പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 09 JAN 2025 2:11PM by PIB Thiruvananthpuram

ഒഡീഷ ഗവർണർ ഡോ. ഹരി ബാബു ജി, നമ്മുടെ ജനപ്രിയ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി ജി, കേന്ദ്ര കാബിനറ്റിലെ എൻ്റെ സഹ അംഗം എസ്. ജയശങ്കർ ജി, ജുവൽ ഒറാം ജി, ധർമേന്ദ്ര പ്രധാൻ ജി, അശ്വിനി വൈഷ്ണവ് ജി, ശോഭാ കരന്തലജെ ജി, കീർത്തി വർധൻ സിംഗ് ജി, പബിത്ര മാർഗരീറ്റ ജി, ഉപമുഖ്യമന്ത്രി കനക് വർദ്ധൻ സിംഗ് ദിയോ ജി,  പ്രവതി പരിദാ ജി, മറ്റ് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഭാരത മാതാവിൻ്റെ ലോകമെമ്പാടുമുള്ള  പുത്രന്മാരേ പുത്രിമാരേ!

മഹതികളെ മാന്യവ്യക്തിത്വങ്ങളേ! ഭഗവാൻ ജഗന്നാഥന്റെയും ഭഗവാൻ ലിംഗരാജ് എന്നിവരുടെ ഈ പുണ്യഭൂമിയിലേക്ക്, ലോകമെമ്പാടുമുള്ള എന്റെ ഇന്ത്യൻ പ്രവാസി കുടുംബത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. തുടക്കത്തിൽ ആലപിച്ച സ്വാഗത ഗാനം, ഭാവിയിൽ ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹത്തിന്റെ പരിപാടികൾ നടക്കുന്നിടത്തെല്ലാം  വീണ്ടും വീണ്ടും ആലപിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിങ്ങൾക്ക് അഭിനന്ദനങ്ങൾ. ഒരു പ്രവാസി ഇന്ത്യക്കാരന്റെ മനോഭാവം നിങ്ങളുടെ ടീം മനോഹരമായി പ്രകടിപ്പിച്ചു, നിങ്ങൾക്ക് അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ,

