പ്രധാനമന്ത്രിയുടെ ഓഫീസ്
'മൻ കി ബാത്തിന്റെ' 122-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (25-05-2025)
Posted On:
25 MAY 2025 11:38AM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഇന്ന് രാജ്യം മുഴുവൻ ഭീകരതയ്‌ക്കെതിരെ ഒന്നിച്ചിരിക്കുന്നു, രോഷം നിറഞ്ഞവരായിരിക്കുന്നു, പ്രതിജ്ഞാബദ്ധവുമായിരിക്കുന്നു. ഇന്ന് ഓരോ ഭാരതീയനും ഭീകരത അവസാനിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. സുഹൃത്തുക്കളേ, 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ നമ്മുടെ സൈന്യത്തിന്റെ പ്രകടനം ഓരോ ഭാരതീയനും അഭിമാനകരമാണ്. അതിർത്തി കടന്ന് നമ്മുടെ സൈന്യം തീവ്രവാദ കേന്ദ്രങ്ങൾ കൃത്യമായി തകർത്തു. അത്ഭുതകരം. ലോകമെമ്പാടുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' പുതിയ ആത്മവിശ്വാസം നൽകുന്നു, ഒപ്പം ആവേശവും.
സുഹൃത്തുക്കളെ, 'ഓപ്പറേഷൻ സിന്ദൂർ' വെറുമൊരു സൈനിക ദൗത്യമല്ല, നമ്മുടെ ദൃഢനിശ്ചയത്തിന്റെയും ധൈര്യത്തിന്റെയും മാറുന്ന ഭാരതത്തിന്റെയും ചിത്രമാണിത്. ഈ ചിത്രം മുഴുവൻ രാജ്യത്തെയും ദേശഭക്തിഭാവത്താൽ നിറയ്ക്കുകയും ത്രിവർണ്ണ പതാകയെ ശോഭിപ്പിക്കുകയും ചെയ്തു. രാജ്യത്തെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ത്രിവർണ പതാകാ യാത്രകൾ നടത്തിയത് നിങ്ങൾ കണ്ടിട്ടുണ്ടാകും. രാജ്യത്തിന്റെ സൈന്യത്തിന് അഭിവാദ്യം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ ത്രിവർണ്ണ പതാക കൈകളിൽ പിടിച്ചുകൊണ്ട് പുറത്തിറങ്ങി. പല നഗരങ്ങളിലും, ധാരാളം യുവാക്കൾ സിവിൽ ഡിഫൻസ് വാളണ്ടിയർമാരാകാൻ ഒത്തുകൂടി, ചണ്ഡീഗഡിന്റെ വീഡിയോകൾ വളരെയധികം വൈറലാകുന്നത് നമ്മൾ കണ്ടു. സോഷ്യൽ മീഡിയയിൽ കവിതകൾ എഴുതപ്പെട്ടു, പ്രതിജ്ഞാ ഗീതങ്ങൾ ആലപിക്കപ്പെട്ടു. കൊച്ചുകുട്ടികൾ വലിയ സന്ദേശങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു. മൂന്ന് ദിവസം മുമ്പ് ഞാൻ ബിക്കാനീറിൽ പോയിരുന്നു. അവിടത്തെ കുട്ടികൾ എനിക്ക് സമാനമായ ഒരു പെയിന്റിംഗ് സമ്മാനിച്ചു. 'ഓപ്പറേഷൻ സിന്ദൂർ' രാജ്യത്തെ ജനങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്, നിരവധി കുടുംബങ്ങൾ ഇത് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി. ബിഹാറിലെ കട്ടിഹാറിലും, യുപിയിലെ കുശിനഗറിലും, മറ്റ് പല നഗരങ്ങളിലും, ഈ കാലയളവിൽ ജനിച്ച കുട്ടികൾക്ക് 'സിന്ദൂർ' എന്ന് പേരിട്ടു.
സുഹൃത്തുക്കളേ, നമ്മുടെ സൈനികർ ഭീകര കേന്ദ്രങ്ങൾ തകർത്തു, അത് അവരുടെ അജയ്യമായ ധൈര്യമായിരുന്നു, അതിൽ ഭാരതത്തിൽ നിർമ്മിച്ച ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ശക്തിയും ഉൾപ്പെട്ടിരുന്നു. 'സ്വയംപര്യാപ്ത ഭാരതം' എന്ന ദൃഢനിശ്ചയവും ഉണ്ടായിരുന്നു. ഈ വിജയത്തിൽ നമ്മുടെ എഞ്ചിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും മറ്റെല്ലാവരുടെയും പരിശ്രമം പങ്കുചേർന്നിട്ടുണ്ട്. ഈ പ്രചാരണത്തിനുശേഷം, 'വോക്കൽ ഫോർ ലോക്കൽ' എന്ന വിഷയത്തിൽ ഒരു പുതിയ ഊർജ്ജം രാജ്യമെമ്പാടും കാണപ്പെടുകയാണ്. ഇതിൽ പലതും ഹൃദയത്തെ സ്പർശിക്കുന്നതാണ്. ഒരു രക്ഷിതാവ് പറഞ്ഞു, "ഇനി ഞങ്ങളുടെ കുട്ടികൾക്കായി ഭാരതത്തിൽ നിർമ്മിച്ച കളിപ്പാട്ടങ്ങൾ മാത്രമേ വാങ്ങൂ. ദേശസ്‌നേഹം കുട്ടിക്കാലം മുതൽ ആരംഭിക്കും." ചില കുടുംബങ്ങൾ പ്രതിജ്ഞ എടുത്തിട്ടുള്ളത് - "നമ്മുടെ അടുത്ത അവധിക്കാലം രാജ്യത്തെ ഏതെങ്കിലും മനോഹരമായ സ്ഥലത്ത് ചെലവഴിക്കും" എന്നാണ്. നിരവധി യുവാക്കൾ ‘Wed in India’ എന്ന തീരുമാനമെടുത്ത് ഭാരതത്തിൽ നിന്നുതന്നെ വിവാഹം കഴിക്കും. "ഇനി എന്ത് സമ്മാനം നൽകിയാലും അത് ഏതെങ്കിലും ഭാരതീയ കരകൗശല വിദഗ്ധരുടെ കൈകളാൽ നിർമ്മിക്കപ്പെട്ടതായിരിക്കും" എന്നും ചിലർ പറയുന്നു.
