വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, തൻ്റെ ഭരണ കാലയളവിലെ രണ്ടാം വർഷത്തിൽ നടത്തിയ 51 പ്രഭാഷണങ്ങളുടെ ക്യൂറേറ്റ് ചെയ്ത സമാഹാരം രക്ഷാ മന്ത്രി പ്രകാശനം ചെയ്തു
'വിംഗ്സ് ടു ഔവർ ഹോപ്സ് (വാല്യം-II)' വികസിത ഭാരതം സൃഷ്ടിക്കുന്നതിനുള്ള മാർഗദർശിയാകും: ശ്രീ രാജ്നാഥ് സിംഗ്
"ഇന്ത്യയിൽ സ്ത്രീകൾ നയിക്കുന്ന വികസനത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രാഷ്ട്രപതി മുർമു"
ഈ പുസ്തകം,രാഷ്ട്രപതിയുടെ ജനക്ഷേമ ആശയങ്ങൾ വരും തലമുറകൾക്ക് പരിചയപ്പെടുത്തുമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്
Posted On:
23 JUN 2025 5:56PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിൻ്റെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള 51 പ്രഭാഷണങ്ങളുടെ ക്യൂറേറ്റഡ് സമാഹാരമായ ‘വിംഗ്സ് ടു ഔവർ ഹോപ്സ് (വാല്യം-II)’ എന്ന പുസ്തകവും അതിന്റെ ഇ-പതിപ്പും രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് 2025 ജൂൺ 23-ന് പ്രകാശനം ചെയ്തു. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ശ്രീ എൽ മുരുകൻ എന്നിവരും പങ്കെടുത്തു. രാഷ്ട്രപതിയുടെ ഭരണകാലത്തെ രണ്ടാം വർഷത്തിൽ (ഓഗസ്റ്റ് 2023 - ജൂലൈ 2024) അവർ നടത്തിയ പ്രഭാഷണങ്ങൾ അവരുടെ ദർശനം, തത്ത്വചിന്ത, മുൻഗണനകൾ എന്നിവയിലേക്കുള്ള ഒരു ജാലകം പ്രദാനം ചെയ്യുന്നു.
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ഗവൺമെന്റ് കാഴ്ചപ്പാടിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന വിധത്തിൽ രാഷ്ട്രത്തോടുള്ള അഭിസംബോധന മുതൽ നൂതനാശയങ്ങളെക്കുറിച്ച് സർവകലാശാലകളിൽ നടത്തിയ പ്രസംഗങ്ങളും രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീകളുടെ സംഭാവന, സമത്വം, സാംസ്കാരിക പൈതൃകം എന്നീ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും ഉൾപ്പെടുന്നതാണ് ഈ സമാഹാരമെന്ന് രക്ഷാ മന്ത്രി വിവരിച്ചു. “നമ്മുടെ മഹത്തായ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം പുരോഗമന ചിന്തകളോടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു വഴികാട്ടിയായി ഈ പുസ്തകം മാറും. രാജ്യത്തിലെ വൈവിധ്യത്തിന്റെ പ്രാധാന്യവും പിന്നാക്കം നിൽക്കുന്നവരുടെ ബുദ്ധിമുട്ടുകളും ശ്രീമതി ദ്രൗപദി മുർമുവിന് അറിയാമെന്നും ഈ പുസ്തകം സമത്വത്തിന്റെ ചൈതന്യത്തെ പ്രഖ്യാപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നാഗരികത മുതൽ സംസ്കാരം വരെ, മതം മുതൽ ശാസ്ത്രം വരെ, കല മുതൽ സാഹിത്യം വരെ, വിദ്യാഭ്യാസം മുതൽ ആരോഗ്യം വരെ, ഭൂതകാലം മുതൽ ഭാവി വരെ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളെക്കുറിച്ചുള്ള രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിന്റെ അറിവിന്റെയും ആശയങ്ങളുടെയും സംയോജനമാണ് ഈ പുസ്തകമെന്ന് ശ്രീ രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. ഭാവി തലമുറകൾക്ക് പ്രയോജനകരമായ ഈ പുസ്തകത്തിന്റെ ഉൾക്കൊള്ളൽ സ്വഭാവത്തെ ഇന്ത്യയുടെ സ്വഭാവത്തിന്റെ പ്രതിഫലനമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
രാഷ്ട്രപതിയുടെ ചില ചിന്തകളെക്കുറിച്ച് രക്ഷാ മന്ത്രി പ്രത്യേകം പരാമർശിച്ചു. അവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നയിക്കുന്ന ഗവൺമെന്റിന്റെ ദേശീയ മുൻഗണനകളാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇവയിൽ ചിലത് :
- പൈതൃകത്തോടൊപ്പം വികസനവും എന്നത് നമ്മുടെ സംസ്കാരത്തിന്റെയും നാഗരികതയുടെയും സ്വത്വമാണ്. നമ്മുടെ വ്യക്തി ജീവിതത്തിന്റെയും പൊതുജീവിതത്തിന്റെയും നെടുംതൂണാണ് ധാർമികത
- എല്ലാവരും, പ്രത്യേകിച്ച് പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും, നിസ്വാർത്ഥ സേവനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മനോഭാവം പുലർത്തണം.
