്രധാന അണക്കെട്ടുകളുടെ നിർമ്മാണത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ കോൺഗ്രസ് ഒരിക്കലും അംഗീകരിച്ചില്ല. അദ്ദേഹത്തിന്റെ സംഭാവനകൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെച്ചിരുന്നു. ബാബാ സാഹേബിന് അർഹമായ അംഗീകാരം കോൺഗ്രസ് ഒരിക്കലും നൽകിയില്ല.
ഇന്നും, ഏഴ് പതിറ്റാണ്ടിനുശേഷവും, രാജ്യത്തെ പല സംസ്ഥാനങ്ങൾക്കിടയിൽ ജലത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ നിലനിൽക്കുന്നു. പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെ കോൺഗ്രസ് അധികാരം വഹിച്ചിരുന്നെങ്കിൽ, ഈ തർക്കങ്ങൾ പരിഹരിക്കാമായിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഉദ്ദേശ്യങ്ങൾ പിഴവുള്ളതായിരുന്നു, ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവർ ഒരിക്കലും ഗൗരവമേറിയതോ മൂർത്തമായതോ ആയ ശ്രമങ്ങൾ നടത്തിയില്ല.
സുഹൃത്തുക്കളേ,
അടൽ ജിയുടെ ഗവൺമെന്റ് രൂപീകരിച്ചപ്പോൾ, രാജ്യത്തിന്റെ ജലവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അദ്ദേഹം വളരെ ഗൗരവത്തോടെ അഭിസംബോധന ചെയ്യാൻ തുടങ്ങി. എന്നിരുന്നാലും, 2004-ൽ അടൽ ജിയുടെ ഗവൺമെന്റ് സ്ഥാനഭ്രഷ്ടനായപ്പോൾ, കോൺഗ്രസ് ആ പദ്ധതികളും സ്വപ്നങ്ങളും ശ്രമങ്ങളും എല്ലാം ഉപേക്ഷിച്ചു. ഇന്ന്, നമ്മുടെ ഗവൺമെന്റ് നദികളെ ബന്ധിപ്പിക്കുന്നതിനുള്ള ദേശീയ പ്രചാരണം ത്വരിതപ്പെടുത്തുകയാണ്. കെൻ-ബെത്വ ലിങ്ക് പദ്ധതിയുടെ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമാകുന്നതിന്റെ വക്കിലാണ്. ബുന്ദേൽഖണ്ഡ് മേഖലയിൽ ഈ പദ്ധതി സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുതിയ വഴികൾ തുറക്കും. ഛത്തർപൂർ, ടികാംഗഡ്, നിവാരി, പന്ന, ദാമോ, സാഗർ എന്നിവയുൾപ്പെടെ മധ്യപ്രദേശിലെ പത്ത് ജില്ലകൾക്ക് മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങൾ പ്രയോജനപ്പെടും.
ഞാൻ വേദിയിലേക്ക് നടക്കുമ്പോൾ, വിവിധ ജില്ലകളിൽ നിന്നുള്ള കർഷകരെ കാണാൻ എനിക്ക് അവസരം ലഭിച്ചു. അവരുടെ സന്തോഷവും അവരുടെ മുഖങ്ങളിലെ സന്തോഷവും പ്രകടമായിരുന്നു. ഈ പദ്ധതി അവരുടെ വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.
സുഹൃത്തുക്കളേ,
ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ബന്ദ, മഹോബ, ലളിത്പൂർ, ഝാൻസി തുടങ്ങിയ ജില്ലകൾക്കും ഈ സംരംഭത്തിൽ നിന്ന് നേട്ടമുണ്ടാകും.
സുഹൃത്തുക്കളേ,
നദികളെ ബന്ധിപ്പിക്കുന്നതിനുള്ള മഹത്തായ പ്രചാരണത്തിന് കീഴിൽ രണ്ട് പദ്ധതികൾ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മധ്യപ്രദേശ് മാറി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ രാജസ്ഥാനിലായിരുന്നു, അവിടെ മോഹൻ ജി ഇതിനെക്കുറിച്ച് വിശദീകരിച്ചു. പാർവതി-കാളിസിന്ധ്-ചമ്പൽ, കെൻ-ബെത്വ ലിങ്ക് പദ്ധതികൾ വഴി ഒന്നിലധികം നദികളെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നിലവിലുണ്ട്. ഈ കരാറിൽ നിന്ന് മധ്യപ്രദേശ് കാര്യമായ നേട്ടങ്ങൾ കൊയ്യാൻ ഒരുങ്ങുകയാണ്.
