പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഘാന, ട്രിനിഡാഡ് & ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന

Posted On: 02 JUL 2025 7:56AM by PIB Thiruvananthpuram

ഇന്ന് തുടങ്ങി ഈ മാസം 9 വരെയുള്ള തീയതികളിൽ ഞാൻ ഘാന, ട്രിനിഡാഡ് & ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കുന്നു.

ബഹുമാന്യ പ്രസിഡന്റ്, ജോൺ ഡ്രമാനി മഹാമയുടെ ക്ഷണപ്രകാരം, ജൂലൈ 2-3 തീയതികളിൽ ഞാൻ ഘാന സന്ദർശിക്കും. ഗ്ലോബൽ സൗത്തിലെ ഒരു വിലപ്പെട്ട പങ്കാളിയാണ് ഘാന, ആഫ്രിക്കൻ യൂണിയനിലും എക്കണോമിക് കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സിലും ഒരു പ്രധാന പങ്ക്  ആ രാജ്യം വഹിക്കുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ   ചരിത്രപരമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും നിക്ഷേപം, ഊർജ്ജം, ആരോഗ്യം, സുരക്ഷ, ശേഷി വർദ്ധിപ്പിക്കൽ, വികസന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ സഹകരണത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംഭാഷണങ്ങൾ സന്ദർശനവേളയിൽ ഞാൻ പ്രതീക്ഷിക്കുന്നു. സഹ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, ഘാന പാർലമെന്റിൽ സംസാരിക്കുന്നത് ഒരു ബഹുമതിയായി ഞാൻ കാണുന്നു.

ജൂലൈ 3-4 തീയതികളിൽ, ഞാൻ റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് & ടൊബാഗോയിൽ ആയിരിക്കും. ചരിത്രപരവും സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ ആഴത്തിലുള്ള ബന്ധം പങ്കിടുന്ന ഒരു രാജ്യമാണിത്. ഈ വർഷത്തെ പ്രവാസി ഭാരതീയ ദിവസിൽ മുഖ്യാതിഥിയായിരുന്ന പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കംഗലൂവിനെയും അടുത്തിടെ രണ്ടാം തവണയും അധികാരമേറ്റ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറിനെയും ഞാൻ കാണും. 180 വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യക്കാർ ആദ്യമായി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ എത്തിയത്. നമ്മെ ഒന്നിപ്പിക്കുന്ന വംശപരമ്പരയുടെയും ബന്ധുത്വത്തിന്റെയും പ്രത്യേക ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഈ സന്ദർശനം അവസരം നൽകും.

പോർട്ട് ഓഫ് സ്പെയിനിൽ നിന്ന് ഞാൻ ബ്യൂണസ് അയേഴ്‌സിലേക്ക് പോകും. 57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി അർജന്റീനയിൽ നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ലാറ്റിൻ അമേരിക്കയിലെ ഒരു പ്രധാന സാമ്പത്തിക പങ്കാളിയും ജി 20 യിലെ അടുത്ത സഹകാരിയുമാണ് അർജന്റീന. കഴിഞ്ഞ വർഷം കണ്ടുമുട്ടാൻ അവസരം ലഭിച്ച പ്രസിഡന്റ് ഇ. ജാവിയർ മിലിയുമായുള്ള ചർച്ചകൾക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. കൃഷി, നിർണായക ധാതുക്കൾ, ഊർജ്ജം, വ്യാപാരം, ടൂറിസം, സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ പരസ്പരം പ്രയോജനകരമായ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ജൂലൈ 6-7 തീയതികളിൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഞാൻ പങ്കെടുക്കും. സ്ഥാപക അംഗമെന്ന നിലയിൽ, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്കിടയിലെ സഹകരണത്തിനുള്ള ഒരു സുപ്രധാന വേദിയായ  ബ്രിക്‌സിനോടുള്ള  ഇന്ത്യയുടെ ബന്ധം  പ്രതിജ്ഞാബദ്ധിതമാണ്.  കൂടുതൽ സമാധാനപരവും, നീതിയുക്തവും, ജനാധിപത്യപരവും, സന്തുലിതവുമായ ഒരു ബഹുധ്രുവ ലോകക്രമത്തിനായി നമ്മൾ ഒരുമിച്ച് പരിശ്രമിക്കുന്നു. ഉച്ചകോടിയുടെ ഭാഗമായി, നിരവധി ലോക നേതാക്കളെയും ഞാൻ കാണും. ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി  സന്ദർശനമാണിത്. ബ്രസീലുമായുള്ള നമ്മുടെ അടുത്ത പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, ഗ്ലോബൽ സൗത്തിന്റെ മുൻഗണനകൾ മുന്നോട്ട്  കൊണ്ടുപോകുന്നതിൽ എന്റെ സുഹൃത്ത് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി പ്രവർത്തിക്കുന്നതിനും ഈ സന്ദർശനം അവസരം നൽകും.

കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിന്റെ പൊതുവായ ചരിത്രം പങ്കിടുന്ന വിശ്വസ്ത പങ്കാളിയായ നമീബിയ ആയിരിക്കും എന്റെ അവസാന ലക്ഷ്യസ്ഥാനം. പ്രസിഡന്റ് ഡോ. നെതുംബോ നന്ദി-നന്ദൈത്വയെ കാണാനും നമ്മുടെ ജനങ്ങളുടെയും നമ്മുടെ പ്രദേശങ്ങളുടെയും വിശാലമായ ഗ്ലോബൽ സൗത്തിന്റെയും പ്രയോജനത്തിനായി സഹകരണത്തിനുള്ള ഒരു പുതിയ രൂപരേഖ തയ്യാറാക്കാനും ഞാൻ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യത്തിനും വികസനത്തിനുമായി നമുക്കിടയിൽ  നിലനിൽക്കുന്ന ഐക്യദാർഢ്യവും പങ്കിട്ട പ്രതിബദ്ധതയും ആഘോഷിക്കുമ്പോൾ നമീബിയൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് ഒരു അനുഗ്രഹമായി ഞാൻ കണക്കാക്കുന്നു.

അഞ്ച് രാജ്യങ്ങളിലേക്കുള്ള എന്റെ സന്ദർശനങ്ങൾ ഗ്ലോബൽ സൗത്തിലുടനീളമുള്ള നമ്മുടെ സുഹൃദ് ബന്ധം ശക്തിപ്പെടുത്തുകയും അറ്റ്ലാന്റിക്കിന്റെ ഇരുവശങ്ങളിലുമുള്ള നമ്മുടെ പങ്കാളിത്തം വിപുലപ്പെടുത്തുകയും  ബ്രിക്സ്, ആഫ്രിക്കൻ യൂണിയൻ, ഇക്കോവാസ് (ECOWAS-Economic Community of West African States), കാരികോം(CARICOM-Caribbean Community) തുടങ്ങിയ ബഹുമുഖ വേദികളിലെ ഇടപെടലുകൾ കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

***

SK


(Release ID: 2141430)