- നീതിന്യായ വ്യവസ്ഥയും ഭരണകൂടവും സാധാരണ ജനങ്ങളോട് സംവേദനക്ഷമതയുള്ളവരായിരിക്കണം.
- വികസനത്തിന്റെ എല്ലാ തലങ്ങളിലും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
- ആധുനിക ലോകവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിൽ വസുധൈവ കുടുംബകം എന്ന മനോഭാവത്തോടെ ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുന്നു.
ഇന്ത്യയിലെ സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെ ശ്രീ രാജ്നാഥ് സിംഗ് വിശേഷിപ്പിച്ചു. സായുധ സേനയുടെ പരമോന്നത കമാൻഡറുടെ നേതൃത്വത്തിൽ ഇന്ത്യൻ സൈനികർ ചരിത്രപരമായ ഓപ്പറേഷൻ സിന്ദൂർ നടത്തി. എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കുകയും ഭീകരരുടെ മനസ്സിൽ ഭയം സൃഷ്ടിക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. സായുധ സേനാംഗങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി അക്ഷീണം പ്രവർത്തിച്ചതിനും അദ്ദേഹം രാഷ്ട്രപതിയെ പ്രകീർത്തിച്ചു . "എല്ലാവർക്കും വിദ്യാഭ്യാസവും തുല്യ അവകാശങ്ങളും അവസരങ്ങളും ലഭ്യമാക്കുന്നതിന് സ്വന്തം ജീവിതത്തിലൂടെ രാഷ്ട്രപതി മുർമു പ്രചോദനാത്മകമായ ഒരു മാതൃക സൃഷ്ടിച്ചു. ധൈര്യം, കഠിനാധ്വാനം, പൊതുസേവനം, ആത്മീയത എന്നിവയുടെ ആദർശങ്ങൾ രാഷ്ട്രപതിയുടെ ജീവിതത്തിൽ ദൃശ്യമാണ്, അതെല്ലാം അവരുടെ പ്രസംഗങ്ങളിലും വായിക്കാൻ കഴിയും," അദ്ദേഹം കൂട്ടിച്ചേർത്തു.
'വിങ്സ് ടു ഔർ ഹോപ്സ് (വാല്യം -II )' എന്ന പുസ്തകം രാജ്യത്തെ ' പ്രഥമ പൗരന്റെ' വീക്ഷണകോണിൽ നിന്ന് സമകാലിക വിഷയങ്ങൾ മനസ്സിലാക്കുന്ന രീതിയെ കാണിച്ചുതരുന്നതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചു. രാഷ്ട്രപതിയുടെ പൊതുജനക്ഷേമ ആശയങ്ങൾ ഈ പുസ്തകം ഭാവി തലമുറകൾക്ക് പരിചയപ്പെടുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ ജീവിതത്തിൽ നിന്നുള്ള ചില പ്രചോദനാത്മക നിമിഷങ്ങൾ എടുത്തുപറഞ്ഞ ശ്രീ അശ്വിനി വൈഷ്ണവ്, ജൂൺ 20 ന് രാഷ്ട്രപതി തന്റെ ജന്മദിനത്തിൽ ഡെറാഡൂണിലെ കാഴ്ച പരിമിതരുടെ ശാക്തീകരണത്തിനായുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കാര്യം അനുസ്മരിച്ചു. കാഴ്ച പരിമിതരായ കുട്ടികളുടെ കലാ പ്രകടനം വീക്ഷിച്ച അവർ വളരെയധികം വികാരഭരിതയായിരുന്നു. " രാഷ്ട്രപതിയുടെ ലാളിത്യം, സംവേദനക്ഷമത, ജനങ്ങളോടുള്ള സേവനമനോഭാവം എന്നിവ ഏവർക്കും പ്രചോദനാത്മകമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രപതി ഭവൻ സമാഹരിച്ച് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പബ്ലിക്കേഷൻസ് ഡിവിഷൻ പ്രസിദ്ധീകരിച്ച ഈ രണ്ടാം വാല്യം ആദ്യ വാല്യത്തിന് സമാനമായി ഭരണം, ഉൾക്കൊള്ളൽ, ദേശീയ അഭിലാഷങ്ങൾ എന്നിവയെക്കുറിച്ച് ഉയർന്നുവരുന്ന ചർച്ചകളെ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, പബ്ലിക്കേഷൻസ് ഡിവിഷൻ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ഭൂപേന്ദ്ര കൈന്തോള, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
*****
(Release ID: 2139096)