സുഹൃത്തുക്കളേ,
21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ജലസുരക്ഷ. ഈ നൂറ്റാണ്ടിൽ, സമൃദ്ധമായ വെള്ളവും ഫലപ്രദമായ ജല മാനേജ്മെന്റും ഉള്ള രാജ്യങ്ങളും പ്രദേശങ്ങളും മാത്രമേ അഭിവൃദ്ധി പ്രാപിക്കൂ. കൃഷിയും കന്നുകാലികളും വെള്ളം കൊണ്ട് അഭിവൃദ്ധിപ്പെടും; വ്യവസായങ്ങളും ബിസിനസുകളും വെള്ളം കൊണ്ട് അഭിവൃദ്ധിപ്പെടും.
വർഷത്തിൽ ഭൂരിഭാഗവും വരൾച്ച സാധാരണമായിരുന്ന ഗുജറാത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്നിരുന്നാലും, മധ്യപ്രദേശിൽ ഉത്ഭവിക്കുന്ന മാതാ നർമ്മദയുടെ അനുഗ്രഹം ഗുജറാത്തിന്റെ വിധി മാറ്റിമറിച്ചു. മധ്യപ്രദേശിലെ വരൾച്ച ബാധിത പ്രദേശങ്ങളെ ജലപ്രതിസന്ധിയിൽ നിന്ന് മോചിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായി ഞാൻ കാണുന്നു. അതുകൊണ്ടാണ് ബുന്ദേൽഖണ്ഡിലെ സഹോദരിമാർക്കും ഇവിടുത്തെ കർഷകർക്കും ഞാൻ വാഗ്ദാനം ചെയ്തത് - നിങ്ങളുടെ പോരാട്ടങ്ങൾ ലഘൂകരിക്കാൻ അക്ഷീണം, ആത്മാർത്ഥതയോടെ പ്രവർത്തിക്കുമെന്ന്.
ഈ ദർശനത്തിന് കീഴിൽ, ബുന്ദേൽഖണ്ഡിലെ ജലപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏകദേശം 45,000 കോടി രൂപയുടെ ഒരു പദ്ധതി ഞങ്ങൾ വികസിപ്പിച്ചെടുത്തു. മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ബിജെപി ഗവൺമെന്റുകളെ ഈ ദർശനത്തിൽ പ്രവർത്തിക്കാൻ ഞങ്ങൾ നിരന്തരം പ്രോത്സാഹിപ്പിച്ചു. ഇന്ന്, കെൻ-ബെത്വ ലിങ്ക് പദ്ധതിയുടെ ഭാഗമായി, ദൗധൻ അണക്കെട്ടിന്റെ തറക്കല്ലിട്ടു. ഈ അണക്കെട്ട് നൂറുകണക്കിന് കിലോമീറ്റർ കനാലുകൾക്ക് വഴിയൊരുക്കും, കൂടാതെ അതിലെ വെള്ളം ഏകദേശം 11 ലക്ഷം ഹെക്ടർ ഭൂമിക്ക് ജലസേചനം നൽകും.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞ ദശകം ജലസുരക്ഷയിലും സംരക്ഷണത്തിലും അസാധാരണമായ പുരോഗതിയുടെ ഒരു കാലഘട്ടമായി ഓർമ്മിക്കപ്പെടും. മുൻ ഗവൺമെന്റുകളുടെ കാലത്ത്, ജലവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ വിവിധ വകുപ്പുകളിലായി ചിതറിക്കിടക്കുകയായിരുന്നു. ഇത് പരിഹരിക്കുന്നതിനായി, ഞങ്ങൾ ജലശക്തി മന്ത്രാലയം സ്ഥാപിച്ചു. എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കുന്നതിനായി ആദ്യമായി ഒരു ദേശീയ ദൗത്യം ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏഴ് പതിറ്റാണ്ടുകളിൽ, മൂന്ന് കോടി ഗ്രാമീണ കുടുംബങ്ങൾക്ക് മാത്രമേ പൈപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, 12 കോടി കുടുംബങ്ങൾക്ക് കൂടി പൈപ്പ് വെള്ളം കണക്ഷൻ നൽകിയിട്ടുണ്ട്. ഇതുവരെ, 3.5 ലക്ഷം കോടിയിലധികം രൂപ ഈ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുണ്ട്.