ഈ പ്രവാസി ഭാരതീയ ദിവസിൽ മുഖ്യാതിഥി സംസാരിച്ചത് നാം ഇപ്പോൾ കേട്ടു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രസിഡന്റ് ക്രിസ്റ്റീൻ കംഗലൂവിന്റെ വീഡിയോ സന്ദേശം നമ്മളിൽ എല്ലാവരുടെയും മനസ്സിൽ ഒരു സ്വാധീനം ചെലുത്തി. അവരും ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഊഷ്മളവും വാത്സല്യപൂർണ്ണവുമായ വാക്കുകൾക്ക് ഞാൻ അവരോട് നന്ദി പറയുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയിൽ ഇത് ഉജ്ജ്വലമായ ഉത്സവങ്ങളുടെയും ഒത്തുചേരലുകളുടെയും സമയമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രയാഗ്‌രാജിൽ മഹാകുംഭം ആരംഭിക്കും. മകരസംക്രാന്തി, ലോഹ്രി, പൊങ്കൽ, മാഘ ബിഹു എന്നീ ഉത്സവങ്ങളും വരാനിരിക്കുന്നു. എല്ലായിടത്തും സന്തോഷകരമായ ഒരു അന്തരീക്ഷം. കൂടാതെ, 1915 ലെ ഈ ദിവസമാണ് മഹാത്മാഗാന്ധി ദീർഘനാളത്തെ വിദേശവാസത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഇത്രയും മനോഹരമായ ഒരു സമയത്ത് ഇന്ത്യയിലെ നിങ്ങളുടെ സാന്നിധ്യം ഉത്സവത്തിന്റെ ആവേശം വർദ്ധിപ്പിക്കുന്നു. പ്രവാസി ഭാരതീയ ദിവസിന്റെ ഈ പതിപ്പ് മറ്റൊരു കാരണത്താൽ സവിശേഷമാണ്. അടൽ ബിഹാരി വാജ്‌പേയി ജിയുടെ ജന്മശതാബ്ദിക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് നമ്മൾ ഇവിടെ ഒത്തുകൂടിയത്. അദ്ദേഹത്തിന്റെ ദർശനം ഈ പരിപാടിക്ക് സഹായകമായി. ഇന്ത്യയും വിദേശികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സ്ഥാപനമായി ഇത് മാറിയിരിക്കുന്നു. നമ്മൾ ഒരുമിച്ച് ഇന്ത്യയെയും, ഭാരതീയതയേയും, നമ്മുടെ സംസ്കാരത്തെയും, നമ്മുടെ പുരോഗതിയെയും ആഘോഷിക്കുകയും, നമ്മുടെ വേരുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്ന് നിങ്ങൾ ഒത്തുകൂടിയിരിക്കുന്ന ഒഡീഷയുടെ മണ്ണ് ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന്റെ പ്രതിഫലനം കൂടിയാണ്. ഒഡീഷയിൽ, ഓരോ ചുവടുവയ്പ്പിലും, നമ്മുടെ പൈതൃകം നാം കണ്ടുമുട്ടുന്നു. ഉദയഗിരി-ഖണ്ഡഗിരിയിലെ ചരിത്രപരമായ ഗുഹകളായാലും, കൊണാർക്കിലെ സൂര്യക്ഷേത്രമായാലും, താമ്രലിപ്തിയിലെ പുരാതന തുറമുഖങ്ങളായാലും, മാണിക്പട്ടണമായാലും, പാലൂരായാലും, ഇവ കാണുമ്പോൾ എല്ലാവർക്കും അഭിമാനം തോന്നും. നൂറ്റാണ്ടുകൾക്ക് മുമ്പ്, ഒഡീഷയിൽ നിന്നുള്ള നമ്മുടെ വ്യാപാരികളും ബിസിനസുകാരും ബാലി, സുമാത്ര, ജാവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘമായ കടൽ യാത്രകൾ നടത്തിയിരുന്നു. അതിന്റെ ഓർമ്മയ്ക്കായി, ഇന്നും ഒഡീഷയിൽ ബാലി ജാത്ര ആഘോഷിക്കുന്നു. ഒഡീഷയിലാണ് ധൗലി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്, സമാധാനത്തിന്റെ മഹത്തായ പ്രതീകമാണിത്. ലോകം വാളിലൂടെ സാമ്രാജ്യങ്ങൾ വികസിക്കുന്ന ഒരു കാലഘട്ടത്തിൽ, നമ്മുടെ ചക്രവർത്തി അശോകൻ സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തത് ഇവിടെയാണ്. നമ്മുടെ പൈതൃകത്തിന്റെ ഈ ശക്തിയാണ് ഭാവി യുദ്ധത്തിലല്ല, ബുദ്ധനിലാണ് എന്ന് ലോകത്തോട് പറയാൻ ഇന്ന് ഇന്ത്യയെ പ്രചോദിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, നിങ്ങളെയെല്ലാം ഒഡീഷയുടെ ഈ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നത് എനിക്ക് വളരെ പ്രത്യേകതയുള്ളതായി തോന്നുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യൻ പ്രവാസികളെ ഇന്ത്യയുടെ അംബാസഡർമാരായി ഞാൻ എപ്പോഴും കണക്കാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിങ്ങളെയെല്ലാം കാണുമ്പോൾ, നിങ്ങളുമായി സംസാരിക്കുമ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. നിങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന സ്നേഹം എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. നിങ്ങളുടെ വാത്സല്യവും അനുഗ്രഹങ്ങളും എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും.

