പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-ക്രൊയേഷ്യ പ്രധാനമന്ത്രിമാരുടെ പ്രസ്താവന
Posted On:
19 JUN 2025 5:57PM by PIB Thiruvananthpuram
ക്രൊയേഷ്യൻ റിപ്പബ്ലിക്ക് പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ചിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂൺ 18 ന് ക്രൊയേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ പ്രഥമ ക്രൊയേഷ്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ബന്ധം ശക്തിപ്പെടുത്തുന്നതിന് ആക്കം കൂട്ടുന്നതായിരുന്നു.
ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും, ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തം, ബഹുമുഖ വേദികളിലെ സഹകരണം എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി പ്ലെൻകോവിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയും സമഗ്രമായ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത, സമത്വം തുടങ്ങിയ പൊതുവായ മൂല്യങ്ങളിൽ അധിഷ്ഠിതമായ അടുത്തതും സൗഹൃദപരവുമായ ബന്ധമാണ് ഇന്ത്യയും ക്രൊയേഷ്യയും തമ്മിലുള്ളതെന്ന കാര്യം ഇരു നേതാക്കളും അംഗീകരിച്ചു.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ഉഭയകക്ഷി ബന്ധത്തിന് പുതിയ ഉണർവ് നൽകി. പ്രത്യേകിച്ച് വിനോദസഞ്ചാരം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പരസ്പര പൂരകത്വം ഈ സന്ദർശനം എടുത്തുകാട്ടി. (i) കാർഷിക സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം; (ii) ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണ പരിപാടി; (iii) സാംസ്കാരിക വിനിമയ പരിപാടി (iv) സാഗ്രെബ് സർവകലാശാലയിൽ ഹിന്ദി ചെയർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം എന്നിവ ഒപ്പുവെച്ചതിനെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളുടെയും ദീർഘകാല സമുദ്ര പാരമ്പര്യങ്ങൾ കണക്കിലെടുത്ത് തുറമുഖങ്ങളിലും ഷിപ്പിംഗ് മേഖലകളിലും സഹകരണം വിപുലമാക്കാൻ നേതാക്കൾ സമ്മതമറിയിച്ചു. മധ്യ യൂറോപ്പിലേക്കുള്ള മെഡിറ്ററേനിയൻ കവാടമായി ക്രൊയേഷ്യ പ്രവർത്തിക്കുന്നതിന്റെ സാധ്യതകൾ കൂടുതൽ പര്യവേക്ഷണം ചെയ്യാൻ ഇരുപക്ഷവും ധാരണയായി.
ഈ സാഹചര്യത്തിൽ, UNCLOS-ൽ പ്രതിഫലിക്കുന്ന സമുദ്ര നിയമത്തോടുള്ള പൂർണ്ണ ബഹുമാനം, പരമാധികാരം, പ്രാദേശിക അഖണ്ഡത, സഞ്ചാര സ്വാതന്ത്ര്യം എന്നീ തത്വങ്ങളോടുള്ള പ്രതിബദ്ധതയും അവർ ആവർത്തിച്ചുറപ്പിച്ചു. സമുദ്ര സുരക്ഷയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും ഇത് പ്രയോജനകരമാണ്.
ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിൽ, സംയുക്ത ഗവേഷണത്തിനും വികസനത്തിനുമായി ഇരു രാജ്യങ്ങളിലെയും ശാസ്ത്ര സ്ഥാപനങ്ങളെയും സർവകലാശാലകളെയും ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രിമാർ എടുത്തുപറഞ്ഞു. ദീർഘകാല ഗവേഷണ സഹകരണങ്ങൾക്കായി യുവ ഗവേഷകരുടെ കൈമാറ്റം സുഗമമാക്കുന്നതിനും മികച്ച സമ്പ്രദായങ്ങൾ പങ്കിടുന്നതിനും പ്രായോഗിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും ശാസ്ത്ര സമൂഹത്തിൽ ശൃംഖലകൾ രൂപീകരിക്കുന്നതിനും ഇരുപക്ഷവും സന്നദ്ധത പ്രകടിപ്പിച്ചു.