ജല ജീവൻ മിഷന്റെ മറ്റൊരു നിർണായക വശം, പലപ്പോഴും ചർച്ച ചെയ്യപ്പെടാത്തത്, ജല ഗുണനിലവാര പരിശോധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. രാജ്യത്തുടനീളം, 2,100 ജല ഗുണനിലവാര ലബോറട്ടറികൾ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ, 25 ലക്ഷം സ്ത്രീകൾക്ക് കുടിവെള്ളം പരിശോധിക്കാൻ പരിശീലനം നൽകിയിട്ടുണ്ട്. തൽഫലമായി, ആയിരക്കണക്കിന് ഗ്രാമങ്ങൾ ഇപ്പോൾ മലിനജലം കുടിക്കേണ്ടതിന്റെ നിർബന്ധത്തിൽ നിന്ന് മുക്തമായിരിക്കുന്നു. കുട്ടികളെയും സമൂഹങ്ങളെയും ജലജന്യ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ ഈ ശ്രമത്തിന്റെ പ്രാധാന്യം സങ്കൽപ്പിക്കുക.
സുഹൃത്തുക്കളേ,
2014 ന് മുമ്പ്, രാജ്യത്ത് പതിറ്റാണ്ടുകളായി പൂർത്തിയാകാതെ കിടന്ന ഏകദേശം 100 വലിയ ജലസേചന പദ്ധതികൾ ഉണ്ടായിരുന്നു. ദീർഘകാലമായി മുടങ്ങിക്കിടന്ന ഈ പദ്ധതികൾ പൂർത്തിയാക്കാൻ ഞങ്ങൾ ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിക്കുന്നു. കൂടാതെ, ആധുനിക ജലസേചന രീതികൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, ഏകദേശം ഒരു കോടി ഹെക്ടർ ഭൂമി സൂക്ഷ്മ ജലസേചന സൗകര്യങ്ങൾക്ക് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. മധ്യപ്രദേശിൽ മാത്രം, ഇതേ കാലയളവിൽ ഏകദേശം അഞ്ച് ലക്ഷം ഹെക്ടർ ഭൂമി സൂക്ഷ്മ ജലസേചന സൗകര്യങ്ങൾ ഉപയോഗിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ഓരോ തുള്ളി വെള്ളവും പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ തുടർച്ചയായി തുടരുന്നു.
ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുന്ന വേളയിൽ, ഓരോ ജില്ലയിലും 75 അമൃത് സരോവറുകൾ നിർമ്മിക്കുന്നതിനുള്ള ഒരു ക്യാമ്പയിൻ ഞങ്ങൾ ആരംഭിച്ചു. ഇതുവരെ, രാജ്യത്തുടനീളം 60,000-ത്തിലധികം അമൃത് സരോവറുകൾ നിർമ്മിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ജൽ ശക്തി അഭിയാൻ: ക്യാച്ച് ദ റെയിൻ എന്ന സംരംഭവും ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് ലക്ഷത്തിലധികം റീചാർജ് കിണറുകൾ നിർമ്മാണത്തിലാണ്. ഈ സംരംഭങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ വശം, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ സജീവ പങ്കാളിത്തമാണ് - അവർ ഈ ക്യാമ്പയ്‌നുകൾക്ക് വളരെയധികം ആവേശത്തോടെ നേതൃത്വം നൽകുന്നു.
മധ്യപ്രദേശ് ഉൾപ്പെടെ ഭൂഗർഭജലനിരപ്പ് വളരെ താഴ്ന്ന പ്രദേശങ്ങളിൽ, ഈ വെല്ലുവിളികളെ നേരിടുന്നതിനായി ഞങ്ങൾ അടൽ ഭുജൽ യോജന നടപ്പിലാക്കുന്നു.
