പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗയാന പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന 

Posted On: 21 NOV 2024 11:35PM by PIB Thiruvananthpuram


ആദരണീയനായ സ്പീക്കർ മൻസൂർ നാദിർ ജി,
ആദരണീയനായ പ്രധാനമന്ത്രി മാർക്ക് ആന്റണി ഫിലിപ്സ് ജി,
ആദരണീയനായ വൈസ് പ്രസിഡന്റ് ഭാരത് ജഗ്ദേവ് ജി,
ആദരണീയനായ പ്രതിപക്ഷ നേതാവ്,
ആദരണീയരായ മന്ത്രിമാർ,
പാർലമെന്റ് അംഗങ്ങൾ,
ആദരണീയനായ ജുഡീഷ്യറി ചാൻസലർ,
മറ്റ് വിശിഷ്ട വ്യക്തികളെ,
മഹതികളേ, മാന്യരേ.

ഗയാനയുടെ ഈ ചരിത്ര പാർലമെന്റിൽ നിങ്ങളോടൊപ്പം ചേരാൻ എന്നെ ഹൃദ്യമായി ക്ഷണിച്ചതിന് നിങ്ങൾക്കെല്ലാവരോടും ഞാൻ അഗാധമായ നന്ദിയുള്ളവനാണ്. ഗയാന ഇന്നലെ എനിക്ക് അതിന്റെ പരമോന്നത ബഹുമതി നൽകി, അതിന് നിങ്ങൾക്കും ഗയാനയിലെ ഓരോ പൗരനും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എനിക്ക്, ഗയാനയിലെ ഓരോ പൗരനും ഒരു 'സ്റ്റാർ ബോയ്' ആണ്. ഇവിടെയുള്ള എല്ലാവർക്കും നന്ദി! ഈ ബഹുമതി ഞാൻ ഭാരതത്തിലെ ഓരോ പൗരനും സമർപ്പിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയും ഗയാനയും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. പങ്കിട്ട മണ്ണ്, അധ്വാനം, സ്ഥിരോത്സാഹം എന്നിവയിലൂടെ രൂപപ്പെട്ട ഒരു ബന്ധമാണിത്. ഏകദേശം 180 വർഷങ്ങൾക്ക് മുമ്പ്, ഒരു ഇന്ത്യക്കാരൻ ആദ്യമായി ഗയാന മണ്ണിൽ കാലുകുത്തി. അതിനുശേഷം, നല്ലതും ചീത്തയുമായ കാലങ്ങളിൽ, ഈ ബന്ധം അടുപ്പവും പരസ്പര സ്നേഹവും കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ഇന്ത്യ അറൈവൽ സ്മാരകം ഈ പങ്കിട്ട അടുപ്പത്തിന്റെ ഒരു തെളിവായി നിലകൊള്ളുന്നു. വൈകാതെ, ഈ അഭിമാന ചിഹ്നം സന്ദർശിക്കാനുള്ള അവസരം എനിക്ക് ലഭിക്കും.

സുഹൃത്തുക്കളേ,

ഇന്ന്, ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ ഞാൻ നിങ്ങളെ അഭിസംബോധന ചെയ്യുന്നു, എന്നാൽ 24 വർഷം മുമ്പ്, ഒരു അന്വേഷകനെന്ന നിലയിൽ ഈ മനോഹരമായ രാഷ്ട്രം സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. പലരും അവരുടെ ആഢംബരത്തിനും സൗന്ദര്യത്തിനും പേരുകേട്ട സ്ഥലങ്ങളിലേക്ക് ആകർഷിക്കപ്പെടുമ്പോൾ, ഗയാനയുടെ പൈതൃകവും ചരിത്രവും പര്യവേക്ഷണം ചെയ്യാൻ ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു. ഇപ്പോഴും, ആ സന്ദർശനത്തിൽ നിന്ന് ഞാനുമായുള്ള ഇടപെടലുകൾ ഓർമ്മിക്കുന്ന നിരവധി പേർ ഗയാനയിലുണ്ട്. ക്രിക്കറ്റിനോടുള്ള ആഴമായ അഭിനിവേശം മുതൽ മോഹിപ്പിക്കുന്ന സംഗീതവും ഗാനങ്ങളും വരെ, എന്റെ ഇവിടുത്തെ സമയത്തിന്റെ ഉജ്ജ്വലമായ ഓർമ്മകൾ എനിക്കുണ്ട്. തീർച്ചയായും, ചട്ണി എനിക്ക് മറക്കാൻ കഴിയില്ല - ഇന്ത്യയിൽ നിന്നായാലും ഗയാനയിൽ നിന്നായാലും, അത് ശരിക്കും ശ്രദ്ധേയമാണ്!