സുഹൃത്തുക്കളേ, ഇതാണ് ഭാരതത്തിന്റെ യഥാർത്ഥ ശക്തി - 'ജനമനസ്സുകളുടെ ഒത്തൊരുമ, പൊതുജന പങ്കാളിത്തം'. ഈ അവസരത്തിൽ നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം - നമ്മുടെ ജീവിതത്തിൽ സാധ്യമാകുന്നിടത്തെല്ലാം രാജ്യത്ത് നിർമ്മിച്ച സാധനങ്ങൾക്ക് മുൻഗണന നൽകുമെന്ന്, ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. - ഇത് വെറും സാമ്പത്തിക സ്വാശ്രയത്വത്തിന്റെ കാര്യമല്ല, രാഷ്ട്രനിർമ്മാണത്തിലെ പങ്കാളിത്തത്തിന്റെ ഒരു വികാരമാണ്. നമ്മുടെ ഒരു ചുവടുവെപ്പ് ഭാരതത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനയായി മാറും.
സുഹൃത്തുക്കളേ, എവിടെയെങ്കിലും ബസിൽ യാത്ര ചെയ്യുന്നത് വളരെ സാധാരണമായ കാര്യമാണ്. പക്ഷേ, ആദ്യമായി ഒരു ബസ് വന്ന ഒരു ഗ്രാമത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. അവിടത്തെ ജനങ്ങൾ വർഷങ്ങളായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. ബസ് ആദ്യമായി ഗ്രാമത്തിൽ എത്തിയപ്പോൾ, ആളുകൾ താളമേളങ്ങളോടെയാണ് അതിനെ സ്വീകരിച്ചത്. ബസ് കണ്ടപ്പോൾ ആളുകൾ സന്തോഷിച്ചു. ഗ്രാമത്തിൽ നല്ല ഒരു റോഡുണ്ടായിരുന്നു, ആളുകൾക്ക് അത് ആവശ്യമായിരുന്നു, പക്ഷേ മുമ്പ് ഇവിടെ ഒരു ബസും ഓടിയിരുന്നില്ല. കാരണം, ഈ ഗ്രാമം മാവോയിസ്റ്റ് ആക്രമണങ്ങളുടെ പിടിയിലായിരുന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലാണ് ഈ സ്ഥലം, ഈ ഗ്രാമത്തിന്റെ പേര് കാട്ടേഝരി എന്നാണ്. കാട്ടേഝരിയിലെ ഈ മാറ്റം ചുറ്റുമുള്ള പ്രദേശം മുഴുവൻ അനുഭവപ്പെടുന്നു. ഇപ്പോൾ ഇവിടുത്തെ സ്ഥിതി വേഗത്തിൽ സാധാരണ നിലയിലേക്ക് വരുകയാണ്. മാവോയിസത്തിനെതിരായ കൂട്ടായ പോരാട്ടത്തിന്റെ ഫലമായി, ഇപ്പോൾ അത്തരം പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ബസ് വരുന്നതോടെ തങ്ങളുടെ ജീവിതം വളരെ സുഗമമാകുമെന്ന് ഗ്രാമവാസികൾ പറയുന്നു.
സുഹൃത്തുക്കളെ, ഛത്തീസ്ഗഢിൽ നടന്ന ബസ്തർ ഒളിമ്പിക്‌സിനെക്കുറിച്ചും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ സയൻസ് ലാബിനെക്കുറിച്ചും 'മൻ കി ബാത്തി'ൽ നമ്മൾ ഇതിനകം ചർച്ച ചെയ്തുകഴിഞ്ഞു. ഇവിടുത്തെ കുട്ടികൾക്ക് ശാസ്ത്രത്തോട് അഭിനിവേശമുണ്ട്. അവർ കായികരംഗത്തും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ എത്രത്തോളം ധൈര്യശാലികളാണെന്ന് ഇത്തരം ശ്രമങ്ങൾ കാണിക്കുന്നു. എല്ലാ വെല്ലുവിളികൾക്കിടയിലും ജീവിതം മെച്ചപ്പെടുത്താനുള്ള പാതയാണ് ഈ ആളുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ ദന്തേവാഡ ജില്ലയുടെ വിജയം മികച്ചതാണെന്ന് അറിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. പത്താം ക്ലാസ് ഫലങ്ങളിൽ ഏകദേശം തൊണ്ണൂറ്റി അഞ്ച് ശതമാനം വിജയത്തോടെ ഈ ജില്ല ഒന്നാം സ്ഥാനത്തെത്തി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഈ ജില്ല ഛത്തീസ്ഗഡിൽ ആറാം സ്ഥാനം നേടി. ചിന്തിക്കൂ! ഒരുകാലത്ത് മാവോയിസം അതിന്റെ ഉച്ചസ്ഥായിയിലായിരുന്ന ദന്തേവാഡയിൽ ഇന്ന് വിദ്യാഭ്യാസത്തിന്റെ പതാക ഉയർന്നു പറക്കുന്നു. അത്തരം മാറ്റങ്ങൾ നമ്മളെയെല്ലാം അഭിമാനപുളകിതരാക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോൾ സിംഹങ്ങളുമായി ബന്ധപ്പെട്ട ഒരു സന്തോഷവാർത്ത ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാത്രം, ഗുജറാത്തിലെ ഗിറിലെ സിംഹങ്ങളുടെ എണ്ണം 674 ൽ നിന്ന് 891 ആയി വർദ്ധിച്ചു. Six Hundred and Seventy four ൽ നിന്ന് Eight Hundred and Ninety one! സിംഹ സെൻസസിന് ശേഷം വെളിപ്പെടുത്തിയ ഈ സിംഹങ്ങളുടെ എണ്ണം വളരെ സന്തോഷകരമാണ്. സുഹൃത്തുക്കളേ, നിങ്ങളിൽ പലർക്കും ഈ മൃഗ സെൻസസ് എങ്ങനെയാണ് നടക്കുന്നതെന്ന് അറിയാൻ താൽപ്പര്യമുണ്ടാകും? ഈ പ്രക്രിയ വളരെ വെല്ലുവിളി നിറഞ്ഞതാണ്. സിംഹ സെൻസസ് 11 ജില്ലകളിലായി, 35,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നടത്തിയെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. സെൻസസിനായി, ടീമുകൾ ഈ പ്രദേശങ്ങൾ Round the clock അതായത് 24 മണിക്കൂറും നിരീക്ഷിച്ചു. ഈ കാമ്പെയ്‌നിൽ ഉടനീളം വെരിഫിക്കേഷനും ക്രോസ് വെരിഫിക്കേഷനും നടത്തി. ഇതോടെ, സിംഹങ്ങളെ എണ്ണുന്ന ജോലി വളരെ കൃത്യതയോടെ പൂർത്തിയാക്കാൻ കഴിഞ്ഞു.