സുഹൃത്തുക്കളേ,
മധ്യപ്രദേശ് എപ്പോഴും ടൂറിസത്തിൽ ഒരു മുൻനിര സംസ്ഥാനമാണ്. ടൂറിസത്തെക്കുറിച്ച് പരാമർശിക്കാതെ എനിക്ക് എങ്ങനെ ഖജുരാഹോയിലേക്ക് വരാൻ കഴിയും? യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കുക മാത്രമല്ല, ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു മേഖലയാണ് ടൂറിസം. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഭാരതം മാറാൻ ഒരുങ്ങുമ്പോൾ, ഭാരതത്തെക്കുറിച്ചുള്ള ആഗോള ജിജ്ഞാസ വളരുകയാണ്. ലോകമെമ്പാടുമുള്ള ആളുകൾ നമ്മുടെ രാജ്യത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ഉത്സുകരാണ്, ഈ താൽപ്പര്യത്തിൽ നിന്ന് മധ്യപ്രദേശ് ഗണ്യമായി പ്രയോജനം നേടും.
അടുത്തിടെ, ഒരു അമേരിക്കൻ പത്രത്തിൽ വന്ന ഒരു റിപ്പോർട്ട് മധ്യപ്രദേശിനെ ലോകത്തിലെ ഏറ്റവും ആകർഷകമായ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഉയർത്തിക്കാട്ടി. മധ്യപ്രദേശിലെ പത്രങ്ങളിലും ഈ അംഗീകാരം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ഓരോ നിവാസിയുടെയും അഭിമാനവും സന്തോഷവും സങ്കൽപ്പിക്കുക! ഇത് നിങ്ങളുടെ സ്വത്വബോധവും ബഹുമാനവും വർദ്ധിപ്പിക്കുന്നില്ലേ? ഇത് മേഖലയിലെ ടൂറിസത്തെ ഉത്തേജിപ്പിക്കില്ലേ? അത് ഏറ്റവും ദരിദ്രരായ പൗരന്മാർക്ക് പോലും ജോലി നൽകില്ലേ?
സുഹൃത്തുക്കളേ,
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും യാത്രാ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനും കേന്ദ്ര ഗവൺമെന്റ് നിരന്തരം പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര സന്ദർശകർക്ക് യാത്ര ലളിതമാക്കുന്നതിനായി ഞങ്ങൾ ഇ-വിസ പോലുള്ള സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ പൈതൃക, വന്യജീവി ടൂറിസം വിപുലീകരിക്കുന്നു, മധ്യപ്രദേശിന് ഇക്കാര്യത്തിൽ സമാനതകളില്ലാത്ത സാധ്യതകളുണ്ട്. ഉദാഹരണത്തിന്, ഖജുരാഹോ മേഖല എടുക്കുക - ഇത് ചരിത്രത്തിന്റെയും ഭക്തിയുടെയും വിലമതിക്കാനാവാത്ത നിധികൾ ഉൾക്കൊള്ളുന്നു. കന്ദരിയ മഹാദേവ്, ലക്ഷ്മൺ ക്ഷേത്രം, ചൗസത്ത് യോഗിനി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളാണ്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി, ഖജുരാഹോയിലെ ഒരു യോഗം ഉൾപ്പെടെ ഇന്ത്യയിലുടനീളം ഞങ്ങൾ ജി-20 യോഗങ്ങൾ സംഘടിപ്പിച്ചു. ഇതിനായി ഖജുരാഹോയിൽ ഒരു അത്യാധുനിക അന്താരാഷ്ട്ര കോൺഫറൻസ് സെന്റർ നിർമ്മിച്ചു.