സുഹൃത്തുക്കളേ,

മറ്റൊരു രാജ്യം സന്ദർശിക്കുകയും അതിന്റെ ചരിത്രം സ്വന്തം രാജ്യവുമായി ഇത്രയധികം ഇഴചേർന്ന് കാണുകയും ചെയ്യുന്നത് അപൂർവമാണ്. കഴിഞ്ഞ രണ്ടര നൂറ്റാണ്ടുകളായി, ഇന്ത്യയും ഗയാനയും അടിമത്തത്തിന്റെയും പോരാട്ടങ്ങളുടെയും ശാശ്വതമായ സ്വാതന്ത്ര്യാന്വേഷണത്തിന്റെയും സമാനമായ അനുഭവങ്ങൾ പങ്കിട്ടു. രണ്ട് രാജ്യങ്ങളിലെയും എണ്ണമറ്റ വ്യക്തികൾ വിമോചനത്തിനുവേണ്ടി ജീവിതം സമർപ്പിച്ചു. ഗാന്ധിജിയുടെ അടുത്ത അനുയായി സി.എഫ്. ആൻഡ്രൂസ്, ഈസ്റ്റ് ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റ് ജംഗ് ബഹാദൂർ സിംഗ് തുടങ്ങിയ വ്യക്തികൾ നമ്മുടെ ജനങ്ങളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ ഐക്യത്തോടെ പോരാടി. ഒരുമിച്ച്, നമ്മൾ സ്വാതന്ത്ര്യം നേടി. ഇന്ന്, ഭാരതവും ഗയാനയും ആഗോളതലത്തിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ്. അതിനാൽ, ഇവിടെ ഗയാന പാർലമെന്റിൽ നിൽക്കുമ്പോൾ, നിങ്ങൾക്കെല്ലാവർക്കും 140 കോടി ഇന്ത്യക്കാരുടെയും ആശംസകൾ ഞാൻ അറിയിക്കുന്നു. ഗയാന പാർലമെന്റിലെ ഓരോ പ്രതിനിധിയെയും ഞാൻ അഭിനന്ദിക്കുന്നു. ജനാധിപത്യത്തോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഗയാനയെ ശക്തിപ്പെടുത്തുക മാത്രമല്ല, മുഴുവൻ ലോകത്തിന്റെയും പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ജനാധിപത്യം ശക്തിപ്പെടുത്താൻ നാം പരിശ്രമിക്കുമ്പോൾ, വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളെക്കുറിച്ച് നാം ജാഗ്രത പാലിക്കണം. ഭാരതവും ഗയാനയും സ്വാതന്ത്ര്യം നേടിയപ്പോൾ, ലോകം വ്യത്യസ്തമായ വെല്ലുവിളികളുമായി മല്ലിട്ടു. ഇന്ന്, 21-ാം നൂറ്റാണ്ടിൽ, നാം തികച്ചും പുതിയൊരു കൂട്ടം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സ്ഥാപിതമായ സംവിധാനങ്ങളും സ്ഥാപനങ്ങളും ഇപ്പോൾ തകർച്ചയുടെ ലക്ഷണങ്ങൾ കാണിക്കുന്നു. മഹാമാരിയെത്തുടർന്ന്, ഒരു പുതിയ ലോകക്രമത്തിലേക്ക് പുരോഗമിക്കുന്നതിനുപകരം, ലോകം മറ്റ് സങ്കീർണ്ണതകളിൽ കുടുങ്ങി. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, മുന്നോട്ട് പോകുന്നതിനുള്ള ഏറ്റവും ശക്തമായ മന്ത്രം "ജനാധിപത്യം ആദ്യം - മനുഷ്യത്വം ആദ്യം" എന്നതാണ്. "ജനാധിപത്യം ആദ്യം" എന്നതിന്റെ സാരാംശം എല്ലാവരെയും ഒപ്പം കൊണ്ടുപോകാനും, ഉൾക്കൊള്ളൽ വളർത്താനും, കൂട്ടായ വികസനം പ്രോത്സാഹിപ്പിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നു. അതേസമയം, "മനുഷ്യത്വം ആദ്യം" എന്ന തത്വം നമ്മുടെ തീരുമാനങ്ങളുടെ ദിശയെ നയിക്കുന്നു. മനുഷ്യത്വം നമ്മുടെ തിരഞ്ഞെടുപ്പുകളുടെ അടിത്തറയാകുമ്പോൾ, ഫലങ്ങൾ സ്വാഭാവികമായും എല്ലാവരുടെയും മികച്ച താൽപ്പര്യങ്ങൾ നിറവേറ്റുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ ജനാധിപത്യ മൂല്യങ്ങൾ വളരെ ശക്തമാണ്, വികസനത്തിന്റെ പാതയിൽ നാം പുരോഗമിക്കുമ്പോൾ എല്ലാ വെല്ലുവിളികളിലും അവ നമ്മെ പിന്തുണയ്ക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി ജനാധിപത്യം തുടരുന്നു. ഒരു പൗരന്റെ മതമോ പശ്ചാത്തലമോ എന്തുതന്നെയായാലും, ജനാധിപത്യം അവരുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുനൽകുകയും എല്ലാവർക്കും ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ജനാധിപത്യം കേവലം ഒരു നിയമ ചട്ടക്കൂടോ സംവിധാനമോ അല്ലെന്നും അത് നമ്മുടെ ഡിഎൻഎയിലും ദർശനത്തിലും പെരുമാറ്റത്തിലും ഉൾച്ചേർന്നിരിക്കുന്നുവെന്നും നമ്മുടെ രാഷ്ട്രങ്ങൾ തെളിയിച്ചിട്ടുണ്ട്;

സുഹൃത്തുക്കളേ,

ഓരോ രാജ്യവും അതിലെ പൗരന്മാരും ഒരുപോലെ പ്രാധാന്യമുള്ളവരാണെന്ന് നമ്മുടെ മാനുഷിക കേന്ദ്രീകൃത സമീപനം നമ്മെ പഠിപ്പിക്കുന്നു. ഈ തത്ത്വചിന്ത ഭാരതത്തിന്റെ ആഗോള ദർശനത്തെ രൂപപ്പെടുത്തി. ജി-20 അധ്യക്ഷ സമയത്ത്, ഇന്ത്യ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന മന്ത്രം വാദിച്ചു. മഹാമാരിയുടെ പശ്ചാത്തലത്തിൽ, മനുഷ്യരാശി അഭൂതപൂർവമായ ഒരു വെല്ലുവിളി നേരിട്ടപ്പോൾ, ഭാരതം ഒരു ഭൂമി, ഒരു ആരോഗ്യം എന്ന ആശയത്തിന് ഊന്നൽ നൽകി. കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിന് കൂട്ടായ പ്രവർത്തനം ആവശ്യമാണ്, ഇന്ത്യ ഒരു ലോകം, ഒരു സൂര്യൻ, ഒരു ഗ്രിഡ് എന്ന ദർശനത്തിന് നേതൃത്വം നൽകി. പ്രകൃതി ദുരന്തങ്ങൾ ലഘൂകരിക്കുന്നതിന്, ഭാരതം ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ സഖ്യത്തിന് (CDRI) നേതൃത്വം നൽകി. ലോകത്തിന് ഗ്രഹ അനുകൂലികളായ ആളുകളുടെ ഒരു വലിയ ശൃംഖല ആവശ്യമായി വന്നപ്പോൾ, സുസ്ഥിര ജീവിതത്തിന് പ്രചോദനം നൽകുന്നതിനുള്ള ഒരു ആഗോള പ്രസ്ഥാനത്തിന് സമാനമായ മിഷൻ ലൈഫ് ആരംഭിച്ചു.