സുഹൃത്തുക്കളെ,

ഇന്ന്, നിങ്ങൾക്കെല്ലാവർക്കും വ്യക്തിപരമായി എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതോടൊപ്പം നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു. നന്ദി, നിങ്ങൾ കാരണമാണ് എനിക്ക് ലോകത്തിനു മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ അവസരം ലഭിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ, ലോകമെമ്പാടുമുള്ള നിരവധി നേതാക്കളെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. എല്ലാ ലോകനേതാക്കളും ഇന്ത്യൻ പ്രവാസികളെ-നിങ്ങളെയെല്ലാവരേയും പ്രശംസിക്കുന്നു.  ഇതിനുള്ള ഒരു വലിയ കാരണം നിങ്ങളെല്ലാവരും അവിടത്തെ സമൂഹങ്ങൾക്ക് നൽകുന്ന സാമൂഹിക മൂല്യങ്ങളാണ്. നമ്മൾ "ജനാധിപത്യത്തിന്റെ മാതാവ്" മാത്രമല്ല, ജനാധിപത്യം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്, അത് നമ്മുടെ ജീവിതരീതിയാണ്. നമ്മളെ വൈവിധ്യത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ല; നമ്മുടെ ജീവിതം തന്നെ വൈവിധ്യത്തിൽ ഊന്നിയാണ് നീങ്ങുന്നത്. അതുകൊണ്ടാണ് ഇന്ത്യക്കാർ എവിടെ പോയാലും അവിടത്തെ സമൂഹവുമായി അവർ ഇഴുകിച്ചേരുന്നത്. നമ്മൾ എവിടെ പോയാലും, ആ സ്ഥലത്തെ നിയമങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുന്നു. ഞങ്ങൾ ആ രാജ്യത്തെയും സമൂഹത്തെയും അങ്ങേയറ്റം ആത്മാർത്ഥതയോടെ സേവിക്കുന്നു. അവരുടെ വളർച്ചയ്ക്കും സമൃദ്ധിക്കും ഞങ്ങൾ സംഭാവന നൽകുന്നു. ഇതിനെല്ലാം പുറമേ, ഇന്ത്യ നമ്മുടെ ഹൃദയങ്ങളിൽ തുടിക്കുന്നത് തുടരുന്നു. ഇന്ത്യയുടെ ഓരോ സന്തോഷത്തിലും ഞങ്ങൾ ആഹ്ലാദിക്കുന്നു, ഇന്ത്യയുടെ ഓരോ നേട്ടവും ഞങ്ങൾ ആഘോഷിക്കുന്നു.

സുഹൃത്തുക്കളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ, ഇന്ന് അത് പുരോഗമിക്കുന്ന വേഗത, ഇന്ത്യയിൽ നടക്കുന്ന വികസനത്തിന്റെ തോത് എന്നിവ അഭൂതപൂർവമാണ്. വെറും 10 വർഷത്തിനുള്ളിൽ ഇന്ത്യ 250 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. വെറും 10 വർഷത്തിനുള്ളിൽ, ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറി. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്ന ദിവസം വിദൂരമല്ല. ഇന്ത്യയുടെ വിജയം ഇന്ന് ലോകം കാണുകയാണ്. ഇന്ത്യയുടെ ചന്ദ്രയാൻ ശിവശക്തി പോയിന്റിൽ എത്തുമ്പോൾ, നമുക്കെല്ലാവർക്കും അഭിമാനം തോന്നുന്നു. ഇന്ന്, ഡിജിറ്റൽ ഇന്ത്യയുടെ ശക്തിയിൽ ലോകം അത്ഭുതപ്പെടുമ്പോൾ, നാമെല്ലാവരും അഭിമാനിക്കുന്നു. ഇന്ന് ഇന്ത്യയിലെ എല്ലാ മേഖലകളും ആകാശം തൊടാൻ മുന്നേറുകയാണ്. പുനരുപയോഗിക്കാവുന്ന ഊർജ്ജം, വ്യോമയാന ആവാസവ്യവസ്ഥ, വൈദ്യുത മൊബിലിറ്റി, വിശാലമായ മെട്രോ ശൃംഖല, അല്ലെങ്കിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി എന്നിവയിലേതായാലും ഇന്ത്യയുടെ പുരോഗതിയുടെ വേഗത എല്ലാ റെക്കോർഡുകളും തകർക്കുകയാണ്. ഇന്ന് ഇന്ത്യ "മെയ്ഡ് ഇൻ ഇന്ത്യ" യുദ്ധവിമാനങ്ങളും ഗതാഗത വിമാനങ്ങളും നിർമ്മിക്കുന്നു, പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കാൻ നിങ്ങൾ "മെയ്ഡ് ഇൻ ഇന്ത്യ" വിമാനത്തിൽ ഇന്ത്യയിലെത്തുന്ന ദിവസം വിദൂരമല്ല.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ഈ നേട്ടങ്ങൾ, ഇന്ന് ഇന്ത്യയിൽ ഉയർന്നുവരുന്ന പ്രതീക്ഷ, ഇന്ത്യയുടെ വളർന്നുവരുന്ന ആഗോള പങ്കിന് സംഭാവന നൽകുന്നു. ഇന്ന് ലോകം ഇന്ത്യയെ ശ്രദ്ധയോടെ കേൾക്കുന്നു. ഇന്നത്തെ ഇന്ത്യ തങ്ങളുടെ നിലപാട് ശക്തമായി മുന്നോട്ടുവയ്ക്കുക മാത്രമല്ല, ​ഗ്ലോബൽ സൗത്തിന്റെ ശബ്ദം പൂർണ്ണ ശക്തിയോടെ ഉയർത്തുകയും ചെയ്യുന്നു. ആഫ്രിക്കൻ യൂണിയനെ ജി-20-ൽ സ്ഥിരാംഗമാക്കാൻ ഇന്ത്യ നിർദ്ദേശിച്ചപ്പോൾ, എല്ലാ അംഗങ്ങളും ഈ നിർദ്ദേശത്തെ പിന്തുണച്ചു. "മനുഷ്യത്വം ആദ്യം" എന്ന ആശയത്തോടെ ഇന്ത്യ ആഗോളതലത്തിൽ അതിന്റെ പങ്ക് വികസിപ്പിക്കുകയാണ്.

