ആഭ്യന്തരകാര്യ മന്ത്രാലയം
സൈബർ കുറ്റവാളികളെ അതിദ്രുതം പിടികൂടുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) പുതിയ ഇ-സീറോ എഫ്‌ഐആർ സംരംഭം ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ
Posted On:
19 MAY 2025 7:21PM by PIB Thiruvananthpuram
കുറ്റവാളികളെ അഭൂതപൂർവമായ വേഗതയിൽ അതിദ്രുതം പിടികൂടുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) പുതിയ ഇ-സീറോ എഫ്‌ഐആർ സംരംഭം ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഡൽഹിക്ക് വേണ്ടി പൈലറ്റ് പദ്ധതിയായി ആരംഭിച്ച പുതിയ സംവിധാനം എൻസിആർപിയിലോ 1930-ലോ ഫയൽ ചെയ്ത 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള( ആരംഭ പരിധി ) സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളെ എഫ്‌ഐആറുകളാക്കി മാറ്റുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സൈബർ കുറ്റവാളികൾക്കെതിരെ ദ്രുതഗതിയിലുള്ള അന്വേഷണവും തുടർ നടപടികളും സ്വീകരിക്കാൻ കഴിയുന്ന ഈ പുതിയ സംവിധാനം ഉടൻ തന്നെ രാജ്യമെമ്പാടും വ്യാപിപ്പിക്കും. സൈബർ സുരക്ഷിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി മോദി ഗവൺമെന്റ് സൈബർ സുരക്ഷാ ശൃംഖല ശക്തിപ്പെടുത്തുകയാണ്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'സൈബർ സുരക്ഷിത ഭാരതം' എന്ന വീക്ഷണം കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിൽ, തട്ടിപ്പിന് ഇരയായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) അടുത്തിടെ നടന്ന അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഈ സംരംഭം നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു.
സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാനും ഉടനടി നടപടിയെടുക്കാനുമായിനാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലും (NCRP) നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ 1930 ഉം പ്രാപ്തമാക്കിയിട്ടുണ്ട്. പുതുതായി അവതരിപ്പിച്ച നടപടിക്രമത്തിൽ I4C യുടെ എൻ സി ആർ പി സംവിധാനം, ഡൽഹി പോലീസിന്റെ ഇ-എഫ്ഐആർ സംവിധാനം, നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (NCRB) ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് & സിസ്റ്റംസ് (CCTNS) എന്നിവ സംയോജിപ്പിച്ചിരിക്കുന്നു .
ഇനി മുതൽ എൻ സി ആർ പി യിലും 1930ലും ലഭിക്കുന്ന 10 ലക്ഷംരൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക നഷ്ടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഡൽഹിയിലെ ഇ-ക്രൈം പോലീസ് സ്റ്റേഷനിൽ സ്വയമേവ സീറോ എഫ്ഐആർ ആയി രജിസ്റ്റർ ചെയ്യപ്പെടും. ഇത് ഉടനടി ബന്ധപ്പെട്ട പ്രാദേശിക സൈബർ ക്രൈം പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. പരാതിക്കാർക്ക് 3 ദിവസത്തിനുള്ളിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സീറോ എഫ്ഐആർ ഒരു സാധാരണ എഫ്ഐആറാക്കി മാറ്റാം.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) യുടെ വകുപ്പ് 173 (1), 1(ii) അനുസരിച്ചുള്ള പുതിയ വ്യവസ്ഥകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് ഡൽഹി പോലീസും ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും (I4C) ഏകോപിച്ചു പ്രവർത്തിക്കുന്നു. പ്രാദേശിക അധികാരപരിധി പരിഗണിക്കാതെ ഇലക്ട്രോണിക് രീതിയിൽ എഫ്‌ഐആർ നൽകുന്ന ഈ പ്രക്രിയ (ഇ-സീറോ എഫ്‌ഐആർ)തുടക്കത്തിൽ ഡൽഹിയിൽ പൈലറ്റ് പദ്ധതിയായി ആരംഭിക്കും. തുടർന്ന് ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. എൻസിആർപിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നിർദ്ദിഷ്ട സ്വഭാവമുള്ള സൈബർ ക്രൈം പരാതികളിൽ ഇ-എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുന്നതിനും പിന്നീട് അവ അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിലേക്ക് കൈ മാറുന്നതിനും ഡൽഹിയിലെ ഇ-ക്രൈം പോലീസ് സ്റ്റേഷൻ അധികൃതർക്ക് നിർദേശം നൽകി
ഈ സംരംഭം എൻസിആർപി/1930 പരാതികളെ എഫ്‌ഐആറുകളാക്കി മാറ്റുന്ന പ്രക്രിയ സുഗമമാക്കും. ഇരകൾക്ക് നഷ്ടപ്പെട്ട പണം എളുപ്പത്തിൽ വീണ്ടെടുക്കാനും സൈബർ കുറ്റവാളികൾക്കെതിരെ ശിക്ഷാ നടപടികൾ ത്വരിതപ്പെടുത്താനും ഈ പദ്ധതി സഹായിക്കും. അടുത്തിടെ അവതരിപ്പിച്ച പുതിയ ക്രിമിനൽ നിയമങ്ങളിലെ വ്യവസ്ഥകളും ഇത് പ്രയോജനപ്പെടുത്തുന്നു.
*****
(Release ID: 2129758)