Posted On:
27 JUN 2025 11:09AM by PIB Thiruvananthpuram
രാജ്യത്തെ യുവാക്കളുടെ ഡിജിറ്റൽ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനും സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കത്തിൽ, യുവജനകാര്യ കായിക മന്ത്രാലയം മൈ ഭാരത് പോർട്ടലിൽ (https://mybharat.gov.in) വാട്ട്സ്ആപ്പ് സംവിധാനം കൂട്ടിച്ചേർത്തു
വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് ഇപ്പോൾ മൈ ഭാരത് പോർട്ടലിൽ തത്സമയം ലഭ്യമാണ്. കൂടാതെ വാട്സ്ആപ്പ് (7289001515) വഴി നേരിട്ട് ബന്ധപ്പെടാനും കഴിയും. ഇത് ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമുമായി തത്സമയം സംവദിക്കുന്നതിന് കൂടുതൽ സുഗമവും ഉപയോക്തൃ-സൗഹൃദവുമായ മാർഗം വാഗ്ദാനം ചെയ്യുന്നു. ഈ പുതുക്കിയ സവിശേഷതകൾ പോർട്ടലിലൂടെ സന്നദ്ധസേവന അവസരങ്ങൾ അനുഭവപരിചയ പഠന പരിപാടികൾ എന്നിവ കണ്ടെത്തൽ , സി വി സൃഷ്ടിക്കൽ, മെന്റർഷിപ്പ്, സ്ഥാപനങ്ങളിൽ ചേരൽ എന്നിവയ്ക്ക് പുറമെ പോർട്ടലിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാനും മൈഭാരത് പിന്തുണ നേടാനും രജിസ്റ്റർ ചെയ്ത എല്ലാ
മൈ ഭാരത് ഉപയോക്താക്കൾക്കും അവസരം നൽകുന്നു.
വാട്ട്സ്ആപ്പ് ചാറ്റ്ബോട്ടിൽ സെഷൻ ആരംഭിക്കാൻ, വ്യക്തികൾ 7289001515 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന സന്ദേശം അയയ്ക്കേണ്ടതുണ്ട്. വ്യക്തിഗത ലോഗ് ഇൻ ഐഡന്റിറ്റി, ഒടിപി വഴി തിരിച്ചറിയുകയും സംവേദന സെഷൻ ആരംഭിക്കുകയും ചെയ്യും.
ഇൻ-ആപ്പ് രജിസ്ട്രേഷനുകൾ, അറിയിപ്പുകളും ഡൗൺലോഡിങ് സൗകര്യവും, പരിപാടികളുടെ പങ്കാളിത്തത്തിനായുള്ള മാധ്യമ അപ്ലോഡുകൾ, പരിപാടികളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ, ഫോളോ-അപ്പ്, പ്രൊഫൈൽ / ടാസ്ക് പൂർത്തീകരണം തുടങ്ങിയ നിരവധി പുതിയ സവിശേഷതകൾ സമീപഭാവിയിൽ അവതരിപ്പിക്കും. ഇടപാട് സേവനങ്ങൾക്ക് പുറമേ, സ്വയമേവ ഓർമ്മപ്പെടുത്തലുകൾ അയയ്ക്കാനും സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ എന്നിവ നൽകാനും ചാറ്റ്ബോട്ടിനെ ഉപയോഗിക്കാം. പ്രചാരണ പരിപാടികളുടെ ഉള്ളടക്കം, പരിപാടികളുടെ പ്രധാന സവിശേഷതകൾ എന്നിവപ്രക്ഷേപണം ചെയ്യാനും ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങൾ, മികച്ച രീതികൾ തുടങ്ങിയ വിഷയങ്ങളിൽ യുവാക്കളെ അവബോധമുള്ളവരാക്കാനും സജീവമായി പങ്കാളികളാക്കാനും ടൂൾ കിറ്റുകൾ എന്നിവയും ഇത് വഴി ലഭ്യമാക്കും
യുവാക്കൾക്കുള്ള പ്രധാന നേട്ടങ്ങൾ:
•വാട്ട്സ്ആപ്പ് വഴി മൈ ഭാരത് സേവനങ്ങളിലേക്കുള്ള സൗകര്യപ്രദമായ പ്രവേശന ക്ഷമത
•വേഗത്തിലുള്ള ഓൺബോർഡിംഗ്, പരിപാടികളിൽ പങ്കാളിത്തം, ആപ്ലിക്കേഷൻ ട്രാക്കിംഗ്
•തത്സമയ വിവരങ്ങളും ഓർമ്മപ്പെടുത്തലുകളും
•ലളിതമായ പ്രശ്ന റിപ്പോർട്ടിംഗും പരിഹാര പിന്തുണയും
•അവസരങ്ങൾ, പദ്ധതികൾ, മികച്ച രീതികൾ എന്നിവയെക്കുറിച്ചുള്ള പതിവ് പ്രക്ഷേപണങ്ങൾ
•ദേശീയ പരിപാടികളുമായി ബന്ധം നിലനിർത്തുന്നതിന് പരിചിതമായ, മൊബൈൽ- ഇന്റർഫേസ്
പൊതു സേവനങ്ങൾ
യുവാക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പൊതു സേവനങ്ങളെ ഉൾപ്പെടുത്തി, യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയെ ഈ വാട്സ്ആപ്പ് സംവിധാനത്തിന്റെ സംയോജനം ശക്തിപ്പെടുത്തുന്നു. ഇത് യുവാക്കൾക്ക് മന്ത്രാലയവുമായി ബന്ധം നിലനിർത്താനും ആശയവിനിമയം നടത്താനും പദ്ധതികളെ കുറിച്ച് അവബോധം ഉള്ളവർ ആയിരിക്കാനും സഹായിക്കുന്നു .
കേന്ദ്ര യുവജന കാര്യമന്ത്രാലയത്തിന് രാജ്യത്തെ യുവജനശക്തിയുമായി ആശയവിനിമയം സൃഷ്ടിക്കുന്നതിനുള്ള ഒരു സ്ഥാപനസംവിധാനം എന്ന നിലയിൽ കേന്ദ്ര ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ (DICI) വികസിപ്പിച്ചെടുത്ത ഒരു സാങ്കേതിക പ്ലാറ്റ്ഫോമാണ് മൈ ഭാരത്. 'സേവന ഭാവം ', 'കർതവ്യ ബോധം ' എന്നീ ഇന്ത്യൻ തത്വങ്ങളിൽ അധിഷ്ഠിതമായി യുവാക്കളെ ശാക്തീകരിക്കുക എന്ന പ്രധാന ഉദ്ദേശ്യത്തോടെ രൂപകല്പന ചെയ്തിരിക്കുന്നതാണ് ഈ പ്ലാറ്റ്ഫോം. വിവിധ സന്നദ്ധപ്രവർത്തനങ്ങളിലും പഠന പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിനും, വിദഗ്ധരിൽ നിന്ന് മാർഗനിർദേശം നേടുന്നതിനും, യുവാക്കൾക്ക് പ്രൊഫൈലും സി വി യും സൃഷ്ടിക്കുന്നതിനും, മറ്റ് യുവാക്കളുമായി ബന്ധപ്പെടുന്നതിനും വിഭവ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള അവസരങ്ങൾ ഈ പ്ലാറ്റ്ഫോം നൽകുന്നു.