സുഹൃത്തുക്കളെ,

ഇന്ത്യയുടെ കഴിവുകൾ ഇന്ന് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ലോകത്തിലെ പ്രമുഖ കമ്പനികളിലൂടെ ഞങ്ങളുടെ പ്രൊഫഷണലുകൾ ആഗോള വളർച്ചയ്ക്ക് സംഭാവന നൽകുന്നു. നാളെ, ബഹുമാനപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമു ജി, ഞങ്ങളുടെ നിരവധി സഹപ്രവർത്തകരെ പ്രവാസി ഭാരതീയ സമ്മാന് നൽകി ആദരിക്കും. ഈ ബഹുമതി ലഭിക്കുന്ന എല്ലാ വിശിഷ്ട വ്യക്തികൾക്കും എന്റെ ആശംസകൾ നേരുന്നു.

സുഹൃത്തുക്കളെ,

നിങ്ങൾക്കറിയാമോ, വരും ദശകങ്ങളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും ഏറ്റവും നൈപുണ്യമുള്ളതുമായ ജനസംഖ്യയുള്ള രാജ്യമായി തുടരും. ആഗോളതലത്തിൽ നൈപുണ്യ ആവശ്യകതയുടെ ഒരു പ്രധാന ഭാഗം നിറവേറ്റുന്നത് ഇന്ത്യയായിരിക്കും. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇന്ത്യയിലെ വൈദഗ്ധ്യമുള്ള യുവാക്കളെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ, ഏതെങ്കിലും ഇന്ത്യക്കാരൻ വിദേശത്തേക്ക് പോകുമ്പോഴെല്ലാം അവർ മികച്ച വൈദഗ്ധ്യത്തോടെ അത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യാ ഗവൺമെന്റും പരിശ്രമിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ യുവാക്കളെ നൈപുണ്യവൽക്കരിക്കുന്നതിലും, പുനർ നൈപുണ്യവൽക്കരിക്കുന്നതിലും, നൈപുണ്യം വർദ്ധിപ്പിക്കുന്നതിലും നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങളുടെ സൗകര്യത്തിനും സുഖസൗകര്യങ്ങൾക്കും ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. നിങ്ങളുടെ സുരക്ഷയും ക്ഷേമവും ഒരു മുൻ‌ഗണനയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ, അവർ എവിടെയായിരുന്നാലും, നമ്മുടെ പ്രവാസികളെ സഹായിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായി നാം കരുതുന്നു. ഇന്ത്യയുടെ വിദേശനയത്തിന്റെ ഇന്നത്തെ മാർഗ്ഗനിർദ്ദേശ തത്വങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ ദശകത്തിൽ, ലോകമെമ്പാടുമുള്ള നമ്മുടെ എംബസികളും ഓഫീസുകളും സംവേദനക്ഷമതയുള്ളതും മുൻകൈയെടുക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

