രാഷ്ട്രപതിയുടെ കാര്യാലയം
ഡെറാഡൂണിലെ രാഷ്‌ട്രപതി മന്ദിരമായ 'രാഷ്ട്രപതി നികേതൻ' സന്ദർശിക്കാൻ ജൂൺ 24 മുതൽ പൊതുജനങ്ങൾക്ക് അവസരം
Posted On:
24 MAY 2025 5:03PM by PIB Thiruvananthpuram
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള രാഷ്ട്രപതി മന്ദിരമായ രാഷ്ട്രപതി നികേതൻ 2025 ജൂൺ 24 മുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരം ലഭിക്കും. 186 വർഷം പഴക്കമുള്ള 21 ഏക്കർ വിസ്തൃതിയുള്ള ഈ എസ്റ്റേറ്റ് തുറന്ന് നൽകുന്നത് പൗരന്മാർക്ക് രാഷ്ട്രപതിയുമായുള്ള ആശയവിനിമയവും രാഷ്ട്രപതി ഭവന്റെ പൈതൃകത്തെപ്പറ്റിയുള്ള പ്രചാരണവും വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമാണ്. ഈ സംരംഭത്തിന്റെ കീഴിൽ, 2023 മുതൽ, രാഷ്ട്രപതി ഭവൻ, ഹൈദരാബാദിലെ രാഷ്ട്രപതി നിലയം, മഷോബ്രയിലെ രാഷ്ട്രപതി നിവാസ് എന്നിവ ആഴ്ചയിൽ ആറ് ദിവസം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. 2025 ഫെബ്രുവരി മുതൽ, രാഷ്ട്രപതി ഭവന്റെ അങ്കണത്തിൽ ഗാർഡ് മാറ്റ ചടങ്ങ് പുതിയ രൂപത്തിൽ ആരംഭിച്ചതിലൂടെ സന്ദർശകരുടെ എണ്ണം വർദ്ധിച്ചു.
എസ്റ്റേറ്റ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന്റെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ജൂൺ 20 ന് രാഷ്ട്രപതി നികേതൻ സന്ദർശിക്കും. 132 ഏക്കർ വിസ്തൃതിയിൽ രാഷ്ട്രപതി ഉദ്യാനമെന്ന പാരിസ്ഥിതിക പാർക്കിന്റെ തറക്കല്ലിടലും ചടങ്ങിൽ രാഷ്ട്രപതി നിർവഹിക്കും.
രാഷ്ട്രപതി ആഷിയാന എന്നറിയപ്പെട്ടിരുന്ന രാഷ്ട്രപതി നികേതൻ, പിബിജി കുതിരകളെ പരിശീലിപ്പിക്കുന്നതിനായി രാഷ്ട്രപതിയുടെ അംഗരക്ഷകർ ഉപയോഗിച്ചിരുന്നു. ഈ പൈതൃക മന്ദിരത്തിൽ ഇപ്പോൾ സമ്പന്നമായ പാരമ്പര്യത്തിന്റെ നേർക്കാഴ്ച നൽകിക്കൊണ്ട് നിരവധി കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു. സന്ദർശകർക്ക് രാഷ്ട്രപതിയുടെ അംഗരക്ഷകരുടെ കുതിരകളെ കാണാനും അവസരം ലഭിക്കും. ലില്ലി പുഷ്പക്കുളം, ശിലോദ്യാനം, റോസ് ഗാർഡൻ, പർഗോള എന്നിവയും സന്ദർശകരെ ആകർഷിക്കും
രാഷ്ട്രപതി നികേതന് പുറമേ, രാജ്പൂർ റോഡിലെ 19 ഏക്കർ വിസ്തൃതിയുള്ള നിബിഡ വനപാതയായ രാഷ്ട്രപതി തപോവനവും ജനങ്ങൾക്ക് സന്ദർശിക്കാം. സമ്പന്നമായ തനത് വൃക്ഷജാതികൾ , വളവും തിരിവും നിറഞ്ഞ പാതകൾ, മരപ്പാലങ്ങൾ, പക്ഷിനിരീക്ഷണത്തിനായി സജ്ജമാക്കിയ ഏറുമാടങ്ങൾ , ധ്യാനത്തിനായുള്ള ശാന്തമായ സ്ഥലങ്ങൾ എന്നിവയാൽ നൈസർഗിക പ്രകൃതിയുടെ ശാന്തത ഈ തപോവനം പ്രദാനം ചെയ്യുന്നു. ഗൈഡുകളുടെ സഹായത്തോടെ വനപാതകളിലൂടെയുള്ള സഞ്ചാരം, ഋതുഭേദങ്ങളിലെ വ്യത്യസ്ത സസ്യജാലങ്ങൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയിലൂടെ സന്ദർശകരെ പ്രകൃതിയുമായി ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
അടുത്ത വർഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ഉദ്ദേശിക്കുന്ന രാഷ്ട്രപതി ഉദ്യാനം, വിഷയാധിഷ്ഠിത ഉദ്യാനങ്ങൾ, ചിത്രശലഭോദ്യാനം, തടാകം, പക്ഷിസംരക്ഷണകേന്ദ്രം, കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം എന്നിവ ഉൾക്കൊള്ളുന്ന വിധത്തിൽ പരിസ്ഥിതിയെ അറിയുന്നതിനും, വിനോദത്തിനുമുള്ള ഒരു ഊർജ്ജസ്വലമായ ഇടമായി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പാർക്ക് പദ്ധതിയിൽ ഒരു സ്പോർട്സ് മേഖല, നടക്കാനും ജോഗിംഗിനുമായുള്ള ട്രാക്കുകൾ, സൈക്ലിംഗ് ട്രാക്കുകൾ, ജലസംരക്ഷണ സംവിധാനങ്ങൾ, ഔട്ട്ഡോർ പഠന മാതൃകകൾ എന്നിവയും ഉൾപ്പെടുന്നു. പാരിസ്ഥിതിക അവബോധം, സജീവമായ ജീവിതശൈലി, പരിസ്ഥിതിയുമായി ഇണങ്ങിയുള്ള കുടുംബ- സൗഹൃദ ഒത്തുചേരൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ചലനാത്മകമായ ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
*******************
(Release ID: 2131024)