Posted On:
10 JUN 2025 11:58AM by PIB Thiruvananthpuram
ശാക്തീകരണം, എല്ലാവരെയും ഉൾപ്പെടുത്തൽ, സാംസ്കാരിക അഭിമാനം എന്നിവയിലൂടെ ഗവണ്മെന്റ് 11 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി, ന്യൂനപക്ഷ കാര്യ മന്ത്രാലയം 2025 ജൂൺ 11 മുതൽ 15 വരെ ന്യൂഡൽഹി രാജ്ഘട്ടിലെ ഗാന്ധി ദർശനിലെ ബിർസ മുണ്ട അങ്കണത്തിൽ ലോക് സംവർദ്ധൻ പർവ് സംഘടിപ്പിക്കുന്നു.
സമഗ്ര വികസനത്തിന്റെ ആഘോഷമായി വിഭാവനം ചെയ്തിരിക്കുന്ന ഈ പരിപാടി എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം,എല്ലാവരുടെയും പരിശ്രമം എന്ന കാഴ്ചപ്പാടിന് കീഴിൽ മന്ത്രാലയത്തിന്റെ പ്രധാന പദ്ധതികൾ, പരിപാടികൾ, നേട്ടങ്ങൾ എന്നിവ പ്രദർശിപ്പിക്കും. ന്യൂനപക്ഷ സമുദായങ്ങളുടെ, പ്രത്യേകിച്ച് കരകൗശല വിദഗ്ധരുടെയും പരമ്പരാഗത കൈത്തൊഴിൽ വിദഗ്ധരുടെയും സാമ്പത്തിക ശാക്തീകരണത്തിനായുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളെയും ഇത് എടുത്തുകാണിക്കുന്നു.
രാജ്യത്തിന്റെ വടക്കൻ മേഖലയിലെ സംസ്ഥാനങ്ങളിൽ നിന്നുള്ള 50-ലധികം കരകൗശല വിദഗ്ധർക്ക് ലോക് സംവർദ്ധൻ പർവിന്റെ ഈ പതിപ്പ് ഊർജ്ജസ്വലമായ വേദി നൽകും. പരമ്പരാഗത കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കാനും വിൽക്കാനും, വാങ്ങുന്നവരുമായി ഇടപഴകാനും, വിപണി ബന്ധങ്ങൾ സൃഷ്ടിക്കാനും ഈ പരിപാടി കരകൗശല വിദഗ്ധരെ സഹായിക്കും
പരിപാടിയുടെ പ്രധാന സവിശേഷതകൾ:
•പിഎം വികാസ് (പ്രധാനമന്ത്രി വിരാസത് കാ സംവർദ്ധൻ), എൻഎംഡിഎഫ്സി പദ്ധതികൾ, വിജയഗാഥകൾ എന്നിവയുൾപ്പെടെ മന്ത്രാലയത്തിന്റെ പ്രധാന സംരംഭങ്ങളുടെ പ്രദർശനം.
•ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധരുടെയും പാചക വിദഗ്ധരുടെയും പങ്കാളിത്തം.
•ലാഖ് കി ചുഡിയാൻ, മരത്തിലെ കൊത്ത്പണി, നീല മൺപാത്രങ്ങൾ, ചിത്രത്തുന്നൽ, ബനാറസി ബ്രോക്കേഡ്, ഫുൽകാരി, തുകൽ കരകൗശല വസ്തുക്കൾ, പരവതാനി, ആഭരണങ്ങൾ തുടങ്ങിയ പരമ്പരാഗത കലകളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനവും വിൽപ്പനയും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടോടി കലാകാരന്മാരുടെ തത്സമയ പ്രകടനങ്ങൾ ഉൾപ്പെടെ സാംസ്കാരിക പരിപാടികൾ
ന്യൂനപക്ഷ സമുദായങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സംരംഭകത്വ മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മന്ത്രാലയത്തിന്റെ സമഗ്ര വികസന ശ്രമങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്.
പരമ്പരാഗത കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിനും, തദ്ദേശീയ കലാരൂപങ്ങൾ സംരക്ഷിക്കുന്നതിനും, കര കൗശല വിദഗ്ധരെ സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണിത്.
വൈവിധ്യത്തിന്റെയും, പുനരുജീവന ശേഷിയുടെയും, പുരോഗതിയുടെയും ഈ ആഘോഷത്തിൽ പങ്കാളികളാകാൻ ന്യൂനപക്ഷകാര്യ മന്ത്രാലയം സർവരെയും സ്വാഗതം ചെയ്യുന്നു.