സുഹൃത്തുക്കളേ,

"ജനാധിപത്യം ആദ്യം - മനുഷ്യത്വം ആദ്യം" എന്ന മനോഭാവം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഇന്ത്യ ഒരു വിശ്വബന്ധു (ലോകത്തിന്റെ സുഹൃത്ത്) എന്ന നിലയിൽ അതിന്റെ പങ്ക് നിറവേറ്റുന്നത് തുടരുന്നു. എല്ലാ ആഗോള പ്രതിസന്ധികളിലും, ഇന്ത്യ ആദ്യം പ്രതികരിക്കുന്നവരാകാൻ ശ്രമിക്കുന്നു. മഹാമാരിയുടെ സമയത്ത്, രാജ്യങ്ങൾ സ്വന്തം പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ഇന്ത്യ 150-ലധികം രാജ്യങ്ങളുമായി മരുന്നുകളും വാക്സിനുകളും പങ്കിട്ടു. ആ ദുഷ്‌കരമായ സമയത്ത് ഗയാനയിലെ ജനങ്ങളെ സഹായിക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നറിയുന്നതിൽ എനിക്ക് സംതൃപ്തി തോന്നുന്നു. യുദ്ധമോ ദുരന്തമോ ഉണ്ടായപ്പോഴെല്ലാം, ഇന്ത്യ നിസ്വാർത്ഥമായി സഹായം നൽകി - ശ്രീലങ്കയിലായാലും, മാലിദ്വീപിലായാലും, നേപ്പാളായാലും, തുർക്കിയായാലും, സിറിയയിലായാലും. ഭൂകമ്പം മുതൽ മാനുഷിക പ്രതിസന്ധികൾ വരെ, ആദ്യം പ്രതികരിച്ചവരിൽ ഇന്ത്യയും ഉണ്ടായിരുന്നു. ഈ ധാർമ്മികത നമ്മുടെ സംസ്കാരത്തിൽ രൂഢമൂലമാണ്. നമ്മൾ ഒരിക്കലും സ്വാർത്ഥതയോടെ പ്രവർത്തിച്ചിട്ടില്ല അല്ലെങ്കിൽ വികാസവാദം സ്വീകരിച്ചിട്ടില്ല. നമ്മൾ എപ്പോഴും വിഭവങ്ങളെ ബഹുമാനിക്കുകയും അധിനിവേശമോ ചൂഷണമോ എന്ന ആശയം നിരസിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലവും കടലും സാർവത്രിക സംഘർഷത്തിനുള്ള വേദികളാകരുത്, മറിച്ച് സാർവത്രിക സഹകരണത്തിന്റെ പ്രതീകങ്ങളായിരിക്കണമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇത് സംഘർഷത്തിനുള്ള ഒരു യുഗമല്ല, മറിച്ച് നമ്മൾ വിയോജിപ്പിന്റെ മൂലകാരണങ്ങൾ തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യേണ്ട ഒരു യുഗമാണ്. ഭീകരത, മയക്കുമരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നമ്മുടെ പൊതുവായ ഭാവിക്ക് ഭീഷണിയാണ്, ഇവയെ കൂട്ടായി ചെറുക്കുന്നതിലൂടെ മാത്രമേ ഭാവി തലമുറകൾക്ക് മെച്ചപ്പെട്ട ഒരു ലോകം സുരക്ഷിതമാക്കാൻ കഴിയൂ. "ജനാധിപത്യം ആദ്യം - മനുഷ്യത്വം ആദ്യം" എന്നത് നമ്മുടെ ശ്രമങ്ങളുടെ കേന്ദ്രത്തിൽ വയ്ക്കുമ്പോൾ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയൂ.

സുഹൃത്തുക്കളേ,

തത്ത്വങ്ങൾ, വിശ്വാസം, സുതാര്യത എന്നിവയുടെ അടിത്തറയിലാണ് ഭാരതം എപ്പോഴും സംസാരിച്ചിട്ടുള്ളത്. ഒരു രാജ്യമോ പ്രദേശമോ പിന്നിലായാൽ പോലും, നമ്മുടെ ആഗോള ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെടാതെ തുടരും. അതുകൊണ്ടാണ് ഇന്ത്യ - ഓരോ രാഷ്ട്രവും പ്രധാനമാണ്! ദ്വീപ് രാഷ്ട്രങ്ങളെ ചെറിയ ദ്വീപ് രാഷ്ട്രങ്ങൾ എന്നല്ല, വലിയ സമുദ്ര രാഷ്ട്രങ്ങൾ എന്നാണ് ഭാരതം വിശേഷിപ്പിക്കുന്നത്. ഈ കാഴ്ചപ്പാടോടെ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ദ്വീപ് രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്നതിനായി ഞങ്ങൾ SAGAR പ്ലാറ്റ്‌ഫോം സ്ഥാപിച്ചു. കൂടാതെ, പസഫിക് സമുദ്രത്തിലെ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിന് ഞങ്ങൾ ഒരു പ്രത്യേക ഫോറം സൃഷ്ടിച്ചു. ഈ തത്വത്തിൽ പ്രവർത്തിച്ചുകൊണ്ട്, അതിന്റെ അധ്യക്ഷനയിരുന്ന കാലത്ത് ആഫ്രിക്കൻ യൂണിയനെ G-20 ൽ ഉൾപ്പെടുത്തിക്കൊണ്ട് ഭാരതം അതിന്റെ ഉത്തരവാദിത്തം നിറവേറ്റി.

