രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ദേശീയ  ബിരുദ ദാന സമ്മേളനത്തിൽ രാഷ്ട്രപതി പങ്കെടുത്തു

Posted On: 23 JUN 2025 1:25PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ജൂൺ 23, 2025) ന്യൂഡൽഹിയിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ദേശീയ  ബിരുദ ദാന സമ്മേളനത്തിൽ പങ്കെടുത്തു.

 അക്കൗണ്ടിംഗും വിശ്വാസ്യതയും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ, അക്കൗണ്ടന്റുമാർക്ക് സമൂഹത്തിൽ ഉയർന്ന ആദരമുള്ളതായി നമ്മുടെ ചരിത്രത്തിൽ കാണാമെന്നു ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. വിശ്വാസ്യതയെ നമ്മൾ  വിലമതിക്കുന്നു; അതിനാൽ, അക്കൗണ്ടിംഗിന് പ്രത്യേക പ്രാധാന്യം നൽകുന്നതായും  രാഷ്‌ട്രപതി പറഞ്ഞു

ആധുനിക കാലത്ത്, ഈ സമ്പന്നമായ പൈതൃകം, മറ്റുള്ളവർക്കൊപ്പം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുന്നതായി രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റുമാരുടെ തൊഴിലിന്റെ നിയന്ത്രണത്തിനും വികസനത്തിനുമായി 1944 ലാണ് ഐസിഎംഎഐ സ്ഥാപിതമായത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിന് ഇത് നിർണായകമായി മാറി. യഥാർഥത്തിൽ, ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യയെ മാറ്റുന്നതിൽ ഇത് വളരെ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.


പൊതു ശ്രദ്ധയിൽപ്പെടാതെയാണ് ഈ സ്ഥാപനം അതിന്റെ പങ്ക് വഹിക്കുന്നതെങ്കിലും സാമ്പത്തിക, കോർപ്പറേറ്റ് മേഖലയിലെ വിദഗ്ധർ നമ്മുടെ വ്യാവസായിക വളർച്ചയിൽ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റുമാരുടെ സംഭാവനകളുടെ പ്രാധാന്യത്തെ വിലമതിക്കുന്നു. ചെലവ് കുറഞ്ഞ തന്ത്രങ്ങൾ, സംവിധാനങ്ങൾ, പ്രവർത്തന രീതികൾ എന്നിവ വികസിപ്പിക്കുന്നതിൽ നയരൂപകർത്താക്കൾക്കും, കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകൾക്കും, വിവിധ സംഘടനകൾക്കും അമൂല്യമായ പിന്തുണ നൽകുന്നതിനാൽ രാജ്യത്തിന്റെ പുരോഗതിയിൽ ഐസിഎംഎഐ ഒരു നിർണായക ഘടകമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. അതേസമയം, ഫാക്ടറികളിലെ കോസ്റ്റ് അക്കൗണ്ടിംഗിൽ നിന്ന് ബോർഡ് റൂമുകളിലെ മാനേജ്മെന്റ് അക്കൗണ്ടിംഗിലേക്ക് സിഎംഎകളുടെ പ്രവർത്തനങ്ങൾ വിപുലമായിട്ടുണ്ട്.

ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. സുസ്ഥിരത ഇനി ഒരു മുദ്രാവാക്യമല്ല; അത് ഒരു ആവശ്യകതയായി മാറിയിരിക്കുന്നു. ലാഭം മാത്രം ലക്ഷ്യം വച്ചുകൊണ്ട് കോർപ്പറേറ്റ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ അവർ പാരിസ്ഥിതിക സംരക്ഷണത്തിനുള്ള ചെലവുകൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. ഇവിടെയാണ് സി‌എം‌എകൾക്ക് അവരുടെ ശേഷി ഉപയോഗിച്ച് ഭൂമിയുടെ ഭാവിയിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിയുന്നത്.

സാമ്പത്തിക അക്കൗണ്ടിംഗിന് ഉപരിയായി ഉത്തരവാദിത്വങ്ങൾ വളരെയുണ്ടെന്ന് മനസ്സിലാക്കണമെന്ന് രാഷ്ട്രപതി വിദ്യാർത്ഥികളെ ഉപദേശിച്ചു. 2047 ഓടെ ഇന്ത്യയെ വികസിത ഭാരതമാക്കി മാറ്റുന്നതിൽ കോസ്റ്റ് അക്കൗണ്ടന്റുമാർ എന്ന നിലയിൽ അവർക്ക് സംഭാവന ചെയ്യാൻ  കഴിയുമെന്നും രാഷ്ട്രപതി പറഞ്ഞു. ഐ‌സി‌എം‌എ‌ഐ നൽകുന്ന വിദ്യാഭ്യാസം വിദ്യാർഥികളെ  വിജയികളായ പ്രൊഫഷണലുകൾ മാത്രമല്ല, രാഷ്ട്രനിർമ്മാതാക്കളും ആകാൻ പ്രാപ്തരാക്കുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
SKY
 
******

(Release ID: 2138924)