സുഹൃത്തുക്കളേ,

മുമ്പ്, പല രാജ്യങ്ങളിലും, കോൺസുലാർ സൗകര്യങ്ങൾ ലഭിക്കാൻ ആളുകൾക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടി വന്നിരുന്നു. സഹായത്തിനായി അവർക്ക് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ, ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പതിനാല് എംബസികളും കോൺസുലേറ്റുകളും തുറന്നു. ഒസിഐ കാർഡുകളുടെ വ്യാപ്തിയും വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. മൗറീഷ്യസിലെ ഏഴാം തലമുറയിലെയും സുരിനാം, മാർട്ടിനിക്, ഗ്വാഡലൂപ്പ് എന്നിവിടങ്ങളിലെ ആറാം തലമുറയിലെയും പിഐഒകളിലേക്കും ഇത് വ്യാപിപ്പിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ പ്രവാസികളുടെ ചരിത്രം, വിവിധ രാജ്യങ്ങളിലേക്കുള്ള അവരുടെ യാത്ര, ആ രാജ്യങ്ങളിൽ ഇന്ത്യയുടെ പതാക ഉയർത്തിയതിന്റെ കഥകൾ എന്നിവ ഇന്ത്യയുടെ പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പങ്കുവയ്ക്കുകയും പ്രദർശിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട നിരവധി രസകരവും പ്രചോദനാത്മകവുമായ കഥകൾ നിങ്ങളുടെ പക്കലുണ്ട്. ഇവയാണ് നമ്മുടെ പങ്കിട്ട പൈതൃകം, നമ്മുടെ പങ്കിട്ട പൈതൃകം. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, എന്റെ "മൻ കീ ബാത്ത്" പ്രസംഗത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു സംരംഭത്തെക്കുറിച്ച് ഞാൻ വിശദമായി സംസാരിച്ചു. നിരവധി നൂറ്റാണ്ടുകൾക്ക് മുമ്പ് ഗുജറാത്തിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ ഒമാനിൽ സ്ഥിരതാമസമാക്കിയിരുന്നു. അവരുടെ 250 വർഷത്തെ യാത്ര ശരിക്കും പ്രചോദനം നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രദർശനവും ഒരുക്കിയിട്ടുണ്ട്, ഈ സമൂഹവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. കൂടാതെ, സമൂഹത്തിലെ മുതിർന്ന അംഗങ്ങളുമായി ഒരു 'ഓറൽ ഹിസ്റ്ററി പ്രോജക്റ്റ്' ഏറ്റെടുത്തു, അവരിൽ പലരും ഇപ്പോൾ വളരെ പ്രായമായവരാണ്, അവരുടെ അനുഭവങ്ങൾ അവർ ഇതിലൂടെ പങ്കുവെക്കുന്നു. ഈ കുടുംബങ്ങളിൽ പലരും ഇന്ന് ഇവിടെ നമ്മോടൊപ്പം ഉണ്ടെന്നതിൽ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

വിവിധ രാജ്യങ്ങളിലെ പ്രവാസികളുമായി ബന്ധപ്പെട്ട് അത്തരം ശ്രമങ്ങൾ നടത്തണം. ഉദാഹരണത്തിന്, നമുക്ക് നമ്മുടെ "ഗിർമിത്യ" സഹോദരീസഹോദരന്മാരുണ്ട്. നമ്മുടെ ഗിർമിത്യ സമൂഹത്തിന്റെ ഒരു ഡാറ്റാബേസ് എന്തുകൊണ്ട് സൃഷ്ടിച്ചുകൂടാ? ഇന്ത്യയിലെ ഏതൊക്കെ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നുമാണ് അവർ വന്നത്, എവിടെ പോയി സ്ഥിരതാമസമാക്കി എന്നൊക്കെ നാം തിരിച്ചറിയണം, കൂടാതെ ആ സ്ഥലങ്ങളും തിരിച്ചറിയണം. അവർ എങ്ങനെയുള്ള ജീവിതമാണ് നയിച്ചത്, വെല്ലുവിളികളെ അവർ എങ്ങനെ അവസരങ്ങളാക്കി മാറ്റി - ഇത് സിനിമകളിലൂടെയോ ഡോക്യുമെന്ററികളിലൂടെയോ ചിത്രീകരിക്കാം. ഗിർമിത്യ പാരമ്പര്യത്തെക്കുറിച്ച് ഒരു പഠനം നടത്താനും ഗവേഷണം നടത്താനും കഴിയും. സർവകലാശാലകൾക്ക് ഇതിനായി ചെയറുകൾ സ്ഥാപിക്കാൻ കഴിയും, കൂടാതെ നമുക്ക് ലോക ഗിരിമിത്യ സമ്മേളനം പതിവായി സംഘടിപ്പിക്കാനും കഴിയും. ഇതിന്റെ സാധ്യതകൾ പര്യവേക്ഷണം ചെയ്യാനും അത് മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രവർത്തിക്കാനും ഞാൻ എന്റെ ടീമിനോട് ആവശ്യപ്പെടും.