പ്രതിരോധ സഹകരണത്തിനായുള്ള 2023 ലെ ധാരണാപത്രം ഒപ്പിട്ടത് ഇരു പ്രധാനമന്ത്രിമാരും ചൂണ്ടിക്കാട്ടുകയും പ്രതിരോധമേഖലയിലെ പരസ്പര ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സമ്മതിക്കുകയും ചെയ്തു. സഹകരണത്തിലൂടെയും പതിവ് ഇടപെടലുകളിലൂടെയും ദേശീയ പ്രതിരോധ വ്യവസായങ്ങൾ തമ്മിൽ സഹകരണത്തിനുള്ള അവസരങ്ങൾ തേടുന്നതിന് കൂടുതൽ ഊന്നൽ നൽകും.
ഡിജിറ്റൽ സാങ്കേതികവിദ്യ സഹകരണത്തിനുള്ള മറ്റൊരു പ്രധാന മേഖലയായി അംഗീകരിക്കപ്പെട്ടു. ഹെൽത്ത്‌കെയർ-ടെക്, അഗ്രി-ടെക്, ക്ലീൻ-ടെക്, നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഇൻകുബേഷൻ സെന്ററുകളും സ്റ്റാർട്ടപ്പുകളും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിലൂടെ ക്രൊയേഷ്യൻ - ഇന്ത്യൻ ശാസ്ത്രീയ ആവാസവ്യവസ്ഥകൾക്ക് പ്രയോജനം നേടാനാകും. സ്റ്റാർട്ടപ്പുകൾക്കിടയിൽ നൂതനാശയവും സഹകരണവും വളർത്തുന്നതിന് ഇന്ത്യ-ക്രൊയേഷ്യ സ്റ്റാർട്ടപ്പ് ബ്രിഡ്ജ് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരു പ്രധാനമന്ത്രിമാരും സമ്മതിച്ചു.
ശക്തമായ സാംസ്കാരിക വിനിമയത്തെ അംഗീകരിക്കുന്നതോടൊപ്പം, 2026-2030 കാലയളവിൽ സാംസ്കാരിക മേഖലയിലെ ഇടപെടൽ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിൽ ജനങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ശക്തമായ ഉപകരണമായി സംസ്കാരത്തെ അവർ അംഗീകരിച്ചു.
വിവിധ ഉഭയകക്ഷി സഹകരണ മേഖലകളിൽ വിപുലമായ ഇടപെടലിനെ പിന്തുണയ്ക്കുന്നതരത്തിലുള്ള നൈപുണ്യ വികസനത്തിന്റെയും ഉദ്യോഗസ്ഥരുടെ കൈമാറ്റത്തിന്റെയും പ്രാധാന്യം അംഗീകരിക്കുകയും ഇരു രാജ്യങ്ങളും തമ്മിൽ തൊഴിലാളികളുടെ കൈമാറ്റം സംബന്ധിച്ച ധാരണാപത്രം എത്രയും വേഗം ഒപ്പുവെക്കാൻ സമ്മതമറിയിക്കുകയും ചെയ്തു.
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യക്ക് നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും പ്രധാനമന്ത്രി മോദി, പ്ലെൻകോവിച്ചിനും ക്രൊയേഷ്യക്കും നന്ദി പറഞ്ഞു. അന്തർദേശീയവും അതിർത്തി കടന്നുള്ളതുമായ ഭീകരത ഉൾപ്പെടെ എല്ലാ എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരതയെയും അക്രമാസക്തമായ തീവ്രവാദത്തെയും ഇരുപക്ഷവും അപലപിച്ചു. ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം ആവർത്തിക്കുകയും അത്തരം പ്രവൃത്തികൾക്ക് ഒരു സാഹചര്യത്തിലും യാതൊരു ന്യായീകരണവും ഇല്ലെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഭീകരവാദികളെ പ്രോക്സികളായി ഉപയോഗിക്കുന്നതിനെ അപലപിക്കണമെന്നും അവർ ഊന്നിപ്പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകരവിരുദ്ധ തന്ത്രം, ഈ മേഖലയിലെ പ്രധാന അന്താരാഷ്ട്ര കൺവെൻഷനുകൾ, പ്രോട്ടോക്കോളുകൾ, ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രസക്തമായ പ്രമേയങ്ങൾ എന്നിവയുടെ പൂർണ്ണമായ നടപ്പാക്കലിനെ പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ സ്ഥിരമായ നിലപാട് അവർ പ്രകടമാക്കി. ഐക്യരാഷ്ട്രസഭ, എഫ്എടിഎഫ്, പ്രാദേശിക സംവിധാനങ്ങൾ എന്നിവയിലൂടെ ഭീകരവാദ ധനസഹായ ശൃംഖലകൾ തകർക്കാനും സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കാനും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനും കുറ്റവാളികളായ ഭീകരരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അവർ ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും ഭീകരരായി പ്രഖ്യാപിച്ച എല്ലാ വ്യക്തികൾക്കും ഭീകര സംഘടനകൾക്കും, അവരുമായി ബന്ധപ്പെട്ട രഹസ്യ ഗ്രൂപ്പുകൾക്കും, സഹായികൾക്കും, സ്പോൺസർമാർക്കും യുഎൻഎസ്സി ഉപരോധ സമിതിയുടെ കീഴിലുള്ള 1267 ഭീകരർക്കുമെതിരെ അനുയോജ്യമായ നടപടികൾ സ്വീകരിക്കാനും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.
യുക്രൈൻ യുദ്ധം ഉൾപ്പെടെ, പ്രാദേശികവും ആഗോളവുമായ പൊതു വിഷയങ്ങളിൽ ഇരു പ്രധാനമന്ത്രിമാരും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. അന്താരാഷ്ട്ര നിയമം, യുഎൻ ചാർട്ടർ തത്വങ്ങൾ, പ്രാദേശിക അഖണ്ഡത, പരമാധികാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിന് അവർ പിന്തുണ അറിയിച്ചു.
മധ്യേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളായതിൽ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിക്കുകയും ഇസ്രായേലും ഇറാനും തമ്മിൽ സംഘർഷം കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളെയും പരമാധികാരത്തോടുള്ള പരസ്പര ബഹുമാനത്തെയും അടിസ്ഥാനമാക്കി, സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവുമായ ഇന്തോ-പസഫിക് പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. ഫലപ്രദമായ പ്രാദേശിക സ്ഥാപനങ്ങളുടെ പിന്തുണയോടെ തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും ഇത് ഊന്നൽ നൽകുന്നു.
ബഹുരാഷ്ട്രവാദത്തോടുള്ള ശക്തമായ പ്രതിബദ്ധതയും നിയമങ്ങളിലധിഷ്ഠിതമായ അന്താരാഷ്ട്ര ക്രമത്തിനുള്ള പിന്തുണയും ഇരുപക്ഷവും ആവർത്തിച്ചു. ഐക്യരാഷ്ട്രസഭാ സംവിധാനത്തിൽ പ്രത്യേകിച്ച് യുഎൻ സുരക്ഷാ കൗൺസിലിൽ, അതിന്റെ സ്ഥിരം, താൽക്കാലിക വിഭാഗങ്ങളിൽ വികസനം ഉൾപ്പെടെയുള്ള അടിയന്തര പരിഷ്കാരങ്ങളുടെ ആവശ്യകത നേതാക്കൾ എടുത്തുപറഞ്ഞു. കൂടുതൽ ഉൾച്ചേർന്നതും സുതാര്യവും, ഫലപ്രദവും, ഉത്തരവാദിത്തമുള്ളതും, കാര്യക്ഷമവും, സമകാലീന ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായി കൂടുതൽ യോജിക്കുന്നതുമാക്കാൻ ഇത് സഹായകമാണ്.
ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും, തുറന്ന കമ്പോള സമ്പദ്‌വ്യവസ്ഥകളും, ബഹുസ്വര സമൂഹങ്ങളുമായ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഉണർവ് ലഭിച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. 2025 ഫെബ്രുവരിയിൽ യൂറോപ്യൻ യൂണിയൻ കമ്മീഷണർമാരുടെ ചരിത്രപരമായ ഇന്ത്യാ സന്ദർശന വേളയിൽ ധാരണയായതുപോലെ, ഈ വർഷത്തിനുള്ളിൽത്തന്നെ പരസ്പരം പ്രയോജനകരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കേണ്ടതിന്റെ പ്രാധാന്യം അവർ അടിവരയിട്ടു.
ക്രൊയേഷ്യ നൽകിയ ഊഷ്മളമായ ആതിഥ്യത്തിന് ഇന്ത്യ നന്ദി രേഖപ്പെടുത്തി. സന്ദർശനത്തിന്റെ ഫലപ്രാപ്തിയിൽ ഇരു പ്രധാനമന്ത്രിമാരും സംതൃപ്തി പ്രകടിപ്പിക്കുകയും, ഇന്ത്യയും ക്രൊയേഷ്യയും തമ്മിലുള്ള പങ്കാളിത്തം വിപുലമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു.
-SK-
(Release ID: 2137854)
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Kannada