സുഹൃത്തുക്കളേ, ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാണിക്കുന്നത് സമൂഹത്തിൽ ഉടമസ്ഥാവകാശബോധം ശക്തമാകുമ്പോൾ, എത്ര അത്ഭുതകരമായ ഫലങ്ങൾ കൈവരിക്കാനാകുമെന്നാണ്. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് ഗിറിലെ സ്ഥിതി വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പക്ഷേ, അവിടത്തെ ജനങ്ങൾ ഒത്തുചേർന്ന് മാറ്റം കൊണ്ടുവരാൻ മുൻകൈയെടുത്തു. ഏറ്റവും പുതിയ സാങ്കേതികവിദ്യയ്‌ക്കൊപ്പം, ആഗോളതലത്തിലെ മികച്ച രീതികളും അവിടെ സ്വീകരിച്ചു. ഈ സമയത്ത്, വനം ഓഫീസർ തസ്തികയിലേക്ക് വൻതോതിൽ സ്ത്രീകളെ വിന്യസിച്ച ആദ്യത്തെ സംസ്ഥാനമായി ഗുജറാത്ത് മാറി. ഇന്ന് നാം കാണുന്ന ഈ മാറ്റങ്ങൾക്ക് ഇവയെല്ലാം കാരണമായിട്ടുണ്ട്. വന്യജീവി സംരക്ഷണത്തിനായി, നമ്മൾ എപ്പോഴും ഇതുപോലെ ബോധവാന്മാരായിരിക്കണം, ജാഗ്രത പാലിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുമ്പ്, ഞാൻ ആദ്യത്തെ റൈസിംഗ് നോർത്ത് ഈസ്റ്റ് ഉച്ചകോടിയിൽ പങ്കെടുത്തു. അതിനുമുമ്പ്, വടക്കുകിഴക്കൻ മേഖലയുടെ ശക്തിക്കായി സമർപ്പിച്ച 'അഷ്ടലക്ഷ്മി മഹോത്സവം' ഞങ്ങൾ ആഘോഷിച്ചു. വടക്കുകിഴക്കൻ മേഖലയുടെ കാര്യംതന്നെ കുറച്ചു വ്യത്യസ്തമാണ്. അതിന്റെ സാധ്യത, കഴിവ്, ശരിക്കും അത്ഭുതകരമാണ്. ക്രാഫ്റ്റഡ് ഫൈബേഴ്സിനെക്കുറിച്ചുള്ള രസകരമായ ഒരു കഥ ഞാൻ മനസ്സിലാക്കി. ക്രാഫ്റ്റഡ് ഫൈബേഴ്സ് വെറുമൊരു ബ്രാൻഡ് മാത്രമല്ല, സിക്കിമിന്റെ പാരമ്പര്യത്തിന്റെയും നെയ്ത്ത് കലയുടെയും ഇന്നത്തെ ഫാഷൻ ചിന്തയുടെയും മനോഹരമായ സംയോജനമാണിത്. ഡോ. ചെവാങ് നോർബു ഭൂട്ടിയയാണ് ഇതിന് തുടക്കം കുറിച്ചത്. അദ്ദേഹം തൊഴിൽപരമായി ഒരു വെറ്ററിനറി ഡോക്ടറാണ്, കൂടാതെ സിക്കിമിന്റെ സംസ്കാരത്തിന്റെ യഥാർത്ഥ ബ്രാൻഡ് അംബാസഡറുമാണ്. നെയ്ത്തിന് ഒരു പുതിയ മാനം നൽകേണ്ടതല്ലേ എന്ന് അദ്ദേഹം ചിന്തിച്ചു! ഈ ചിന്തയിൽ നിന്നാണ് ക്രാഫ്റ്റഡ് ഫൈബേഴ്സ് പിറന്നത്. പരമ്പരാഗത നെയ്ത്ത് ആധുനിക ഫാഷനുമായി സംയോജിപ്പിച്ച് അവർ അതിനെ ഒരു സാമൂഹിക സംരംഭമാക്കി മാറ്റി. ഇപ്പോൾ ഇവിടെ വസ്ത്രങ്ങൾ മാത്രമല്ല ഉണ്ടാക്കുന്നത്, ജീവിതങ്ങളും അവിടെ നെയ്തെടുക്കപ്പെടുന്നു. അവർ തദ്ദേശീയർക്ക് നൈപുണ്യ പരിശീലനം നൽകുന്നു, അതുവഴി അവരെ സ്വയംപര്യാപ്തരാക്കുന്നു. ഗ്രാമീണ നെയ്ത്തുകാരെയും, മൃഗപരിപാലകരെയും, സ്വയം സഹായ സംഘങ്ങളെയും ബന്ധിപ്പിക്കുന്നതിലൂടെ, ഡോ. ഭൂട്ടിയ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇന്ന്, തദ്ദേശീയ സ്ത്രീകളും കരകൗശല വിദഗ്ധരും അവരുടെ കഴിവുകളിൽ നിന്ന് നല്ല പണം സമ്പാദിക്കുന്നു. ഷാളുകൾ, സ്റ്റോളുകൾ, കയ്യുറകൾ, സോക്സുകൾ എന്നിവയെല്ലാം പ്രാദേശിക കരകൗശലനാരുകൾ കൊണ്ട് നിർമ്മിക്കുന്നുണ്ട്. ഇതിൽ ഉപയോഗിക്കുന്ന രോമം സിക്കിമിലെ മുയലുകളിൽ നിന്നും ആടുകളിൽ നിന്നുമാണ് എടുക്കുന്നത്. നിറങ്ങളും പൂർണ്ണമായും പ്രകൃതിദത്തമാണ് - രാസവസ്തുക്കളില്ല, പ്രകൃതിയുടെ നിറങ്ങൾ മാത്രം. സിക്കിമിന്റെ പരമ്പരാഗത നെയ്ത്തിനും സംസ്കാരത്തിനും ഡോ. ഭൂട്ടിയ ഒരു പുതിയ മാനം നൽകി. പാരമ്പര്യവും അഭിനിവേശവും കൂടിച്ചേർന്നാൽ ലോകത്തെ എത്രമാത്രം ആകർഷിക്കാൻ കഴിയുമെന്ന് ഡോ. ഭൂട്ടിയയുടെ പ്രവർത്തനങ്ങൾ നമ്മെ പഠിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് ഒരു കലാകാരനും ജീവിക്കുന്ന പ്രചോദനവുമായ ഒരു മഹാനായ വ്യക്തിയെക്കുറിച്ചാണ്. പേര് - ജീവൻ ജോഷി, പ്രായം 65 വയസ്സ്. ഇനി സങ്കൽപ്പിച്ചു നോക്കൂ, പേരിൽ തന്നെ ജീവൻ ഉള്ളവർ എത്രമാത്രം ഊർജ്ജസ്വലരായിരിക്കും എന്ന്. ജീവൻ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് താമസിക്കുന്നത്. കുട്ടിക്കാലത്ത് പോളിയോ അദ്ദേഹത്തിന്റെ കാലുകളുടെ ശക്തി കവർന്നെടുത്തു, പക്ഷേ പോളിയോയ്ക്ക് അദ്ദേഹത്തിന്റെ ധൈര്യം കവർന്നെടുക്കാൻ കഴിഞ്ഞില്ല. നടത്തത്തിന്റെ വേഗത കുറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ മനസ്സ് ഭാവനയുടെ ഓരോ ഭ്രമണപഥത്തിലും പറന്നുകൊണ്ടിരുന്നു. ഈ പറക്കലിൽ ജീവൻ ഒരു അതുല്യമായ കലയ്ക്ക് ജന്മം നൽകി - 'ബഗേറ്റ്' എന്ന് പേരിട്ടു. ഇതിൽ, പൈൻ മരങ്ങളിൽ നിന്ന് വീഴുന്ന ഉണങ്ങിയ പുറംതൊലി ഉപയോഗിച്ച് അവർ മനോഹരമായ കലാസൃഷ്ടികൾ നിർമ്മിക്കുന്നു. ആളുകൾ പൊതുവെ ഉപയോഗശൂന്യമെന്ന് കരുതുന്ന ആ പുറംതൊലി - ജീവന്റെ കൈകളിൽ എത്തുന്നതോടെ ഒരു പൈതൃകമായി മാറുന്നു. അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയിലും ഉത്തരാഖണ്ഡിലെ മണ്ണിന്റെ സുഗന്ധമുണ്ട്. ചിലപ്പോൾ ഈ വാദ്യങ്ങളിൽ പർവതങ്ങളുടെ ആത്മാവ് കുടികൊള്ളുന്നതായി തോന്നും. ജീവിതം നയിക്കുക എന്നത് വെറുമൊരു കലയല്ല, അതൊരു സാധനയാണ്. അദ്ദേഹം തന്റെ ജീവിതം മുഴുവൻ ഈ കലയ്ക്കായി സമർപ്പിച്ചു. സാഹചര്യം എന്തുതന്നെയായാലും, ഉദ്ദേശ്യം ശക്തമാണെങ്കിൽ, അസാധ്യമായി ഒന്നുമില്ലെന്ന് ജീവൻ ജോഷിയെപ്പോലുള്ള കലാകാരന്മാർ നമ്മെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പേര് ജീവൻ എന്നാണ്, ജീവിതം നയിക്കുക എന്നതിന്റെ അർത്ഥം അദ്ദേഹം ശരിക്കും കാണിച്ചുതന്നിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് വയലുകളിൽ പണിയെടുക്കുന്നതിനൊപ്പം ആകാശത്തിന്റെ ഉയരങ്ങളിൽ പണിയെടുക്കുന്ന നിരവധി സ്ത്രീകളുണ്ട്. അതെ! കേട്ടത് ശരിയാണ്, ഇപ്പോൾ ഗ്രാമത്തിലെ സ്ത്രീകൾ ഡ്രോൺ ദീദികളായി മാറി ഡ്രോണുകൾ പറത്തുകയും കൃഷിയിൽ പുതിയൊരു വിപ്ലവം കൊണ്ടുവരികയും ചെയ്യുന്നു.
