വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

എട്ടാമത് സംയോജന ദിനമാഘോഷിച്ച് ജെം

പൊതു സംഭരണത്തിൽ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളർച്ചയ്ക്ക് ജെം ശക്തിയേകുന്നു

പൊതുമേഖലയിൽ ഇന്ത്യയിലെ ആദ്യ ജെൻ-എഐ ചാറ്റ്ബോട്ട് ജെം പുറത്തിറക്കി

ജെം സംവിധാനത്തിന്റെ ഭാഗമായി 10 ലക്ഷത്തിലധികം എംഎസ്ഇകൾ

ജെം വഴി ശാക്തീകരിക്കപ്പെട്ടത് 1.3 ലക്ഷം കരകൗശല വിദഗ്ധരും നെയ്ത്തുകാരും

സംഭരണ ആവാസവ്യവസ്ഥയുടെ ഭാഗമായി 1.84 ലക്ഷം വനിതാ സംരംഭകർ

Posted On: 19 MAY 2025 5:00PM by PIB Thiruvananthpuram
സമഗ്ര സാമ്പത്തിക വളർച്ചയിലും ഡിജിറ്റൽ ഭരണനിര്‍വഹണത്തിലും  പരിവർത്തനാത്മക സ്വാധീനം ആവര്‍ത്തിച്ചുറപ്പിച്ച്  ഇന്ത്യയുടെ ദേശീയ പൊതു സംഭരണ പോർട്ടലായ ഗവൺമെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് (ജെം) 8-ാമത് സംയോജന ദിനം ആഘോഷിച്ചു.

ജെം സംവിധാനത്തില്‍ ലളിതവല്‍ക്കരണത്തിനായി നൂതനാശയങ്ങള്‍ ആവിഷ്ക്കരിക്കുകയും  പരിവർത്തനത്തിനായി ജനങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്നും  നൂതനാശയങ്ങളും ഉള്‍ച്ചേര്‍ക്കലും ഒരുമിക്കുമ്പോള്‍ ഓരോ ഇന്ത്യൻ സംരംഭകനും അവസരങ്ങൾ തുറക്കുന്നുവെന്നും ജെം സിഇഒ ശ്രീ മിഹിർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും മുതൽ നെയ്ത്തുകാരും സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളും വരെ  സംഭരണത്തിനപ്പുറമാണ് ജെമ്മിന്റെ യാത്രയെന്നും എല്ലാവർക്കും കൂടുതൽ പ്രാപ്യവും കാര്യക്ഷമവും നീതിയുക്തവുമായ വിപണി കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സമീപ വർഷങ്ങളിൽ ഉപയോക്തൃ അടിത്തറ മൂന്ന് മടങ്ങായി വർധിച്ച ജെമ്മിലിപ്പോള്‍ 1.64 ലക്ഷത്തിലേറെ പ്രാഥമിക ഉപഭോക്താക്കളും 4.2 ലക്ഷത്തിലധികം സജീവ വിൽപ്പനക്കാരുമുണ്ട്.  10,000-ത്തിലധികം ഉൽപ്പന്ന വിഭാഗങ്ങളും 330-ലധികം സേവനങ്ങളും ഈ വേദിയിലൂടെ  വാഗ്ദാനം ചെയ്യുന്നു. ജെം ചെലുത്തിയ സ്വാധീനത്തെ സാധൂകരിക്കുന്ന ലോകബാങ്ക്,സാമ്പത്തിക സർവേ ഉൾപ്പെടെ സ്വതന്ത്ര അവലോകനങ്ങള്‍ സർക്കാർ സംഭരണത്തിൽ ശരാശരി 10% ചെലവ് ലാഭിക്കുന്നുവെന്നും സൂചിപ്പിക്കുന്നു.

10 ലക്ഷത്തിലധികം സൂക്ഷ്മ  ചെറുകിട സംരംഭങ്ങൾ (എംഎസ്ഇ), 1.3 ലക്ഷം കരകൗശല വിദഗ്ധരും നെയ്ത്തുകാരും, 1.84 ലക്ഷം വനിതാ സംരംഭകര്‍, 31,000 സ്റ്റാർട്ടപ്പുകള്‍ എന്നിവ നിലവില്‍   ജെം ആവാസവ്യവസ്ഥയുടെ ഭാഗമാണെന്ന് ചെറുകിട വിൽപ്പനക്കാരെയും പരമ്പരാഗതമായി പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളെയും ശാക്തീകരിക്കാന്‍ കൈക്കൊള്ളുന്ന പ്രതിബദ്ധത എടുത്തുപറഞ്ഞ ശ്രീ കുമാർ വ്യക്തമാക്കി.  ലേലം സംബന്ധിച്ച് പൂർണ വിവര വ്യാപനം ഉറപ്പാക്കുകയും എംഎസ്ഇകൾ, സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭകർ, സ്വയം സഹായ സംഘങ്ങള്‍, എഫ്പിഒകൾ തുടങ്ങി വൈവിധ്യമാർന്ന പങ്കാളികളെ  സജീവമായി സംയോജിപ്പിക്കുകയും ചെയ്തുകൊണ്ട് ജെം പൊതു സംഭരണം പുനർനിർവചിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ജെം സംവിധാനത്തിലെ  ഏകദേശം 97% ഇടപാടുകള്‍ക്കും നിലവില്‍ ഇടപാട് ചാര്‍ജുകളില്ല.  കൂടാതെ  10 കോടി രൂപയിൽ കൂടുതലുള്ള ഇടപാടുകള്‍ക്ക് 33% മുതല്‍ 96% വരെ ഫീ കുറച്ച്   3 ലക്ഷം രൂപയായി പരിമിതപ്പെടുത്തി. നേരത്തെ ഇത്  72.5 ലക്ഷമായിരുന്നു.  ഒരു കോടിയിൽ താഴെ വാർഷിക വിറ്റുവരവുള്ള വിൽപ്പനക്കാർക്ക് ജാമ്യത്തുക  60% കുറയ്ക്കുകയും തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ക്ക് പൂർണ ഇളവുകൾ അനുവദിക്കുകയും ചെയ്തു. ‌