സുഹൃത്തുക്കളേ,

ഇന്നത്തെ ഇന്ത്യ വികസനവും പൈതൃകവും ഈ മന്ത്രത്തിൽ ഊന്നിയാണ് മുന്നോട്ട് പോകുന്നത്. ജി-20 വേളയിൽ, ലോകത്തിന് ഇന്ത്യയുടെ വൈവിധ്യം നേരിട്ട് അനുഭവിക്കാൻ കഴിയുന്ന തരത്തിൽ രാജ്യമെമ്പാടും ഞങ്ങൾ മീറ്റിംഗുകൾ നടത്തി. കാശി-തമിഴ് സംഗമം, കാശി-തെലുങ്ക് സംഗമം, സൗരാഷ്ട്ര-തമിഴ് സംഗമം തുടങ്ങിയ പരിപാടികൾ ഞങ്ങൾ അഭിമാനപൂർവം സംഘടിപ്പിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, നമ്മൾ വിശുദ്ധ തിരുവള്ളുവർ ദിനം ആഘോഷിക്കും. വിശുദ്ധ തിരുവള്ളുവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി തിരുവള്ളുവർ സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നമ്മുടെ സർക്കാർ തീരുമാനിച്ചു. സിംഗപ്പൂരിലെ ആദ്യത്തെ കേന്ദ്രത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അമേരിക്കയിലെ ഹ്യൂസ്റ്റൺ സർവകലാശാലയിൽ ഒരു തിരുവള്ളുവർ ചെയർ സ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഈ ശ്രമങ്ങളെല്ലാം തമിഴ് ഭാഷയെയും, തമിഴ് പൈതൃകത്തെയും, ഇന്ത്യയുടെ പൈതൃകത്തെയും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും കൊണ്ടുപോകുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയിലെ നമ്മുടെ പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് നിരവധി നടപടികൾ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ശ്രീരാമനുമായും സീതാ ദേവിയുമായും ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി ഒരു പ്രത്യേക രാമായണ എക്സ്പ്രസ് ട്രെയിൻ ഉണ്ട്. ഭാരത് ഗൗരവ് ട്രെയിനുകൾ രാജ്യത്തുടനീളമുള്ള പ്രധാന പൈതൃക സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു. ഞങ്ങളുടെ സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾ ഉപയോഗിച്ച്, രാജ്യത്തെ പ്രധാന പൈതൃക കേന്ദ്രങ്ങളെ ഞങ്ങൾ ബന്ധിപ്പിച്ചു. കുറച്ചു മുൻപ്, ഒരു പ്രത്യേക പ്രവാസി ഭാരതീയ എക്സ്പ്രസ് ട്രെയിൻ ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. വിനോദസഞ്ചാര, വിശ്വാസ മേഖലകളുമായി ബന്ധപ്പെട്ട പതിനേഴു സ്ഥലങ്ങൾ സന്ദർശിക്കാൻ ഏകദേശം 150 പേർ ഈ ട്രെയിനിൽ യാത്ര ചെയ്യും. ഒഡീഷയിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട നിരവധി സ്ഥലങ്ങളുണ്ട്. പ്രയാഗ്‌രാജിൽ മഹാ കുംഭമേള ഉടൻ ആരംഭിക്കുകയാണ്, ജീവിതത്തിൽ ഇത്തരമൊരു അവസരം പലപ്പോഴും ലഭിക്കാറില്ല. നിങ്ങളും അവിടെ സന്ദർശിക്കണം.