സുഹൃത്തുക്കളെ, തെലങ്കാനയിലെ സംഗാറെഡ്ഡി ജില്ലയിൽ, കുറച്ചു കാലം മുമ്പ് വരെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്ന സ്ത്രീകൾ, ഇന്ന് ഡ്രോണിന്റെ സഹായത്തോടെ 50 ഏക്കർ സ്ഥലത്ത് മരുന്ന് തളിക്കുന്ന ജോലി പൂർത്തിയാക്കുന്നു. രാവിലെ മൂന്ന് മണിക്കൂറും വൈകുന്നേരം രണ്ട് മണിക്കൂറും. സൂര്യന്റെ ചൂടില്ല, വിഷ രാസവസ്തുക്കളുടെ അപകടസാധ്യതയുമില്ല. സുഹൃത്തുക്കളേ, ഗ്രാമവാസികളും ഈ മാറ്റത്തെ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചു. ഇപ്പോൾ ഈ സ്ത്രീകൾ 'ഡ്രോൺ ഓപ്പറേറ്റർമാർ' എന്നല്ല, മറിച്ച് Sky Warriors' എന്നാണ് അറിയപ്പെടുന്നത്. സാങ്കേതികവിദ്യയും ദൃഢനിശ്ചയവും ഒരുമിച്ച് പോകുമ്പോഴാണ് മാറ്റം സംഭവിക്കുന്നതെന്ന് ഈ സ്ത്രീകൾ നമ്മോട് പറയുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, 'അന്താരാഷ്ട്ര യോഗ ദിന'ത്തിന് ഇനി ഒരു മാസത്തിൽ താഴെ മാത്രമേ സമയം ശേഷിക്കുന്നുള്ളൂ. നിങ്ങൾ ഇപ്പോഴും യോഗയിൽ നിന്ന് അകലെയാണെങ്കിൽ ഇപ്പോൾ തന്നെ യോഗയുമായി ബന്ധപ്പെടണമെന്ന് ഈ അവസരം നമ്മെ ഓർമ്മിപ്പിക്കുന്നു. യോഗ നിങ്ങളുടെ ജീവിതരീതിയെ തന്നെ മാറ്റും. സുഹൃത്തുക്കളേ, 2015 ജൂൺ 21 ന് 'യോഗ ദിനം' ആരംഭിച്ചതു മുതൽ, അതിനോടുള്ള അടുപ്പം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷവും, ലോകമെമ്പാടുമുള്ള ജനങ്ങളുടെ 'യോഗ ദിന'ത്തോടുള്ള ആവേശവും ഉത്സാഹവും ദൃശ്യമാണ്. വിവിധ സ്ഥാപനങ്ങൾ അവരുടെ തയ്യാറെടുപ്പുകൾ പങ്കിടുന്നു. കഴിഞ്ഞ വർഷങ്ങളിലെ ഫോട്ടോകൾ എന്നെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. ചില വർഷങ്ങളായി, വിവിധ രാജ്യങ്ങളിൽ ആളുകൾ യോഗ ചെയിൻ, യോഗ റിംഗുകൾ എന്നിവ നിർമ്മിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നാല് തലമുറകൾ ഒരുമിച്ച് യോഗ ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. പലരും യോഗയ്ക്കായി തങ്ങളുടെ നഗരത്തിലെ പ്രശസ്തമായ സ്ഥലങ്ങൾ തിരഞ്ഞെടുത്തു. ഇത്തവണ യോഗ ദിനം രസകരമായ രീതിയിൽ ആഘോഷിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാം.
സുഹൃത്തുക്കളെ, ആന്ധ്രാപ്രദേശ് സർക്കാർ യോഗആന്ധ്ര പ്രചാരണം ആരംഭിച്ചിരിക്കുന്നു. സംസ്ഥാനം മുഴുവൻ യോഗ സംസ്കാരം വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പ്രചാരണത്തിന് കീഴിൽ, യോഗ ചെയ്യുന്ന 10 ലക്ഷം പേർക്കുള്ള ഒരു പൂൾ നിർമ്മിക്കുന്നു. ഈ വർഷം വിശാഖപട്ടണത്ത് നടക്കുന്ന 'യോഗ ദിന' പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിക്കും. ഇത്തവണയും നമ്മുടെ യുവ സുഹൃത്തുക്കൾ രാജ്യത്തിന്റെ പൈതൃകവുമായി ബന്ധപ്പെട്ട പ്രശസ്തമായ സ്ഥലങ്ങളിൽ യോഗ ചെയ്യാൻ പോകുന്നു എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിരവധി യുവാക്കൾ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നും യോഗ ശൃംഖലയുടെ ഭാഗമാകുമെന്നും പ്രതിജ്ഞയെടുത്തു. നമ്മുടെ കോർപ്പറേറ്റുകളും ഇക്കാര്യത്തിൽ പിന്നിലല്ല. ചില സ്ഥാപനങ്ങൾ ഓഫീസിൽ തന്നെ യോഗ പരിശീലനത്തിനായി പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. ചില സ്റ്റാർട്ടപ്പുകൾ 'ഓഫീസ് യോഗ സമയം' നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ പോയി യോഗ പഠിപ്പിക്കാൻ തയ്യാറെടുക്കുന്നവരുമുണ്ട്. ആരോഗ്യത്തെയും ഫിറ്റ്‌നസിനെയും കുറിച്ചുള്ള ആളുകളുടെ ഈ അവബോധം എനിക്ക് വളരെയധികം സന്തോഷം നൽകുന്നു.
സുഹൃത്തുക്കളെ, 'യോഗ ദിന'ത്തോടൊപ്പം, ആയുർവേദ മേഖലയിലും സമാനമായ ഒന്ന് സംഭവിച്ചു, അതിനെക്കുറിച്ച് അറിയുമ്പോൾ നിങ്ങൾക്ക് വളരെ സന്തോഷമുണ്ടാകും. ഇന്നലെ, അതായത് മെയ് 24 ന്, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെയും എന്റെ സുഹൃത്ത് തുളസി ഭായിയുടെയും സാന്നിധ്യത്തിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. ഈ കരാറോടെ, International Classification of Health Interventionsന് കീഴിൽ ഒരു സമർപ്പിത പരമ്പരാഗത വൈദ്യ മൊഡ്യൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലോകമെമ്പാടുമുള്ള കൂടുതൽ കൂടുതൽ ആളുകൾക്ക് ആയുഷ് ശാസ്ത്രീയമായ രീതിയിൽ ലഭ്യമാക്കുന്നതിന് ഈ സംരംഭം സഹായിക്കും.