സുഹൃത്തുക്കളേ,
കേന്ദ്ര ഗവൺമെന്റിന്റെ സ്വദേശ് ദർശൻ യോജന പ്രകാരം, പരിസ്ഥിതി ടൂറിസം സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വിനോദസഞ്ചാരികൾക്ക് പുതിയ ആകർഷണങ്ങൾ അവതരിപ്പിക്കുന്നതിനുമായി മധ്യപ്രദേശിന് നൂറുകണക്കിന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇന്ന്, സാഞ്ചി, മറ്റ് ബുദ്ധമത സ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ബുദ്ധമത സർക്യൂട്ട് വഴി ബന്ധിപ്പിക്കപ്പെടുന്നു. ഗാന്ധിസാഗർ, ഓംകാരേശ്വർ അണക്കെട്ട്, ഇന്ദിരാ സാഗർ അണക്കെട്ട്, ഭേദ ഘട്ട്, ബൻസാഗർ അണക്കെട്ട് എന്നിവ ഇപ്പോൾ ഇക്കോ സർക്യൂട്ടുകളിൽ ഉൾപ്പെടുന്നു. അതുപോലെ, ഖജുരാഹോ, ഗ്വാളിയോർ, ഓർച്ച, ചന്ദേരി, മണ്ടു തുടങ്ങിയ സ്ഥലങ്ങളെ പൈതൃക സർക്യൂട്ടുകൾ ബന്ധിപ്പിക്കുന്നു, അതേസമയം പന്ന ദേശീയോദ്യാനം വന്യജീവി സർക്യൂട്ടിൽ സംയോജിപ്പിച്ചിരിക്കുന്നു.
കഴിഞ്ഞ വർഷം മാത്രം ഏകദേശം 2.5 ലക്ഷം വിനോദസഞ്ചാരികൾ പന്ന കടുവ സംരക്ഷണ കേന്ദ്രം സന്ദർശിച്ചു. ഇവിടെ നിർമ്മിക്കുന്ന ലിങ്ക് കനാൽ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലെ വന്യജീവികളെയും പരിപാലിക്കുമെന്ന് ഞാൻ സന്തോഷത്തോടെ പങ്കുവെക്കുന്നു.
സുഹൃത്തുക്കളേ,
ടൂറിസം വർദ്ധിപ്പിക്കുന്നതിനുള്ള ഈ ശ്രമങ്ങൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. വിനോദസഞ്ചാരികൾ പ്രാദേശിക സാധനങ്ങൾ വാങ്ങുന്നതിലൂടെ സംഭാവന നൽകുന്നു, കൂടാതെ ഓട്ടോ, ടാക്സി സർവീസുകൾ മുതൽ ഹോട്ടലുകൾ, ധാബകൾ, ഹോംസ്റ്റേകൾ, ഗസ്റ്റ് ഹൗസുകൾ വരെയുള്ള ബിസിനസുകൾ അഭിവൃദ്ധി പ്രാപിക്കുന്നു. പാൽ, തൈര്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിനാൽ കർഷകർ പോലും പ്രയോജനം നേടുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, മധ്യപ്രദേശ് പല മേഖലകളിലും മികവ് പുലർത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ, സംസ്ഥാനം രാജ്യത്തെ മികച്ച സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറാൻ ഒരുങ്ങുകയാണ്. ഈ പരിവർത്തനത്തിൽ ബുന്ദേൽഖണ്ഡ് നിർണായക പങ്ക് വഹിക്കും, മധ്യപ്രദേശിനെ വികസിത ഭാരതത്തിനായുള്ള വികസിത സംസ്ഥാനമാക്കുന്നതിന് ഗണ്യമായ സംഭാവന നൽകും.
ഈ ദർശനം കൈവരിക്കുന്നതിനുള്ള ഇരട്ട എഞ്ചിൻ ഗവൺമെന്റ് ആത്മാർത്ഥമായ ശ്രമങ്ങൾ തുടരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി എന്റെ ഹൃദയംഗമമായ ആശംസകൾ.
ഇന്നത്തെ പരിപാടി ശരിക്കും അവിസ്മരണീയമാണ്, അതിന്റെ പ്രാധാന്യം ഞാൻ ആഴത്തിൽ മനസ്സിലാക്കുന്നു. ഇത്രയും വലിയ ഒരു സമ്മേളനത്തിന്റെ സാന്നിധ്യം, പ്രത്യേകിച്ച് അമ്മമാരുടെയും സഹോദരിമാരുടെയും സാന്നിധ്യം, ജലത്തിന്റെ പ്രാധാന്യത്തെ അടിവരയിടുന്നു. ജലം ജീവനാണ്, ഈ മേഖലയിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള നിങ്ങളുടെ അനുഗ്രഹങ്ങൾ തുടരാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഒരുമിച്ച്, മുന്നോട്ട് പോകാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. എന്നോടൊപ്പം പറയുക:
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഡിസ്ക്ലൈമർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
-SK-
(Release ID: 2142232)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada