രാജ്യത്തെ ടെലിവിഷൻ ആസ്വാദന ശീലങ്ങളിൽ സമീപ വർഷങ്ങളിൽ കാര്യമായ പരിവർത്തനം ഉണ്ടായിട്ടുണ്ട്. കേബിൾ, ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമല്ല, സ്മാർട്ട് ടിവികൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, മറ്റ് ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെയും പ്രേക്ഷകർ ഇപ്പോൾ ദൃശ്യ ഉള്ളടക്കം ആസ്വദിക്കുന്നുണ്ട്. എന്നാൽ പ്രേക്ഷകരുടെ എണ്ണം കണക്കാക്കുന്നതിന് നിലവിലുള്ള സംവിധാനമായ ടെലിവിഷൻ റേറ്റിംഗ് പോയിന്റുകൾ (ടിആർപി) ഈ പുതിയ ടെലിവിഷൻ ആസ്വാദന രീതികളെ പൂർണ്ണമായി തിട്ടപ്പെടുത്തുന്നില്ല
ഇതിന്റെ പശ്ചാത്തലത്തിൽ, ടെലിവിഷൻ റേറ്റിംഗ് ഏജൻസികൾക്കായി 2014-ൽ പുറത്തിറക്കിയ നയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്താൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. 2025 ജൂലൈ 2-ന് പുറത്തിറക്കിയ നിർദ്ദിഷ്ട കരട്, മാധ്യമ സ്ഥാപനങ്ങൾക്കുള്ള ചില നിയന്ത്രണ വ്യവസ്ഥകൾ നീക്കം ചെയ്യുന്നു. ഇന്ത്യയിലെ ടെലിവിഷൻ പ്രേക്ഷക നിർണയ ആവാസവ്യവസ്ഥയെ ജനാധിപത്യവൽക്കരിക്കാനും നവീകരിക്കാനും ഉദ്ദേശിച്ചിട്ടുള്ള ഈ നീക്കം നിലവിലുള്ള BARC-ക്ക് പുറമെ കൂടുതൽ പങ്കാളികൾക്ക് റേറ്റിങ്ങിന് അവസരം നൽകും.
ഭേദഗതികൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും തല്പരകക്ഷികളിൽ നിന്നും അഭിപ്രായങ്ങൾ, കരട് പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്. ന്യായമായ മത്സരം സാധ്യമാക്കുക, കൂടുതൽ കൃത്യവും പ്രാതിനിധ്യപരവുമായ ഡാറ്റ സൃഷ്ടിക്കുക, രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ വൈവിധ്യമാർന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ മാധ്യമ ഉപഭോഗ ശീലങ്ങളെ TRP സംവിധാനം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് നിർദ്ദിഷ്ട പരിഷ്കാരങ്ങളുടെ ലക്ഷ്യം.
കൂടുതൽ പ്രാതിനിധ്യപരവും ആധുനികവുമായ ഒരു ടിആർപി സംവിധാനത്തിന്റെ ആവശ്യകത
ഇന്ത്യയിൽ നിലവിൽ ടെലിവിഷനുള്ള ഏകദേശം 230 ദശലക്ഷം വീടുകളുണ്ട്. എന്നാൽ വ്യൂവർഷിപ്പ് ഡാറ്റ കണക്കിലാക്കാൻ നിലവിൽ ഏകദേശം 58,000 എണ്ണം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇത് ടിവിയുള്ള ആകെ വീടുകളുടെ 0.025% മാത്രമാണ്. താരതമ്യേന പരിമിതമായ അളവിലുള്ള ഈ സാമ്പിൾ വിവിധ പ്രദേശങ്ങളിലും ജന സമൂഹങ്ങളിലും ഉള്ള വൈവിധ്യമാർന്ന പ്രേക്ഷക മുൻഗണനകളെ വേണ്ടത്ര പ്രതിനിധീകരിക്കണമെന്നില്ല
മാത്രമല്ല, പ്രേക്ഷകരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് ഇപ്പോൾ നിലവിലുള്ള സാങ്കേതികവിദ്യ,ആധുനികകാലത്ത് കൂടുതലായി പ്രയോജനപ്പെടുത്തുന്ന സ്മാർട്ട് ടിവികൾ, സ്ട്രീമിംഗ് ഉപകരണങ്ങൾ, മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയ നൂതന പ്ലാറ്റ്‌ഫോമുകളിലെ പ്രേക്ഷകരുടെ എണ്ണം കൃത്യമായി പരിഗണിക്കുന്നില്ല. വികസിച്ചുകൊണ്ടിരിക്കുന്ന ദൃശ്യ ആസ്വാദന രീതികളും നിലവിലെ പ്രേക്ഷക എണ്ണം നിർണയിക്കൽ ചട്ടക്കൂടും തമ്മിലുള്ള ഈ വിടവ് റേറ്റിംഗുകളുടെ കൃത്യതയെ ബാധിച്ചേക്കാം.ഇത് പ്രക്ഷേപകരുടെ വരുമാന ആസൂത്രണത്തെയും ബ്രാൻഡുകൾക്കുള്ള പരസ്യ തന്ത്രങ്ങളെയും സ്വാധീനിച്ചേക്കാം.
ഈ പശ്ചാത്തലം തിരിച്ചറിഞ്ഞുകൊണ്ട്, ചലനാത്മകമായ ഒരു മാധ്യമ പരിതസ്ഥിതിയിൽ സമകാലിക ഉള്ളടക്ക ഉപഭോഗ ശീലങ്ങളെ ഫലപ്രദമായി പ്രതിഫലിപ്പിക്കുന്നതിന് ടെലിവിഷൻ റേറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്.
നിലവിലെ ടിആർപി സംവിധാനത്തിലെ പ്രശ്നങ്ങൾ:
നിലവിൽ ടിവി റേറ്റിംഗുകൾ നൽകുന്ന ഏക ഏജൻസി BARC (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) ആണ്.
കണക്റ്റഡ് ടിവി സംവിധാനത്തിലൂടെയുള്ള ആസ്വാദനം ഒരു പ്രധാന പ്രവണതയാണെങ്കിലും ഇത് എണ്ണത്തിൽ കണക്കാക്കപ്പെടുന്നില്ല.
ടിവി റേറ്റിംഗ് മേഖലയിലേക്ക് പുതിയ ഏജൻസികളുടെ പ്രവേശനം നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള ചില തടസ്സങ്ങൾ നിലവിലുള്ള നയങ്ങളിൽ ഉണ്ടായിരുന്നു.ക്രോസ്-ഹോൾഡിംഗ് നിയന്ത്രണങ്ങൾ പ്രക്ഷേപകരെയോ പരസ്യദാതാക്കളെയോ റേറ്റിംഗ് ഏജൻസികളിൽ നിക്ഷേപിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തിയിരുന്നു.
നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന മാറ്റങ്ങൾ :
ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ മന്ത്രാലയം പ്രധാന ഭേദഗതികൾ തയ്യാറാക്കിയിട്ടുണ്ട്.
വ്യവസ്ഥ 1.4 ന്റെ പരിഷ്കരണം-
ഒരു കമ്പനിയുടെ പങ്കാളിത്ത പത്രിക(MoA)യിൽ കൺസൾട്ടൻസി അല്ലെങ്കിൽ ഉപദേശക സേവനങ്ങൾ പോലുള്ള പ്രവൃത്തികൾ ഉൾപ്പെടുത്തരുതെന്ന മുൻ നിബന്ധനയ്ക്കു മാറ്റംവരുത്തി. പകരം, "കമ്പനിയുടെ പ്രധാന ലക്ഷ്യമായ റേറ്റിങ്ങുമായി താൽപ്പര്യവൈരുദ്ധ്യത്തിനു കാരണമാകുന്ന തരത്തിലുള്ള കൺസൾട്ടൻസി പോലുള്ള പ്രവർത്തനമോ ഉപദേശകസേവനമോ ഏറ്റെടുക്കരുത്" എന്ന് എളുപ്പത്തിൽ പാലിക്കാവുന്ന വ്യവസ്ഥ ഉൾപ്പെടുത്തി
• റേറ്റിംഗ് ഏജൻസികളുടെ പ്രവേശനത്തിന് തടസ്സമായി വർത്തിക്കുന്ന നിയന്ത്രണ വ്യവസ്ഥകൾ (1.5 ഉം 1.7 ഉം) നീക്കം ചെയ്യൽ-
ആരോഗ്യകരമായ മത്സരം വളർത്തിയെടുക്കാനും, നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും , പ്രത്യേകിച്ച് കണക്റ്റഡ് ടിവി പ്ലാറ്റ്‌ഫോമുകൾക്കായി കൂടുതൽ വിശ്വസനീയവും പ്രാതിനിധ്യപരവുമായ ഡാറ്റ നൽകാനും ഒന്നിലധികം ഏജൻസികളെ അനുവദിക്കുക എന്നതാണ് നിർദ്ദിഷ്ട ഭേദഗതികളുടെ ലക്ഷ്യം. ദൃശ്യാസ്വാദന ശീലങ്ങൾ വികസിക്കുന്നതിനനുസരിച്ച്, അവയിലെ പ്രേക്ഷക വൃന്ദത്തിന്റെ കണക്കെടുപ്പ് രീതിയും മാറണം. റേറ്റിംഗ് സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും പ്രക്ഷേപകർ, പരസ്യദാതാക്കൾ, മറ്റ് പങ്കാളികൾ എന്നിവരിൽ നിന്ന് കൂടുതൽ നിക്ഷേപങ്ങൾ സാധ്യമാക്കാനും ഈ ഭേദഗതികൾ സഹായിക്കും. ഈ പരിഷ്കാരങ്ങളിലൂടെ, രാജ്യത്ത് കൂടുതൽ സുതാര്യവും, സമഗ്രവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഒരു ടിവി റേറ്റിംഗ് ആവാസവ്യവസ്ഥ രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക:
പ്രേക്ഷകർ, പ്രക്ഷേപകർ, പരസ്യദാതാക്കൾ, അല്ലെങ്കിൽ പൊതു താൽപര്യമുള്ള പൗരന്മാർ എന്നിവർക്ക്,നോട്ടീസ് പ്രസിദ്ധീകരിച്ചതിന്റെ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ അയയ്ക്കാം