സുഹൃത്തുക്കളേ,

ഇന്ന്, ആഗോള വികസനത്തിനും സമാധാനത്തിനും ഇന്ത്യ ഉറച്ചുനിൽക്കുന്നു. ഈ മനോഭാവത്തോടെയാണ് ഇന്ത്യ ​ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറിയത്. ​ഗ്ലോബൽ സൗത്ത് മുൻകാലങ്ങളിൽ ഗണ്യമായ ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ചരിത്രപരമായി, നമ്മുടെ സാംസ്കാരിക മൂല്യങ്ങളാൽ നയിക്കപ്പെട്ടുകൊണ്ട് പ്രകൃതിയുമായി ഇണങ്ങിച്ചേർന്നാണ് നാം മുന്നേറിയത്. എന്നിരുന്നാലും, പല രാജ്യങ്ങളും പരിസ്ഥിതി തകർച്ചയുടെ ചെലവിൽ വികസിച്ചു. ഇന്ന്, ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഭാരം വഹിക്കുന്നത്, ഈ അസന്തുലിതാവസ്ഥ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.

സുഹൃത്തുക്കളേ,

ഭാരതമായാലും ഗയാന ആയാലും, വികസനത്തിനായുള്ള അഭിലാഷങ്ങളും നമ്മുടെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്യുന്നതിനുള്ള സ്വപ്നങ്ങളും നമ്മൾ പങ്കിടുന്നു. ഇത് നേടിയെടുക്കുന്നതിന്, ​ഗ്ലോബൽ സൗത്തിന്റെ ഐക്യ ശബ്ദം നിർണായകമാണ്. ഗ്ലോബൽ സൗത്തിന് ഇത് ഉണർവിന്റെ ഒരു നിമിഷമാണ്, നമുക്ക് ഒത്തുചേരാനും ഒരു പുതിയ ആഗോള ക്രമം രൂപപ്പെടുത്താനുമുള്ള ഒരു അവസരമാണിത്. ഗയാനയിലെ ബഹുമാന്യരായ പൊതു പ്രതിനിധികളായ നിങ്ങൾക്കെല്ലാവർക്കും ഈ ശ്രമത്തിൽ ഒരു പ്രധാന പങ്ക് ഞാൻ വിഭാവനം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇവിടെ നിരവധി വനിതാ അംഗങ്ങൾ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു. ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും ആഗോള വളർച്ചയെ നയിക്കുന്നതിലും നിർണായക ഘടകം അതിന്റെ ജനസംഖ്യയുടെ പകുതിയാണ് - സ്ത്രീകൾ. നൂറ്റാണ്ടുകളായി, ആഗോള പുരോഗതിയിൽ പൂർണ്ണമായി സംഭാവന ചെയ്യാൻ സ്ത്രീകൾക്ക് അവസരം ലഭിച്ചിരുന്നില്ല. നിരവധി ഘടകങ്ങൾ ഇതിന് കാരണമായി, ഇത് ഒരു രാജ്യത്തിന്റെയോ ​ഗ്ലോബൽ സൗത്തിന്റെയോ മാത്രം കഥയല്ല; ഇത് ഒരു ആഗോള പ്രതിഭാസമാണ്. എന്നിരുന്നാലും, 21-ാം നൂറ്റാണ്ടിൽ, ആഗോള അഭിവൃദ്ധി ഉറപ്പാക്കുന്നതിൽ സ്ത്രീകൾ നിർണായക പങ്ക് വഹിക്കും. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, ജി-20 അധ്യക്ഷതയിൽ, ഇന്ത്യ സ്ത്രീകൾ നയിക്കുന്ന വികസനത്തിന് ഒരു പ്രധാന അജണ്ടയായി മുൻഗണന നൽകി.