സുഹൃത്തുക്കളേ,

1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി, നമ്മുടെ പ്രവാസികൾ ഇതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. വിദേശത്ത് താമസിച്ചുകൊണ്ട് അവർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സംഭാവനകൾ നൽകി. ഇനി നമ്മുടെ ലക്ഷ്യം 2047 ആണ്. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കണം. ഇന്ത്യയുടെ വളർച്ചയ്ക്ക് നിങ്ങൾ ഇപ്പോഴും മികച്ച സംഭാവനകൾ നൽകുന്നുണ്ട്. നിങ്ങളുടെ കഠിനാധ്വാനം മൂലം, ഇന്ത്യ പണമയയ്ക്കുന്നതിൽ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമായി മാറിയിരിക്കുന്നു. ഇനി, ഇതിനപ്പുറം നമ്മൾ ചിന്തിക്കണം. നിങ്ങൾ ഇന്ത്യയിൽ മാത്രമല്ല, മറ്റ് രാജ്യങ്ങളിലും നിക്ഷേപം നടത്തുന്നു. നിങ്ങളുടെ സാമ്പത്തിക സേവനങ്ങളും നിക്ഷേപ ആവശ്യങ്ങളും നിറവേറ്റാൻ ഞങ്ങളുടെ ഗിഫ്റ്റ് സിറ്റി ആവാസവ്യവസ്ഥയ്ക്ക് സഹായിക്കാനാകും. നിങ്ങൾക്കെല്ലാവർക്കും ഇതിന്റെ പ്രയോജനം നേടാനും ഇന്ത്യയുടെ വികസനത്തിലേക്കുള്ള യാത്രയെ കൂടുതൽ ശക്തിപ്പെടുത്താനും കഴിയും. നിങ്ങൾ നടത്തുന്ന ഓരോ ശ്രമവും ഇന്ത്യയെ ശക്തിപ്പെടുത്തുകയും അതിന്റെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.

അത്തരമൊരു മേഖലയാണ് പൈതൃക ടൂറിസം. നിലവിൽ, ഇന്ത്യ ലോകമെമ്പാടും അറിയപ്പെടുന്നത് പ്രധാനമായും അതിന്റെ വലിയ മെട്രോ നഗരങ്ങളിലൂടെയാണ്. എന്നാൽ ഇന്ത്യ ഈ വലിയ നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുന്നില്ല. ഇന്ത്യയുടെ വലിയൊരു ഭാഗം രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്, അവിടെ നിങ്ങൾക്ക് ഇന്ത്യയുടെ പൈതൃകം കാണാൻ കഴിയും. ഈ പൈതൃകവുമായി ലോകത്തെ ബന്ധിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ കുട്ടികളെ ഇന്ത്യയിലെ ഈ ചെറിയ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും കൊണ്ടുപോകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പിന്നെ, തിരിച്ചെത്തിക്കഴിഞ്ഞാൽ നിങ്ങളുടെ അനുഭവങ്ങൾ സുഹൃത്തുക്കളുമായി പങ്കിടുക. അടുത്ത തവണ നിങ്ങൾ ഇന്ത്യയിലേക്ക് വരുമ്പോൾ, ഇന്ത്യൻ വംശജരല്ലാത്ത കുറഞ്ഞത് അഞ്ച് സുഹൃത്തുക്കളെയെങ്കിലും നിങ്ങളോടൊപ്പം കൊണ്ടുവരണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ നിങ്ങളുടെ സുഹൃത്തുക്കളെ ഇന്ത്യ സന്ദർശിക്കാനും ഇന്ത്യ അനുഭവിക്കാനും പ്രചോദിപ്പിക്കുക.

സുഹൃത്തുക്കളേ,

എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്, പ്രത്യേകിച്ച് പ്രവാസികളായ എല്ലാ യുവ സുഹൃത്തുക്കളോടും. ഇന്ത്യയെക്കുറിച്ച് കൂടുതലറിയാൻ ക്വിസിൽ പങ്കെടുക്കൂ. ഇത് ഇന്ത്യയെ നന്നായി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. 'സ്റ്റഡി ഇൻ ഇന്ത്യ' പ്രോഗ്രാമിൽ നിന്ന് പ്രയോജനം നേടുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണം. പ്രവാസി യുവാക്കൾ പ്രയോജനപ്പെടുത്തേണ്ട മറ്റൊരു മികച്ച അവസരമാണ് ഐസിസിആർ സ്കോളർഷിപ്പ് പദ്ധതി.

സുഹൃത്തുക്കളേ,

നിങ്ങൾ താമസിക്കുന്ന രാജ്യങ്ങളിൽ, ഇന്ത്യയുടെ യഥാർത്ഥ ചരിത്രം പ്രചരിപ്പിക്കുന്നതിൽ നിങ്ങൾ നേതൃത്വം വഹിക്കണം. പല രാജ്യങ്ങളിലെയും ഇന്നത്തെ തലമുറയ്ക്ക് നമ്മുടെ സമൃദ്ധിയെക്കുറിച്ചും, അടിമത്തത്തിന്റെ ദീർഘകാലത്തെക്കുറിച്ചും, നമ്മുടെ പോരാട്ടങ്ങളെക്കുറിച്ചും അറിയില്ല. ഇന്ത്യയുടെ യഥാർത്ഥ ചരിത്രം ലോകവുമായി പങ്കുവെക്കാൻ നിങ്ങൾക്ക് സഹായിക്കാനാകും.

സുഹൃത്തുക്കളെ,

ഇന്ന് ഇന്ത്യ 'വിശ്വബന്ധു' എന്നറിയപ്പെടുന്നു. ഈ ആഗോള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, നിങ്ങളുടെ ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ താമസിക്കുന്ന രാജ്യത്ത്, നിങ്ങൾക്ക് അവാർഡ് ചടങ്ങുകൾ സംഘടിപ്പിക്കാൻ കഴിയും. ഈ അവാർഡുകൾ നിങ്ങൾ താമസിക്കുന്ന രാജ്യത്തെ തദ്ദേശവാസികൾക്കുള്ളതായിരിക്കാം. സാഹിത്യം, കല, കരകൗശലം, സിനിമ, നാടകം, അല്ലെങ്കിൽ മറ്റേതെങ്കിലും മേഖല എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ നിങ്ങൾക്ക് ആദരിക്കാം. ഈ നേട്ടം കൈവരിച്ചവരെ ക്ഷണിച്ച് ഇന്ത്യയിലെ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് അവാർഡുകളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുക. ആ രാജ്യത്തെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിങ്ങളെ സഹായിക്കുന്നതിൽ വളരെ സന്തോഷിക്കും. ഇത് ആ രാജ്യത്തെ ജനങ്ങളുമായുള്ള നിങ്ങളുടെ വ്യക്തിപരമായ ബന്ധം ശക്തിപ്പെടുത്തുകയും അവരുമായുള്ള നിങ്ങളുടെ വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,

പ്രാദേശിക ഉൽപ്പന്നങ്ങൾ ആഗോളമാക്കുന്നതിൽ നിങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. "ഇന്ത്യയിൽ നിർമ്മിച്ച" ഭക്ഷണ പാക്കറ്റുകൾ, വസ്ത്രങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും ഉൽപ്പന്നം വാങ്ങാൻ ശ്രദ്ധിക്കുക. നിങ്ങളുടെ രാജ്യത്ത് ചില ഇനങ്ങൾ ലഭ്യമല്ലെങ്കിൽ, അവ ഓൺലൈനായി ഓർഡർ ചെയ്യുക. നിങ്ങളുടെ അടുക്കളയിലും, ഡ്രോയിംഗ് റൂമിലും, സമ്മാനങ്ങളായും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുക. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നിങ്ങളുടെ എല്ലാവരുടെയും വലിയ സംഭാവനയായിരിക്കും ഇത്.

സുഹൃത്തുക്കളെ,

അമ്മയുമായും ഭൂമി മാതാവുമായും ബന്ധപ്പെട്ട് എനിക്ക് ഒരു അപേക്ഷ കൂടിയുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഗയാന സന്ദർശിച്ചു, അവിടെ നമ്മുടെ അമ്മയുടെ പേരിൽ ഒരു മരം നടാനുള്ള ഒരു സംരംഭത്തിൽ പ്രസിഡന്റിനൊപ്പം ഞാൻ പങ്കെടുത്തു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം തന്നെ ഇത് ചെയ്യുന്നുണ്ട്. നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങളുടെ അമ്മയുടെ പേരിൽ ഒരു മരമോ തൈയോ നടാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യയിൽ നിന്ന് നിങ്ങൾ തിരിച്ചെത്തുമ്പോൾ, ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ദൃഢനിശ്ചയം നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ ഒരുമിച്ച് ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കും.

2025 നിങ്ങൾക്കെല്ലാവർക്കും, ആരോഗ്യത്തിലും സമ്പത്തിലും അഭിവൃദ്ധി കൊണ്ടു വരട്ടെ. നിങ്ങൾക്കെല്ലാവർക്കും ഐശ്വര്യപൂർണ്ണവും സംതൃപ്തവുമായ ഒരു വർഷം ആശംസിക്കുന്നു. ഒരിക്കൽ കൂടി ഞാൻ നിങ്ങളെയെല്ലാം ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും എന്റെ ഹൃദയംഗമമായ ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നു.

ആശംസകൾ, വളരെ നന്ദി.

*****


(Release ID: 2140175) Visitor Counter : 2