സുഹൃത്തുക്കളേ, നിങ്ങൾ സ്കൂളുകളിൽ ബ്ലാക്ക്ബോർഡ് കണ്ടിട്ടുണ്ടാകും, പക്ഷേ ഇപ്പോൾ ചില സ്കൂളുകളിൽ ‘Sugar Board' സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് - ബ്ലാക്ക്ബോർഡ് അല്ല, ‘Sugar Board'! സി.ബി.എസ്.ഇ.യുടെ ഈ അസാധാരണമായ സംരംഭത്തിന്റെ ലക്ഷ്യം കുട്ടികളെ അവരുടെ പഞ്ചസാര ഉപഭോഗത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ്. എത്ര അളവെടുക്കണമെന്നും, എത്ര പഞ്ചസാര കഴിക്കണമെന്നും അറിയുന്നതിലൂടെ, കുട്ടികൾ ആരോഗ്യകരമായ ഓപ്ഷനുകൾ സ്വയം തിരഞ്ഞെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഇതൊരു അതുല്യമായ ശ്രമമാണ്, അതിന്റെ സ്വാധീനം വളരെ പോസിറ്റീവ് ആയിരിക്കും. കുട്ടിക്കാലം മുതൽ തന്നെ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിന് ഇത് വളരെ സഹായകരമാണെന്ന് തെളിയിക്കാനാകും. പല മാതാപിതാക്കളും ഇതിനെ അഭിനന്ദിച്ചിട്ടുണ്ട്, ഞാൻ വിശ്വസിക്കുന്നു - ഓഫീസുകളിലും കാന്റീനുകളിലും സ്ഥാപനങ്ങളിലും ഇത്തരം സംരംഭങ്ങൾ ഏറ്റെടുക്കണമെന്ന്, എല്ലാത്തിനുമുപരി, ആരോഗ്യമുണ്ടെങ്കിൽ എല്ലാം ഉണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. Strong Indiaയുടെ അടിത്തറയാണ് ഫിറ്റ് ഇന്ത്യ.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സ്വച്ഛ് ഭാരതത്തെക്കുറിച്ച് പറയുമ്പോൾ 'മൻ കി ബാത്ത്' ശ്രോതാക്കൾക്ക് പിന്തിരിയാൻ ആവില്ലല്ലോ? നിങ്ങളെല്ലാവരും നിങ്ങളുടെ സ്വന്തം തലത്തിൽ ഈ പ്രചാരണത്തെ ശക്തിപ്പെടുത്തുന്നുണ്ടെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. എന്നാൽ ഇന്ന് ഞാൻ നിങ്ങളോട് ഒരു ഉദാഹരണം പറയാൻ ആഗ്രഹിക്കുന്നു, ശുചിത്വത്തിനായുള്ള ദൃഢനിശ്ചയം ഗിരി സമാനമായ വെല്ലുവിളികളെ പോലും പരാജയപ്പെടുത്തി. ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, ഒരാൾ മഞ്ഞുമൂടിയ മലനിരകളിൽ കയറുകയാണ്, ശ്വസിക്കാൻ പ്രയാസമുള്ള അവിടെ, ഓരോ ചുവടുവയ്പ്പിലും ജീവന് ഭീഷണിയുണ്ട്, എന്നിട്ടും ആ വ്യക്തി സ്ഥലം വൃത്തിയാക്കുന്ന തിരക്കിലാണ്. നമ്മുടെ ഐ.ടി.ബി.പി. ടീമുകളിലെ അംഗങ്ങളും സമാനമായ ഒന്ന് ചെയ്തിട്ടുണ്ട്. ഈ ടീം മകാലു പർവതം പോലെ ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ കൊടുമുടികൾ കയറാൻ പോയി. പക്ഷേ സുഹൃത്തുക്കളേ, അവർ മല കയറുക മാത്രമല്ല ചെയ്തത്, തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരു ദൗത്യം കൂടി കൂട്ടിച്ചേർത്തു, അത് 'ശുചിത്വം' എന്നതായിരുന്നു. കൊടുമുടിക്ക് സമീപം കിടന്നിരുന്ന മാലിന്യം നീക്കം ചെയ്യാൻ അവർ മുൻകൈയെടുത്തു. ഒന്ന് ചിന്തിച്ചു നോക്കൂ, ടീം അംഗങ്ങൾ 150 കിലോയിലധികം ജൈവ വിസർജ്ജ്യമല്ലാത്ത മാലിന്യങ്ങൾ താഴ്വാരത്തിലെത്തിച്ചു. അത്രയും ഉയരത്തിൽ വൃത്തിയാക്കൽ എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇത് കാണിക്കുന്നത് ദൃഢനിശ്ചയമുള്ളിടത്ത് പാത തനിയെ സൃഷ്ടിക്കപ്പെടുന്നു എന്നാണ്.
സുഹൃത്തുക്കളേ, ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയമുണ്ട് - പേപ്പർ മാലിന്യവും പുനരുപയോഗവും. നമ്മുടെ വീടുകളിലും ഓഫീസുകളിലും ദിവസവും ധാരാളം കടലാസ് മാലിന്യങ്ങൾ പുറന്തള്ളുന്നു. ഒരുപക്ഷേ, നമ്മൾ ഇത് സാധാരണമാണെന്ന് കരുതുന്നു, പക്ഷേ രാജ്യത്തെ മാലിന്യത്തിന്റെ നാലിലൊന്ന് ഭാഗവും കടലാസുമായി ബന്ധപ്പെട്ടതാണെന്ന് അറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. ഇന്ന് എല്ലാവരും ഈ ദിശയിൽ ചിന്തിക്കേണ്ടതുണ്ട്. ഭാരതത്തിലെ നിരവധി സ്റ്റാർട്ടപ്പുകൾ ഈ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. വിശാഖപട്ടണം, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിൽ നിരവധി സ്റ്റാർട്ടപ്പുകൾ പേപ്പർ പുനരുപയോഗത്തിന് നൂതനമായ രീതികൾ സ്വീകരിക്കുന്നുണ്ട്. ചിലർ പുനരുപയോഗിച്ച പേപ്പറിൽ നിന്ന് പാക്കേജിംഗ് ബോർഡുകൾ നിർമ്മിക്കുന്നു, ചിലർ ഡിജിറ്റൽ രീതികളിലൂടെ പത്ര പുനരുപയോഗം എളുപ്പമാക്കുന്നു. ജാൽന പോലുള്ള നഗരങ്ങളിലെ ചില സ്റ്റാർട്ടപ്പുകൾ 100 ശതമാനം പുനരുപയോഗിച്ച വസ്തുക്കളിൽ നിന്ന് പാക്കേജിംഗ് റോളുകളും പേപ്പർ കോറുകളും നിർമ്മിക്കുന്നു. ഒരു ടൺ പേപ്പർ പുനരുപയോഗം ചെയ്യുന്നത് 17 മരങ്ങൾ മുറിക്കുന്നത് തടയുകയും ആയിരക്കണക്കിന് ലിറ്റർ വെള്ളം ലാഭിക്കുകയും ചെയ്യുന്നുവെന്ന് അറിയുന്നത് നിങ്ങൾക്ക് പ്രചോദനം നൽകും. ഇനി ഒന്ന് ചിന്തിക്കൂ. ഇത്രയും ദുഷ്‌കരമായ സാഹചര്യങ്ങളിൽ പർവതാരോഹകർക്ക് മാലിന്യം തിരികെ കൊണ്ടുവരാൻ കഴിയുമ്പോൾ, നമ്മുടെ വീട്ടിലോ ഓഫീസിലോ പേപ്പർ വേർതിരിക്കുന്നതിലൂടെ പുനരുപയോഗത്തിന് നമ്മളും തീർച്ചയായും പ്രയത്നിക്കണം. രാജ്യത്തിനുവേണ്ടി എനിക്ക് എന്തെല്ലാം മികച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് രാജ്യത്തെ ഓരോ പൗരനും ചിന്തിക്കുമ്പോൾ മാത്രമേ നമുക്ക് ഒരുമിച്ച് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ.
