തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

സൗജന്യവും സുരക്ഷിതവുമായ ഓൺലൈൻ സേവനങ്ങൾക്കായി ഔദ്യോഗിക ഇപിഎഫ്ഒ പോർട്ടലുകൾ ഉപയോഗിക്കണമെന്നും അനധികൃത ഏജന്റുമാരെ സമീപിക്കുന്നത് ഒഴിവാക്കണമെന്നും അംഗങ്ങളോട് ഇപിഎഫ്ഒ അഭ്യർത്ഥിച്ചു

Posted On: 16 JUN 2025 1:42PM by PIB Thiruvananthpuram

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ),  സേവനങ്ങൾ വേഗത്തിലും സുതാര്യമായും ഉപയോക്തൃ സൗഹൃദപരമായും ലഭ്യമാക്കുന്നതിനായി നിരവധി പരിഷ്കാരങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാ പങ്കാളികൾക്കും സുഗമവും സുരക്ഷിതവും കാര്യക്ഷമവുമായ സേവനങ്ങൾ നൽകാനുള്ള ഇപിഎഫ്ഒയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ നടപടികൾ.

 

KYC അഥവാ അംഗങ്ങളുടെ വിശദാംശങ്ങൾ തിരുത്തുന്നതിനും ട്രാൻസ്ഫർ ക്ലെയിമുകൾ സമർപ്പിക്കുന്നതിനും, ഒരു ലക്ഷം രൂപ വരെയുള്ള അഡ്വാൻസ് ക്ലെയിമുകളുടെ സ്വയം സെറ്റിൽമെന്റിനുള്ള നടപടികൾക്കും, പെൻഷൻ വിതരണ പ്രക്രിയ ലളിതമാക്കുന്നതിനുള്ള കേന്ദ്രീകൃത പെൻഷൻ പേയ്‌മെന്റ് സിസ്റ്റം (CPPS) എന്നിവയ്‌ക്കുമായി ഇപിഎഫ്ഒ സമീപകാലത്ത് സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

 

രോഗം, ഭവനം, വിവാഹം, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങളുടെ അഡ്വാൻസുകൾക്കുള്ള ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് പരിധി ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. അതിന്റെ ഫലമായി 2024-25 സാമ്പത്തിക വർഷത്തിൽ 2.34 കോടി ക്ലെയിമുകൾ ഓട്ടോ മോഡിൽ തീർപ്പാക്കി. ഭൂരിഭാഗം കേസുകളിലും തൊഴിലുടമയുടെ അംഗീകാരത്തിന്റെ നിബന്ധന ഒഴിവാക്കിക്കൊണ്ട് 15.01.2025 മുതൽ ട്രാൻസ്ഫർ ക്ലെയിം പ്രക്രിയ ലളിതമാക്കിയിട്ടുണ്ട്.

 

 അംഗങ്ങളുടെ പ്രൊഫൈൽ തിരുത്തലിനായി നൽകിയിട്ടുള്ള ഓൺലൈൻ സൗകര്യം ആധാർ പ്രാമാണീകരണം ഉപയോഗിച്ച് ലളിതമാക്കിയിട്ടുണ്ട്. അംഗങ്ങളുടെ പ്രൊഫൈൽ തിരുത്തലിനായി തൊഴിലുടമയെയും ഇപിഎഫ്ഒയെയും ആശ്രയിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. അംഗങ്ങൾക്ക് അവരുടെ യുഎഎന്നിൽ തെറ്റായ അംഗതിരിച്ചറിയൽ നമ്പർ ആണെങ്കിൽ അത് ഡീ-ലിങ്ക് ചെയ്യാൻ ഓൺലൈൻ ഡി-ലിങ്കിംഗ് സൗകര്യം പ്രാപ്തമാക്കിയിട്ടുണ്ട്, അതുവഴി പരാതികൾ കുറയ്ക്കാനും കഴിഞ്ഞു.

 

മുഖ പ്രാമാണീകരണ സങ്കേതികവിദ്യ ( Face Authentication Technology) ഉപയോഗിച്ച് UMANG ആപ്പ് വഴിയാണ് യു എ എൻ അനുവദിക്കലും പ്രവർത്തനക്ഷമമാക്കലും നടത്തുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിലൂടെ, അംഗത്തിന് പാസ്‌ബുക്ക് കാണൽ, കെ വൈ സി പുതുക്കൽ, ക്ലെയിം സമർപ്പിക്കൽ തുടങ്ങിയ ഇ പി എഫ് ഒ സേവനങ്ങളിലേക്ക് ഉടനടി പ്രവേശനം ലഭിക്കും.

 

ഓൺലൈനായി സമർപ്പിച്ച ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും ക്ലെയിമുകൾ നിരസിക്കപ്പെടുന്നത് കുറയ്ക്കുന്നതിനും ചെക്ക് ലീഫിന്റെയോ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്‌ബുക്കിന്റെയോ ചിത്രം അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധന EPFO നീക്കം ചെയ്‌തു. കൂടാതെ, UAN-മായി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ബന്ധിപ്പിക്കുന്നതിന് തൊഴിലുടമയുടെ അനുമതി വേണമെന്ന നിബന്ധനയും 2025 ഏപ്രിൽ മുതൽ നീക്കം ചെയ്‌തു.

 

എന്നാൽ തികച്ചും സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനായി നിരവധി സൈബർകഫേ ഓപ്പറേറ്റർമാർ/ഫിൻടെക് കമ്പനികൾ എന്നിവർ EPFO അംഗങ്ങളിൽ നിന്ന് വലിയ തുക ഈടാക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പല കേസുകളിലും, ഈ ഓപ്പറേറ്റർമാർ EPFO യുടെ ഓൺലൈൻ പരാതി പോർട്ടലാണ് ഉപയോഗിക്കുന്നതായി നിരീക്ഷിച്ചിട്ടുള്ളത്. ഇത് ഏതൊരു അംഗത്തിനും അവരുടെ വീടുകളിലിരുന്ന് സൗജന്യമായും ലളിതമായും ചെയ്യാൻ കഴിയുന്നതാണ്. അംഗങ്ങളുടെ സാമ്പത്തിക ഡാറ്റയുടെ സുരക്ഷിതത്വം മുൻനിർത്തി, EPFO-യുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി മൂന്നാം കക്ഷി കമ്പനികളെയോ ഏജന്റുമാരെയോ സന്ദർശിക്കുന്നതിൽ നിന്നും അവരുമായി വിവരങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും ഒഴിവാകണമന്ന് പങ്കാളികൾക്ക് ഇപിഎഫ്ഒ മുന്നറിയിപ്പ് നൽകുന്നു. ഈ ബാഹ്യ സ്ഥാപനങ്ങൾക്ക് ഇപിഎഫ്ഒയുടെ അംഗീകാരമില്ല. കൂടാതെ അവ അനാവശ്യമായ ഫീസ് ഈടാക്കുകയും അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ച നടത്തുകയും ചെയ്തേക്കാം.

 

 ശക്തമായ ഒരു പരാതി നിരീക്ഷണ, പരിഹാര സംവിധാനമാണ് EPFOയ്ക്കുള്ളത്. ഇതിൽ അംഗങ്ങളുടെ പരാതികൾ CPGRAMS അല്ലെങ്കിൽ EPFiGMS പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുകയും സമയബന്ധിതമായി അവ പരിഹരിക്കുന്നതുവരെ നിരീക്ഷിക്കുകയും ചെയ്യുന്നു . 2024-25 സാമ്പത്തിക വർഷത്തിൽ EPFiGMS-ൽ ആകെ 16,01,202 പരാതികളും CPGRAMS-ൽ 1,74,328 പരാതികളും ലഭിച്ചു. ഇതിൽ 98% പരാതികളും സമയബന്ധിതമായി പരിഹരിച്ചു. EPFO പോർട്ടലിലൂടെയും UMANG ആപ്പിലൂടെയും ലഭ്യമായ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ EPFO അതിന്റെ എല്ലാ അംഗങ്ങളോടും തൊഴിലുടമകളോടും പെൻഷൻകാരോടും നിർദേശിക്കുന്നു. ക്ലെയിം ഫയലിംഗ്, ട്രാൻസ്ഫറുകൾ, KYC പുതുക്കൽ, പരാതിപരിഹാര പ്രക്രിയ എന്നിവയുൾപ്പെടെയുള്ള എല്ലാ EPFO സേവനങ്ങളും പൂർണ്ണമായും സൗജന്യമാണ്. കൂടാതെ ഓൺലൈനിൽ എളുപ്പത്തിൽ ലഭ്യമാകുന്ന സേവനങ്ങൾക്കായി മൂന്നാം കക്ഷി ഏജന്റുമാർക്കോ സൈബർ കഫേകൾക്കോ അംഗങ്ങൾ യാതൊരു ഫീസും നൽകേണ്ടതില്ല. കൂടാതെ,ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അംഗങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ (www.epfindia.gov.in) ഉൾപ്പെടുത്തിയിരിക്കുന്ന പ്രാദേശിക ഓഫീസുകളിലെ EPFO ഹെൽപ്പ്‌ഡെസ്‌ക്കുകൾ/PRO-കളെ ബന്ധപ്പെടാവുന്നതാണ്.

 

 ലോകോത്തരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സാമൂഹിക സുരക്ഷാ സേവനങ്ങൾ നൽകി രാജ്യത്തെ തൊഴിൽ ശക്തിയെ ശാക്തീകരിക്കുന്നതിന് EPFO പ്രതിജ്ഞാബദ്ധമാണ്.

 

*****


(Release ID: 2136723)