സുഹൃത്തുക്കളേ,

ഇന്ത്യയിൽ, എല്ലാ മേഖലകളിലും എല്ലാ തലങ്ങളിലും നേതൃപാടവമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ഞങ്ങൾ ഒരു സുപ്രധാന ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇന്ന്, ഭാരതത്തിലെ സ്ത്രീകൾ എല്ലാ മേഖലകളിലും മികവ് പുലർത്തുന്നു. ആഗോളതലത്തിൽ, പൈലറ്റുമാരിൽ 5% മാത്രമേ സ്ത്രീകളുള്ളൂ, അതേസമയം ഭാരതത്തിൽ ഈ കണക്ക് 15% ആണ്. ഇന്ത്യയിലെ യുദ്ധവിമാന പൈലറ്റുമാരിൽ ഗണ്യമായ സംഖ്യയും സ്ത്രീകളാണ്. ലോകത്തിലെ വികസിത രാജ്യങ്ങളിൽ, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയിലെ STEM ബിരുദധാരികളിൽ 30 മുതൽ 35% വരെ മാത്രമേ സ്ത്രീകളുള്ളൂ. എന്നിരുന്നാലും, ഭാരതത്തിൽ ഇത് 40 ശതമാനം കവിഞ്ഞു. ഇന്ത്യയുടെ പ്രധാന ബഹിരാകാശ ദൗത്യങ്ങളുടെ ചുക്കാൻ പിടിക്കുന്നത് ഇപ്പോൾ വനിതാ ശാസ്ത്രജ്ഞരാണ്. പാർലമെന്റിൽ സ്ത്രീകൾക്ക് സംവരണം നൽകുന്നതിനായി ഭാരതം അടുത്തിടെ നിയമനിർമ്മാണം നടത്തിയെന്നറിയുമ്പോൾ നിങ്ങൾക്ക് സന്തോഷമുണ്ടാകും. ഇന്ന്, ഭാരതത്തിലെ ജനാധിപത്യ ഭരണത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീകളെ പ്രതിനിധീകരിക്കുന്നു. തദ്ദേശീയ തലത്തിൽ, നമ്മുടെ പഞ്ചായത്തിരാജ് സംവിധാനത്തിലൂടെ, 1.4 ദശലക്ഷത്തിലധികം അല്ലെങ്കിൽ 14 ലക്ഷത്തിലധികം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സ്ത്രീകളാണ്. ഇത് വീക്ഷണകോണിൽ പറഞ്ഞാൽ, നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീകൾ ഗയാനയുടെ മൊത്തം ജനസംഖ്യയുടെ ഇരട്ടി വലുപ്പമുള്ള ഒരു ജനസംഖ്യയെ പ്രതിനിധീകരിക്കുന്നു.

സുഹൃത്തുക്കളേ,

ലാറ്റിൻ അമേരിക്ക എന്ന വിശാലമായ ഭൂഖണ്ഡത്തിലേക്കുള്ള കവാടമായി ഗയാന പ്രവർത്തിക്കുന്നു. ഇന്ത്യയ്ക്കും ഈ വിശാലമായ പ്രദേശത്തിനും ഇടയിലുള്ള അവസരങ്ങളുടെയും സാധ്യതകളുടെയും പാലമായി മാറാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. ഇന്ത്യയും CARICOM ഉം തമ്മിലുള്ള പങ്കാളിത്തം നമുക്ക് ഒരുമിച്ച് വർദ്ധിപ്പിക്കാൻ കഴിയും. ഇന്നലെ, ഇന്ത്യ-CARICOM ഉച്ചകോടി ഗയാനയിൽ നടന്നു, അവിടെ ഞങ്ങളുടെ സഹകരണത്തിന്റെ എല്ലാ തലങ്ങളും കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു.

സുഹൃത്തുക്കളേ,

ഗയാനയുടെ വികസനത്തെ സാധ്യമായ എല്ലാ വിധത്തിലും പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപമായാലും ശേഷി വർദ്ധിപ്പിക്കുന്നതായാലും, ഇന്ത്യയും ഗയാനയും കൈകോർത്ത് പ്രവർത്തിക്കുന്നു. ഇന്ത്യ നൽകുന്ന ഫെറികളും വിമാനങ്ങളും ഗയാനയ്ക്ക് വളരെയധികം പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പുനരുപയോഗ ഊർജ്ജ മേഖലയിലും, പ്രത്യേകിച്ച് സൗരോർജ്ജ മേഖലയിലും ഭാരതം ഗണ്യമായ പിന്തുണ നൽകുന്നു. ടി-20 ക്രിക്കറ്റ് ലോകകപ്പിന്റെ നിങ്ങളുടെ വിജയകരമായ സംഘാടനം ശ്രദ്ധേയമായിരുന്നു, സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് സംഭാവന നൽകിയതിൽ ഭാരതം അഭിമാനിക്കുന്നു.

