മന്ത്രിസഭ
azadi ka amrit mahotsav

പുണെ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിനും ഒന്നാംഘട്ടത്തിന്റെ (വനാസ്-രാംവാഡി) വിപുലീകരണത്തിനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


രണ്ടാംഘട്ടം വനാസ് മുതൽ ചാന്ദിനി ചൗക്ക് (ഇടനാഴി 2A) വരെയും രാംവാഡി മുതൽ വാഘോളി/വിഠ്ഠൽവാഡി (ഇടനാഴി 2B) വരെയും

Posted On: 25 JUN 2025 3:08PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം പുണെ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിനും ഒന്നാംഘട്ടത്തിന്റെ വിപുലീകരണത്തിനും അംഗീകാരം നൽകി. വനാസ് മുതൽ ചാന്ദ്നി ചൗക്ക് (ഇടനാഴി 2A) വരെയും, രാംവാഡി മുതൽ വാഘോളി/വിഠ്ഠൽവാഡി (ഇടനാഴി 2B) വരെയുമാണു രണ്ടാംഘട്ടം. വനാസ്-രാംവാഡി ഇടനാഴിയാണ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി വിപുലീകരിക്കുന്നത്. ഈ രണ്ട് ഉയരപ്പാതകളും 12.75 കിലോമീറ്റർ ദൈർഘ്യമുള്ളതും 13 സ്റ്റേഷനുകൾ ഉൾപ്പെടുന്നതുമാണ്. ഇവ അതിവേഗം വികസിക്കുന്ന പ്രാന്തപ്രദേശങ്ങളായ ചാന്ദ്നി ചൗക്ക്, ബാവ്ധൻ, കൊഥ്രൂഡ്, ഖരാഡി, വാഘോളി എന്നിവയെ ബന്ധിപ്പിക്കുന്നു. നാലുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.

3626.24 കോടിരൂപയാണു പദ്ധതിച്ചെലവു കണക്കാക്കുന്നത്. ഇത് ഇന്ത്യാഗവൺമെന്റും മഹാരാഷ്ട്ര ഗവണ്മെന്റും ബാഹ്യ ഉഭയകക്ഷി/ബഹുരാഷ്ട്ര ഏജൻസികളും തുല്യമായി പങ്കിടും. നിലവിലുള്ള ഇടനാഴി-2ന്റെ യുക്തിസഹമായ വിപുലീകരണമാണു തന്ത്രപരമായ ഈ നിർദേശം. മാത്രമല്ല, പുണെയിലെ കിഴക്ക്-പടിഞ്ഞാറൻ ബഹുജന ഗതാഗതം ശക്തിപ്പെടുത്തുന്നതിനായി, ചാന്ദ്നി ചൗക്ക്‌മുതൽ വാഘോളിവരെയുള്ള തുടർച്ചയായ മെട്രോ ഇടനാഴി വിഭാവനം ചെയ്യുന്ന സമഗ്ര ഗതാഗത പദ്ധതിയുമായി (CMP) ഇതു യോജിക്കുന്നു.

ഈ വിപുലീകരണങ്ങൾ പ്രധാന ഐടി ഹബ്ബുകൾ, വാണിജ്യമേഖലകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, പാർപ്പിടമേഖലകൾ എന്നിവയ്ക്കു ഗതാഗതസൗകര്യമൊരുക്കും. ഇതു മെട്രോ ശൃംഖലയിലുടനീളം പൊതുഗതാഗതത്തിന്റെ പങ്കു വർധിപ്പിക്കുകയും യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാക്കുകയും ചെയ്യും. പുതിയ ഇടനാഴികൾ ജില്ലാ കോടതി ഇന്റർചെയ്ഞ്ച് സ്റ്റേഷനിൽ പാത-1 (നിഗ്ഡി–കാത്രജ്), പാത-3 (ഹിഞ്ജ്വഡി–ജില്ലാ കോടതി) എന്നിവയുമായി സംയോജിപ്പിച്ചു തടസ്സമില്ലാത്ത ബഹുതല നഗരയാത്ര സാധ്യമാക്കും.

ദീർഘകാല ഗതാഗതപദ്ധതിക്കുകീഴിൽ, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ ചാന്ദിനി ചൗക്കിൽ സംയോജിപ്പിക്കും. അതേസമയം അഹില്യ നഗർ, ഛത്രപതി സംഭാജി നഗർ എന്നിവിടങ്ങളിൽ നിന്നുള്ളവയെ വാഘോളിയിൽ ബന്ധിപ്പിക്കും. ഇതു യാത്രക്കാർക്കു പുണെ മെട്രോ സംവിധാനത്തിലേക്ക് എളുപ്പത്തിൽ പ്രവേശനം അനുവദിക്കുന്നു. പോഡ് റോഡ്, നഗർ റോഡ് പോലുള്ള പ്രധാന റോഡുകളിലെ തിരക്കു കുറയ്ക്കാൻ ഈ വിപുലീകരണങ്ങൾ സഹായിക്കും, സുരക്ഷിതവും വേഗതയേറിയതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗങ്ങൾ ഇതു വാഗ്ദാനം ചെയ്യുന്നു.

ഈ ഇടനാഴികൾ പൂർത്തിയായശേഷം, പാത-2ൽ 2027ൽ 0.96 ലക്ഷം, 2037ൽ 2.01 ലക്ഷം, 2047ൽ 2.87 ലക്ഷം, 2057ൽ 3.49 ലക്ഷം എന്നിങ്ങനെ പ്രതിദിനയാത്രക്കാരുടെ എണ്ണം വർധിക്കുമെന്നു കണക്കാക്കപ്പെടുന്നു. മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡാകും (മഹാ-മെട്രോ) ഈ പദ്ധതി നടപ്പാക്കുക. സിവിൽ, ഇലക്ട്രോ-മെക്കാനിക്കൽ, അനുബന്ധ ജോലികളും മഹാ-മെട്രോ നിർവഹിക്കും. ടോപ്പോഗ്രാഫിക്കൽ സർവേ, വിശദമായ രൂപകൽപ്പന കൺസൾട്ടൻസി തുടങ്ങിയ നിർമാണപൂർവ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു.

പുണെയുടെ സാമ്പത്തിക സാധ്യതകൾ തുറക്കുന്നതിനും, നഗര ഗതാഗത അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും, മെട്രോപൊളിറ്റൻ മേഖലയിലുടനീളം സുസ്ഥിരവും സമഗ്രവുമായ വികസനത്തിനു ഗണ്യമായി സംഭാവനയേകുന്നതിനുമാണു തന്ത്രപരമായ ഈ വിപുലീകരണം ലക്ഷ്യമിടുന്നത്.

image.jpeg

***

NK


(Release ID: 2139550)