സുഹൃത്തുക്കളെ, ഖേലോ ഇന്ത്യ ഗെയിംസ് കഴിഞ്ഞകാലത്ത് വലിയ ഹിറ്റായിരുന്നു. ബീഹാറിലെ അഞ്ച് നഗരങ്ങൾ ഖേലോ ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിച്ചു. അവിടെ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവിടെ എത്തിയ കായികതാരങ്ങളുടെ എണ്ണം അയ്യായിരത്തിലധികമായിരുന്നു. ബീഹാറിന്റെ കായിക താല്പര്യത്തെയും ബീഹാറിലെ ജനങ്ങൾക്ക് തങ്ങളോടുള്ള സൗഹാർദ്ദത്തെയും ഈ കായികതാരങ്ങൾ വളരെയധികം പ്രശംസിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, ബീഹാറിന്റെ ഭൂമി വളരെ സവിശേഷമാണ്, ഈ പരിപാടിയിൽ ഇവിടെ നിരവധി സവിശേഷമായ കാര്യങ്ങൾ സംഭവിച്ചു. ഒളിമ്പിക് ചാനൽ വഴി ലോകം മുഴുവൻ എത്തിയ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ആദ്യ പതിപ്പായിരുന്നു ഇത്. ലോകമെമ്പാടുമുള്ള ആളുകൾ നമ്മുടെ യുവ കളിക്കാരുടെ കഴിവുകൾ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. എല്ലാ മെഡൽ ജേതാക്കളെയും, പ്രത്യേകിച്ച് മികച്ച മൂന്ന് വിജയികളായ മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, ഇത്തവണ ഖേലോ ഇന്ത്യയിൽ ആകെ 26 റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ടു. ഭാരോദ്വഹന ഇനങ്ങളിൽ മഹാരാഷ്ട്രയുടെ അസ്മിത ധോനെ, ഒഡീഷയുടെ ഹർഷവർദ്ധൻ സാഹു, ഉത്തർപ്രദേശിന്റെ തുഷാർ ചൗധരി എന്നിവരുടെ മികച്ച പ്രകടനങ്ങൾ എല്ലാവരുടെയും ഹൃദയം കീഴടക്കി. അതേസമയം മഹാരാഷ്ട്രയിൽ നിന്നുള്ള സായിരാജ് പർദേശി മൂന്ന് റെക്കോഡുകൾ സൃഷ്ടിച്ചു. അത്‌ലറ്റിക്‌സിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഖാദിർ ഖാനും ഷെയ്ഖ് ജീഷാനും രാജസ്ഥാനിൽ നിന്നുള്ള ഹൻസ്‌രാജും മിന്നും പ്രകടനം നടത്തി. ഇത്തവണ ബീഹാറും 36 മെഡലുകൾ നേടി. സുഹൃത്തുക്കളേ, കളിക്കുന്നവൻ ശോഭിക്കുന്നു. യുവ കായിക പ്രതിഭകൾ ഈ ടൂർണമെന്റിനെ വളരെയധികം വിലമതിക്കുന്നുണ്ട്. ഇത്തരം പരിപാടികൾ ഭാരതത്തിന്റെ കായികരംഗത്തിന്റെ ഭാവി കൂടുതൽ മെച്ചപ്പെടുത്തും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മെയ് 20 ന് 'ലോക തേനീച്ച ദിനം' ആഘോഷിച്ചു, തേൻ വെറും മധുരം മാത്രമല്ല, ആരോഗ്യത്തിന്റെയും സ്വയംതൊഴിലിന്റെയും സ്വാശ്രയത്വത്തിന്റെയും ഒരു ഉദാഹരണം കൂടിയാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണിത്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ ഭാരത്തിൽ തേനീച്ച വളർത്തലിൽ ഒരു മധുര വിപ്ലവം ഉണ്ടായിട്ടുണ്ട്. ഇന്നേയ്ക്ക് 10 - 11 വർഷങ്ങൾക്ക് മുമ്പ്, ഭാരതത്തിൽ തേൻ ഉത്പാദനം ഒരു വർഷത്തിൽ ഏകദേശം 70-75 ആയിരം മെട്രിക് ടൺ ആയിരുന്നു. ഇന്ന് അത് ഏകദേശം 1.25 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു. അതായത് തേൻ ഉൽപാദനത്തിൽ ഏകദേശം 60% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. തേൻ ഉൽപാദനത്തിലും കയറ്റുമതിയിലും ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി നമ്മൾ മാറിയിരിക്കുന്നു. സുഹൃത്തുക്കളേ, ഈ പോസിറ്റീവ് ഫലത്തിൽ 'ദേശീയ തേനീച്ച വളർത്തൽ', 'തേൻ ദൗത്യം' എന്നിവയ്ക്ക് വലിയ പങ്കുണ്ട്. ഇതിന്റെ കീഴിൽ, തേനീച്ച വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് കർഷകർക്ക് പരിശീലനവും ഉപകരണങ്ങളും നൽകുകയും വിപണിയിലേക്കുള്ള അവരുടെ നേരിട്ടുള്ള പ്രവേശനം സാധ്യമാക്കുകയും ചെയ്തു.