ആകാശ് മിസൈൽ സംവിധാനത്തിനായി 5,000 കോടി രൂപ മൂല്യമുള്ള ഉപകരണങ്ങളുടെ സംഭരണം, 5,085 കോടി രൂപയുടെ വാക്സിൻ സംഭരണം എന്നിവയടക്കം പ്രധാന ഇടപാടുകൾ ദേശീയ മുൻഗണന മുന്നോട്ടുകൊണ്ടുപോകുന്നതിൽ ജെം വഹിക്കുന്ന പങ്കിനെ അടിവരയിട്ടു. എയിംസിന് ഡ്രോൺ സേവനം, 1.3 കോടിയിലധികം ജിഐഎസ്, ഇന്‍ഷുറന്‍സ് സേവനങ്ങള്‍,  ചാർട്ടേഡ് വിമാനങ്ങളുടെയും സിടി സ്കാനറുകളുടെയും വെറ്റ് ലീസിംഗ് തുടങ്ങിയ സങ്കീർണ സേവനങ്ങളും ഈ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നു.  

ജെം നടപ്പാക്കിയ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉത്തർപ്രദേശാണ് മുന്നിട്ടുനില്‍ക്കുന്നത്. മഹാരാഷ്ട്ര, മണിപ്പൂർ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, അസം, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവയുൾപ്പെടെ എട്ട് സംസ്ഥാനങ്ങൾ ജെം ഉപയോഗം നിർബന്ധമാക്കി.  അസം, കേരളം, ഒഡീഷ, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലെ വിജയകരമായ ഐഎഫ്എംഎസ് സംയോജനം ഗുജറാത്ത്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കി.

സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും പ്രതിബദ്ധത ശക്തിപ്പെടുത്തുന്ന ജെം  തട്ടിപ്പുകള്‍ തത്സമയം കണ്ടെത്തൽ, അപകടസാധ്യത കുറയ്ക്കൽ, തുടർച്ചയായ നിരീക്ഷണം എന്നിവയ്ക്ക്  അതിനൂതന വിലയിരുത്തല്‍ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്.  മുൻനിര ഡിജിറ്റൽ ഭരണനിര്‍വഹണ നീക്കത്തിന്റെ ഭാഗമായി  പൊതുമേഖലയില്‍ ഇന്ത്യയിലെ ആദ്യ ജനറേറ്റീവ്-എഐ അധിഷ്ഠിത ചാറ്റ്ബോട്ടായ ജെം-എഐ യ്ക്ക് തുടക്കം കുറിച്ചു. 10 ഇന്ത്യൻ ഭാഷകളിലെ ശബ്ദ-എഴുത്ത് ആശയവിനിമയം സാധ്യമാക്കുന്ന ജെം-എഐ ഉപയോക്തൃ പിന്തുണ വർധിപ്പിക്കുകയും സമഗ്രവും ബുദ്ധിപരവുമായ സേവന വിതരണ ദൗത്യം ഉൾക്കൊള്ളുകയും ചെയ്യുന്നു.

രാജ്യത്തെ ആവാസവ്യവസ്ഥയുടെ തുടർച്ചയായ പിന്തുണയോടെ ജെം കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നും ഇന്ത്യയെ യഥാർത്ഥത്തിൽ സ്വയംപര്യാപ്തമാക്കാന്‍ അർത്ഥവത്തായ സംഭാവന നൽകുമെന്നും ഉറപ്പുണ്ടെന്ന് ജെം പുരോഗതിയുടെ പ്രയാണത്തില്‍ പങ്കാളികളെ അഭിനന്ദിച്ചുകൊണ്ട് ശ്രീ മിഹിർ കുമാർ പറഞ്ഞു. 
 
*********************

(Release ID: 2129752) Visitor Counter : 4