സുഹൃത്തുക്കളേ,

വികസനത്തോടൊപ്പം ഞങ്ങളുടെ പങ്കാളിത്തം ഇപ്പോൾ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഭാരതത്തിന്റെ ഊർജ്ജ ആവശ്യകത അതിവേഗം വളരുന്നതിനാൽ, ഞങ്ങൾ ഞങ്ങളുടെ ഊർജ്ജ സ്രോതസ്സുകളെ വൈവിധ്യവൽക്കരിക്കുന്നു, ഈ ശ്രമത്തിൽ ഗയാനയെ ഒരു പ്രധാന ഊർജ്ജ സ്രോതസ്സായി ഞങ്ങൾ കാണുന്നു. അതേസമയം, ഗയാനയിൽ ഇന്ത്യൻ ബിസിനസുകളുടെ കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ട്.

സുഹൃത്തുക്കളേ,

ഭാരതത്തിൽ യുവജന തലസ്ഥാനം എന്നറിയപ്പെടുന്ന വലിയൊരു യുവജന സമൂഹമുണ്ടെന്ന് നിങ്ങൾക്കറിയാം. ഇന്ത്യയ്ക്ക് മികച്ച നിലവാരമുള്ള വിദ്യാഭ്യാസവും നൈപുണ്യ വികസന ആവാസവ്യവസ്ഥയും ഉണ്ട്. ഈ സംവിധാനത്തിൽ നിന്ന് പ്രയോജനം നേടുന്നതിന് ഗയാനയിൽ നിന്നുള്ള കഴിയുന്നത്ര വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഗയാന പാർലമെന്റിലൂടെ, ഇന്ത്യൻ നൂതനാശയക്കാരുമായും ശാസ്ത്രജ്ഞരുമായും സഹകരിക്കാൻ ഗയാനയിലെ യുവാക്കളെ ഞാൻ ക്ഷണിക്കുന്നു. ഒരുമിച്ച്, ആഗോളതലത്തിൽ സഹകരിച്ച് പ്രവർത്തിക്കുമ്പോൾ തന്നെ പ്രാദേശികമായി പ്രവർത്തിക്കാൻ നമ്മുടെ യുവാക്കളെ നമുക്ക് പ്രചോദിപ്പിക്കാം. സൃഷ്ടിപരമായ സഹകരണത്തിലൂടെ, ഇന്ന് ലോകം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും.

സുഹൃത്തുക്കളേ,

ഗയാനയുടെ മഹാനായ പുത്രൻ ശ്രീ ഛേദി ജഗൻ ഒരിക്കൽ പറഞ്ഞു, വർത്തമാനകാലം മെച്ചപ്പെടുത്തുന്നതിനും ഭാവിക്ക് ശക്തമായ അടിത്തറ പാകുന്നതിനും നാം ഭൂതകാലത്തിൽ നിന്ന് പഠിക്കണമെന്ന്. നമ്മുടെ രണ്ട് രാജ്യങ്ങളുടെയും പങ്കിട്ട ചരിത്രവും പാഠങ്ങളും, നമ്മുടെ വർത്തമാനകാല ശ്രമങ്ങളും സംയോജിപ്പിച്ച്, നിസ്സംശയമായും നമ്മെ ശോഭനമായ ഒരു ഭാവിയിലേക്ക് നയിക്കും. ഈ ചിന്തകളോടെ, ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. നിങ്ങളെ എല്ലാവരെയും ഭാരത്തം സന്ദർശിക്കാൻ ഞാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു, കഴിയുന്നത്ര ഗയാനയിൽ നിന്നുള്ള ആളുകളെ സ്വാഗതം ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കും. ഒരിക്കൽ കൂടി, ഗയാന പാർലമെന്റിനും നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നന്ദി.

ഡിസ്ക്ലൈമർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. ഹിന്ദിയിലാണ് യഥാർത്ഥ പ്രസംഗം നടത്തിയത്.

****


(Release ID: 2141969)