സുഹൃത്തുക്കളേ, ഈ മാറ്റം കണക്കുകളിൽ മാത്രമല്ല, ഗ്രാമഭൂമികയിലും വ്യക്തമായി കാണാം. ഉദാഹരണത്തിന് ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലെ ആദിവാസി കർഷകർ 'സോൻ ഹണി' എന്ന പേരിൽ ശുദ്ധമായ ജൈവ തേൻ ബ്രാൻഡ് സൃഷ്ടിച്ചു. ഇന്ന് ജി.ഇ.എം. ഉൾപ്പെടെയുള്ള നിരവധി ഓൺലൈൻ പോർട്ടലുകളിൽ ആ തേൻ വിൽക്കപ്പെടുന്നു, അതായത്, ഗ്രാമത്തിന്റെ കഠിനാധ്വാനം ഇപ്പോൾ ആഗോളതലത്തിൽ വ്യാപിക്കുന്നു. അതുപോലെ, ഉത്തർപ്രദേശ്, ഗുജറാത്ത്, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് സ്ത്രീകളും യുവാക്കളും ഇപ്പോൾ തേൻ സംരംഭകരായി മാറിയിരിക്കുന്നു. സുഹൃത്തുക്കളേ, ഇപ്പോൾ തേനിന്റെ അളവിൽ മാത്രമല്ല, അതിന്റെ പരിശുദ്ധിയിലും പഠനം നടക്കുന്നു. ചില സ്റ്റാർട്ടപ്പുകൾ ഇപ്പോൾ AI, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് തേനിന്റെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അടുത്ത തവണ തേൻ വാങ്ങുമ്പോൾ, ഈ തേൻ സംരംഭകർ നിർമ്മിക്കുന്ന തേൻ പരീക്ഷിച്ചു നോക്കൂ. ഒരു പ്രാദേശിക കർഷകനിൽ നിന്നോ ഒരു വനിതാ സംരംഭകനിൽ നിന്നോ തേൻ വാങ്ങാൻ ശ്രമിക്കുക. കാരണം അതിന്റെ ഓരോ തുള്ളിയിലും രുചി മാത്രമല്ല, ഭാരതത്തിന്റെ കഠിനാധ്വാനവും പ്രതീക്ഷയും കൂടിക്കലർന്നിരിക്കുന്നു. ഈ തേനിന്റെ മധുരം സ്വാശ്രയ ഭാരതത്തിന്റെ സ്വാദാണ്.
സുഹൃത്തുക്കളേ, തേനുമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, മറ്റൊരു സംരംഭത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. തേനീച്ചകളെ സംരക്ഷിക്കേണ്ടത് പരിസ്ഥിതിയുടെ മാത്രമല്ല, നമ്മുടെ കൃഷിയുടെയും ഭാവി തലമുറയുടെയും കൂടി ഉത്തരവാദിത്തമാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. പൂനെ നഗരത്തിൽ നിന്നുള്ള ഒരു ഉദാഹരണമാണിത്, സുരക്ഷാ കാരണങ്ങളാലോ ഭയം കൊണ്ടോ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ നിന്ന് ഒരു തേനീച്ചക്കൂട് നീക്കം ചെയ്തു. പക്ഷേ ഈ സംഭവം ഒരാളെ എന്തോ ചിന്തിക്കാൻ പ്രേരിപ്പിച്ചു. അമിത് എന്ന ചെറുപ്പക്കാരൻ തേനീച്ചകളെ നീക്കം ചെയ്യുന്നതിനു പകരം അവയെ രക്ഷിക്കണമെന്ന് തീരുമാനിച്ചു. അവൻ സ്വയം പഠിച്ചു, തേനീച്ചകളെക്കുറിച്ച് ഗവേഷണം നടത്തി, മറ്റുള്ളവരെയും ഉൾപ്പെടുത്താൻ തുടങ്ങി. ക്രമേണ അദ്ദേഹം ഒരു ടീം രൂപീകരിച്ചു, അതിന് അദ്ദേഹം ബീ ഫ്രണ്ട്സ്, അതായത് 'ബീ-മിത്ര്' എന്ന് പേരിട്ടു. ഇപ്പോൾ ഈ തേനീച്ച സുഹൃത്തുക്കൾ തേനീച്ചക്കൂടുകൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് സുരക്ഷിതമായി മാറ്റുന്നു, അങ്ങനെ ആളുകൾക്ക് ഒരു അപകടവും ഉണ്ടാകില്ല, തേനീച്ചകളും ജീവനോടെ നിലനിൽക്കും. അമിത്തിന്റെ ഈ ശ്രമത്തിന്റെ ഫലവും വളരെ വലുതാണ്. തേനീച്ചകളുടെ കോളനികൾ സംരക്ഷിക്കപ്പെടുന്നു. തേൻ ഉൽപാദനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഏറ്റവും പ്രധാനമായി, ആളുകൾക്കിടയിൽ അവബോധവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുമായി ഇണങ്ങി പ്രവർത്തിക്കുമ്പോൾ എല്ലാവർക്കും പ്രയോജനം ലഭിക്കുമെന്ന് ഈ സംരംഭം നമ്മെ പഠിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ന്റെ ഈ അദ്ധ്യായത്തിൽ ഇത്രമാത്രം. രാജ്യത്തെ ജനങ്ങളുടെ നേട്ടങ്ങളും സമൂഹത്തിനായുള്ള അവരുടെ ശ്രമങ്ങളും എനിക്ക് അയച്ചു തന്നുകൊണ്ടിരിക്കുക. 'മൻ കി ബാത്തി'ന്റെ അടുത്ത അദ്ധ്യായത്തിൽ നമുക്ക് വീണ്ടും ഒത്തുചേരാം; നമ്മുടെ നാട്ടുകാരുടെ പുതിയ വിഷയങ്ങളും നേട്ടങ്ങളും നമ്മൾ ചർച്ച ചെയ്യും. നിങ്ങളുടെ സന്ദേശങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു. എല്ലാവർക്കും വളരെ നന്ദി, നമസ്‌കാരം.
******
(Release ID: 2131075)
Read this release in:
Odia
,
Assamese
,
Nepali
,
Telugu
,
Manipuri
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada